*തൃക്കരിപ്പൂരിൻ്റെ എം.എൽ.എ. ആകാൻ നിയോഗിക്കപ്പെട്ട എം.പി.*
തൃക്കരിപ്പൂരിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പേരുകൊണ്ട് എം.പി. യാണ്. എം.പി.ജോസഫ് എന്ന മേനാച്ചേരി പോൾ ജോസഫ്. എർണാകുളം കലക്ടറും, കൊച്ചിയിലെ ആക്ടിങ്ങ് മേയറുമായി ഒരേ സമയം പ്രവർത്തിക്കാൻ അവസരം കിട്ടിയപ്പോൾ കൊച്ചിയുടെ മുഖഛായ മാറ്റിയയാൾ. ഇന്നത്തെ എം.ജി.റോഡിൻ്റെ മുഖം മാറ്റി, ആദ്യമായി കൊച്ചിയിൽ സോഡിയം ലൈറ്റുകൾ സ്ഥാപിച്ചയാൾ ഒട്ടനവധി വികസനത്തിന് ചുക്കാൻ പിടിച്ചയാൾ. നീതിക്ക് വേണ്ടി പടപൊരുതുന്ന വ്യക്തി. ആദർശത്തിൻ്റെ ആൾരൂപം. മമ്മുട്ടിയുടെ ദി കിങ്ങ് എന്ന സിനിമയിലെ ജോസഫ് അലക്സ് തേവള്ളിപറമ്പിൽ എന്ന കഥാപാത്രം ജനിക്കാൻ ഇടയായ മാതൃക ഈ കലക്ടർ ജോസഫ് മേനാച്ചേരിയായിരുന്നു എന്ന് പറയപ്പെടുന്നു.
ഔദ്യോഗിക ജീവിതത്തിൽ ആരോടും ഒത്തുതീർപ്പില്ലാതെ കർശനമായി ജോലി ചെയ്തു. അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വം. മാണിസാർ പോലും ആദരവോടെ സ്നേഹിച്ച മരുമകൻ, മാണിസാറിൻ്റെ മാണിക്യം. ജോസഫ് സാറിനെക്കുറിച്ച് പറയാൻ ഏറെയുണ്ട്. തൃക്കരിപ്പൂരിൻ്റെ മുഖഛായ മാറ്റാൻ കെൽപ്പുള്ള സ്ഥാനാർത്ഥിയാണ് എം.പി.ജോസഫ്. അത് കൊണ്ട് തന്നെ ആ മണ്ഡലം ആവേശത്തോടെയാണ് സാറിനെ സ്വീകരിച്ചത്. അദ്ദേഹം ജയിച്ചാൽ ആ നാടിൻ്റെ ഭാഗ്യമാണ്.
ഏറെക്കാലം യു.എൻ -ൽ ജോലി ചെയ്ത പരിചയവും എല്ലാം മുതൽകൂട്ടാവും. മാണിസാറിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ സി.പി.എമ്മിൻ്റെ തട്ടകത്തിൽ രാഷ്ട്രീയ മറുപടി കൊടുക്കാനാണ് യു.ഡി.എഫിൻ്റെ ഭാഗമായി നിന്ന് നല്ല പോരാട്ടം കാഴ്ചവെക്കുന്നത്. രാജ്യം കണ്ട എറ്റവും നല്ല ധനമന്ത്രിയായിരുന്ന മാണിസാറിന് തൻ്റെ ഔദ്യോഗിക ജീവിതത്തിൽ മറക്കാനാവാത്ത ഓർമ്മയാണ് സി.പി.എം. എം.എൽ.എമാർ ബജറ്റ് അവതരണം അലങ്കോലമാക്കിയത്. കേരളത്തിലെ ജനങ്ങൾ ആരും ആ രംഗം മറക്കുകയില്ല. ആ ഊർജ്ജം ഉൾകൊണ്ടു കൊണ്ടും, മാണിസാറിൻ്റെ കല്ലറയിൽ പ്രാർത്ഥിച്ച് അനുഗ്രഹം തേടിയാണ് ഞങ്ങളുടെ പ്രിയങ്കരനായ എം.പി. യായ ജോസഫ് സർ പ്രചാരണം തുടങ്ങിയത്.
മണ്ഡലത്തേ കുറിച്ച് പറയുമ്പോൾ ഇടത് മുൻതൂക്കമുള്ളതാണെങ്കിലും, അത് കൊണ്ട് തന്നെ വികസന മുരടിപ്പ് പ്രകടമാണ്. കേരളത്തിലെ വികസന പ്രദേശങ്ങളെ അപേക്ഷിച്ച് ഒരു പത്ത് വർഷം പിറകിലാണ് തൃക്കരിപ്പൂർ. പറയത്തക്ക യാതൊരു വികസനവും നടത്താത്ത ഒരു എം.എൽ.എ. ആണെന്ന് അവിടത്തെ വോട്ടർമാർ അടക്കം പറയുന്നു. യു.ഡി.എഫിന് ലഭിച്ച ഏറ്റവും നല്ല സ്ഥാനാർത്ഥിയാണ് എം.പി.ജോസഫ്. ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ അനായാസം ജയിക്കാൻ സാധിക്കും.’ശ്രീ.ഉമ്മൻ ചാണ്ടിയുടെയും, ശ്രി. രമേശ് ചെന്നിത്തലയുടെയും, ശ്രീ കുഞ്ഞാലികുട്ടിയുടെയും പ്രത്യേക താത്പര്യപ്രകാരമാണ് ജോസഫ് സാർ മത്സരിക്കുന്നത്. അത് കൊണ്ട് തന്നെ മുന്നണി ഒറ്റക്കെട്ടായി ശക്തമായി പ്രചാരണം നടത്തുന്നു. ഈ വിജയം മാണി സാറിന് വേണ്ടി സമർപ്പിക്കാനാണ് എന്ന് ജോസഫ് സർ പറയുമ്പോൾ നമ്മളും ആവേശത്തിലാകും .
..അഡ്വ.ഡാൽബി ഇമ്മാനുവൽ