
നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ലോകം എത്രമേല്‍ ശൂന്യമാവുമായിരുന്നുവെന്ന് ഞാനോര്‍ക്കാറുണ്ട്. -വിനായക് നിര്‍മ്മൽ
നമ്മുടെ കന്യാസ്ത്രീയമ്മമാര്‍ വഴിവക്കിലെ, കായ്ച്ചുനില്ക്കുന്ന മാവുകളാണ്. ഒറ്റപ്പെട്ട ഭൂമിയില്‍, നിഷ്ഫലമായി നില്ക്കുന്ന ഒരു വൃക്ഷത്തിന് നേരെയും ഏറ്റവും വലിയ കുസൃതിക്കുട്ടിപോലും കല്ലെറിയുന്നില്ല എന്നോര്‍ക്കണം. എന്നാല്‍ കായ്‌സമൃദ്ധിയുള്ള മാവിന് നേരെ ഏതു പുണ്യാളനും കല്ലെറിയാനുള്ള പ്രലോഭനം ഉണ്ടാകും.കാഴ്ചയ്ക്ക് മനോഹരമായിരിക്കണം… കല്ലെറിയാന്‍ തോന്നിപ്പിക്കുന്നവിധത്തില്‍ അതില്‍ എന്തെങ്കിലുമുണ്ടായിരിക്കണം. മാത്രവുമല്ല ഒറ്റനോട്ടത്തില്‍ അത് ദൃശ്യവുമായിരിക്കണം. അങ്ങനെയുള്ളവയ്ക്ക് നേരെയേ കല്ലേറുകള്‍ വരൂ… അതുകൊണ്ടാണ് കന്യാസ്ത്രീയമ്മമാരെ അകാരണമായി പോലും നാം കല്ലെറിയുന്നത്.ശരിയാണ്, അവര്‍ക്കും കുറ്റങ്ങളും കുറവുകളുമുണ്ടാകാം. വീഴ്ചകള്‍ സംഭവിച്ചേക്കാം. പക്ഷേ നമ്മുടെ കുടുംബങ്ങളില്‍ നടക്കുന്നതിലും എത്രയോ കുറച്ച് തെറ്റുകള്‍ മാത്രമാണ് നമ്മുടെ ഈ സഹോദരിമാര്‍ക്കിടയില്‍ സംഭവിക്കുന്നത്! ഒരാളുടെ വീഴ്ചയെ നമ്മള്‍ ആഘോഷിക്കുന്നു, മറ്റനേകരുടെ ഗുണങ്ങളെ വിസ്മരിച്ചുകൊണ്ട്…ഓരോ വാക്കും രൂപപ്പെട്ടുവരുന്നത് എന്തെല്ലാം അര്‍ത്ഥതലങ്ങളോടെയാണെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. നോക്കൂ, ഈ വാക്ക് തന്നെ. കന്യാസ്ത്രീ. അവള്‍ ഒരേ സമയം കന്യകയും സ്ത്രീയുമാണ്.സ്ത്രീ എന്ന വാക്കിന് പ്രസവിക്കുന്നവള്‍ എന്നാണര്‍ത്ഥമെന്ന് കൂടി തിരിച്ചറിയുമ്പോള്‍ ഒരേ സമയം അമ്മയും കന്യകയുമായി നിലകൊള്ളാന്‍ കഴിയുന്ന അവളുടെ ദ്വന്ദ്വഭാവങ്ങള്‍ക്ക് മുമ്പില്‍ നമസ്‌ക്കരിക്കാനേ കഴിയൂ. അവിവാഹിതകളായ അമ്മമാരുടെ അനാഥക്കുഞ്ഞുങ്ങളെ, പരിത്യക്തരെ എല്ലാം കടലോളം വലുപ്പമുള്ള അമ്മയുടെ സ്‌നേഹത്തോടെയല്ലേ ഈ കന്യാസ്ത്രീമാര്‍ വാരിപ്പുണരുന്നത്? എന്തിന് വേണ്ടിയാണ് അവരിങ്ങനെ ചെയ്യുന്നത്? ആരോടുള്ള സ്‌നേഹത്തെ പ്രതി? ക്രിസ്തുവെന്ന മണവാളനെയോര്‍ത്ത്… നിങ്ങള്‍ ചെയ്യുന്നതെല്ലാം എനിക്കുതന്നെയാണ് ചെയ്യുന്നതെന്ന് പറയുന്ന ആ ക്രിസ്തുമൊഴികളുടെ അനുപമശക്തിയോര്‍ത്ത്… ക്രിസ്തുവെന്ന മണവാളനെ അത്യധികം സ്‌നേഹിക്കുന്നതുകൊണ്ടാകാം നമ്മുടെ കന്യാസ്ത്രീയമ്മമാര്‍ക്ക് ഇത്രയധികം സൗന്ദര്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും ഉദാഹരിക്കാന്‍ ഒരു അല്‍ഫോന്‍സാമ്മ മാത്രമേയുള്ളൂ. എന്നാല്‍ സഭയും സമൂഹവും വിശുദ്ധയായി അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യാത്ത, വിശുദ്ധമായ ജീവിതം നയിക്കുന്ന എത്രയോ കന്യാസ്ത്രീയമ്മമാര്‍ നമുക്കിടയിലുണ്ടായിരിക്കണം! നാമവരെ അറിയുന്നതേയില്ല. അല്‍ഫോന്‍സാമ്മ ജീവിച്ചിരുന്നപ്പോള്‍ അവളെയും ആരും തിരിച്ചറിഞ്ഞില്ലെന്നറിയണം. രണ്ടില്‍ക്കൂടുതല്‍ പ്രസവിക്കാനോ മക്കളെ വളര്‍ത്താനോ തയ്യാറാകാത്ത സ്ത്രീകളുടെ ഈ കാലത്താണ് കന്യാസ്ത്രീകള്‍ അനാഥക്കുഞ്ഞുങ്ങള്‍ക്കായി ജീവിതം അര്‍പ്പിക്കുന്നത്. രണ്ടുമക്കളെ ഒരുപോലെ സ്‌നേഹിക്കാന്‍ മനസ്സ് കാട്ടാത്ത അമ്മമാരുള്ളപ്പോഴാണ് എല്ലാക്കുഞ്ഞുങ്ങള്‍ക്കും സ്‌നേഹം പങ്കിട്ട് അവര്‍ സ്‌നേഹസദ്യ നടത്തുന്നത്!ജീവിതത്തില്‍ ഏതെല്ലാം വിധത്തിലാണ് ഞാനീ കന്യാസ്ത്രീയമ്മമാരോട് കടപ്പെട്ടിരിക്കുന്നതെന്ന് നന്ദി നിറഞ്ഞ ഹൃദയത്തോടെയേ എനിക്ക് ഓര്‍മ്മിക്കാനാവൂ. ജീവിതത്തില്‍ ആദ്യമായി ഞാന്‍ ബോണ്‍വിറ്റ കഴിക്കുന്നത് പ്രിയപ്പെട്ട ഒരു കന്യാസ്ത്രീ ബാംഗ്ലൂരില്‍നിന്ന് എനിക്കത് പാഴ്‌സലായി അയച്ചുതന്നപ്പോഴാണ്. പറയുമ്പോള്‍ നിങ്ങള്‍ കരുതാനിടയുണ്ട്, അതെന്റെ കുട്ടിക്കാലത്തെങ്ങാനുമായിരിക്കുമെന്ന്. അല്ല. എഴുതിയ പുസ്തകത്തിന്റെ പുറംചട്ടയിലെ മെല്ലിച്ച എന്റെ രൂപം കണ്ടിട്ട് സ്‌നേഹത്തോടും പരിഗണനയോടും കൂടി അയച്ചുതന്നതായിരുന്നു അവരത്. ഒപ്പം മഞ്ഞിനെയും തണുപ്പിനെയും നേരിടാന്‍ എനിക്ക് രണ്ട് കമ്പിളി സ്‌കാര്‍പ്പുകളും. മഞ്ഞുകാലം എന്റെ ആസ്തമയുടെ ദിനങ്ങളാണെന്ന് വായിച്ചറിഞ്ഞതിന്റെ ഫലമായിരുന്നു ആ മുന്‍കരുതല്‍. എന്റെ അമ്മ പ്രസവിച്ച നാലുപെങ്ങന്മാര്‍ക്കും തോന്നാത്ത സ്‌നേഹമായിരുന്നുവത്.വിവാഹാവസരത്തിലെ സാമ്പത്തികബുദ്ധിമുട്ടുകളുടെ അവസരത്തില്‍ ഒരു കന്യാസ്ത്രീ ആരോടോ വാങ്ങിത്തന്ന പണംകൊണ്ടാണ് കാര്യങ്ങളൊക്കെ നേരാംവണ്ണം ഓടിക്കാന്‍ സാധിച്ചതും പിന്നെ വാടകവീട്ടില്‍ താമസം തുടങ്ങിയപ്പോള്‍ സാധനസാമഗ്രികള്‍ വാങ്ങാന്‍ കഴിഞ്ഞതും.പ്രിയപ്പെട്ട മറ്റൊരു കന്യാസ്ത്രീ, അവള്‍ക്ക് സമ്മാനമായി കിട്ടിയ ഒരു ഡിജിറ്റല്‍ ക്യാമറ, അധികാരികളുടെയും മാതാപിതാക്കളുടെയും അനുവാദത്തോടെ എനിക്ക് സമ്മാനിച്ചതുകൊണ്ടാണ്, പിന്നീട് എനിക്കൊരു മകന്‍ പിറന്നപ്പോള്‍, അവനെ നേരില്‍ വന്നുകാണാന്‍ അനാരോഗ്യവതിയായ എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് സാധിക്കാതെ വന്ന സാഹചര്യത്തില്‍ ആ ക്യാമറയില്‍ ഫോട്ടോയെടുത്ത്, അമ്മയ്ക്ക് ഞങ്ങളുടെ മകനെ കാണിക്കാന്‍ സാധിച്ചത്. ആ കന്യാസ്ത്രീയെ ഓര്‍ത്ത് എനിക്കപ്പോള്‍ കണ്ണുനിറഞ്ഞുപോയിരുന്നു.നിങ്ങള്‍ ഈ കന്യാസ്ത്രീയമ്മമാരോട് പ്രാര്‍ത്ഥന ചോദിച്ചുനോക്കൂ… അവരൊരിക്കലും നിങ്ങളുടെ പ്രാര്‍ത്ഥനാപേക്ഷയെ തള്ളിക്കളയില്ല. അവര്‍ പലപ്പോഴായി, പലര്‍ക്കായി ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്. പള്ളിപിരിഞ്ഞിട്ടും ദേവാലയത്തില്‍ മുട്ടുകുത്തി തങ്ങളുടെ മണവാളനോട് പരാതിയും സങ്കടവും അര്‍ത്ഥനകളും ഉന്നയിക്കുന്ന പാവം കന്യാസ്ത്രീമാര്‍. ആ പ്രാര്‍ത്ഥനയുടെ നിഴലിലാണ് നമ്മുടെയൊക്കെ ജീവിതങ്ങള്‍ക്ക് അര്‍ഹിക്കുന്നതിലും വളരെ കുറച്ച് പരിക്കുകളോടെയെങ്കിലും മുമ്പോട്ടുപോകാന്‍ കഴിയുന്നത്. നിങ്ങളൊക്കെ ഏതു മതത്തിലും വിശ്വാസത്തിലും മുമ്പോട്ടുപോകുന്നവരായിക്കൊള്ളട്ടെ, പക്ഷേ നിങ്ങളുടെ ജീവിതത്തിലേക്ക് ആദ്യമായി പ്രാര്‍ത്ഥനകളും ദൈവവിശ്വാസവും പകര്‍ന്നുനല്കാന്‍ ഈ കന്യകകളും ഉണ്ടായിരുന്നില്ലേ? മുമ്പൊരിടത്ത് എഴുതിയതുപോലെ ഈശോയുടെ രൂപത്തിന് മുമ്പില്‍ ചെമ്പരത്തിപ്പൂക്കള്‍ പറിച്ചുവയ്ക്കുന്ന ശീലം ഇന്നും ഞാന്‍ തുടരുന്നുണ്ടെങ്കില്‍–അതിലെ ആത്മീയതയെയും ആത്മാര്‍ത്ഥതയെയും വിട്ടുകളയൂ–അതിന് കാരണം നാലാം ക്ലാസില്‍ എന്നെ പഠിപ്പിച്ച സിസ്റ്റര്‍ ജെര്‍മാനാമ്മയാണ്.താരതമ്യപ്പെടുത്തി നോക്കിയാല്‍ നമ്മുടെ പുരോഹിതരെക്കാള്‍ എത്രയോ പാരതന്ത്ര്യം അനുഭവിക്കുന്നുണ്ട് ഈ സോദരിമാര്‍. വൈദികര്‍ക്ക് സമൂഹത്തില്‍ പലപ്പോഴും ഒന്നാം സ്ഥാനവും അധികാരവും പദവിയുമെല്ലാമുണ്ട്. പക്ഷേ ഇവര്‍ക്കോ…? അവരെ ആരറിയുന്നു? മുഖ്യസ്ഥാനങ്ങളില്‍ ഇടം നേടിയിരിക്കുന്ന ഏതാനും പേരെയൊഴിച്ചാല്‍.. ഒരു പ്രിന്‍സിപ്പല്‍… ഹെഡ്മിസ്ട്രസ്… ഡോക്ടര്‍… വചനപ്രസംഗക… അങ്ങനെ ചിലരെയൊഴികെ… കുടുംബത്ത് നടക്കുന്ന വിവാഹംപോലുള്ള സന്തോഷത്തിന്റെ സംഗമങ്ങളില്‍പോലും ഇവര്‍ക്ക് പ്രവേശനമില്ലെന്നറിയണം. സ്വഭവനത്തില്‍ അന്തിയുറങ്ങാന്‍പോലും ചില സമൂഹത്തിലെ അംഗങ്ങള്‍ക്ക് അടുത്തകാലംവരെ അനുവാദമുണ്ടായിരുന്നില്ല.അടുത്തദിവസങ്ങളില്‍ അടുപ്പമുള്ള ഒരു കന്യാസ്ത്രീയെ നഗരത്തില്‍വച്ച് കണ്ടു. വികാരിയച്ചനെ അകാരണമായി ദ്രോഹിച്ച് സ്ഥലം മാറ്റം നേടിക്കൊടുത്ത ഇടവകയിലെ ചില നേതാക്കളെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടയില്‍ അവര്‍ പറഞ്ഞ ഒരു കാര്യം മനസ്സിനെ വല്ലാതെ നോവിപ്പിച്ചുകളഞ്ഞു.”അപവാദം പറഞ്ഞാണ് അച്ചനെ അവര്‍ ഓടിച്ചത്. അച്ചന് കിട്ടിയതിന്റെ ഒരുഭാഗം ഞങ്ങള്‍ക്കും കിട്ടി. ങ് സാരമില്ല… കര്‍ത്താവിന്റെ ഓഹരിപറ്റിയാണല്ലോ ഞങ്ങളുടെ ജീവിതം…” വിവാദമായ ഒരു മരണത്തിന്റെ പേരില്‍ കോലാഹലങ്ങള്‍ നടന്നുകൊണ്ടിരുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് പുറത്തേയ്ക്കിറങ്ങാന്‍പോലും വയ്യായിരുന്നുവെന്ന് മറ്റൊരു കന്യാസ്ത്രീ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചില പേരുകള്‍ വിളിച്ചായിരുന്നുവത്രെ യാത്രകള്‍ക്കിടയില്‍ അവര്‍ക്ക് നേരെയുള്ള അധിക്ഷേപങ്ങള്‍.