വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ജന്മശതാപ്തി ; റോമിലെ കബറിടത്തിൽ പ്രതേക പ്രാത്ഥന ശ്രുസ്രൂഷകൾ നടന്നു .
സുനിൽ ജോർജ് കുഴിവേലി;വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ജന്മശതാപ്തി ദിനമായ ഇന്നലെ റോമിലെ മാർപാപ്പയുടെ കബറിടത്തിൽ പ്രതേക പ്രാത്ഥന ശ്രുസ്രൂഷകൾ നടന്നു രാവിലെ 7 മണിക്ക് നടന്ന ദിവ്യബലിക്കു ഫ്രാൻസിസ് പപ്പാ നേതൃത്യം നൽകി. വിശുദ്ധന്റെ ജന്മശതാപ്തിയുടെ ഭാഗമായി വിപുലമായ ആഘോഷങ്ങൾ ക്രെമീകരിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനം നിമിത്തം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ വിശുദ്ധന്റെ തിരുനാൾ ദിവസമായ ഇന്നലെഇറ്റലിയിലെ ദേവാലയങ്ങൾ എല്ലാം തന്നെ തുറന്നു പ്രതേക പ്രാത്ഥനകൾ നടത്തി. 1920 മേയ് 18-ന് എമിലിയ, കാരോൾ വോയ്റ്റീല എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപ്പാപ്പയുടെ ജനനം. കരൾ ജോസഫ് വൊയ്റ്റീവ എന്നായിരുന്നു ജ്ഞാനസ്നാനപേര് . വളരെയധികം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു കാരോളിന്റെ ബാല്യകാലം. ഒമ്പതാം വയസ്സിൽ അദ്ദേഹത്തിന് അമ്മയെ നഷ്ടപ്പെട്ടു. ഹൃദ്രോഗവും വൃക്കത്തകരാറുമായിരുന്നു 45കാരിയായിരുന്ന എമിലിയയുടെ മരണകാരണം. പിന്നീട് അദ്ദേഹത്തെ വളർത്തിയത് അച്ഛനായിരുന്നു.ആറാമത്തെ വയസ്സിൽ സ്കൂളിൽ ചേർന്ന കാരോൾ പഠനത്തിലും നീന്തൽ, തുഴച്ചിൽ, സ്കീയിങ്, പർവ്വതാരോഹണം, ഫുട്ബോൾ തുടങ്ങിയവയിലും നാടകത്തിലും അഗാധമായ പ്രാവീണ്യം തെളിയിച്ചിരുന്നു.പതിമൂന്നാം വയസ്സിൽ മാതൃഭാഷയായ പോളിഷിനൊപ്പം ലാറ്റിൻ, ഗ്രീക്ക് എന്നീ ഭാഷകളും അദ്ദേഹം പഠിച്ചു. 1938 മേയ് മാസത്തിൽ അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ക്രാക്കോവ് സർവ്വകലാശാലയിൽ ചേർന്നു.1939-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള ജർമ്മൻ സൈന്യം പോളണ്ടിനെ ആക്രമിച്ചു. ധാരാളം ജൂതന്മാർ ഇതിനിടയിൽ കൊല്ലപ്പെട്ടു. ക്രാക്കോവിലും അതിന്റെ ആഘാതമുണ്ടായി. ക്രാക്കോവ് സർവ്വകലാശാല അടച്ചുപൂട്ടി. പഠനം പാതിവഴിയിൽ നിർത്തിയ കാരോൾ തുടർന്ന് നിർബന്ധിത പട്ടാളസേവനത്തിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ കഴിച്ചുകൂട്ടി. ഇതിനിടയിൽ പാറമടയിലും വെടിമരുന്നുശാലയിലും അദ്ദേഹത്തിന് പണിയെടുക്കേണ്ടി വന്നിട്ടുണ്ട് . ഇതിനിടയിൽ അദ്ദേഹം യുദ്ധത്തിനെതിരെ കവിതകളും നാടകങ്ങളും എഴുതുകയും പ്രാർത്ഥനയിൽ തുടരുകയും ചെയ്തു.1941-ൽ കാരോൾ വോയ്റ്റീല സീനിയർ അന്തരിച്ചു. അച്ഛന്റെ മരണം കാരോൾ ജൂനിയറിനെ തളർത്തിക്കളഞ്ഞു. ഏറെ നാളത്തെ പ്രാത്ഥനക്കും ഒരുക്കത്തിനും ശേഷം അദ്ദേഹം വൈദികനാകാൻ തീരുമാനിയ്ക്കുകയായിരുന്നു. ക്രാക്കോവിലെ സെമിനാരിയിൽ ചേർന്ന് അവിടത്തെ ആർച്ച്ബിഷപ്പ് ആദം സ്റ്റെഫാൻ സപീഹയുടെ കീഴിൽ രഹസ്യപരിശീലനം നടത്തി.1944 ഓഗസ്റ്റ് 6-ന് നിരവധി പോളണ്ടുകാരെ പട്ടാളക്കാർ അതിക്രൂരമായി കൊലപ്പെടുത്തി. ഈ ദിവസം ബ്ലാക്ക് സൺഡേ (കറുത്ത ഞായറാഴ്ച) എന്നറിയപ്പെടുന്നു. ക്രാക്കോവിലും പരിസരത്തുമായി ആയിരങ്ങളാണ് മരിച്ചുവീണത്. ക്രാക്കോവ് സെമിനാരിയിലും പട്ടാളക്കാരെത്തിയെങ്കിലും സെമിനാരിക്കാരെ ളോഹ ധരിപ്പിച്ച് ആർച്ച്ബിഷപ്പ് സംരക്ഷിച്ചു ഇതിനിടയിൽ, കാരോളിന്റെ ബുദ്ധിശക്തിയും നിരീക്ഷണപാടവവും മനസ്സിലാക്കിയ ആർച്ച്ബിഷപ്പ് 1944 സെപ്റ്റംബർ 9-ന് അദ്ദേഹത്തിന് പുതിയ പട്ടം നൽകി.1945-ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ സർവ്വകലാശാലകൾ വീണ്ടും തുറന്നുബൈബിളിലും ദൈവശാസ്ത്രത്തിലും കാനൻ നിയമങ്ങളിലും മറ്റും അദ്ദേഹം പ്രാവീണ്യം തെളിയിച്ചു. 1946 ജൂലൈ മാസത്തിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹത്തെ അപ്പോഴേയ്ക്കും കർദ്ദിനാളാക്കി ഉയർത്തപ്പെട്ട ആർച്ച്ബിഷപ്പ് റോമിലേയ്ക്ക് ഉപരിപഠനത്തിന് അയയ്ക്കാൻ തീരുമാനിച്ചു. തുടർന്ന് നാലുമാസം കഠിനപ്രാർത്ഥനകളും ധ്യാനവും കൂടിയ കാരോൾ വോയ്റ്റീല രണ്ടാമൻ സകല വിശുദ്ധരുടെയും ദിനമായ 1946 നവംബർ 1-ന് ആർച്ച്ബിഷപ്പിന്റെ സ്വകാര്യ കപ്പേളയിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു. തീർത്തും ലളിതമായ ചടങ്ങുകളാണ് വൈദികാഭിഷേകത്തിനുണ്ടായിരുന്നത്. പാറമടയിലെയും നാടകസംഘത്തിലെയും സഹപ്രവർത്തകർക്കൊപ്പം തന്റെ ആദ്യ ദിവ്യബലി നടത്തിയ പുതിയ പള്ളിയിലച്ചൻ തുടർന്ന് എല്ലാവർക്കും സ്വന്തം കൈപ്പടയിൽ പ്രാർത്ഥനയെഴുതിയ കാർഡ് സമ്മാനിച്ചു 1947-ലെ ഈസ്റ്റർ കാലത്ത് പാദ്രേ പിയോയുടെ പക്കൽ അദ്ദേഹം കുമ്പസരിയ്ക്കാൻ പോയിരുന്നു. പാദ്രേ പിയോയുടെ കുർബാനയിൽ പങ്കെടുത്തത് തന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമായി അദ്ദേഹം മരണം വരെയും കണ്ടിരുന്നു. മാക്സ് മില്ല്യൺ കോൾബെയും ജോൺ വിയാനിയും പാദ്രേ പിയോയുമായിരുന്നു അദ്ദേഹത്തിന്റെ മാതൃകാപുരുഷന്മാർ.1948-ൽ കുരിശിന്റെ യോഹന്നാന്റെ വിശ്വാസദർശനത്തെക്കുറിച്ച് പ്രബന്ധമവതരിപ്പിച്ച വോയ്റ്റീലയച്ചൻ ജാഗല്ലോണിയൻ സർവ്വകലാശാലയ്ക്കുമുന്നിൽ അത് സമർപ്പിച്ച് ഡോക്ടറേറ്റ് നേടി. തൊട്ടുപിന്നാലെ ക്രാക്കോവിൽ നിന്ന് 50 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന നിയോഗോവിച്ച് ഇടവകയിൽ സഹവൈദികനായി അദ്ദേഹം ചേർന്നു.1958 ജൂലൈ ആദ്യവാരത്തിൽ ഒരു ദിവസം വോയ്റ്റീലയച്ചൻ കൂട്ടുകാരോടൊത്ത് ലൈൻ നദിക്കരയിൽ ഒരു ഉല്ലാസയാത്രയ്ക്ക് പോയി. അവിടെ പല പരിപാടികളുമായി ഇരിയ്ക്കുന്ന സമയത്താണ് പെട്ടെന്ന് അദ്ദേഹത്തിന് ഒരു ടെലിഗ്രാം സന്ദേശം ലഭിച്ചത്. എത്രയും പെട്ടെന്ന് പോളിഷ് സഭാധ്യക്ഷൻ കർദ്ദിനാൾ വിഷൻസ്കിയുടെ അടുത്തെത്താനായിരുന്നു നിർദ്ദേശം. തുടർന്ന് അവിടെയെത്തിയപ്പോൾ ഓംബി രൂപതയുടെ സ്ഥാനികമെത്രാനും ക്രാക്കോവ് അതിരൂപതയുടെ സഹായമെത്രാനുമായി അന്നത്തെ മാർപ്പാപ്പയായിരുന്ന പിയൂസ് പന്ത്രണ്ടാമൻ നിയമിച്ച വർത്തയറിയുകയറിയുന്നു ഉടനെ തന്നെ അടുത്തുള്ള സിസ്റ്റർമാരുടെ ചാപ്പലിൽ കയറി ദിവ്യകാരുണ്യരൂപത്തിനുമുന്നിൽ മണിക്കൂറുകളോളം പ്രാർത്ഥിച്ചു. തൊട്ടുപിന്നാലെ അദ്ദേഹം ക്രാക്കോവിലേയ്ക്ക് പുറപ്പെട്ടു. ഉടനെ മെത്രാസനമന്ദിരത്തിലെത്തി ആർച്ച്ബിഷപ്പ് കർദ്ദിനാൾ ബാസിയാക്കിനെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു.തുടർന്ന് സെപ്റ്റംബർ 28-ന് ക്രാക്കോവ് കത്തീഡ്രലിൽ വച്ച് വോയ്റ്റീവയച്ചന്റെ മെത്രാഭിഷേകം നടന്നു. ‘തോത്തൂസ് തൂവ്വൂസ്’ (മുഴുവനും അങ്ങയുടേത്) എന്ന ആപ്തവാക്യമാണ് പുതിയ മെത്രാൻ സ്വീകരിച്ചത്.. മെത്രാൻ പദവിയുടെ ഭാഗമായി ഒരുപാട് യാത്രകളും പരിപാടികളും വേണ്ടിവന്നു. ഇത് അദ്ദേഹത്തെ രോഗിയാക്കി. കടുത്ത വ്യായാമമാണ് രോഗവിമുക്തിയ്ക്ക് ഡോക്ടർമാർ നിർദ്ദേശിച്ചത്. തോണിതുഴച്ചിലും പർവ്വതാരോഹണവും മറ്റും അദ്ദേഹത്തിന്റെ ജീവിതവൃത്തിയാക്കി.1962-ൽ കർദ്ദിനാൾ ബാസിയാക്ക് കാലം ചെയ്തു. തുടർന്ന് വോയ്റ്റീവ പിതാവ് രൂപതാ അഡ്മിനിസ്ട്രേറ്ററായി. ബിഷപ്പായി ചുമതലയേറ്റ ശേഷവും അദ്ദേഹം കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രസംഗങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. അപ്പോഴും കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുമായി നല്ല ബന്ധം നടത്തിപ്പോരുകയും ചെയ്തു. സെമിനാരിക്കെട്ടിടത്തിന്റെ താഴത്തെ നില കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസിനായി അദ്ദേഹം നീക്കി. പതുക്കെപ്പതുക്കെ പുതിയ മെത്രാനെ കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ അംഗീകരിയ്ക്കുന്ന കാഴ്ച കാണാൻ തുടങ്ങി.വത്തിക്കാൻ കൗൺസിലിൽ പോളിഷ് സഭയുടെ പ്രതിനിധി എപ്പോഴും വോയ്റ്റീലയായിരുന്നു. അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പ്രസംഗങ്ങളും വത്തിക്കാനിൽ ഏറെ ശ്രദ്ധേയമായി. തദ്ഫലമായി 1964 മാർച്ച് 8-ന് ക്രാക്കോവ് അതിരൂപതയുടെ ആർച്ച്ബിഷപ്പായി പോൾ ആറാമൻ മാർപ്പാപ്പ വോയ്റ്റീലയെ നിയമിച്ചു. ഒരുപാട് പുരോഹിതന്മാരുടെ പേരുകൾ തള്ളിക്കളഞ്ഞാണ് 44 വയസ്സ് മാത്രമുണ്ടായിരുന്ന വോയ്റ്റീലയെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അംഗീകരിച്ചത്. ഇക്കാലത്ത് ഇടയലേഖനങ്ങൾ പല ഇടവകകളിലുമെത്തിയിരുന്നില്ല. ഈ പ്രശ്നം ഒഴിവാക്കാൻ കാർബൺ കോപ്പികൾ അടിച്ച് എല്ലാ ഇടവകളിലുമെത്തിയ്ക്കാൻ വോയ്റ്റീവ പിതാവ് തീരുമാനിച്ചു.1967 മേയ് 29-ന് പോൾ ആറാമൻ മാർപ്പാപ്പ വോയ്റ്റീലയെ കർദ്ദിനാളാക്കി ഉയർത്തി. കർദ്ദിനാൾ പദവിയിലെത്തിയ ശേഷവും അദ്ദേഹം ധാരാളം പ്രവർത്തനങ്ങൾ നടത്തിപ്പോന്നു. 