
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നായകരിലൊരാളായ സഖാവ് എൻ. ശങ്കരയ്യയുടെ 99-ആം ജന്മദിനമാണിന്ന്.
ഉന്നത വിദ്യാഭ്യാസം ഉപേക്ഷിച്ചു കൊണ്ട് സ്വാതന്ത്ര്യസമരത്തിൻ്റെ തീച്ചൂളയിലേയ്ക്ക് എടുത്ത് ചാടിയ സഖാവ് മാനവ വിമോചനത്തിനായി സ്വജീവിതം അർപ്പിക്കുകയായിരുന്നു. അവിടന്നിങ്ങോട്ട് സഖാവ് എൻ ശങ്കരയ്യ താണ്ടിയ പോരാട്ടത്തിൻ്റെ കനൽ വഴികൾ അടയാളപ്പെടുത്തുന്നത് ആധുനിക ഇന്ത്യയുടെ ഇതിവൃത്തം തന്നെയാണ്, രചിച്ചത് കർഷകരുടേയും തൊഴിലാളി വർഗത്തിൻ്റേയും അവകാശ പോരാട്ടങ്ങളുടെ കഥകളാണ്, പടുത്തത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രമാണ്.
റിവിഷനിസ്റ്റുകളും കാല്പനികരായ എടുത്തചാട്ടക്കാരും സൃഷ്ടിച്ച ആശയക്കുഴപ്പത്തിൽ നിന്നും, വ്യതിചലനങ്ങളിൽ നിന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംരക്ഷിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കു വഹിച്ചു.1964-ൽ സിപിഐ-യുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിച്ച 32 സഖാക്കളിൽ ഇന്ന് ജീവിച്ചിരിപ്പുള്ള രണ്ടു പേരിലൊരാൾ സഖാവ് ശങ്കരയ്യയാണ്. സിപിഐഎം കേന്ദ്ര കമ്മിറ്റി മെമ്പർ, ഓൾ ഇന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി, പാർട്ടി കൺട്രോൾ കമ്മീഷൻ ചെയർമാൻ, തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം പ്രസ്ഥാനത്തിൽ വഹിച്ചിട്ടുണ്ട്. മൂന്നു തവണ അദ്ദേഹം തമിഴ്നാട് നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ത്യാഗനിർഭരമായ ആ രാഷ്ട്രീയ ജീവിതം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം എക്കാലവും പ്രചോദനവും മാർഗദർശിയുമാണ്. നൂറാം വർഷത്തിലേയ്ക്ക് കടന്ന ഈ വേളയിൽ സഖാവ് ശങ്കരയ്യക്ക് എല്ലാവിധ ആയുരാരോഗ്യസൗഖ്യവും നേരുന്നു. രാജ്യത്തെ വർഗബഹുജന പോരാട്ടങ്ങളെ നയിക്കുന്ന മാർഗദീപമായി അദ്ദേഹം ഇനിയും ഒരുപാടു കാലം ഒപ്പമുണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. അഭിവാദ്യങ്ങൾ.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