പ്രതിസന്ധി ഒരുക്കുന്ന അവസരം നാം പ്രയോജനപ്പെടുത്തണം

Share News

വി വി അഗസ്റ്റിൻകോവിഡ് 19 വൈറസ് പ്രതിരോധത്തിലും നിയന്ത്രണത്തിലും അതോടനുബന്ധിച്ച മറ്റ് അനിവാര്യ നടപടികളിലും അത്ഭുതാവഹമായ പ്രവർത്തനമാണ് കേരള സർക്കാർ കാഴ്‌ചവയ്ക്കുന്നത്. ലോകസമക്ഷം,മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വലിയ നേട്ടം ഇതിനകം സർക്കാർ കൈവരിച്ചുകഴിഞ്ഞു. ആരോഗ്യവകുപ്പിന്റെ പ്രവർത്തനം ഇതിൽ എടുത്തുതന്നെ പറയണം. നിസ്വാർത്ഥമതിയും കൃതഹസ്‌തയുമായ ശൈലജ ടീച്ചറെപ്പോലെ ഒരാരോഗ്യമന്ത്രിയെ ലഭിച്ചത് സർക്കാരിന്റെ ഭാഗ്യമായി. അവരുടെയും ആരോഗ്യവകുപ്പിന്റെയും പ്രവർത്തനം ഓരോ ദുർഘടങ്ങൾ അഭിമുഖീകരിക്കുമ്പോഴും കൂടുതൽ കൂടുതൽ മികവുറ്റതും കിടയറ്റതുമാകുന്ന കാഴ്‌ചയാണ്‌. മുഖ്യമന്ത്രിയാകട്ടെ തനത് ശൈലിയിൽ വളരെ ശുഷ്‌കാന്തിയോടെ,പക്വതയോടെ അത്യസാധാരണ സ്ഥിതിവിശേഷം കൈകാര്യം ചെയ്യുന്നതിനു നേതൃത്വം നൽകുന്നു. ലോകരാഷ്ട്രങ്ങൾ പോലും ഒരുവേള പകച്ചുപോയ വിഷയത്തിൽ കൈവരിച്ച വിജയത്തിൽ തീർച്ചയായും കേരളത്തിന് അഭിമാനിക്കാം.

മുൻകാലത്ത് കൊച്ചി മാത്രമായിരുന്നു പൊതുവിൽ ലോകം മുഴുവൻ അറിയപ്പെട്ട,എസ്റ്റാബ്ലിഷ്‌ ചെയ്യപ്പെട്ട മലയാളദേശം. എന്നാൽ കൊറോണ, ഇന്ന് കേരളത്തെ ലോകത്തിനു മുന്നിൽ എസ്റ്റാബ്ലിഷ്‌ ചെയ്‌തിരിക്കുന്നു. കോവിഡ് 19 കൊണ്ടുണ്ടായ ഏറ്റവും വലിയ പാർശ്വഫലം അഥവാ ഉപകാരം ആണത്. സത്യമായ ക്രൂര തമാശ.
ഈ സാഹചര്യം നാം പ്രയോജനപ്പെടുത്തേണ്ടതുണ്ട്; പ്രയോജനപ്പെടുത്തിയേ തീരൂ. Never waste a good crisis എന്ന് പറഞ്ഞത് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയും രാഷ്ട്രതന്ത്രജ്ഞനുമായ വിൻസ്റ്റൺ ചർച്ചിലാണ്. പ്രതിസന്ധിയുടെ കാലമൊരുക്കുന്ന അവസരം കേരളവും പാഴാക്കിക്കളയരുത്. കേരളത്തിനു ലോകത്തിൽ കൈവന്നിരിക്കുന്ന സമ്മതിയാണ് പ്രതിസന്ധിക്കാലം നമുക്കുമുന്നിൽ സൃഷ്‌ടിച്ച അസുലഭ അവസരം. ഇതെങ്ങനെ പ്രയോജനപ്പെടുത്തും?