1969 മുതൽ 1977 വരെയുള്ള എല്ലാ സിനഡുകളിലും അദ്ദേഹം അംഗമായിരുന്നു.1978 ഓഗസ്റ്റ് 6-ന് പോൾ ആറാമൻ മാർപ്പാപ്പ കാലം ചെയ്തു. തുടർന്ന് ലോകത്തുള്ള കർദ്ദിനാളുമാരെല്ലാവരും കൂടി റോമിലെത്തി നടത്തിയ കോൺക്ലേവിൽ ഇറ്റാലിക്കാരനായിരുന്ന കർദ്ദിനാൾ അൽബിനോ ലൂസിയാനി പുതിയ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ മുൻഗാമികളായിരുന്ന ജോൺ ഇരുപത്തിമൂന്നാമനോടും പോൾ ആറാമനോടുമുള്ള ആദരസൂചകമായി ‘ജോൺ പോൾ’ എന്ന ഇരട്ടനാമം സ്വീകരിച്ച അദ്ദേഹത്തിന് നിർഭാഗ്യവശാൽ 33 ദിവസമേ അധികാരത്തിൽ തുടരാൻ കഴിഞ്ഞുള്ളൂ. 1978 സെപ്റ്റംബർ 28-ന് ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ കാലം ചെയ്തു. പിറ്റേന്ന് രാവിലെ അദ്ദേഹത്തിന് കാപ്പി കൊടുക്കാൻ വന്ന പരിചാരകനാണ് അദ്ദേഹത്തെ കാലം ചെയ്ത നിലയിൽ കണ്ടെത്തിയത്. ഹൃദയസ്തംഭനമായിരുന്നു ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയുടെ മരണകാരണം.’ചിരിയ്ക്കുന്ന മാർപ്പാപ്പ’ എന്ന പേരിൽ വെറും 33 ദിവസം കൊണ്ട് ശ്രദ്ധേയനായി മാറിയ പുതിയ പാപ്പയുടെ അപ്രതീക്ഷിതവിയോഗം ലോകത്തെ നടുക്കി. കർദ്ദിനാളുമാർ വീണ്ടും റോമിലേയ്ക്ക് പുറപ്പെട്ടു. ഒക്ടോബർ 14-ന് കോൺക്ലേവ് ഹാളിൽ യോഗം കൂടി. അതിന് മുന്നോടിയായി ഹാൾ അകത്തുനിന്നും പുറത്തുനിന്നും പൂട്ടി. വാർത്താമാധ്യമ ഉപാധികളും ഫോണുകളുമെല്ലാം എടുത്തുമാറ്റി. അടുത്ത ദിവസമായിരുന്നു വോട്ടെടുപ്പിന്റെ ആരംഭം.ആദ്യം പാപ്പാസ്ഥാനത്തേയ്ക്ക് പറഞ്ഞുകേട്ടിരുന്നത് ജനീവയിൽ നിന്നുള്ള കർദ്ദിനാൾ ജുസപ്പേ സീരിയുടെയും ഫ്ലോറൻസിൽ നിന്നുള്ള കർദ്ദിനാൾ ജിയോവന്നി ബെനെല്ലിയുടെയും പേരുകളാണ്. രണ്ടുപേരും ഇറ്റലിക്കാരായിരുന്നു. എന്നാൽ, ഇറ്റലിയ്ക്ക് പുറത്തേയ്ക്ക് പോകാനുള്ള സാധ്യതയും അപ്പോൾ തള്ളിക്കളയാൻ കഴിയുമായിരുന്നില്ല. പിന്നീട് പാപ്പയായ ജർമ്മനിക്കാരൻ കർദ്ദിനാൾ ജോസഫ് റാറ്റ്സിങ്ങർ (ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ) അഭിപ്രായപ്പെട്ടത് പുതിയ പാപ്പയുടെ മരണം ഒരു മുന്നറിയിപ്പാണ്ണു എന്നാണ് .ആദ്യഘട്ട പോളിങ്ങിൽ കർദ്ദിനാൾ സീരിയ്ക്കും കർദ്ദിനാൾ ബെനെല്ലിയ്ക്കും 30 വീതം വോട്ടുകൾ ലഭിച്ചു. ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ ബാലറ്റ് പേപ്പർ മുഴുവൻ കത്തിച്ചു. പുറത്ത് ചിമ്മിനിയിൽ കറുത്ത പുക ഉയർന്നുവന്നു. രണ്ടാമത്തെ വോട്ടിങ്ങിൽ അവരുടെ വോട്ടുകളുടെ എണ്ണം കൂടി. എന്നാൽ ഉച്ചകഴിഞ്ഞ് സ്ഥിതിഗതികൾ മാറിമറിഞ്ഞു. ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസ് ചെയർമാൻ കർദ്ദിനാൾ യൂഗേ പോളിറ്റി മുപ്പത് വോട്ടുകൾ നേടി. എന്നാൽ, ഫലമുണ്ടായില്ല. വീണ്ടും കറുത്ത പുക ഉയർന്നു. നാലാമത്തെ വോട്ടിങ്ങിൽ കർദ്ദിനാൾ പെരിക്കിൾ ഫെലിച്ചിയ്ക്കായിരുന്നു കൂടുതൽ വോട്ട്. അങ്ങനെ ആർക്കും ഭൂരിപക്ഷമില്ലാതെ ഒന്നാം ദിവസം അവസാനിച്ചു.അടുത്ത ദിവസം (ഒക്ടോബർ 16) രാവിലെ നടന്ന അഞ്ചാം ഘട്ട വോട്ടിങ്ങിൽ 27 ഇറ്റാലിയൻ കർദ്ദിനാൾമാർക്കായി വോട്ട് ചിതറിയതോടെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ഇറ്റലിക്കാർക്ക് വിശേഷിച്ചും കാര്യങ്ങൾ ഏതാണ്ട് മനസ്സിലായിത്തുടങ്ങി. തുടർന്നങ്ങോട്ട് കർദ്ദിനാൾ വോയ്റ്റീലയുടെ പ്രയാണമായിരുന്നു. അവസാനത്തെ വോട്ടിങ്ങിൽ അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ വോയ്റ്റീല ആഗോള കത്തോലിക്കാസഭയുടെ പുതിയ തലവനായി. ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു. യേശുക്രിസ്തുവിന്റെ ശിഷ്യനായ പത്രോസ് ശ്ലീഹാ തുടങ്ങിവച്ചതെന്ന് പറയുന്ന കത്തോലിക്കാസഭയുടെ 264-ആമത്തെ തലവനായിരുന്നു വോയ്റ്റീല. പോളണ്ടിൽ നിന്നുള്ള ആദ്യ മാർപ്പാപ്പ, 455 വർഷങ്ങൾക്കുശേഷം വരുന്ന ഇറ്റലിക്കാരനല്ലാത്ത ആദ്യ മാർപ്പാപ്പ, സമീപ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മാർപ്പാപ്പ (58 വയസ്സ്) – അങ്ങനെ നിരവധി പ്രത്യേകതകൾ അദ്ദേഹത്തിനുണ്ടായിരുന്നു. 33 ദിവസം മാത്രം അധികാരത്തിലിരുന്ന തന്റെ മുൻഗാമിയോടുള്ള ആദരസൂചകമായി അദ്ദേഹം ജോൺ പോൾ രണ്ടാമൻ എന്ന പേര് സ്വീകരിച്ചു. ഒക്ടോബർ 22-ന് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ വച്ച് അദ്ദേഹം സ്ഥാനമേറ്റു.സുദീർഘമായ ഇരുപത്തിയാറര വർഷമാണ് ജോൺ പോൾ രണ്ടാമൻ കത്തോലിക്കാ സഭയെ നയിച്ചത്. ആദ്യ പാപ്പയായി കണക്കാക്കപ്പെടുന്ന പത്രോസ് ശ്ലീഹായ്ക്കും (34 വർഷം), പീയൂസ് ഒമ്പതാമനും (32 വർഷം) ശേഷം ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ തുടർന്ന പാപ്പ അദ്ദേഹമായിരുന്നു. സംഭവബഹുലമായ ഒരു കാലയളവായിരുന്നു അത്. നാലരപ്പതിറ്റാണ്ട് നീണ്ടുനിന്ന ശീതയുദ്ധം അവസാനിച്ചതും, പാപ്പയുടെ ജന്മനാടായ പോളണ്ടിലും മറ്റും കമ്മ്യൂണിസം തകർന്നുവീണതുമെല്ലാം ഈ സമയത്താണ്. സോവിയറ്റ് യൂണിയന്റെ അവസാന നേതാവ് മിഖായേൽ ഗോർബച്ചേവ് ദൈവവിശ്വാസം പ്രഖ്യാപിച്ചതും ഭാര്യ റൈസയോടൊപ്പം പാപ്പയെ സന്ദർശിച്ചതും ശ്രദ്ധേയമായി. ക്യൂബൻ വിപ്ലവ ഇതിഹാസം ഫിദൽ കാസ്ട്രോ മാർപ്പാപ്പയെ കണ്ട് അനുഗ്രഹം വാങ്ങിയതും ഏറെ ശ്രദ്ധേയമായിരുന്നു.ഇക്കാലയളവിൽ ലോകം നേരിട്ട പ്രതിസന്ധികളിൽ മാർപ്പാപ്പയുടെ സ്വരം നിർണ്ണായകമായിരുന്നു. ലോകരാജ്യങ്ങളുടെ നേതാക്കന്മാർക്ക് അദ്ദേഹം എഴുതിയ കത്തുകളിൽ സമാധാനം സൂക്ഷിയ്ക്കുന്നതിന്റെ ആവശ്യകത സൂചിപ്പിയ്ക്കുകയുണ്ടായി. 2001 സെപ്റ്റംബർ 11-ന് ന്യൂയോർക്കിലെ സുപ്രസിദ്ധമായ വേൾഡ് ട്രേഡ് സെന്റർ തകർക്കപ്പെട്ടപ്പോൾ ഭീകരതയ്ക്കെതിരെ ശക്തമായ ആഹ്വാനം അദ്ദേഹം ഉന്നയിച്ചു. 2003-ലെ ഇറാഖ് അധിനിവേശ യുദ്ധത്തെയും അദ്ദേഹം വിമർശിച്ചിരുന്നു. റുവാണ്ടൻ വംശഹത്യ, ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം, ഗൾഫ് യുദ്ധം, വിവിധ രാജ്യങ്ങളിലെ ഏകാധിപത്യം, ഇറ്റലിയിലെ മാഫിയ ഭീകരത തുടങ്ങിയവയ്ക്കെതിരെ ശക്തമായ പ്രതിഷേധം അദ്ദേഹം ഉയർത്തി. യുവജനങ്ങളെ ഉദ്ബോധിപ്പിയ്ക്കുന്നതിന് പാപ്പ നടത്തിയതിന്റെ ഫലമായിരുന്നു 1985-ൽ തുടങ്ങിയ, മൂന്ന് വർഷങ്ങളിലൊരിയ്ക്കൽ നടന്നുവരുന്ന ലോക യുവജനദിനാഘോഷങ്ങൾ.മതപരമായ കാര്യങ്ങളിലും ചില പരിഷ്കാരങ്ങൾക്ക് മാർപ്പാപ്പ ശ്രദ്ധിച്ചിരുന്നു. 1983-ൽ അദ്ദേഹം പാസാക്കിയ ലത്തീൻ കാനോനിക നിയമം 1917-ൽ ബെനഡിക്ട് പതിനഞ്ചാമൻ മാർപ്പാപ്പ കൊണ്ടുവന്ന നിയമത്തെ മാറ്റിമറിച്ചു. 1990-ൽ അദ്ദേഹം പൗരസ്ത്യസഭകളുടെ മേലും ഇത്തരത്തിൽ പുതിയ നിയമങ്ങൾ പാസാക്കി. വിവാഹിതർക്കും പൗരോഹിത്യത്തിനുള്ള അവകാശം വേണമെന്ന ആവശ്യങ്ങൾ ഉയർന്നുവരുന്നതിനിടയിൽ 1984-ൽ വിവാഹിതനായ ഒരു മുൻ ആംഗ്ലിക്കൻ പുരോഹിതനെ കത്തോലിക്കാസഭയിൽ ചേർത്തത് വാർത്തയായി.തന്റെ സുദീർഘമായ അധികാരകാലയളവിൽ നിരവധി പേരെ വാഴ്ത്തപ്പെട്ടവരും വിശുദ്ധരുമാക്കാൻ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയ്ക്ക് കഴിഞ്ഞു. തന്റെ എല്ലാ മുൻഗാമികളും ചേർന്ന് ഈ പദവികളിലെത്തിച്ചവരെക്കാൾ കൂടുതൽ പേരെ അദ്ദേഹം ഈ പദവികളിലെത്തിച്ചു. 1327 പേരെയാണ് അദ്ദേഹം വാഴ്ത്തപ്പെട്ടവരാക്കിയത്. ചാവറയച്ചൻ, അൽഫോൺസാമ്മ, മദർ തെരേസ തുടങ്ങിയവർ അതിൽ പ്രധാനപ്പെട്ടവരാണ്. കൂടാതെ രണ്ടാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട 108 പേരെ 1999 ജൂൺ 13-ന് വാഴ്ത്തപ്പെട്ടവരാക്കി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സയിൽ വച്ചാണ് അദ്ദേഹം ഈ വമ്പൻ കർമ്മം നടത്തിയത്. 2001 മാർച്ച് 11-ന് 233 സ്പാനിഷ് രക്തസാക്ഷികളെയും അദ്ദേഹം വാഴ്ത്തപ്പെട്ടവരാക്കി ഉയർത്തി. 111 പേരെയാണ് അദ്ദേഹം വിശുദ്ധരാക്കിയത്.1986-ൽ ഇന്ത്യാസന്ദർശനവേളയിൽ അദ്ദേഹം കേരളവും സന്ദർശിച്ചിരുന്നു. ആ സമയത്താണ് ചാവയറയച്ചനെയും അൽഫോൺസാമ്മയെയും അദ്ദേഹം വാഴ്ത്തപ്പെട്ടവരാക്കി ഉയർത്തിയത്. 2003 ഒക്ടോബർ 19-ന് അദ്ദേഹം മദർ തെരേസയെയും ഈ പദവിയിലെത്തിച്ചു. തന്റെ കാലത്ത് ജീവിച്ചിരുന്ന ഒരു വ്യക്തിയെ വാഴ്ത്തപ്പെട്ടവരുടെ നിരയിലെത്തിയ്ക്കാൻ ഭാഗ്യം ലഭിച്ച മാർപ്പാപ്പയായിരുന്നു അദ്ദേഹം. മദർ തെരേസയുമായി വളരെ അടുത്ത ബന്ധമാണ് മാർപ്പാപ്പ പുലർത്തിയിരുന്നത്. 1986-ൽ ആദ്യ ഇന്ത്യാസന്ദർശനത്തിനിടയിൽ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തി. പലയവസരങ്ങളിലും മദർ വത്തിക്കാനിലെത്തി മാർപ്പാപ്പയെയും കണ്ടിരുന്നു. 1997-ൽ മദർ മരിച്ചപ്പോൾ മാർപ്പാപ്പ പറഞ്ഞത് ഇങ്ങനെയാണ്: ‘മദറിന്റെ വിയോഗം അവരുടെ സ്നേഹമനുഭവിച്ചവർക്ക് വലിയൊരു നഷ്ടമാണ്. അതുപോലൊരു വ്യക്തി ഇനിയുണ്ടാകില്ല.’ അഞ്ചുവർഷത്തെ സമയം കാത്തിരുന്ന ശേഷമാണ് മദറിനെ വിശുദ്ധപദവിയിലെത്തിയ്ക്കുന്നതിനുള്ള പരിശ്രമങ്ങൾ തുടങ്ങിയത്.2005 ഫെബ്രുവരി 1-ന് ഫ്ലൂവും സ്വനപേടകത്തിലുണ്ടായ ജ്വലനവും കാരണം മാർപ്പാപ്പയെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് ആശുപത്രി വിട്ടെങ്കിലും ശ്വാസതടസ്സത്തെത്തുടർന്ന്അ ധികം വൈകാതെ അദ്ദേഹത്തിന് തിരിച്ചുചെല്ലേണ്ടിവന്നു. തുടർന്ന് അദ്ദേഹത്തിന് ഒരു ട്രക്കിയോട്ടോമി നടത്തി. അതുമൂലം അദ്ദേഹത്തിന് ശ്വാസതടസ്സം നീങ്ങിയെങ്കിലും സംസാരിയ്ക്കാൻ ബുദ്ധിമുട്ടുണ്ടായി. ആശുപത്രിയിൽ വച്ച് കാണാനെത്തിയ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തെങ്കിലും സംസാരിയ്ക്കാൻ അദ്ദേഹത്തിന് വളരെയധികം ബുദ്ധിമുട്ടേണ്ടിവന്നു.അനാരോഗ്യം കാരണം 2005-ലെ വിശുദ്ധ വാരത്തിൽ പങ്കെടുക്കാൻ പാപ്പയ്ക്ക് സാധിച്ചില്ല. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ മുതിർന്ന കർദ്ദിനാളുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ഓശാന ഞായർ ദിവസമായിരുന്ന മാർച്ച് 20-ന് അല്പനേരം തന്റെ വസതിയിലെ ജനലിൽ പ്രത്യക്ഷപ്പെട്ട പാപ്പ കയ്യിൽ ഒരു ഒലീവിലയും പിടിച്ച് ആരാധകർക്ക് ദർശനം നൽകി. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന ദർശനം.രണ്ടുദിവസങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കൂടുതൽ ആശങ്കകൾ ഉയർന്നു. പാപ്പ മരണാസന്നനാണെന്നുവരെ പറഞ്ഞുകേട്ടു. ഒടുവിൽ വത്തിക്കാൻ അത് അംഗീകരിച്ചു. മാർച്ച് 31-ന് സ്വകാര്യ ചാപ്പലിൽ ബലിയർപ്പിയ്ക്കുന്നതിനിടയിൽ പാപ്പയ്ക്ക് മൂത്രാശയത്തിൽ അണുബാധയുണ്ടായി. ആശുപത്രിയിൽ പോകാൻ പാപ്പയുടെ സെക്രട്ടറി അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് അംഗീകരിച്ചില്ല. തന്റെ മരണം ആശുപത്രിയിൽ വച്ചാകരുതെന്നും പകരം വത്തിക്കാനിൽ വച്ചുതന്നെയാകണമെന്നും പാപ്പ ആഗ്രഹിച്ചിരുന്നു. മരണാസന്നനായ പാപ്പയെ ഉടനെ ഔദ്യോഗിക വസതിയിലേയ്ക്ക് കൊണ്ടുപോയി. അവിടെ ആരോഗ്യനില നോക്കാനായി ഏതാനും ഡോക്ടർമാരെ നിയോഗിച്ചു. മരണാസന്നനായ പാപ്പയ്ക്ക് കർദ്ദിനാളുമാർ അന്ത്യകൂദാശ നൽകി. ഏപ്രിൽ 2-ന് വൈകീട്ട് 3:30-ന് അദ്ദേഹം അവസാനവാക്കുകൾ ഉരുവിട്ടു: ‘ഞാൻ എന്റെ പിതാവിന്റെ സവിധത്തിലേയ്ക്ക് പോകുന്നു’ എന്നായിരുന്നു അവസാന വാക്കുകൾ. തുടർന്ന് അബോധാവസ്ഥയിലായ അദ്ദേഹം ആറുമണിക്കൂറുകൾക്കുശേഷം രാത്രി 9:37-ന് (ഇന്ത്യൻ സമയം ഏപ്രിൽ 3 പുലർച്ചെ 1:07) കാലം ചെയ്തു. 84 വയസ്സായിരുന്നു അദ്ദേഹത്തിന്. അണുബാധയെത്തുടർന്നുണ്ടായ രക്തദൂഷ്യവും ഹൃദയസ്തംഭനവുമായിരുന്നു മരണകാരണം.2000-ൽ മാർപ്പാപ്പ പുണ്യദിനമായി പ്രഖ്യാപിച്ച ദിവ്യകാരുണ്യത്തിരുനാളിന്റെ തലേന്നാണ് അദ്ദേഹം കാലം ചെയ്തത്. ദിവ്യകാരുണ്യത്തിരുനാളിനോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാന അദ്ദേഹത്തിന്റെ മരണത്തിനും രണ്ട് മണിക്കൂർ മുമ്പ് ആരംഭിച്ചിരുന്നു. മരണവാർത്ത അറിഞ്ഞതോടെ വത്തിക്കാനിലേയ്ക്ക് ജനപ്രവാഹമായി. ലക്ഷക്കണക്കിന് ജനങ്ങളാണ് ആഗോള കത്തോലിക്കാസഭയുടെ തലവന് അന്തിമോപചാരം അർപ്പിയ്ക്കാൻ സെന്റ് പീറ്റേഴ്സ് ദേവാലയത്തിലെത്തിച്ചേർന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ഭൈരോൺ സിങ് ശെഖാവത്ത്, തൊഴിൽ മന്ത്രി ഓസ്കാർ ഫെർണാണ്ടസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാർപ്പാപ്പയുടെ ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ ഒരാഴ്ച പൊതുദർശനത്തിന് വച്ചശേഷം ഏപ്രിൽ 8-ന് ദേവാലയത്തിന്റെ താഴെയുള്ള ഭൂഗർഭ അറയിൽ ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പയുടെ ശവകുടീരത്തിനടുത്ത് സംസ്കരിച്ചു. തന്നെ വെറും മണ്ണിൽ അടക്കിയാൽ മതി എന്ന അന്ത്യാഭിലാഷം കണക്കിലെടുത്താണ് ശവസംസ്കാരകർമ്മം നടത്തിയത്. 1965-ൽ വിൻസ്റ്റൺ ചർച്ചിലിന്റെ ശവസംസ്കാരത്തിനുശേഷം ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ശവസംസ്കാരച്ചടങ്ങായിരുന്നു മാർപ്പാപ്പയുടേത്.വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2009 ഡിസംബർ 19 – ന് ധന്യപദവിയിലേക്ക് ഉയർത്തി. വിശുദ്ധനായി ഉയർത്തുന്നതിന്റെ രണ്ടാമത്തെ നടപടിക്രമമാണിത്. ഇതിനായുള്ള ഡിക്രിയിൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ അന്നേ ദിവസം ഒപ്പുവച്ചു.ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ മാധ്യസ്ഥതയാൽ ഫ്രഞ്ച് സന്യാസിനി മരിയേ സൈമണ് പാർക്കിൻസൺസ് രോഗം സുഖപ്പെട്ട സംഭവം സഭാകോടതിയിൽ തെളിയിക്കപ്പെട്ടതിനാൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ 2011 മേയ് 1 നു വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു . സന്യാസി മരിയേ സൈമൺ ഉൾപ്പെടെ 40 ലക്ഷം പേരുടെ സാന്നിധ്യത്തിലാണ് ഈ ചടങ്ങ് നടന്നത്. വത്തിക്കാൻ ഗ്രോട്ടോയിൽ സംസ്കരിച്ചിരുന്ന മാർപാപ്പായുടെ മൃതദേഹം വാഴ്ത്തപ്പെടൽ പ്രഖ്യാപന ഭാഗമായി വെള്ളിയാഴ്ച പുറത്തെടുത്തു. തുടർന്ന് പ്രഖ്യാപന ശേഷം തിങ്കളാഴ്ച സെൻറ് പീറ്റേഴ്‌സ് ബസലിക്കയിലെ സെൻറ് സെബാസ്റ്റ്യൻ ചാപ്പലിൽ സംസ്‌കരിച്ചു.2013 ജൂലൈ ആദ്യത്തിൽ വിശുദ്ധ പദവി സംബന്ധിച്ച തീരുമാനമെടുക്കുന്ന കർദിനാൾമാരുടെ കമ്മിഷൻ ചേർന്ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ പരിഗണിച്ചു. തുടർന്ന് 2014 ഏപ്രിൽ 27ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചു.