
ഒരു കുടയും കുഞ്ഞുപെങ്ങളും. |ഇന്ന് മുട്ടത്തുവർക്കിയുടെ മുപ്പത്തിരണ്ടാം ചരമവാർഷിക ദിനം.. പ്രണാമം!!
ഓർമ്മയില്ലേ മുട്ടത്തുവർക്കിയുടെ ഒരുകുടയും കുഞ്ഞുപെങ്ങളും?

കൊച്ചുന്നാളിൽ വായിച്ചു കരഞ്ഞ ആദ്യത്തെ പ്രിയ നോവലായിരുന്നു അത്.
മഴയിൽ നനഞ്ഞൊട്ടി സ്കൂളിൽ കയറിച്ചെല്ലുന്ന ലില്ലി എന്ന കുഞ്ഞുപെങ്ങളും, അവളെ ജീവനുതുല്യം സ്നേഹിക്കുന്ന അവളുടെ കുഞ്ഞാങ്ങള ബേബിയും, ചില്ലു കൈപ്പിടിയിൽ കുരുവിയുടെ രൂപമുള്ള കുടയും അഞ്ചുപതിറ്റാണ്ടിനിപ്പുറവും മനസിൽ തിളങ്ങി നിൽക്കുന്നുവെങ്കിൽ അതിന്റെ കാരണം മുട്ടത്തുവർക്കിയുടെ രചനാരീതി തന്നെ.
ആദ്യം നൊമ്പരമായും പിന്നെ സന്തോഷമായും കണ്ണുകളെ ഈറനണിയിച്ച നോവലായിരുന്നു ഒരു കുടയും കുഞ്ഞുപെങ്ങളും. കാലത്തിന്റെ മാറ്റങ്ങളെ അതിജീവിച്ച് ഇപ്പോഴും അത് ജനഹൃദയങ്ങളിൽ തിളങ്ങി നിൽക്കുന്നു.
അക്ഷരങ്ങൾ കൂട്ടി വായിച്ചു തുടങ്ങിയ പ്രായത്തിൽ ഒറ്റ ഇരിപ്പിന് വായിച്ചു തീർത്ത പുസ്തകം. വായനയിലേക്ക് ഒരുപാട് കുട്ടികളെ കൂട്ടിക്കൊണ്ടുപോയ, നല്ലൊരു സന്ദേശമുള്ള ബാലനോവൽ .
മാതാപിതാക്കൾ മരിച്ചതിനെത്തുടർന്ന് , അമ്മയുടെ സഹോദരിയോടൊപ്പം വളര്‍ന്ന ബേബി, ലില്ലി എന്നീ കുട്ടികളാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍.
ബേബിക്ക് പതിനൊന്നും ലില്ലിക്ക് എട്ടും വയസ് പ്രായം .ബേബിയും ലില്ലിയും ആങ്ങളയും പെങ്ങളുമാണ്. അവര്‍ക്ക് അച്ഛനും അമ്മയുമില്ല . പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു ബാല്യകാലം .
ബേബിക്ക് ലില്ലിയും ലില്ലിക്ക് ബേബിയും പ്രാണനാണ്. അമ്മയുടെ സഹോദരി മാമ്മിത്തള്ളയുടെ കൂടെയാണ് ഇരുവരും താമസം. എന്നാൽ മാമ്മിത്തള്ളക്ക് രണ്ട് പേരെയും കണ്ണെടുത്താല്‍ കണ്ടുകൂട. എപ്പോഴും ഉപദ്രവിക്കും. കണ്ണീരൊഴിഞ്ഞൊരു നേരം ഉണ്ടായിരുന്നില്ല ലില്ലിക്ക് .