മാറ്റം ആവശ്യപ്പെടുന്ന കാർഷികമേഖല

ഭൂപ്രകൃതി,മനുഷ്യ വിഭവശേഷിയുമാണ് കേരളത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. ദൈർഘ്യമേറിയ കടൽത്തീരം. വിസ്‌താരമേറിയ പശ്ചിമഘട്ട മലനിരകൾ. ശുദ്ധമായ കടൽക്കാറ്റും സ്വച്‌ഛന്ദമായ പച്ചപ്പും. സാമാന്യ വിദ്യാഭ്യാസമുള്ള ജനതതി. എല്ലാ നിലയ്ക്കും ‘ദൈവത്തിന്റെ സ്വന്തം നാട്’. കേരളത്തിന്റെ സംസ്‌കാരം കൃഷിയുടേതാണ്. എന്നാൽ ഇന്ന് കേരളത്തിൽ കൃഷി സമൃദ്ധമാണോ? കൃഷി ചെയ്‌തുമാത്രം ഒരു സാമാന്യ പൗരന് ജീവിക്കാൻ പറ്റുമോ? കൃഷി പ്രോത്സാഹനത്തിന് 3000 കോടിയുടെ ധനസഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രോത്സാഹനം കൊണ്ടുമാത്രം സംസ്ഥാനത്തെ കൃഷിക്ക് അഭിവൃദ്ധിയുണ്ടാകുമോ? നമ്മുടെ കൃഷിരീതിയെപ്പറ്റി ആലോചിക്കുമ്പോൾ പണ്ടൊരു രാജസ്ഥാനി സുഹൃത്ത് പറഞ്ഞത് ഓർമ്മവരുന്നു: ‘നിങ്ങൾ,കേരളീയർക്ക് എന്താണ് ബുദ്ധിമുട്ട്? പത്ത് തെങ്ങുണ്ടെങ്കിൽ നിങ്ങളുടെ ജീവിതകാലം മുഴുവൻ അത് ഫലം തരില്ലേ. അതുപോരെ നിങ്ങൾക്ക് ജീവിക്കാൻ’. ഈയൊരു സ്വാഭാവിക സാഹചര്യം കേരളത്തിന്റെ പ്രത്യേകതയാണ്.

കേരളത്തിൽ രണ്ടുതരം വിളകളാണല്ലോ പ്രധാനമായും ഉള്ളത്.തെങ്ങ്, കമുക്, റബ്ബർ, ഏലം, കുരുമുളക്, കാപ്പി,തേയില, ജാതി തുടങ്ങിയ ദീർഘകാല വിളകളും നെല്ല്, മരച്ചീനി, വാഴ, ഇഞ്ചി, മഞ്ഞൾ, പച്ചക്കറികൾ, ഔഷധ സസ്യങ്ങൾ തുടങ്ങിയ ഹ്രസ്വകാല വിളകളും. ഈ വിളകളെല്ലാം ഉണ്ടാക്കുന്ന, ഉണ്ടാക്കാൻ കഴിയുന്ന സംസ്ഥാനമാണ് നമ്മുടേത്. അതേസമയം കേരളീയർ കൃഷി വിട്ടുപോകുന്നു. പ്രത്യേകിച്ച് ഹ്രസ്വകാല വിളകളുടെ കൃഷിയിൽനിന്ന്. ഇതിന്റെ പ്രധാനപ്പെട്ട കാരണം കർഷകത്തൊഴിലാളിക്ഷാമമാണ്. ഇതിനു വഴിവയ്ക്കുന്നതാകട്ടെ ഭരണകൂടങ്ങളുടെ തൊഴിലുറപ്പ് പദ്ധതികൾ. സാധാരണ കർഷകത്തൊഴിലാളികൾക്ക് തൊഴിലും നിത്യ വരുമാനവും ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കോടിക്കണക്കിനു രൂപ ചെലവിൽ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. എന്നാൽ, ഈ തൊഴിൽ കൃഷിക്ക് സഹായകമായില്ല. എന്നുമാത്രമല്ല, കർഷകത്തൊഴിലാളികളുടെ കുറവുണ്ടാകുന്നതിന് കാരണമാകുകയും ചെയ്‌തു.

വഴിയോരത്തും തോട്ടിറമ്പിലും നിന്ന് കാടും പടർപ്പും പുല്ലും വെട്ടിനീക്കി ചെത്തിമിനുക്കി വൃത്തിയാക്കുന്ന ജോലിയാണ് തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിൽ മിക്കവാറും നടക്കുന്നത്. തൊഴിൽ ഉറപ്പാക്കുന്നതിന് ചെയ്യിക്കുന്നതാണ്. പാതവക്കത്തെ പുല്ലും ഔഷധ സസ്യങ്ങളും വെട്ടിനശിപ്പിക്കുന്നതുകൊണ്ട് ഒരു പ്രയോജനവും നാടിനുണ്ടാകാനില്ല. മണ്ണൊലിപ്പും താപനവും കൂടാൻ ഇടയാക്കുന്നുണ്ട് താനും. ടാർ ചെയ്‌ത റോഡിന്റെ ചൂട് കുറയ്ക്കാൻ ഒരു പരിധിവരെ വഴിയരികിലെ പുല്ലിനും മറ്റ് സസ്യസമ്പത്തിനും കഴിയും. അതുപോലെതന്നെ തോട്ടിറമ്പിലെ കുറ്റിക്കാടുകൾ വെട്ടിത്തെളിക്കുന്നതുകൊണ്ട് മണ്ണൊലിപ്പ് കൂടുമെന്നല്ലാതെ ഒരു ഗുണവും ഉണ്ടാകുന്നില്ല. സാധാരണ ഗതിയിൽ തൊഴിലുറപ്പുതൊഴിലാളിക്ക് നൂറുദിവസത്തെ തൊഴിൽ സർക്കാർ ഉറപ്പുനൽകുന്നു. ദിവസേന എട്ടുമണിക്കൂർ ജോലിയും 300രൂപയ്ക്കടുത്ത് കൂലിയും. തൊഴിലുറപ്പിനെ നാട്ടുകാർ രസകരമായി തൊഴിലുഴപ്പെന്ന് പറയാറുണ്ട്. ഈ തൊഴിൽസേനയെ വാസ്‌തവികമായി കൃഷിപ്പണിക്ക് നിയോഗിച്ചാൽ ഇന്നത്തെ നൂറുദിന തൊഴിലുറപ്പിന്റെ സ്ഥാനത്ത് 250 ദിവസവും ഉറപ്പായി തൊഴിൽ നൽകാൻ സാധിക്കും. നയരൂപീകരണത്തിൽ ശ്രദ്ധ പുലർത്തിയാൽമതി.

കേരളത്തിലെ ഹ്രസ്വകാലകൃഷിയിൽ കൃഷിക്കാർ അധികം താത്പര്യം കാണിക്കാത്തതിന്റെ ഒരു പ്രധാനകാരണം വിദഗ്‌ധ കർഷകത്തൊഴിലാളികളുടെ അഭാവമാണ്. കർഷകത്തൊഴിലാളികൾ ഭൂരിഭാഗവും തൊഴിലുറപ്പിനു പോകുകയാണ്. അതുകൊണ്ട് കൃഷിക്ക് ഒരുപകാരവും ഉണ്ടാകുന്നില്ല. ഹ്രസ്വകാല വിളകൾ യഥാർത്ഥത്തിൽ കേരളത്തിൽ സ്വാശ്രിതമാകണമെങ്കിൽ കർഷക – കർഷകത്തൊഴിലാളി ബന്ധം മെച്ചപ്പെടണം. അതിന് സർക്കാരുകൾക്ക് ഒത്തിരി സഹായങ്ങൾ ചെയ്യാൻ കഴിയും. കർഷകത്തൊഴിലാളികളുടെ ഒരു ബാങ്ക് അല്ലെങ്കിൽ പൂൾ അതിന്റെ രൂപീകരിച്ച് മേൽനോട്ടച്ചുമതല കുടുംബശ്രീകളെ ഏൽപിക്കുകയും ചില ആസൂത്രണങ്ങൾ നടത്തുകയും ചെയ്‌താൽ കേരളം ഭക്ഷ്യസാധനങ്ങളുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്‌തത കൈവരിക്കും.

സ്ത്രീ തൊഴിലാളിയുടെ ദിവസവേതനം കുറഞ്ഞത് 350 രൂപയും പുരുഷ തൊഴിലാളിയുടേത് കുറഞ്ഞത് 550 രൂപയുമായി നിശ്ചയിച്ച് ഹ്രസ്വകാല വിളകളുടെ ഉത്പാദനത്തിനു അവരെ നിയോഗിക്കണം. ഇതോടൊപ്പം ജോലിസമയം രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1.30വരെയായി നിജപ്പെടുത്തുകയും അര മണിക്കൂർ പ്രഭാത ഭക്ഷണത്തിന് അനുവദിക്കുകയും ചെയ്‌താൽ അവശേഷിക്കുന്ന അഞ്ചര മണിക്കൂർ ഫലപ്രദമായി വിനിയോഗിക്കാൻ കൃഷിവിദഗ്‌ധരുമായി കൂടിയാലോചിച്ചു തൊഴിൽവ്യവസ്ഥ രൂപീകരിക്കണം. അഞ്ചരമണിക്കൂറിൽ ചെയ്‌തുതീർക്കേണ്ട ജോലിയുടെ അളവും തോതും (quantum of job) ഗുണനിലവാരവും മുൻ‌കൂർ നിശ്ചയിച്ച് അത് നിർവ്വഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. നമ്മുടെ നാട്ടിൽ ശമ്പളത്തെപ്പറ്റി പറയാറുണ്ട്. ജോലിക്ക് സമയക്ലിപ്‌തതയുമുണ്ട്. പക്ഷെ ജോലിയുടെ അളവും തോതും ഗുണമേൻമയും നിഷ്‌കർഷിക്കപ്പെടാറില്ല. ആ സ്ഥിതി മാറണം.

കർഷകനു തൊഴിലുറപ്പ് തൊഴിലാളികളെ മുൻകൂറായി കുടുംബശ്രീ മുഖാന്തിരം ബുക്ക് ചെയ്‌തു കൃഷിക്കിറക്കാൻ അവസരമുണ്ടാകണം. തൊഴിലാളികളുടെ വേതനത്തിൽ 50 ശതമാനത്തിലേറെ കർഷകനും ബാക്കി സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽനിന്നും നൽകിയാൽ (ഉദാഹരണത്തിന് സ്ത്രീത്തൊഴിലാളിയുടെ 350രൂപ ദിവസക്കൂലിയിൽ 200രൂപ കർഷകനും 150രൂപ സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽനിന്നും;അതുപോലെ പുരുഷത്തൊഴിലാളിക്ക് 550 രൂപ ദിവസക്കൂലിയിൽ 300രൂപ കർഷകനും 250രൂപ സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽനിന്നും) അവർക്ക് വർഷത്തിൽ 250 ദിവസും തൊഴിൽ ഉറപ്പാക്കാനാകും. കർഷകന് കൃഷിച്ചെലവ് കുറയ്ക്കാനുമാകും. ആവശ്യമുള്ളത്ര തൊഴിലാളികളെ കർഷകൻ ബുക്ക് ചെയ്യുന്നതിനൊപ്പം അവരുടെ കൂലി മുൻ‌കൂർ കുടുംബശ്രീയിൽ ഏൽപിക്കുകയും ചെയ്യണം. തൊഴിലാളികളുടെ ലഭ്യത കുടുംബശ്രീയുടെ ഉത്തരവാദിത്വമായിരിക്കും. തൊഴിലുറപ്പ് തൊഴിലാളികൾക്കുപുറമെ അതിഥി സംസ്ഥാനത്തൊഴിലാളികളെയും ആവശ്യമെങ്കിൽ ഉപയോഗിക്കാം. കൃഷിപ്പണിക്ക് നേരിടുന്ന തൊഴിലാളിക്ഷാമം ഇങ്ങനെ വലിയൊരു പരിധിവരെ പരിഹരിക്കപ്പെടും.

