
’90 ഡെയ്‌സ് ടു ലൈഫ്.’ |സംരംഭകനോ സംരംഭകനാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയോ ആണെങ്കില്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
മനുഷ്യരാശിയെ ആഴത്തില്‍ സ്വാധീനിക്കുകയും പല പ്രത്യയശാസ്ത്രങ്ങള്‍ക്കും അടിത്തറയാകുകയും വലിയ വിപ്ലവങ്ങള്‍ക്കു പോലും തുടക്കമിടുകയും ചെയ്ത ചില പുസ്തകങ്ങള്‍ ചരിത്രത്തിലുണ്ട്. എന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ എന്നെ സ്വാധീനിച്ച ഒരുപാടു പുസ്തകങ്ങളുണ്ട്. എന്നാല്‍ അവയില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒരു പുസ്തകമാണ് ഞാന്‍ ഈയിടെ വായിച്ച ’90 ഡെയ്‌സ് ടു ലൈഫ്.’ ബിസിനസ് സ്ട്രാറ്റജിസ്റ്റും ബിസിനസ് കോച്ചുമായ റൂബിള്‍ ചാണ്ടി എഴുതിയ ഈ പുസ്തകം ചരിത്രത്തില്‍ ഇടം പിടിക്കുന്നത് അതിന്റെ വ്യത്യസ്തമായ ശൈലികൊണ്ടും ആഴത്തിലുള്ള ഉള്ളടക്കം കൊണ്ടുമായിരിക്കും
ഒരു ബിസിനസ് തുടങ്ങി എങ്ങനെ വിജയിപ്പിക്കണമെന്ന് നോവലിന്റെ രൂപത്തില്‍ എഴുതിയ ഈ പുസ്തകം പരാജയങ്ങളെ എങ്ങനെ വിജയമാക്കി മാറ്റാമെന്ന് നമുക്ക് കാണിച്ചുതരുന്നു. നിരവധി തവണ പരാജിതയായി ഒടുവില്‍ മരിക്കാനായി തീരുമാനിച്ച് ആത്മഹത്യ ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുന്ന നായികയായ ലിന്‍ഡയുടെയും അവളെ സഹായിക്കുന്ന അര്‍ജുന്റെയും കഥയാണ് ’90 ഡെയ്‌സ് ടു ലൈഫ്.’
തുടര്‍ച്ചയായി പരാജയപ്പെട്ടവരുടെ മനസ് ഒരു സൈക്കോളജിസ്റ്റ് എന്ന നിലയില്‍ എനിക്ക് നന്നായി അറിയാം. എന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ അത്തരത്തില്‍ ഒരുപാട് പേരെ സഹായിക്കേണ്ടിവന്നിട്ടുണ്ട്. ലിന്‍ഡ എന്ന കഥാപാത്രത്തിന്റെ അപക്വവും അസ്ഥിരവുമായ മനസ് ഗ്രന്ഥകാരന്‍ എത്ര സൂക്ഷ്മതയോടെയാണ് ഈ പുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്!
അര്‍ജുന്റെ ഉപദേശങ്ങളിലൂടെ വലിയ സ്വപ്‌നങ്ങള്‍ കണ്ട് അതിലേക്ക് ചുവടുവെക്കുമ്പോഴും പഴയ പരാജയങ്ങള്‍ അവളെ വേട്ടയാടുന്നു. നിരാശയും പരാജയത്തിന്റെ ഭീതിയും നിറഞ്ഞ അവളുടെ മനസിലേക്ക് അര്‍ജുന്‍ ബിസിനസ് പാഠങ്ങള്‍ പറഞ്ഞുകൊടുത്താല്‍ അവള്‍ക്കത് സ്വീകരിക്കാന്‍ സാധിച്ചെന്ന് വരില്ല. അതുകൊണ്ടുതന്നെ ആദ്യം അവളുടെ മനസിന്റെ മുറിവുണക്കുന്നു, അതിനുശേഷം വലിയ ലക്ഷ്യങ്ങളിലേക്ക് കുതിക്കാന്‍ അവളുടെ മനസിനെ ശക്തിപ്പെടുത്തുന്നു. വിവിധ പ്രാക്ടീസുകളിലൂടെ അവളുടെയുള്ളില്‍ മൂടിക്കിടന്ന അപകര്‍ഷതാബോധത്തെയും ഭയങ്ങളെയും നിരാശയെയും പരാജയഭീതിയെയും എല്ലാം അര്‍ജുന്‍ പുറത്തുകളയുന്നു.
അതിനുശേഷമാണ് ബിസിനസിന്റെ പാഠങ്ങളിലേക്ക് പ്രവേശിക്കുന്നത്. തടസങ്ങളെ അവസരങ്ങളാക്കി എങ്ങനെ മാറ്റിയെടുക്കാം, ഒരു യഥാര്‍ത്ഥ ബിസിനസ് ലീഡറായി എങ്ങനെ മാറാം, ടൈം മാനേജ്‌മെന്റ്, പ്രൊഡക്റ്റിവിറ്റി, സെയ്ല്‍സിന്റെ പുതിയ രീതികള്‍ തുടങ്ങി നിങ്ങളുടെ വേദനകളെ എങ്ങനെ വിജയമാക്കാം, നിങ്ങള്‍ക്കുചുറ്റും എങ്ങനെ ആരാധകരെ സൃഷ്ടിക്കാം… ഇത്തരത്തില്‍ നാം അറിഞ്ഞിരിക്കേണ്ട എല്ലാ മേഖലകളെക്കുറിച്ചും വളരെ രസകരമായി സംഭാഷണരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
ലിന്‍ഡയുടെ സമാന മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന, ജീവിതത്തില്‍ വിജയിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരുപാടുപേരുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ ഈ പുസ്തകത്തിന് കഴിയും. നിങ്ങള്‍ക്ക് ഈ പുസ്തകം ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കാന്‍ തോന്നും. പക്ഷെ ഓരോ വാക്യങ്ങളിലും ശ്രദ്ധിച്ച് ആഴത്തില്‍, പല തവണ വായിക്കുമ്പോഴാണ് ഈ പുസ്തകം നമ്മുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നത്. നിങ്ങളൊരു സംരംഭകനോ സംരംഭകനാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയോ ആണെങ്കില്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. എല്ലാവര്‍ക്കും നല്ലൊരു വായനാനുഭവം ആശംസിക്കുന്നു.
സ്‌നേഹത്തോടെ,

ഡോ.വിപിന്‍ റോള്‍ഡന്റ്ഫൗണ്ടർ & പെർഫോമൻസ് സൈക്കോളജിസ്റ്,റോൾഡന്റ് റെജുവിനെഷന്‍ , മൈൻഡ് – ബിഹേവിയർ- പെർഫോമൻസ് സ്റ്റുഡിയോസ്,കൊച്ചിൻ