മടക്കമില്ലാത്ത യാത്രയുടെ തുടക്കം ! – EIA

Share News

EIA – പുതിയ കരട് ! എന്താണ് വിഷയം ?

Environmental_Impact_Assessment_2020

ഓരോ പുതിയ പദ്ധതികളും അനുവാദത്തിനായി സമർപ്പിക്കപ്പെടുമ്പോൾ, പരിസ്ഥിതിക്ക് അവ ഉണ്ടാക്കാൻ സാധ്യതയുള്ള സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക ആഘാതത്തെപ്പറ്റി പഠനം നടത്തേണ്ടതുണ്ട്. പരിസ്ഥിതി സംരക്ഷണ നിയമം1986 പ്രകാരമാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. EIA ആദ്യം ഇന്ത്യയിൽ വന്നത് 1994 ലാണ്.നിലവിലുള്ള വ്യവസ്ഥ 2006 ൽ പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരമാണ്.

എന്തൊക്കെ പദ്ധതികൾ ഉൾപ്പെടും ?

ഖനനം, അടിസ്ഥാന സൗകര്യ വികസനം, തെർമൽ ന്യൂക്ലിയർ ഹൈഡ്രോ പവർ പദ്ധതികൾ, റിയൽ എസ്റ്റേറ്റ് പദ്ധതികൾ, മറ്റു വ്യവസായ പദ്ധതികൾ മുതലായവയൊക്കെ ഇതിലുൾപ്പെടും. ഇത്തരം പദ്ധതികൾക്ക് മതിയായ പരിശോധനയും അവലോകനവും കൂടാതെ അനുവാദം നൽകില്ല.നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ബദൽ സംവിധാനങ്ങളും പരിശോധിക്കപ്പെടണം. ഇന്ന് ലോകത്ത് നൂറിലധികം രാജ്യങ്ങളിൽ ഇത്തരം പരിസ്ഥിതി സംരക്ഷണ സംവിധാനമുണ്ട്.

എന്താണ് പുതിയ കരട് ?

ഇന്ത്യയിൽ കോവിഡ് കാലത്ത് തിരക്കിട്ട് പുതിയ കരട് EIA 2020 പ്രസിദ്ധീകരിച്ചു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വലിയ മാറ്റങ്ങൾ അതിൽ നിർദ്ദേശിച്ചിരിക്കുന്നു. Post Facto clearance എന്ന പേരിൽ നൽകിയിട്ടുള്ള ആശയപ്രകാരം പാരിസ്ഥിതിക അനുവാദമില്ലാതെ തന്നെ പ്രവർത്തനങ്ങൾ തുടങ്ങാം.പദ്ധതി ആരംഭിച്ചു കഴിഞ്ഞു അനുവാദം വാങ്ങിയാൽ മതി.
മാത്രമല്ല പല പദ്ധതികളും ഇതിൻറെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. Strategic (തന്ത്രപ്രധാനമായത്) എന്ന് സർക്കാർ നിശ്ചയിക്കുന്ന ഏതു പദ്ധതിക്കും ഇളവ് ലഭിക്കും. അങ്ങനെ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയെപ്പറ്റി യാതൊന്നും പിന്നെ പൊതു അറിവിനായി പ്രസിദ്ധീകരിക്കേണ്ടതില്ല. ദേശീയപാത പദ്ധതികളും, ഉൾനാടൻ ജലഗതാഗത പദ്ധതികളും പൊതു ചർച്ചകളിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു. 1,50,000 സ്ക്വയർ മീറ്റർ വരെ വിസ്തീർണ്ണമുള്ള നിർമ്മാണ പദ്ധതികളും ഒഴിവാക്കി.

ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനത്തിന് അവസരമില്ല

പുതിയ കരട് പ്രകാരം ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത് ബന്ധപ്പെട്ട അധികാരികൾ ആയിരിക്കണം; പൗരന് അതിനുള്ള അവസരം ഇല്ല. ഇന്ന് നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം വൻകിട പദ്ധതികളുടെ ആഘാത പഠനവുമായി ബന്ധപ്പെട്ട് പബ്ലിക് പബ്ലിക് ഹിയറിങ് നടത്തണം. എന്നാൽ പുതിയ കരളിൽ അതിനായി ഉണ്ടായിരുന്ന 30 ദിവസം സമയം 20 ദിവസമാക്കി കുറയ്ക്കുന്നു.
വിശാഖപട്ടണത്ത് ഈയിടെ ഉണ്ടായ എൽ ജി പോളിമർ പ്ലാൻറ് അപകടം, ആസാമിൽ ഓയിൽ ഇന്ത്യ ലിമിറ്റഡിൽ ഉണ്ടായ തീപിടുത്തം എന്നിവയൊക്കെ പരിസ്ഥിതി ആഘാത പഠനത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നു.

തിരക്കിട്ട് പോകുന്ന കാലത്ത് !

പൊതുജനങ്ങൾക്ക് ഈ പുതിയ കരടിനെ പറ്റി അഭിപ്രായം പറയാൻ കോവിഡ് കഴിയുന്നത് വരെ കാത്തിരിക്കാൻ സമയമില്ല. അതിനു മുന്നേ EIA 2020 നടപ്പിൽ വരുത്താനാണ് കർമപദ്ധതി. മാർച്ച് 12ന് കോവിഡ് കാലത്ത്, കരട് പ്രസിദ്ധീകരിച്ചു. ജൂൺ 30 വരെ ആയിരുന്നു അഭിപ്രായം പറയാൻ സമയം. പിന്നീട് ഡൽഹി ഹൈക്കോടതി ഇടപെട്ട് ഓഗസ്റ്റ് 11 വരെയാക്കി. കോവിഡ് ലോക്ക് ഡൗൺ, ഒരുപാട് അവകാശ-അധികാരങ്ങളുടെ കൂടി ലോക് ഡൗൺ ആയി മാറും, ഒപ്പം പ്രകൃതിയോടും, ആവാസവ്യവസ്ഥകളോടും മത്സരിച്ച് മടക്കമില്ലാത്ത യാത്രയുടെ തുടക്കവും !

Sherry J Thomas
Share News