കാർഷികോത്പന്നങ്ങളുടെ വിപണനം

കർഷകനെ അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് കാർഷികോൽപന്നങ്ങളുടെ വിപണനം. യഥാർത്ഥത്തിൽ കൃഷി പ്രോത്സാഹിപ്പിക്കണമെന്നുണ്ടെങ്കിൽ ഓരോ ഉത്പന്നത്തിനും സർക്കാർ തറവില (minimum price) നിശ്ചയമായും ഉറപ്പാക്കണം. എല്ലാ കൃഷിക്കും ഇത് ബാധകമാക്കണം. കർഷകരുടെയും കൂടി പ്രാതിനിധ്യമുള്ള വിദഗ്‌ധ സമിതി രൂപീകരിച്ചു ഹ്രസ്വ,ദീർഘകാല വിളകളുടെ ഉത്പാദനച്ചെലവ് ആധാരമാക്കി വേണം അടിസ്ഥാനവില നിശ്ചയിക്കാൻ. ഇപ്പോൾ സംഭവിക്കുന്നതിന്റെ ഉദാഹരണം നോക്കാം. ഒരു സാധാരണ കർഷകൻ 500 വാഴവച്ച് അവയിൽ 450 എണ്ണം ഒരേസമയം കുലയ്ക്കുന്നു എന്നിരിക്കട്ടെ. ഇത് ഒരുമിച്ച് വിളവെടുത്ത് വിൽപനയ്ക്കു ചെല്ലുമ്പോൾ തീരെ തുച്‌ഛമായ വിലയാണ് കൃഷിക്കാരനു ലഭിക്കുക. ഇതിനിടയ്ക്ക് ഇടനിലക്കാരുടെ മുതലെടുപ്പുമുണ്ടാകും.ഉത്പന്നങ്ങൾക്ക് അടിസ്ഥാന വില നിശ്ചയിച്ചാൽ വിലയിടിവും ചൂഷണവുമില്ലാതെ കർഷകന് നഷ്‌ടമില്ലാത്ത വരുമാനം ലഭിക്കുന്ന സാഹചര്യമുണ്ടാകും.

സർക്കാർ സഹകരണ മേഖലയിൽ കൃഷിക്കുവേണ്ടി മാത്രമായി വിപണനശൃംഖല സൃഷ്‌ടിക്കുകയും വേണം. കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കുന്ന ആർക്കും പകൽപോലെ ബോധ്യപ്പെടുന്ന കാര്യമാണ് ആയിരക്കണക്കിന് ഹെക്റ്റർ കൃഷിനിലം – പാഠങ്ങൾ കൃഷിയിറക്കാതെ തരിശായിട്ടിരിക്കുന്നുവെന്നത്. എന്തുകൊണ്ട് ഈ തരിശുനിലത്ത് മുഴുവൻ കൃഷി ഇറക്കിക്കൂടാ? ഇപ്പോൾ ഈ സർക്കാർ തരിശുഭൂമിയിൽ കൃഷി ആരംഭിക്കുന്നതിന് ചില പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നത് അഭിനന്ദനാർഹമാണ്. എന്നാൽ തരിശുപാടത്തുമുഴുവൻ നെൽകൃഷി ചെയ്യുകയെന്നത് പ്രായോഗികമല്ല. നഷ്‌ടം വരുത്തുന്നതുമാണ്. തരിശുഭൂമി സർക്കാർ ഏറ്റെടുത്ത് നെൽകൃഷിചെയ്യാൻ പദ്ധതിയിട്ടാൽ അത് വലിയ സാമ്പത്തിക പരാജയത്തിൽ കലാശിക്കും. തരിശ് നെൽപ്പാടം ഏറ്റെടുത്ത് കൃഷിയിറക്കുന്നവർക്ക് മൂന്നാലു വർഷമായി
സർക്കാർ സബ്‌സിഡി നൽകുന്നുണ്ട്. എന്നാൽ ഈ സബ്‌സിഡിയിൽ അധികപങ്കും തട്ടിപ്പിലൂടെ കൈമറിയുകയാണ് ചെയ്‌തുവരുന്നത്. നെൽപ്പാടം അവിടെ കൃഷിയിറക്കുന്ന കർഷകനിൽ നിന്ന് കടലാസ് എഗ്രിമെന്റുകളിലൂടെ തരിശുഭൂമിയാക്കി ഏറ്റെടുത്ത് ഇടനിലക്കാരൻ കൃഷിയിറക്കി സബ്‌സിഡി തട്ടിയെടുക്കുന്ന രീതി നടപ്പിലുണ്ട്. സബ്‌സിഡി കൈക്കലാക്കാൻ മാത്രം കൃഷിയിറക്കുന്ന തട്ടിപ്പിന് കർശനമായി അറുതിവരുത്തണം.