കഥ തുടങ്ങുന്നത് ഇങ്ങനെയാണ് :

മഴ തിമിര്‍ത്ത് പെയ്യുന്ന ഒരു പ്രഭാതം . സ്‌കൂളിൽ പോകാൻ കുടയില്ല ബേബിക്കും ലില്ലിക്കും. സ്‌കൂളിൽ പോകേണ്ട സമയവുമായി. ആരെങ്കിലും കുടയില്‍ കയറ്റുമോ എന്ന് നോക്കി ഉമ്മറത്തിരിക്കുമ്പോഴാണ് പൂമംഗലത്തെ ഗ്രേസി വരുന്നത് കാണുന്നത്. ”ലില്ലീ നീ ആ പെണ്ണിന്റെ കുടയിൽ പൊയ്‌ക്കോ.”ബേബി കുഞ്ഞുപെങ്ങൾ ലില്ലിയോട് പറഞ്ഞു.ഇച്ചായന്റെ വാക്ക് കേട്ട് ഗ്രേസിയുടെ കുടയിൽ കയറാൻ ലില്ലി മഴ നനഞ്ഞു ഓടിചെന്നു. ഗ്രേസി പക്ഷെ ലില്ലിയെ കുടയില്‍ കയറ്റാൻ കൂട്ടാക്കിയില്ല.
ഗ്രേസി! അവൾ ഒരു ധനികകുടുംബത്തിലെ കുട്ടിയാണ്. അതിന്റെ അഹങ്കാരം അവള്‍ക്കുണ്ട് താനും .പാവം ലില്ലി മ ഴനനഞ്ഞു സ്‌കൂളിലേക്ക് ഓടി. ഓടുന്നതിനിടയിൽ സ്‌ളേറ്റ് നിലത്ത് വീണുപൊട്ടി. പുസ്തകം കീറി. നനഞ്ഞ് കുതിർന്നു ക്ലാസിലെത്തിയ അവളെ ടീച്ചര്‍ ക്ലാസില്‍ കയറ്റിയതുമില്ല.ബേബി ഇതറിഞ്ഞു . തന്റെ കുഞ്ഞു പെങ്ങളെ കുടയിൽ കയറ്റാത്തതിൽ ഗ്രേസിയോട് അവന് കടുത്ത ദേഷ്യം തോന്നി .
അന്ന് വൈകുന്നേരം ഗ്രേസിയുടെ വീട്ടില്‍ ചെന്ന് അവളെ വിളിച്ചിറക്കി കല്ലെറിഞ്ഞ് അവളുടെ നെറ്റിപൊട്ടിച്ചു ബേബി. നാട്ടുകാര്‍ ഓടിക്കൂടി. ഭയന്ന് ഓടിപ്പോയി ഒരിടത്ത് ഒളിച്ചിരുന്നു അവൻ. പോലീസ് വരുമെന്നവന് ഉറപ്പായിരുന്നു . രാത്രി വൈകിയപ്പോൾ അവന്‍ വീട്ടിലെത്തി ലില്ലിയോട് പറഞ്ഞു: ” ഞാൻ എവിടേക്കെങ്കിലും പോകുവാ. തിരിച്ചു വരുമ്പോള്‍ എന്റെ കുഞ്ഞുപെങ്ങള്‍ക്ക് ചില്ലുകൈപ്പിടിയില്‍ കുരുവിയുടെ രൂപമുള്ള ഒരു കുട കൊണ്ടു തരാം ” കുഞ്ഞുപെങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇച്ചായനില്ലാതെ ആ വീട്ടിലെ താമസം അവൾക്ക് ഓർക്കാൻ പോലും വയ്യായിരുന്നു. ആ രാത്രി ബേബി കള്ളവണ്ടി കയറി പട്ടണത്തിലേക്ക് പുറപ്പെട്ടു.
മാമ്മിത്തള്ളയുടെ പീഡനം സഹിച്ച് ലില്ലി ആ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടി. ലില്ലിയെ കൊണ്ട് മാമ്മിത്തള്ള വീട്ടുജോലി മുഴുവൻ ചെയ്യിക്കുകയും ഉപദ്രവിക്കുകയും ചെയ്തുകൊണ്ടിരുന്നു. കണ്ണീരോടെ അവളതെല്ലാം സഹിച്ചു. ഒടുവിൽ സ്‌കൂളിൽ പോകുന്നതിൽ നിന്നും മാമിതള്ള അവളെ വിലക്കിയപ്പോൾ അത് അവൾക്കു സഹിക്കാവുന്നതിനും അപ്പുറമായിരുന്നു . തനിക്ക് ആരുമില്ലല്ലോ എന്ന സങ്കടത്തിൽ രാത്രി മുഴുവൻ അവൾ ഉണർന്നിരുന്നു കരഞ്ഞു നേരം വെളുപ്പിച്ചു.
