
വീടില്ലാതെ കടന്നു പോയ ഒരു പത്രപ്രവർത്തകൻ
ബാലേട്ടൻ എന്ന പത്രപ്രവർത്തകന്റെ വിടവാങ്ങലിന്ക്കുറിച്ച് ഒരു ചെറു കുറിപ്പ് എഴുതാതെ വയ്യ . കാരണം അത് അത്രമേൽ എന്നെ വേദനിപ്പിക്കുന്നു . ചേരമ്പാടി എന്ന അതിർത്തി ഗ്രാമത്തിലിരുന്നു നീലഗിരിയുടെ സ്പന്ദനങ്ങൾ മലയാളി വായനക്കാർക്ക് എത്തിച്ചു കൊടുക്കുക എന്ന ദൗത്യത്തിലായിരുന്നു കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി ഇദ്ദേഹം. 60 കളിലെ ഇടതുപക്ഷ രാഷ്ട്രീയ കോളിളക്കങ്ങൾ സ്വാധീനിച്ച ഒരു ചെറുപ്പക്കാരൻ തൊഴിൽ എന്ന സ്വപനത്തിന്റെ മയകൾക്കപ്പുറംസാമൂഹ്യമാറ്റം എന്ന മരീചികയിൽ അകപ്പെട്ട് തിരിച്ചു തന്റെ ഗ്രാമത്തിൽ എത്തുന്നു. അന്ന് ആ പിന്നോക്ക മേഖലയിൽ ഏറ്റവും നല്ല ജോലികളിൽ ഒന്നായ മലയാളം പ്ലാനറ്റേഷനിലെ തേയില എസ്റ്റേറ്റിൽ സൂപ്പർവൈസറായി ജോലിക്ക് ചേരുന്നു. അന്നത് വലിയ ജോലിയാണ് . കാരണം ആ ജോലി ചെയ്യുന്നവരെല്ലാം പകുതി സായിപ്പായി തൊഴിലാളികൾക്ക് മേൽ അധീശത്വമുറപ്പിച്ച വിലസുന്ന കാലമാണ്. അധികം വൈകാതെ തന്നെ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് ഈ ജോലിയുടെ സാമ്രാജ്യത്ത സ്വഭാവം ചേരില്ലെന്ന് മനസ്സിലാക്കിയ ബാലേട്ടൻ ജോലി രാജി വെച്ചു . അറിഞ്ഞവരെല്ലാം മൂക്കത്ത് വിരൽ വെച്ചു. അവനു പ്രാന്താണെന്നു അടക്കം പറഞ്ഞു. ഗൾഫിലേക്ക് നിരവധി പ്രാവശ്യം അവസരങ്ങൾ വന്നിട്ടും അദ്ദേഹം സ്വീകരിച്ചില്ല. പിന്നീടങ്ങോട്ട് കഴിഞ്ഞ ഇരുപതു വർഷത്തിലധികം പാവപ്പെട്ടവർക്ക് വേണ്ടി പേന ഉന്തലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മാതൃഭൂമി വിശേഷിപ്പിച്ച പോലെ ചേരമ്പാടിക്കാരുടെ ‘സ്വന്തം ലേഖകൻ ആയിരുന്നു അദ്ദേഹ. ഒരു പഴയ സുസുക്കി വണ്ടിയുമായി വിദൂരമായ ഗ്രാമങ്ങളിൽ, കാടതിരുകളിലെ ഏകാന്ത ഭവനങ്ങളിൽ , കാടകങ്ങളിലെ ആദിവാസി കുടികളിൽ മഴുവേറ്റു വീഴുന്ന മരക്കൂട്ടങ്ങളിൽ എല്ലാം അദ്ദേഹം എത്തി. കഴിഞ്ഞ കുറെ വർഷങ്ങളായി ചേരമ്പാടി ടൗണിലെ തന്റെ DTP സെന്ററായിരുന്നു അദ്ദേഹത്തിന്റെ കേന്ദ്രം. ഭാര്യ ഗീത അത്യാവശ്യം തുന്നൽ പണികളും എല്ലാമായി ഒപ്പം കൂടി . നാട്ടിലെ ആദിവാസികൾ ഉൾപ്പെടെ പാവങ്ങളുടെ ഒരു പരാതി പരിഹാര കേന്ദം കൂടിയായിരുന്നു അത്. വീട് , ചികിത്സ, റോഡ് എന്നിവ നിഷേധിക്കപ്പെട്ടവർക്ക് സൗജന്യമായി പരാതി എഴുതികൊടുക്കുക. അവർക്കു വേണ്ടി ഉദ്യോഗസ്ഥന്മാരെ വിളിച്ചു ചീത്ത പറയുക, MLA ദ്രാവിഡമണിയെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുക, ലോക്കൽ രാഷ്ട്രീയനേതാക്കന്മാരെ ഞെട്ടിക്കുക. ബാലേട്ടനെ കുറിച്ച ഓർക്കുമ്പോൾ ഏറ്റവും ദീപ്തമായ ഓർമ വൈകിട്ട് സ്ഥിരമായി എത്തുന്ന പാവപ്പെട്ട കുറെ മനുഷ്യരാണ് . താൻ വൈകും വരെ DTP ചെയ്തും അപേക്ഷകൾ എഴുതിക്കൊടുത്തും നേടിയ പണത്തിൽ തനിക്കാവശ്യമായുള്ളത് കഴിച്ച് ബാക്കിയുള്ള തുക പാവങ്ങളായ മനുഷ്യർക്ക് വീതം വെച്ച് നൽകുക എന്നതാണ് സത്രം രീതി. നിരാലംബരായ മനുഷ്യർ, ആദിവാസികൾ , അംഗഭംഗം വന്നവർ സ്ഥിരമായി ബാലേട്ടന്റെ ഓഫീസിലെത്തും. കൃത്യമായി ഒരു തുക അവരുടെ ആവശ്യത്തിനനുസരിച്ച് അവർക്ക് കിട്ടും. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി സ്വന്തമായി ഒരു വീട് ശരിയാക്കാനുള്ള ഓട്ടത്തിലായിരുന്നു അദ്ദേഹം.സ്വന്തമായി അത്യാവശ്യം ഭൂമിയുണ്ടെങ്കിലും വീടിനെക്കുറിച്ച് അദ്ദേഹം ഒരിക്കലും ചിന്തിച്ചിട്ടില്ല . മകന്റെ വിവാഹത്തിന് വീടില്ലായ്മ ഒരു തടസ്സമാണ് എന്ന തിരിച്ചറിവ് ഒടുവിലാണ് ബാലേട്ടന് ഉണ്ടായത് . ആ ശ്രമങ്ങൾക്കിടയിലാണ് മരണം പെട്ടെന്ന് അദ്ദേഹത്തെ തിരിച്ചെടുത്തത് . തങ്ങൾക്ക് വീട് കിട്ടാൻ നിരന്തരം സൗജന്യമായി അപേക്ഷ എഴുതി തരികയും പത്രങ്ങളിൽ വാർത്ത കൊടുക്കുകയും, ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ചീത്തപറയുകയും ചെയ്ത ഈ മനുഷ്യൻ സ്വന്തമായി വീടില്ലാത്തവനായിരുന്നു എന്നത് അവരിൽ മിക്കവരും അറിഞ്ഞത് അദ്ദേഹത്തിന്റെ മരണ ശേഷം ആയിരിക്കും . ഹെൽത്ത് അദ്ദേഹത്തിന്റെ സുഹൃത്തായ ഹെൽത്ത് ഇൻസ്‌പെക്ടർ ഗണേന്ദ്രന്റെ ദുഃഖം അദ്ദേഹം നേതൃത്വം നൽകി പകുതി പണി ഏതാണ്ട് പൂർത്തിയായ അത്യാവശ്യം അല്പം സൗകര്യമുള്ള സർക്കാർ ഹെൽത്ത് സെന്ററിന്റെ ഉദ്‌ഘാടനം അദ്ദേഹം ഇല്ലാതെ നടത്തേണ്ടി വരുമെന്നതിനാലാണ്. തുടക്കം മുതൽ അദ്ദേഹമായിരുന്നു അതിനു മുന്നിൽ. ഗൾഫിലുള്ള മകൻ അച്ചുവിന് അച്ഛനെ അവസാനമായി കാണാൻ കഴിഞ്ഞില്ല എന്നത് ഉള്ളിൽ ഒരു ദുഃഖമായി നിറയുന്നു. അദ്ദേഹം ജീവിതത്തിൽ ഉടനീളം ചെയ്ത നന്മകൾ പ്രാർത്ഥനയായ് , കരുതലായ്, അനുഗ്രഹമായ് അദ്ദേഹത്തിന്റെ പത്നിയുടെയും മകന്റെയും ജീവിതത്തിൽ നിറയട്ട. പത്രപ്രവർത്തനം അതിന്റെ ഏറ്റവും വലിയ ഒരു പരീക്ഷണ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ ഈ വീടില്ലാതെ കടന്നു പോയ, പാവങ്ങൾക്ക് വേണ്ടി എന്നെന്നേക്കും കലാപം ഉയർത്തിയ ഒരു പ്രാദേശിക ‘പ്രാന്ത’ പത്രപ്രവർത്തകന്റെ ജീവിതം എല്ലാ പത്രപ്രവർത്തകർക്കുമായി അഭിമാനത്തോടെ സമർപ്പിക്കുന്നു./ ശ്രീ ജോസ് കുരിയൻ ഫേസ് ബുക്കിൽ എഴുതിയത് .