പെങ്ങളേ, അവര്‍ക്കുവേണ്ടി നിന്നോട് അല്ല നിങ്ങളോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ഒരുകാലത്ത് എനിക്കും തോന്നിയിട്ടുണ്ട് നിങ്ങളോട് ചില പാരുഷ്യങ്ങളൊക്കെ… നിങ്ങളുടെ ഇടര്‍ച്ചകളെ പരസ്യമാക്കാനും കുറ്റംവിധിക്കാനും കഴിയുന്ന ഒരു മാനസികാവസ്ഥ എനിക്കുമുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ നിങ്ങളുടെ മഹത്ത്വത്തെ, സേവനസന്നദ്ധതയെ ഞാന്‍ കൈകള്‍ കൂപ്പി പ്രണമിക്കുന്നു. അതിനിടയിലെ എല്ലാ മാനുഷികതകളോടും കൂടിത്തന്നെ… ഇന്നലെവരെ നിങ്ങളെ അന്യരായിട്ടാണ് ഞാന്‍ കണ്ടിരുന്നത്. ഇപ്പോഴാവട്ടെ സ്വന്തമായിട്ടും. അതിന്റെ വ്യത്യാസമാണത്. സമൂഹം കല്ലെറിയുന്ന നിങ്ങളുടെ കൂട്ടത്തില്‍ എന്റെ പെങ്ങളുമുണ്ടെന്ന് ഞാനിപ്പോള്‍ മനസ്സിലാക്കുന്നു. അല്ലെങ്കില്‍ അങ്ങനെയൊരു ചിന്ത മറ്റുള്ളവര്‍ക്ക് ഇല്ലാത്തതാണ് നിങ്ങളിത്രമാത്രം നിന്ദിക്കപ്പെടുന്നതിനും പരിഹസിക്കപ്പെടുന്നതിനും കാരണം.നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ലോകം എത്രമേല്‍ ശൂന്യമാവുമായിരുന്നുവെന്ന് ഞാനോര്‍ക്കാറുണ്ട്. നിശ്ശബ്ദമായി കത്തുകയും എന്നാല്‍ ചുറ്റുപാടുകളെ പ്രകാശിപ്പിക്കുകയും തിരുക്കര്‍മ്മങ്ങള്‍ക്ക് ശോഭ പകരുകയും ചെയ്യുന്ന അള്‍ത്താരയിലെ മെഴുകുതിരികളാണ് നിങ്ങള്‍… നിങ്ങള്‍ കത്തിയെരിയുമ്പോഴും പ്രകാശിച്ചുനില്ക്കണം… പ്രകാശിക്കുമ്പോഴും അതിന്റെ പിന്നില്‍ നിങ്ങള്‍ ഉരുകുകയാണെന്ന തിരിച്ചറിവ് മറ്റുള്ളവര്‍ക്കുമുണ്ടാകട്ടെ. ആ തിരിച്ചറിവ് നിങ്ങളുടെ ജീവിതത്തിനുള്ള പ്രാര്‍ത്ഥനകളായി മാറ്റാന്‍ ഓരോരുത്തരെയും സഹായിച്ചിരുന്നെങ്കില്‍..കാത്തലിക് വോയ്‌സിൽ ശ്രീ.വിനായക് നിര്‍മ്മൽഎഴുതിയത്