കഴിയുമെങ്കിൽ കാർഷികരംഗത്തെ എല്ലാ സബ്‌സിഡികളും നിർത്തലാക്കണം. വളത്തിന്റെയും വിത്തിന്റെയും മറ്റും സബ്‌സിഡികൾ ഒന്നും യഥാർത്ഥ കർഷകരിലേക്ക് മിക്കവാറും തന്നെ എത്തുന്നില്ല. ഉദ്യോഗസ്ഥർക്കുള്ള അധികവരുമാന മാർഗമായി പലപ്പോഴും സബ്‌സിഡികൾ മാറുന്ന സ്ഥിതിയുമുണ്ട്. സബ്‌സിഡിക്ക് പകരം, കൃഷിക്കാരന്റെ ഉത്പാദനച്ചെലവിനു ആനുപാതികമായി തറവില നിശ്ചയിച്ച് ഉത്പന്നങ്ങൾ സർക്കാർ ഏറ്റെടുത്ത് വിപണനം നടത്തുകയാണ് വേണ്ടത്. തരിശായി കിടക്കുന്ന പാടങ്ങൾ നെൽകൃഷിക്ക് പകരം മറ്റിനം കൃഷിയ്ക്ക് വിനിയോഗിക്കണം. നെൽകൃഷി നമ്മുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ വൻ നഷ്‌ടമാകും. കൂലിച്ചെലവ്, കള എന്നിവയെല്ലാം വലിയ ബാധ്യതയാണ്. വെറുതെ കിടന്നതുമൂലം വേരുപടർന്ന കള പറിച്ചാണ് നെൽകർഷകർ കാശ് അധികവും കളയുന്നത്.(കളനാശിനി പ്രയോഗം വരുത്തിവയ്ക്കുന്ന ആഘാതം പരിസ്ഥിതിക്ക് ഇനിയും താങ്ങാനാകില്ല.) അതേസമയം നെൽപാടം ഒരു കാരണവശാലും നശിക്കാൻ,ഇല്ലാതാകാൻ അനുവദിക്കരുത്. പാടത്തിന്റെ നാശം നമ്മുടെ ജലസ്രോതസിനെ ഗുരുതരമായി ബാധിക്കും. തരിശുപാടങ്ങൾ മണ്ണിട്ട് നികത്തുകയോ അതിന്റെ സ്വാഭാവികതയ്ക്ക് പോറലേൽക്കാൻ ഇടയാക്കുകയോ പാടില്ല. എന്നാൽ, പാടത്തെ ജലവിതാന(water-bed)ത്തിനു കോട്ടമുണ്ടാക്കാതെ നെല്ലിതര കൃഷികൾ ധാരാളമായി ചെയ്യാൻപറ്റും.

