
ശിവൻകുട്ടിക്കെന്താ കുറവ്?
വി.ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയാകുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ നിയമസഭയിലെ മേശപ്പുറത്ത്കയറി നിൽക്കുന്നതിൻ്റെ ചിത്രങ്ങളും മാധ്യമങ്ങളോട് എന്തോ സംസാരിക്കുമ്പോൾ തെറ്റിപ്പോകുന്നതും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് അദ്ദേഹം മന്ത്രിയാകുന്നതിൻ്റെ കുഴപ്പം എടുത്തു കാണിക്കുന്നവരോടാണ്.

ഡോക്ടർ ആരോഗ്യമന്ത്രിയും അധ്യാപകൻ വിദ്യാഭ്യാസ മന്ത്രിയും കായികതാരം സ്പോർട്സ് മന്ത്രിയും, വക്കീൽ നിയമമന്ത്രിയും ആകണമെന്നു കരുതിയാൽ തെറ്റൊന്നും പറയാനാവില്ല.
നിയമപഠനം പൂർത്തിയാക്കിയ ആൾ, ചെറുപ്പത്തിൽ തന്നെ പഞ്ചായത്ത് പ്രസിഡൻ്റും കോർപ്പറേഷൻ മേയറുമായൊരാൾ, കായിക മേഖല സംഘാടകൻ, ട്രേഡ് യൂണിയൻ നേതാവ്, രണ്ടു തവണ എംഎൽഎ ആയ വ്യക്തി. മേയറായിരുന്നപ്പോൾ ഇന്ത്യയിലെ കോർപ്പറേഷനുകളിൽ ആദ്യമായി ഹരിത നഗരം പദ്ധതി നടപ്പിലാക്കിയ ആൾ.. ഇതൊക്കെ എങ്ങനെയാണ് ഒരാളുടെ അയോഗ്യതയാകുന്നത്. കുറഞ്ഞ പക്ഷം നേമത്തെ ജനങ്ങളെയെങ്കിലും ഓർക്കേണ്ടേ. ഒരു കഴിവും ശേഷിയും ഇല്ലാത്തൊരാളെ അവർ രണ്ടു തവണ ജയിപ്പിക്കുമോ ?.ശിവൻകുട്ടി മേശപ്പുറത്ത് കയറി നിന്നതിനെക്കുറിച്ചാണെങ്കിൽ, അൺ പാർലമെൻ്ററിയും മനുഷ്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾ സഭയ്ക്കുള്ളിൽ നടത്തിയ പ്രഗത്ഭർ എന്നു വാഴ്ത്തുന്നവരടക്കം എത്രയോപേരുണ്ട് ചൂണ്ടിക്കാണിക്കാൻ. നിയമസഭയ്ക്കുള്ളിൽ ചെയ്യാനാവാത്തതെന്ന് ചട്ടങ്ങളിൽ പറഞ്ഞിരിക്കുന്നതിനു വിരുദ്ധമായി ഇപ്പോഴും ആവർത്തിക്കുന്ന എത്രയോ പ്രതിഷേധങ്ങളുണ്ട് എടുത്തു പറയാൻ. അപ്പോൾ പ്രശ്നം നമ്മുടെ മുൻ വിധികളുടേതും മനസിൽ കൊണ്ടു നടക്കുന്നതും മികച്ചതെന്ന് നമ്മൾ മാത്രം കരുതുന്നതുമായ ചില മോഡലുകളുടെ കുഴപ്പമാണ്.
സ്കൂളും ഡിവിഷനുകളും അനുവദിക്കുന്നതും നിയമനങ്ങൾ അംഗീകരിക്കുന്നതും SSLC, PLUS 2 റിസൽട്ടുകൾ പ്രഖ്യാപിക്കുന്നതുമാണ് മന്ത്രിയുടെ പണി എന്നു കരുതിയിരുന്ന കാലം മാറിയിട്ടുണ്ട് ഇപ്പോൾ. ആരു മന്ത്രിയായാലും നയങ്ങളുടെയും വിദ്യാഭ്യാസ നിയമങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമേ മുന്നോട്ടുപോകാനാവു എന്നത് ആർക്കും അറിയാത്തതല്ല. LDF ആയതു കൊണ്ട് വിദ്യാഭ്യാസ നയം ഉണ്ടാകുമെന്നും ഉറപ്പുമാണ്. മുൻ ഭരണങ്ങൾ അത് തെളിയിച്ചിട്ടുണ്ട്.സ്കൂൾ പഠന സമയത്തിനും പ്രവർത്തനത്തിനും പ്രവേശനത്തിനും നിയമനത്തിനും ചെറിയ ക്ലാസുകളിലേതുൾപ്പെടെ മൂല്യനിർണയത്തിനും വരെ മാനദണ്ഡങ്ങളുള്ള സംസ്ഥാനമാണിത് .അപ്പോൾ എല്ലാം താളം തെറ്റും എന്ന പരിദേവനത്തിനും സ്കോപ്പില്ല.
നാലകത്ത് സൂപ്പിയും അബ്ദുറബ്ബും വിദ്യാഭ്യാസം ഭരിച്ചിരുന്ന നാടാണിത്. എന്തായാലും അതിനെക്കാൾ മികച്ചതാവും ശിവൻകുട്ടിയെന്ന് 100 ശതമാനം ഉറപ്പിക്കാനാവും. തോന്നിയതുപോലെ LDF ൽ ചെയ്യാനാവില്ല എന്നതു തന്നെ കാരണം.ഹിന്ദുക്കൾക്ക് ഓണത്തിനും ക്രിസ്ത്യാനികൾക്ക് ക്രിസ്മസിനും പത്തു ദിവസത്തെ അവധിയുണ്ട്. മുസ്ലീംകൾക്ക് ഒരു പെരുന്നാളിനും പത്തു ദിവസം അവധിയില്ലെന്ന് ക്യു ഐ പി മോണിറ്ററിങ്ങ് കമ്മിറ്റിയിൽ അധ്യാപക സംഘടനാ പ്രതിനിധികളോട് ആവലാതി പറഞ്ഞ വിദ്യാഭ്യാസ മന്ത്രിയും കേരളത്തിൽ കുറച്ചു വർഷം മുൻപ് ഉണ്ടായിരുന്നു എന്നും മറക്കരുത്. അതുപോലൊന്നും ശിവൻകുട്ടി എന്തായാലും ആവില്ല.

തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്നപ്പോൾ ശിവൻകുട്ടി ആജ്ഞാശക്തിയോടെ ഇടപെടുന്നത് പല തവണ കണ്ടിട്ടുമുണ്ട്. പാളയത്ത് SFI വിദ്യാർത്ഥികളും പോലീസുമായി ഏറ്റുമുട്ടലുണ്ടായപ്പോൾ നിയമസഭയിൽ നിന്ന് ഇറങ്ങി വന്ന് അന്നത്തെ സിറ്റി പോലിസ് കമ്മീഷണറോട് ലാത്തിചാർജ് നിർത്താൻ പറയുന്ന ശിവൻകുട്ടിയെയും അതനുസരിച്ച് പിൻവാങ്ങുന്ന പൊലിസിനെയും നേരിൽ കണ്ടിട്ടുണ്ട്. പി എം ജി ജംഗ്ഷനിൽ വച്ച് നിയമസഭയ്ക്കു മുന്നിലേക്ക് പ്രകടനമായെത്തിയ CPM വനിതാ പ്രവർത്തകർക്കു നേരെ പുരുഷ പോലീസുകാർ ബലം പ്രയോഗിച്ചപ്പോൾ അവർക്കു മുന്നിൽ സുരക്ഷ തീർത്തു നിൽക്കുന്ന ശിവൻകുട്ടിയും ഓർമയിലുണ്ട്.

Roy Kottarachira