തന്റെ ഇച്ചാച്ചൻ ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആശിച്ചു പോയി.ഒരു ദിവസം ലില്ലിയുടെ കൈയ്യില്‍ നിന്നറിയാതെ ഒരു പാത്രം താഴെ വീണുപൊട്ടി. അതിന് മാമ്മിത്തള്ള അവളെ ഒരു പാട് തല്ലി. പിറ്റേന്ന് അവളും ആ വീടുവിട്ടിറങ്ങി.
കള്ളവണ്ടി കയറി പട്ടണത്തിൽ എത്തിയ ബേബിക്കു നേരിടേണ്ടി വന്നത് മാനസികവും ശാരീരികവുമായ പീഡനങ്ങളായിരുന്നു .
ബസ്റ്റാന്റിൽ ചുമട്ട് ജോലി ചെയ്യുമ്പോഴും അവന്റെ ഉള്ളിന്റെ ഉള്ളിൽ അവന്റെ കുഞ്ഞുപെങ്ങളും ചില്ലുകൈപ്പിടിയില്‍ കുരുവിയുടെ രൂപമുള്ള കുടയുമായിരുന്നു .
മനസ്സില്‍ അവനത് ആയിരം വട്ടം കുറിച്ചിട്ടു. അതിനായി കഷ്ടപ്പെട്ട് ചുമടെടുത്തു പണം സമ്പാദിച്ചു . പക്ഷേ അവിചാരിതമായി അവന്റെ സമ്പാദ്യം നഷ്ടമായപ്പോൾ മാനസികമായി തകർന്നു. ബസ്സ്റ്റാൻഡിലെ തട്ടിപ്പുകളിൽ നിന്നും ഒഴിഞ്ഞു മാറി ഒരു ഹോട്ടലിൽ ജോലിയിൽ പ്രവേശിച്ചു അവൻ. ഹോട്ടൽ ഉടമയുടെ ക്രൂര പീഡനത്തിൽ സഹികെട്ട് ബേബി അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
ഇതിനിടെ ലില്ലി ഒരു ഡോക്ടറുടെ വീട്ടിലെത്തി. അദ്ദേഹത്തിന് അവളെ ഒരുപാട് ഇഷ്ടമായി. അയാളുടെ രണ്ട് മക്കള്‍ക്കൊപ്പം അവള്‍ വളർന്നുവന്നു . ഊണിലുമുറക്കത്തിലും തന്റെ ഇച്ചാച്ചനെ കണ്ടെത്തണം എന്നത് മാത്രമായിരുന്നു അവളുടെ ചിന്ത.
ഇതിനിടെ ബേബി സൗദാമിനി എന്ന സംഗീതാദ്ധ്യാപികയുടെ വീട്ടില്‍ എത്തിച്ചേരുന്നു. ഡോക്ടറുടെ മക്കളുടെ സംഗീതാദ്ധ്യാപികയായിരുന്നു സൗദാമിനി. സൗദാമിനിയിൽ നിന്ന് ബേബിയെക്കുറിച്ചറിഞ്ഞ ഡോക്ടര്‍ അവനെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു താമസിപ്പിച്ചു . അവനെ പഠിപ്പിച്ച് അദ്ദേഹം ഒരു ഡോക്ടറാക്കി.
