വിശപ്പ്! അതെക്കാലവും ഒരാഗോള പ്രശ്നമാണ്. അതു പരിഹരിക്കാൻ എത്ര വേണമെങ്കിലും നമ്മളലയും. ഏതറ്റം വരെയും നമ്മൾ പോകും; ഏതു വാതിലിലും നമ്മൾ മുട്ടും.

Share News

വിശപ്പ്! അതെക്കാലവും ഒരാഗോള പ്രശ്നമാണ്. അതു പരിഹരിക്കാൻ എത്ര വേണമെങ്കിലും നമ്മളലയും. ഏതറ്റം വരെയും നമ്മൾ പോകും; ഏതു വാതിലിലും നമ്മൾ മുട്ടും.

പ്രത്യേകിച്ച് തട്ടുകടകൾ മുതൽ ഫൈവ്സ്റ്റാർ റസ്റ്റോറന്റുകൾ വരെ സകലതും നിശ്ചലമായ ഒരു കോവിഡാനന്തര കാലത്ത്! അങ്ങനെയൊരു പുലരിയിൽ, കത്തിയാളുന്ന വിശപ്പുമായി ചെന്നു കയറിയത് ഒരു സിങ്കത്തിന്റെ മടയിലാണ്; അഞ്ചൽ പള്ളിമേട!

വികാരിയച്ചനെക്കണ്ട് ആവശ്യം അറിയിച്ചപ്പോ കൈ കഴുകി ഇരുന്നോളാൻ പറഞ്ഞു. മുന്നിൽ ആദ്യം കൊണ്ടു വച്ചത് കഴിക്കാനുള്ള പാത്രമാണ്. പരന്ന പ്ലേറ്റിനു പകരം ഉള്ളു കുഴിഞ്ഞ ഒരു ചില്ലുപാത്രം. ആദ്യം ഒന്നും മനസ്സിലായില്ല. പച്ചവെള്ളം മാത്രം തന്നു പറഞ്ഞു വിടാനുള്ള അടവാണോ? അതോ രാവിലേ തന്നെ കഞ്ഞിയായിരിക്കുമോ?

പരിദേവനങ്ങൾ ഉള്ളിലടക്കി മ്ലാനവദനനായിരിക്കുമ്പോൾ തീൻമേശപ്പുറത്ത് ആദ്യം ഹാജരായത് തലേദിവസത്തെ തണുത്ത ചെമ്പാവരിച്ചോറാണ്. പിന്നെ മഞ്ഞളിട്ടു കുഴച്ചെടുത്ത, കടുകു വറുത്ത, നല്ലതു പോലെ വെന്തു പാകമായ നാട്ടുകപ്പ! അതും തലേന്നത്തേത്. രാത്രി മുഴുവൻ ശീതീകരിക്കപ്പെട്ടതിനാൽ, കണ്ണടച്ച് ഒന്നു തൊട്ടു നോക്കിയാൽ ബാസ്കിൻ റോബിൻസ് ഐസ്ക്രീമിൽ തൊടുന്ന ഒരു ഫീൽ തരാൻ പോന്നത്!

കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് ഏകദേശം പിടികിട്ടി വരുമ്പോഴാണ് കാച്ചിയ മോരും രസവും വന്നത്. നല്ല കുടംപുളിയിട്ടു വറ്റിച്ച മീൻകറിയുടെ കൊതിപ്പിക്കുന്ന മണം വന്നത് അടുക്കളയിൽ നിന്നാണ്! അതു പിടിച്ചെടുത്ത നാസാരന്ധ്രങ്ങൾ, ഒരു മിന്നലാക്രമണത്തിനു തയ്യാറെടുക്കാൻ തലച്ചോറിലേക്കു സന്ദേശമയച്ചു. എന്തിനും തയ്യാറായിരുന്ന ആമാശയം സർവ സന്നാഹങ്ങളുമായി ഒരുങ്ങി നിന്നു. പിന്നെ മുളകരച്ച തേങ്ങാച്ചമ്മന്തി വന്നു, പുളിച്ചമ്മന്തി വന്നു, കട്ടത്തൈരു വന്നു, നല്ല എരിപൊരിയൻ പച്ചക്കാന്താരിയും ഉപ്പും നാരങ്ങാ അച്ചാറും വന്നു. എല്ലാവരും തലേദിവസം പിറവികൊണ്ടവർ. പ്രഥമദൃഷ്ട്യാ തന്നെ എല്ലാവരേയും ഒരുപാടിഷ്ടമായി. അസാധ്യ കോമ്പിനേഷൻ! മനസ്സു നിറഞ്ഞു. ഉള്ളിൽ ഒരു കടലിരമ്പി! മുന്നിലെ വിഭവസമൃദ്ധമായ പഴങ്കഞ്ഞിപ്പാത്രങ്ങളിൽ ബാല്യ കൗമാരങ്ങളുടെ ഗൃഹാതുരത്വം നുരഞ്ഞു!

