മാധ്യമപ്രവർത്തക മന്ത്രിയാകുമ്പോൾ(കേരളത്തിൽ മാധ്യമ പ്രവർത്തനത്തിൽ നിന്ന് മന്ത്രി പദവിയിലെത്തുന്ന ആദ്യ വനിത)

Share News

കെ.കെ.ശൈലജ ആരോഗ്യ വകുപ്പിനു നൽകിയ ജനകീയ മുഖം നിലനിർത്തുമെന്ന് ആത്മവിശ്വാസം ഉണ്ടോ?

കെ.കെ.ശൈലജയ്ക്ക് പകരക്കാരി ആകുമോ?

ആരോഗ്യ വകുപ്പിൽ തിളങ്ങുമോ?

ഈ മഹാമാരിക്കാലത്തെ മന്ത്രി പദം വെല്ലുവിളി ആകുമോ?

വീണ ജോർജ് എന്ന മാധ്യമ പ്രവർത്തകയായിരുന്ന മന്ത്രി നേരിടുന്ന ചോദ്യങ്ങളിൽ ചിലത് മാത്രം. മാധ്യമ പ്രവർത്തകയായിരുന്നെങ്കിൽ വീണയും ചോദിക്കുമായിരുന്ന ചോദ്യങ്ങൾ.

first woman journalist-turned-politician as minister in Kerala

വർഷങ്ങൾക്ക് മുമ്പ് വീണ മാധ്യമ പ്രവർത്തക ആയി എത്തിയപ്പോൾ വാർത്ത വായനയ്ക്ക് അപ്പുറം ചർച്ചകളിൽ തിളങ്ങുമോ എന്ന് സംശയിച്ചവരെ അതിശയിപ്പിച്ച് സൗമ്യവും എന്നാൽ കൃത്യതയും ,കർക്കശ വുമായ ചോദ്യങ്ങളിലൂടെ വാർത്താ ചാനലുകളിലെ രാത്രികാല ചർച്ചകളിൽ തിളങ്ങി.

കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവും മികവും ഉണ്ടെന്ന് വാർത്തയ്ക്ക് പുറത്തുള്ള പരിപാടികളിലെ പ്രസംഗങ്ങളിൽ വ്യക്തം.

ചാനൽ ചർച്ചകളിൽ അതിഥികളോട് ചോദ്യങ്ങൾ ചോദിച്ച് കുഴക്കുന്ന വീണയ്ക്കറിയാം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെക്കുറിച്ച്.അതിനുള്ള ഉദാഹരണമാണ് ആരോഗ്യ വകുപ്പാണല്ലോ എന്ന ചോദ്യത്തിനുള്ള മറുപടി.

കെ.കെ.ശൈലജയുടെ പിൻഗാമിയായി എത്തുമ്പോൾ എന്തു തോന്നുന്നു എന്ന ചോദ്യത്തോട്..പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങളെ ഏറ്റവും ഭംഗിയായി നിർവ്വഹിക്കാൻ ശ്രമിക്കും. ഏറ്റവും വലിയ ജാഗ്രതയും ഉത്തരവാദിത്തവും ഉള്ള വകുപ്പാണ്, അത് ഭംഗിയായി നിർവഹിക്കും.’ എന്നായിരുന്നു വീണയുടെ മറുപടി.

കേരളത്തിലെ ആരോഗ്യരംഗം മികച്ചതാണ്, ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന ആരോഗ്യ പ്രവർത്തകരാവട്ടെ ലോകത്തെവിടെയായാലും ആദരം പിടിച്ചുപറ്റുന്നവരുമാണ്. ഇവരെ ഏകോപിപ്പിച്ച് നിർത്താൻ വീണാ ജോർജ് എത്തുമ്പോൾ ഒരു മാധ്യമപ്രവർത്തകയുടെ വാക്ചാതുര്യവും ഇഴകീറിയുള്ള പരിശോധനയും ഒരു അധ്യാപികയുടെ കാർക്കശ്യവും ഒരു അമ്മയുടെ കരുതലും ഉണ്ടാവുമെന്ന് വിശ്വസിക്കാം.

ജീവിതത്തിൽ ഇതുവരെ നേരിട്ട വെല്ലുവിളികൾ അതിജീവിച്ച വീണയ്ക്ക് പുതിയ വെല്ലുവിളികൾ നേരിടാനുള്ള കരുത്ത് ദൈവം നൽകട്ടെ. അഭിവാദ്യങ്ങൾ💪🏻

ജീനാ പോൾ

Executive news Producer
Manorama News.

Share News