ഡോക്ടറുടെ മകളായ മോളിയെ ബേബിയും ലില്ലിയെ ഡോക്ടറുടെ മകന്‍ ജോയിയും വിവാഹം കഴിക്കുന്നു.ബേബി നടത്തിയ ശസ്ത്രക്രിയയില്‍ ഒരു യുവതിയുടെ അസുഖം ഭേദമാവുന്നു. ആ യുവതിയും ഭര്‍ത്താവും നന്ദിപൂര്‍വ്വം നീട്ടുന്ന പണം ബേബി വാങ്ങുന്നില്ല. പകരം അവൻ ചോദിച്ചത് ചില്ലുകൈപ്പിടിയില്‍ കുരുവിയുടെ രൂപമുള്ള ഒരു കുടയാണ് .
ബേബി നാട് വിട്ട് പോകുന്ന രാത്രിയിൽ വീട്ടിൽ വന്നു ലില്ലിക്ക് വാഗ്ദാനം ചെയ്ത, ചില്ലുകൈപ്പിടിയില്‍ കുരുവിയുടെ രൂപമുള്ള കുട. അത് ഏറ്റുവാങ്ങാന്‍ ലില്ലിയും എത്തിയിരുന്നു. കുട ലില്ലിക്ക് കൈമാറുമ്പോൾ ‘നിന്നെ പണ്ട് കുടയില്‍ കയറ്റാൻ കൂട്ടാക്കാതിരുന്ന പൂമംഗലത്തെ ഗ്രേസിയാണ്’ ശസ്ത്രക്രിയയിലൂടെ താൻ ജീവിതം കൊടുത്ത ഈ യുവതിയെന്ന് ബേബി ലില്ലിയെ അറിയിക്കുന്നു.
സ്‌കൂള്‍ജീവിതത്തിന്റെ ഓർമ്മകൾ പങ്കുവച്ചു അവര്‍ സന്തോഷിക്കുമ്പോള്‍ നോവല്‍ പര്യവസാനിക്കുന്നു .
മുട്ടത്തുവര്‍ക്കിയുടെ മനോഹരമായ രചനയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും ! ആങ്ങളയും പെങ്ങളും തമ്മിലുള്ള സ്‌നേഹബന്ധം വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു ഈ നോവലിൽ.
കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിച്ച ഈ ബാലനോവൽ 1961 ലാണ് ആദ്യം പ്രസിദ്ധീകരിച്ചത് . ഒരുതുള്ളി കണ്ണീർ പൊഴിക്കാതെ വായിച്ചു തീർക്കാനാവുമായിരുന്നില്ല ഈ പുസ്തകം .
ഇതുവരെ അൻപതിലേറെ പതിപ്പുകൾ ഇറങ്ങി. അരനൂറ്റാണ്ട് മുൻപ് ആറാം ക്ലാസ്സിൽ ഉപപാഠപുസ്തകവു മായിരുന്നു ഇത് .ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ നോവലിലെ കഥാതന്തു ഒരു കുടയാണ് . അരനൂറ്റാണ്ടുമുമ്പ് നാട്ടിൻപുറത്തെ കുട്ടികൾക്ക് ഒരു പുതിയ കുട എന്നുള്ളത് ഒരു സ്വപ്നമായിരുന്നു .
കമ്പി ഒടിഞ്ഞ , ചോര്‍ന്നൊലിക്കുന്ന കുടയും കൊണ്ട് സ്‌കൂളിൽ പോകുന്ന കുട്ടികള്‍ അന്നത്തെ സാധാരണ കാഴ്ചയായിരുന്നു . അതുകൊണ്ട് തന്നെയായിരുന്നു ‘ഒരു കുടയും കുഞ്ഞുപെങ്ങളും’ വായിക്കുമ്പോൾ അന്ന് കണ്ണുനിറഞ്ഞൊഴുകിയിരുന്നത്.

ആ കുഞ്ഞുപെങ്ങളും ഇച്ചാച്ചനും താൻ തന്നേയല്ലോ എന്ന തോന്നൽ കഥ വായിച്ച ഓരോരുത്തരിലും ഉയർന്നുവന്നു .
( ഇന്ന് മുട്ടത്തുവർക്കിയുടെ മുപ്പത്തിരണ്ടാം ചരമവാർഷിക ദിനം.. പ്രണാമം!! )

Ignatious O M(Ignatious Kalayanthani)
Novelist & Jounalist