ഏറ്റവുമൊടുവിൽ വന്നയാളെ കണ്ടപ്പോഴാണ് കണ്ണുകൂടി നിറഞ്ഞു പോയത്! നല്ല പെടയ്ക്കുന്ന ആവോലി നന്നായി വരഞ്ഞ് ഉപ്പും മുളകും തേച്ച് ഇളം തീയിൽ പൊരിച്ചെടുത്തത്, പാതി വെന്ത വാഴയിലയുടെ നറുസുഗന്ധത്തിൽ, അപ്പോഴും പറക്കുന്ന ആവിയിൽ! ഇറ്റാലിയൻ ഫിഷ് സ്വിസ്ലറിനെ ഓർമ്മിപ്പിക്കുന്ന മേക്ക്ഓവർ! കൂട്ടത്തിൽ ചേരാത്തവനായിരുന്നെങ്കിലും അതു വേണ്ടെന്നു പറയാനുള്ള ആത്മബലമുണ്ടായിരുന്നില്ല.

കറിക്കൂട്ടുകളെല്ലാം പാത്രം നിറയെ വിളമ്പി വച്ചിട്ട്, കഴിച്ചു തുടങ്ങിക്കോളാൻ പറഞ്ഞു, ആതിഥേയൻ!

കുട്ടിക്കാലത്ത്, പഴങ്കഞ്ഞി ആദ്യമായി വിളമ്പിത്തന്ന അമ്മയെ മനസ്സിൽ ധ്യാനിച്ച് സ്വതസിദ്ധമായ ശൈലിയിൽ ഒരലക്ക് അങ്ങ്ട് അലക്കി. കഴിച്ചു മുഴുമിപ്പിക്കാൻ വിട്ടില്ല. വീട്ടുകാരൻ അടുത്തു വന്നു. പിന്നെ തോളിൽ തട്ടിവിളിച്ച് ചെവിയിൽ പറഞ്ഞു: “കുറച്ചു ചോറു കൂടി ഇടട്ടെ…!” ആ ചോദ്യത്തിൽ മനസ്സൊന്നു കുളിർത്തു. ഒരാളെങ്കിലും എന്നെ മനസ്സിലാക്കിയല്ലോ! സ്നേഹപൂർവ്വമുള്ള ആ നിർബന്ധത്തിന് വീണ്ടും വീണ്ടും കീഴടങ്ങേണ്ടിവന്നു. തുടർന്ന് സാധ്യമായ എല്ലാ കോഴ്സുകളും പൂർത്തിയാക്കി എഴുനേറ്റപ്പോഴേക്കും പാത്രങ്ങളെല്ലാം ഏതാണ്ട് ശൂന്യവൽക്കരിക്കപ്പെട്ടിരുന്നു.

അത്രമേൽ നിറഞ്ഞ ഉദരത്തോടും ഹൃദയത്തോടും കൂടി പറയട്ടെ, സൗഹൃദങ്ങളെ ബലപ്പെടുത്താൻ പഴങ്കഞ്ഞി ബെസ്റ്റാണ്!

ഇതുവരെ പേരു പറയാത്ത ആ ആതിഥേയൻ ആരാണെന്നല്ലേ? ജ്യേഷ്ഠനും ചങ്ങാതിയും സർവ്വോപരി നാട്ടുകാരനുമായ ബോവസ് മാത്യുവച്ചനാണ് ആ തങ്കപ്പെട്ട ആതിഥേയൻ!

ഒപ്പം തീൻമേശ പങ്കിട്ടവർ, സർവശ്രീ പുതുവേലിൽ ജോൺസൺ കശ്ശീശാ, ഏറത്ത് അരുൺ കശ്ശീശാ, വിളയിൽ പോൾ കശ്ശീശാ എന്നിവരാണ്. നിറഞ്ഞ നന്ദിയോടും സ്നേഹത്തോടും ആ മേശയിൽ വീണ്ടും കണ്ടുമുട്ടാമെന്ന അതിമോഹത്തോടും…!

Sheen Palakkuzhy

Catholic Priest

Share News