തരിശു നെൽപാടങ്ങളിൽ ജാതി,കമുക്,എണ്ണപ്പന തുടങ്ങിയവ കൃഷി ചെയ്യാൻ സർക്കാർ അനുവദിക്കണം. പാടം നിലനിർത്തിക്കൊണ്ട് വെള്ളത്തിനിടയ്ക്ക് കൂമ്പൽകൂട്ടി കമുകും ജാതിയും എണ്ണപ്പനയും പോലുള്ളവ അതിൽ കൃഷിയിറക്കാനാകും. ഇവയ്ക്കൊക്കെ വെള്ളം നല്ലവണ്ണം വേണ്ടതുകൊണ്ട് പാടം ഏറ്റവും യോജ്യമായ കൃഷിയിടമാകും. പാടം പാടമായി തന്നെ നിലനിർത്തണം. അതായത് തണ്ടപ്പേരിൽ നിലമെന്ന് രജിസ്റ്റർ ചെയ്‌ത അത് അതേപടി നിലനിർത്തുന്നുവെന്ന് ഉറപ്പാക്കണം.

വ്യവസായവത്കരണത്തിന് സ്വന്തം അസംസ്‌കൃത വസ്‌തുക്കൾ

നമ്മുടെ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത വസ്‌തുക്കൾ ഉപയോഗിച്ചുള്ള വ്യവസായവത്കരണത്തിന് ഇനിയും നാം അമാന്തിക്കരുത്. ഉദാഹരണത്തിന് സ്വാഭാവിക റബ്ബർ.രാജ്യത്തെ സ്വാഭാവിക റബ്ബർ ഉത്പാദനത്തിൽ 92ശതമാനവും കേരളത്തിലാണ്. എന്നാൽ ഇവിടെ സ്വാഭാവിക റബ്ബറിന്റെ ഉപയോഗമാകട്ടെ തുലോം തുച്‌ഛവും. ഇവിടെ ഉത്പാദിപ്പിക്കുന്ന റബ്ബർ ഉപയോഗിച്ച് ഇവിടെ വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്ന സ്ഥിതി സംജാതമാകണം. അവയിൽ സർക്കാരിനുപുറമെ സാധാരണ ജനങ്ങൾ, കൃഷിക്കാർ തുടങ്ങി എല്ലാവരെയും പങ്കാളികളാക്കണം. നമ്മുടെ സ്വാഭാവിക റബ്ബർ ഉപയോഗിച്ച് സിയാൽ മാതൃകയിൽ ലോകത്തെ ഏറ്റവും വലിയ ടയർ ഫാക്‌റ്ററി റബ്ബർ കർഷകരുടെ കൂടി പങ്കാളിത്തത്തോടെ സ്ഥാപിക്കാൻ സർക്കാർ മുൻകയ്യെടുക്കണം. ഇതിനു ചില പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കമിട്ടെങ്കിലും അത് എങ്ങുമെത്തിയിട്ടില്ല. സമയബന്ധിതമായി ഇത്തരം വ്യവസായങ്ങൾ ആരംഭിക്കുന്നത് നാടിന് പൊതുവിൽ ഏറെ ഗുണകരമാകും.

ഇതേപോലെതന്നെ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളിൽനിന്ന് സത്ത് വേർതിരിച്ചെടുക്കുന്ന – എക്‌സ്ട്രാക്ഷൻ യൂണിറ്റുകൾ കർഷകരുടെയും സർക്കാരിന്റെയും പങ്കാളിത്തത്തോടെ പങ്കാളിത്തത്തോടെ തുറക്കണം. ഇപ്പോൾ ഇതിന്റെയെല്ലാം ലാഭം കുത്തകയാക്കി കയ്യാളുന്നത് ചുരുക്കം ചില വ്യക്തികളാണ്. കർഷകർക്കും കൂടി ഇത്തരം സംരംഭങ്ങളുടെ ഗുണഫലം ലഭിക്കുന്ന സാഹചര്യമുണ്ടാക്കാൻ സർക്കാർ മുൻകയ്യെടുക്കണം.

നമ്മുടെ പുതു വ്യവസായ സംരംഭങ്ങളിലെ തൊഴിലാളികളെ ബോധവത്കരിക്കേണ്ട പ്രധാന വസ്‌തുത,വ്യവസായ ശാലകളിൽ തുടക്കം മുതൽക്കെ multi craft system ഏർപ്പെടുത്തുന്നതിനെപ്പറ്റിയാണ്. ഒപ്പം, ഉത്പാദനക്ഷമതാ മാനദണ്ഡങ്ങൾ നിർബന്ധമായും നടപ്പാക്കുകയും വേണം. ഇതൊന്നും ചെയ്യാത്തതാണ് കേരളത്തിന്റെ വ്യവസായ മുരടിപ്പിന് കാരണം. ഇക്കാര്യങ്ങളിൽ ഒരു നൂതന സമീപനം ഉണ്ടാകുന്നത് കേരളത്തിന് അഭിവൃദ്ധിയുടെ വാതായനം തുറന്നുതരും. ഒരേസമയം തൊഴിലാളികളും കൃഷിക്കാരും സർക്കാരും ഗുണഭോക്താക്കളായി മാറും.

അനന്ത സാധ്യതകളുടെ ടൂറിസം

നമ്മുടെ സംസ്ഥാനത്ത് ഏറ്റവും ലാഭകരമായ വ്യവസായം ടൂറിസം തന്നെയാകും. കാരണം കൊറോണാനന്തര കാലഘട്ടത്തിൽ ആരോഗ്യസുരക്ഷയിൽ ലോകത്തെ ഏറ്റവും മെച്ചപ്പെട്ട സ്ഥലം എന്ന പ്രതിച്‌ഛായ കേരളത്തിനു കൈവരുമെന്നുതന്നെ കരുതുന്നതിൽ ശങ്കയില്ല. അതുപോലെതന്നെ മഹാമാരിയുടെ ഭീഷണിയിൽ നിന്ന് ഏറ്റവുമാദ്യം പുറത്തുകടക്കുന്നതും നമ്മുടെ സംസ്ഥാനമാകും. ലോകത്തിനുമുന്നിൽ കേരളത്തിന് കൈവന്നിരിക്കുന്ന പുതിയ പേരും പ്രശസ്‌തിയും നമുക്ക് വലിയ മുതൽക്കൂട്ടാകും. വിനോദസഞ്ചാര രംഗത്ത് കേരളം തഴച്ചുവളരും. പശ്ചാത്തല സൗകര്യമൊരുക്കുന്നതിൽ സർക്കാർ വേണ്ടവിധം ദിശാബോധത്തോടെ സഹായിക്കണമെന്നു മാത്രം.

ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിനിണങ്ങിയ ഏറ്റവും മികച്ച കുടിൽവ്യവസായമായി മാറ്റാൻ ഉതകുന്നതാണ് ഇലക്ട്രോണിക്‌സ് ഉത്പന്ന നിർമാണം. അതിന് സർക്കാർ പദ്ധതി തയ്യാറാക്കി അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കണം. സ്ത്രീകളെ വലിയതോതിൽ ഭാഗഭാക്കാക്കാൻ കഴിയുന്നതാണ് ഇലക്ട്രോണിക്‌സ് വ്യവസായം.

വി വി അഗസ്റ്റിൻ
(പ്രസിഡന്റ് റബ്ബർ ഫാർമേഴ്‌സ് ഫെഡറേഷൻ,മുൻ അംഗം ദേശീയ ന്യൂനപക്ഷ കമ്മീഷൻ)

നമ്മുടെ സംസ്ഥാനത്ത് വായുവിന്റെ മണ്ണിന്റെ ജലത്തിന്റെ മലിനീകരണത്തിന് കാരണമാകുന്ന ഒരു വ്യവസായവും പുതുതായി തുടങ്ങാൻ അനുവദിക്കരുത്,ഒരു കാരണവശാലും.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു