ഇന്ന് പ്രൊഫസർ എം പി. മന്മഥന്റെ ജന്മദിനം…
പൊതുപ്രവര്‍ത്തനരംഗം നേരിടുന്ന വലിയ പ്രശ്‌നം മാതൃകകളുടെ അഭാവമാണ്.
ജീവിതം തന്നെ സമൂഹത്തിന് വേണ്ടി സമര്‍പ്പിക്കുവാന്‍ തയ്യാറാകുമ്പോള്‍ ആ വ്യക്തിത്വത്തിന് ചുറ്റും ആകൃഷ്ടരായി ജനങ്ങള്‍ ഒത്തുകൂടുക സ്വാഭാവികം മാത്രം. അദ്ദേഹത്തില്‍ നിന്നും മഹത്തായ സന്ദേശങ്ങള്‍ ഏറ്റുവാങ്ങും. അങ്ങനെയാണ് സമൂഹത്തില്‍ പരിവര്‍ത്തനമുണ്ടാവുക.
യഥാർത്ഥ ഗാന്ധിയൻ ആയിരുന്ന എം.പി. മന്മഥന്‍ സാര്‍ തന്റെ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിലുണ്ടാക്കിയ മാറ്റം ഇന്നും നമുക്ക് അനുഭവിക്കാന്‍ കഴിയുന്നു. അറുപത് വര്‍ഷത്തിലേറെ കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ധാര്‍മ്മിക രംഗങ്ങളില്‍ ആദര്‍ശനിഷ്ഠമായ ജീവിതം നയിച്ച് മന്മഥന്‍ സാര്‍ വേറിട്ടൊരു വ്യക്തിത്വമായത് അദ്ദേഹത്തിന്റെ അചഞ്ചലവും ധീരോദാത്തവുമായ നിലപാടുകളും ലാളിത്യമേറിയ പൊതുപ്രവര്‍ത്തനജീവിതവും വഴിയാണ്.
ആകര്‍ഷകമായ ആ ഉജ്ജ്വല വ്യക്തിത്വം ജനങ്ങള്‍ക്കാകെ ആശയും ആവേശവുമായി. മദ്യവര്‍ജ്ജനം, ഭൂദാനം, സര്‍വ്വോദയം, അദ്ധ്യാപനം, കലാരംഗം, സാമുദായികം, പൗരാവകാശ സംരക്ഷണം, മതസൗഹാര്‍ദ്ദ യത്‌നങ്ങള്‍, പത്രപ്രവര്‍ത്തനം തുടങ്ങി വിവിധമേഖലകളിലും സന്ദര്‍ഭങ്ങളിലും അദ്ദേഹം കാട്ടിയ പ്രതിബദ്ധതയും നല്‍കിയ സംഭാവനകളും കൈവരിച്ച നേട്ടങ്ങളും നാടിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തി. അങ്ങനെ ഏവര്‍ക്കും മാതൃകയായ ഒരു ആദര്‍ശപുരുഷനും ആയിരുന്നു എം.പി. മന്മഥന്‍ സർ..
ഗാന്ധിയൻ, മദ്യവിരുദ്ധ പ്രസ്‌ഥാനത്തിന്റെ അമരക്കാരൻ, കഥാപ്രസംഗകൻ, അധ്യാപകൻ, പത്രാധിപർ, കവി, നടൻ…എന്നി നിലകളിൽ എല്ലാം ശോഭിച്ച അദ്ദേഹം പണത്തിന്റെയും അധികാരത്തിന്റെയും വഴികളിൽ നിന്ന് എന്നും മാറിനടന്നു. ധാർമിക മൂല്യങ്ങളാണ് ഏറ്റവും വലിയ സമ്പത്തെന്നു സമൂഹത്തെ പഠിപ്പിച്ചു. ഖദർ മുണ്ടും ഖദർ ജൂബയും ഖദർ ഷാളുമായി അദ്ദേഹം 3 പതിറ്റാണ്ടോളം കേരളത്തിന്റെ സാമൂഹിക രംഗത്ത് പ്രകാശസാന്നിധ്യമായി.
1914 മേയ് ഒന്നിന് ആലപ്പുഴയിലായിരുന്നു ജനനം. ആലുവ യുസി കോളജിൽ നിന്നു ബിഎ ജയിച്ചു. പാവപ്പെട്ട വിദ്യാർഥികൾക്കായി എൻഎസ്‌എസിന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴയിൽ മലയാളം സ്‌കൂൾ തുടങ്ങാൻ മുന്നിട്ടിറങ്ങിയതോടെയാണ് സാമൂഹിക പ്രവർത്തനങ്ങൾക്കു തുടക്കമായത്. വള്ളത്തോളിന്റെ ‘മഗ്‌ദലനമറിയം’ കഥാപ്രസംഗമായി അവതരിപ്പിച്ചു കയ്യടി നേടി…15 വർഷം നീണ്ട കഥാപ്രസംഗ കലാജീവിതത്തിന്റെ ആരംഭം അങ്ങനെയായിരുന്നു.
1935 ൽ ഗാന്ധിജിയെ ആലുവയിൽ കണ്ടതാണു മന്മഥന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. എൻഎസ്‌എസ് കോളജുകളുടെ ഫണ്ട് ശേഖരണത്തിനായി ഉൽപന്നപിരിവ് എന്ന പുതുമയുള്ള പരിപാടി മന്മഥൻ ആവിഷ്‌കരിച്ചു. ‘അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി’ എന്ന സർവമതപ്രാർഥന, പന്തളം കെ.പി. രചിച്ചത് ഈ പരിപാടിക്കു വേണ്ടിയായിരുന്നു.
1952 ലാണു മുംബൈയിൽ ജയപ്രകാശ് നാരായണനെ കാണുന്നതും സർവോദയ പ്രസ്‌ഥാനത്തിലേക്ക് ആകർഷിക്കപ്പെടുന്നതും. 1980 ലാണ് കേരള മദ്യനിരോധന സമിതി പ്രസിഡന്റായത്. മരണം വരെയും അദ്ദേഹം ഈ പ്രസ്‌ഥാനത്തിനു നേതൃത്വം നൽകി.
മുവാറ്റുപുഴയിൽ എൻ.എസ്.എസ് ഹൈസ്‌കൂളിൽ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട് കോളജ് പ്രൊഫസറും പ്രിൻസിപ്പലുമായി ജോലി നോക്കി. തിരുവനന്തപുരം എം.ജി.കോളജിന്റെ പ്രിൻസിപ്പലായിരിക്കേ ആദർശങ്ങൾ ആർക്കും അടിയറ വെക്കില്ല എന്ന നിലപാടിൽ ഉറച്ചു ജോലിയിൽനിന്നു രാജിവച്ചു. എൻ.എസ്.എസ്.കരയോഗം രജിസ്‌ട്രാറായും സെക്രട്ടറിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. സർവോദയമണ്ഡലത്തിലും ഭൂദാനയജ്‌ഞ്ഞത്തിലും പ്രവർത്തിച്ചു.
1983-ൽ പ്രണവാനന്ദ സമാധാനസമ്മാനം കിട്ടി. കേളപ്പൻ എന്ന ജീവചരിത്ര ഗ്രന്ഥത്തിന് കേരള സാഹിത്യഅക്കാദമി അവാർഡ് (1987) ലഭിച്ചു. സ്‌മൃതിദർപ്പണം എന്ന അദ്ദേഹത്തിന്റെ ആത്മ കഥക്ക് ആദ്യത്തെ പ്രൊഫ.പി.വി. ഉലഹന്നാൻമാപ്പിള അവാർഡ് ലഭിച്ചു..
1994 ഓഗസ്‌റ്റ് 15-ന് അന്തരിച്ചു.
ഇന്നത്തെ തലമുറയ്ക്ക് ഒരു പാഠപുസ്തകം ആണ് മന്മഥൻ സർ..
വായിച്ചാലും വായിച്ചാലും തീരാത്ത ഒരു പുസ്തകം
….ആദരാഞ്ജലികൾ ……
Manoj M Kandathil