“കുട്ടി സഖാക്കൾ പോലിസായാൽ പട്ടാളപ്പണി ഞങ്ങളെടുക്കും”

Share News

വെടിയുണ്ടകൾ പൊരിയുണ്ടകളായ കാലം.

ഒരു പക്ഷെ പൊതു സമൂഹം അത്രയ്ക്കൊന്നും ചർച്ച ചെയ്തിട്ടില്ലാത്ത സമ്പുഷ്ടമായ രാഷ്ട്രീയ സമര ചരിത്രങ്ങളുണ്ട് കുമ്പളങ്ങിക്ക്

” കുട്ടി സഖാക്കൾ പോലിസായാൽ പട്ടാളപ്പണി ഞങ്ങളെടുക്കും”.

“വെടിയുണ്ട ഞങ്ങൾക്ക് പൊരിയുണ്ടയാണെ””

ഒന്നിനെ തൊട്ടാൽ പത്തിനെ തട്ടും “

കുമ്പളങ്ങിയിലെ പ്രധാന ക്രിസ്ത്യൻ കുടുംബങ്ങളിലെ ചട്ടയും ഞൊറിയിട്ട മുണ്ടും ധരിച്ച സ്ത്രീകൾ ഉൾപ്പടെയുള്ളവർ തെരുവിഥിയിലൂടെ മുദ്രാവാക്യം വിളിച്ചു വരുന്ന വിമോചന സമര കാലത്തെ ചിത്രമാണ് എന്റെ ചെറുപ്പകാല ഓർമ്മയിൽ തെളിഞ്ഞു വരുന്നത്.

അക്കാലത്തെ സമുന്നതരായ നേതാക്കളുടെ സാന്നിധ്യം കൊണ്ട് കോൺഗ്രസ്സ് പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന കുമ്പളങ്ങി, ലത്തീൻ സമുദായ ഭൂരിപക്ഷമുള്ള പ്രദേശവുമായിരുന്നു. ദീർഘകാലം എറണാകുളത്തിന്റെ പാർലമെന്റംഗമായിരുന്ന എ.എം.തോമസ് ചേട്ടൻ, കുമ്പളങ്ങിക്കാരുടെ അടുത്ത സുഹൃത്തായിരുന്ന എ.എൽ.ജേക്കബ് ചേട്ടൻ, സെയ്ൻറ് പീറ്റേഴ്സ് സ്കൂൾ പ്രധാനദ്ധ്യാപകനും നിയമസഭാംഗവുമായിരുന്ന അലക്സാണ്ടർ പറമ്പിത്തറ മാഷ് എന്നിവർക്കൊപ്പം മാളാട്ട് ചോറിക്കുഞ്ഞ് ചേട്ടൻ (ജോർജ്), കണക്കനാട് ജോർജ്, ആൻറണി കൊച്ചേരി, ലോനച്ചൻ കുറുപ്പശ്ശേരി, പെരുമ്പള്ളി വക്കച്ചൻ, ഗാന്ധി കുമാരൻ, എട്ടുങ്കൽ ജോപ്പൻ, ട്രീസാ തൈക്കുട്ടത്തിൽ, വില്ലിംഗ്ഡൺ ഐലന്റിലെ ഐ.എൻ.ടി.യു.സി നേതാക്കളായ പെരുമ്പള്ളി വക്കച്ചൻ, തെക്കൻ അപ്പച്ചൻ, ഉണ്ട്രാൻ ശങ്കുണ്ണി, ഇണ്ടക്ക് പപ്പൻ, കോൺഗ്രസ്സ് ഗോപാലൻ, യുവ നേതാവ് ജോസഫ് വള്ളനാട്ട്, വിദ്യാർത്ഥി നേതാവായിരുന്ന തെലസ്പർ വേലിക്കകത്ത്, തുടങ്ങി വലിയൊരു നേതൃത്വനിര തന്നെ കോൺഗ്രസ്സിനു കുമ്പളങ്ങിയിൽ ഉണ്ടായിരുന്നു.

പള്ളിയും പട്ടക്കാരും ഭൂവുടമകളും കോൺഗ്രസ്സിന്റെ പ്രധാന പിന്തുണക്കാരായിരുന്നു

.സഖാക്കളായ സി. കെ. ദാമോദരൻ, വേലപ്പൻ തണ്ടാശ്ശേരി, മട്ടാഞ്ചേരിയിലെ കയറ് കെട്ട് തൊഴിലാളിയും പിന്നീട് പഞ്ചായത്ത് പ്രസിഡന്റുമായ രാമൻ വലിയപറമ്പിൽ, മുഹമ്മദ് കോയ ബസാർ, എം.എസ് ഗോപാലൻ മുടവശ്ശേരി, തൈവെച്ചേടത്ത് ഗോപാലൻ, പി.ടി.ജോസഫ് വൈപ്പിൻ, സി.എൻ. ശിവൻ, ടി.വി. വിജയൻ, എന്നിവർ കുമ്പളങ്ങിയിലെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളായിരുന്നു. പാർട്ടി രണ്ടായപ്പോൾ സി.എൻ. ശിവനും, ടി.വി. വിജയനും സി.പി.ഐ. ൽ സജീവമായി.

കുമ്പളങ്ങിക്കാരുടെ ആരാധ്യപുരുഷനും കമ്യൂണിസ്റ്റ് വിരുദ്ധ ചേരിയിലെ പ്രമുഖനുമായിരുന്ന ബ്രദർ വടക്കന്റെ പ്രസംഗം കേൾക്കാൻ മണിക്കൂറുകളോളം ഞങ്ങൾ കാത്തിരുന്നിട്ടുണ്ട്. അദ്ദേഹം പിന്നീട് ഫാദർ വടക്കനായി.കമ്യൂണിസ്റ്റുകാർ നിരിശ്വരവാദികളാണ് എന്ന് പൊതുവെ കരുതപ്പെട്ടിരുന്നു. ക്രിസ്ത്യാനികളായ കമ്യുണിസ്റ്റുകൾ മരിച്ചാൽ പള്ളി സിമിത്തേരിക്കു പുറത്തുള്ള ‘തെമ്മാടിക്കുഴി’കളിലാണ് അടക്കം ചെയ്യുക.

പള്ളിയും പള്ളിക്കൂടവും പിടിച്ചെടുക്കാനോ തകർക്കാനോ നടക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ എന്ന് പള്ളികളിൽ നിന്നു പോലും പ്രചാരണമുണ്ടായി. ഇങ്ങിനെ ഒരു വാർത്ത ഉണ്ടായ സന്ദർഭത്തിൽ കുമ്പളങ്ങിയിലെ പ്രധാന ക്രൈസ്തവ ദേവാലയങ്ങളായ പഴങ്ങാട് സെയ്ന്റ് ജോർജ് പളളി , ചക്യാമുറി പള്ളി എന്നറിയപ്പെട്ടിരുന്ന സെയ്ന്റ് പീറ്റേഴ്സ്, വടക്കേ അറ്റത്തെ പള്ളിയായ സെയ്ൻറ് ജോസഫ്സ് എന്നിവയുടെ ചുറ്റിനും വിശ്വാസികളും കോൺഗ്രസ്സുകാരും പരുത്തിവേലി കെട്ടി സംരക്ഷണവലയം തീർത്തു. പള്ളിയിൽ നിന്നാണ് വേലിക്കു കാവൽ നില്ക്കുന്നവർക്കുള്ള ഭക്ഷണം . കൂടാതെ അമേരിക്കയിൽ നിന്നു വന്നിരുന്ന ഗോതമ്പും പാൽപൊടിയും ഭക്ഷ്യ എണ്ണയും അവർക്കു നല്കിയിരുന്നു.

വിമോചന സമരക്കാലത്ത് കുമ്പളങ്ങിയിലെ ഏക സർക്കാർ സ്ഥാപനമായ വില്ലേജ് ഓഫിസ് പിക്കറ്റ് ചെയ്യുന്നതിനു ഓരോ ദിവസവും രാവിലെ സ്ത്രീകൾ ഉൾപ്പടെ നൂറോളം പേർ ചക്യാമുറി ചന്തയ്ക്കടുത്ത് നിന്ന് കൊടികളുമേന്തി ജാഥയായി നീങ്ങും. ആ ജാഥയിലെ മുദ്രാവാക്യങ്ങളാണ് ആദ്യമെ സൂചിപ്പിച്ചിട്ടുള്ളത്.

എം.എസ്.പി എന്നറിയപ്പെട്ടിരുന്ന ഇരുമ്പു തൊപ്പി ധരിച്ച മലബാർ സ്റ്റേറ്റ് പോലിസ് ലാത്തിയും ചൂരൽ ഷീൽഡും ഏന്തി സമരത്തെ നേരിടാൻ വില്ലേജ് ഓഫിസിനു മുന്നിൽ തയ്യാറായിരിന്നു. കാര്യം രാഷ്ട്രിയ സമരമൊക്കെയായിരുന്നുവെങ്കിലും എം.എസ്.പി യുടെ ചൂരലടിയുടെ ചൂട് അസഹനീയമാണെന്നതു കൊണ്ട് കൂടുതൽ കായിക പ്രകടനത്തിനൊന്നും നില്ക്കാതെ സമരക്കാർ അറസ്റ്റ് വരിക്കും.

ഇടിവണ്ടിയുടെ ഉള്ളിൽ മുഴങ്ങുന്ന മുദ്രാവാക്യം ആവേശകരവും ഇന്നോർക്കുമ്പോൾ രസകരവുമാണ്.

“അമ്മേ ഞങ്ങൾ പോകുന്നു ; കണ്ടില്ലെങ്കിൽ കരയരുതെ”

സമരക്കാരെ ആദ്യം പള്ളുരുത്തി പോലിസ് സ്‌റ്റേഷനിലേക്കും അവിടെ നിന്ന് മട്ടാഞ്ചേരിയിലെ സബ് ജയിലിലേക്കുമാണ് കൊണ്ടുപോവുക.പത്ത് ദിവസത്തെ തടവുശിക്ഷയ്ക്കു ശേഷം ജയിൽ മോചിതരായി വന്നവരെ കുമ്പളങ്ങി വടക്കു കടത്തു കടവിൽ പൂമാലകളിട്ടു മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു ചക്യാമുറി ജംഗ്ഷനിലെത്തിക്കും.”തെക്കു തെക്കൊരു ദേശത്ത്തിരമാലകളുടെ തീരത്ത്ഗ്ലോറിയെന്നൊരു ഗർഭിണിയെവെടിവെച്ചു കൊന്ന സർക്കാരെഅങ്കമാലിയിലെ കല്ലറയാണെ കട്ടായംപകരം ഞങ്ങൾ ചോദിക്കും”വിമോചന സമര ഭടന്മാരെ ആനയിച്ചുകൊണ്ടുള്ള ജാഥയിലെ പ്രധാന മുദ്രാവാക്യമായിരുന്നു ഇത്.പീന്നീട് നടക്കുന്ന അനുമോദന യോഗങ്ങളിൽ തോളിൽ തൂക്കിയിടുന്ന മെഗാ ഫോണിലൂടെയാണ് പ്രസംഗം.

അലക്സാണ്ടർ പറമ്പിത്തറ മാഷ്, ടി.പി.പീതാംബരൻ മാസ്റ്റർ, എം.എ. മാത്യു എന്നിവരായിരുന്നു പ്രധാന പ്രാസംഗികർ. കുമ്പളങ്ങിയിലെ പ്രസിദ്ധ പത്രപ്രവർത്തകനായിരുന്ന മണ്ണാളി ചീക്കുവിന്റെ മരുമകനായിരുന്നു എം.എ.മാത്യു. കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയും മലയാള മനോരമ പത്രത്തിന്റെ കൊച്ചി പ്രതിനിധിയുമായ എം.എം. ഫ്രാൻസിസിന്റെ പിതാവാണ് എം.എ. മാത്യു.

വിമോചന സമരം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് പള്ളുരുത്തി വെളിയിൽ പ്രസംഗിക്കാനെത്തുന്നത്. അദ്ദേഹത്തെ കരിങ്കൊടി കാണിക്കാൻ കോൺഗ്രസ്സ് തീരുമാനിച്ചു. പുളിങ്കൊമ്പിൽ കരിങ്കൊടി കെട്ടി നാന്നൂറോളം കുമ്പളങ്ങിക്കാർ തെരുവി പറമ്പിൽ ആൻറണി ചേട്ടന്റെ നേതൃത്വത്തിൽ ഉശിരൻ പ്രകടനമായി പള്ളുരുത്തിയിലെത്തി. ഒത്ത ഉയരവും വണ്ണവുമുള്ള അജാനബാഹുവായ ആന്റണി ചേട്ടൻ തന്റെ സന്തത സഹചാരിയായ കൂളിംഗ് ഗ്ലാസ്സും ധരിച്ചാണ് പുളി വടിയിൽ കെട്ടിയ ത്രിവർണ്ണ പതാകയുമേന്തി ജാഥ നയിച്ചത്. കുമ്പളങ്ങിയുടെ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ ഏടാണ് മുഖ്യമന്ത്രി ഇ.എം.എസിനെ കരിങ്കൊടി കാട്ടിയ ഈ ജാഥ.

രാഷ്ട്രീയ ശ്രദ്ധ നേടിയ മറ്റൊന്നായിരുന്നു കുമ്പളങ്ങിയിലെ പത്തു സെന്റ് സമരം. ലക്ഷം വീട് പദ്ധതി, കുടുംബാസൂത്രണം എന്നിവയുടെ വിജയകരമായ നടത്തിപ്പിലൂടെ പ്രശസ്തനായ എസ്.കൃഷ്ണകുമാർ എറണാകുളം കളക്റ്ററായിരിക്കെ ജില്ലയിൽ നടന്ന വലിയൊരു ജനമുന്നേറ്റമായിരുന്നു ഈ സമരം.ഭൂപരിഷ്ക്കരണ നിയമത്തിലൂടെ കുടി കിടപ്പുകാർക്ക് പത്ത് സെന്റ് സ്ഥലം നല്കണമെന്ന ആവശ്യമുയർന്ന ഈ സമരത്തിൽ നിന്ന് കുമ്പളങ്ങിയിലെ ഭൂവുടമകളെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം കോൺഗ്രസ്സ്കാർ മാറി നിന്നു. കൂടാതെ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന, ഞങ്ങൾ അച്ചപ്പൻ ചേട്ടൻ എന്നു വിളിച്ചിരുന്ന, അലക്സാണ്ടർ തെരുവി പറമ്പിൽ കളക്ടറെ അപമാനിക്കുകയും ചെയ്തു.”ഞങ്ങളുടെ കാർന്നോന്മാർ ഉണ്ടാക്കി തന്ന ഭൂമി തന്റെ ഇഷ്ടപ്രകാരം കണ്ടവർക്കു കൊടുക്കാൻ പറ്റില്ല. താൻ എറണാകുളം കളക്ടറാണെങ്കിൽ ഞാൻ കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റാണ്. ഇക്കാര്യം ഞാൻ എതിർക്കും” പഞ്ചായത്ത് പ്രസിഡൻറിൻ്റെ ഈ വെല്ലുവിളിക്കു മുന്നിൽ കളക്ടർ എസ്.കൃഷ്ണ കുമാർ സംയമനം പാലിച്ചുവെങ്കിലും വാശി കയറിയ അദ്ദേഹത്തിൻ്റെ മൗനാനുവാദത്തോടെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളായ സി.എൻ. ശിവൻ, സി.കെ. ദാമോദരൻ എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ പത്ത് സെന്റ് സമരം ആരംഭിച്ചു.

1970 ലാണ് എന്റെ വിവാഹം. വിവാഹ ചടങ്ങുകൾക്കു ശേഷം വടുതലയിലുള്ള വധു ഗ്രഹത്തിൽ നിന്നും കുമ്പളങ്ങിയിലെത്തിയ ഞാൻ കാണുന്നത് ഞങ്ങളുടെ പറമ്പിലെ പണിക്കാരനായ അയ്യപ്പൻ തെങ്ങിൽ ഇരു കൈയ്യും കോർത്ത് കെട്ടിപ്പിടിച്ചു നില്ക്കുന്നതാണ്. തെങ്ങു കയറാൻ പോലിസ് സംരക്ഷണയിൽ എത്തിയവരെ തടയുന്നതിനാണ് അയ്യപ്പൻ അങ്ങിനെ ചെയ്തത്.ഇടതു ചിന്താഗതി ഉണ്ടായിരുന്ന കുമ്പളങ്ങിയിലെ കുറച്ചു കോൺഗ്രസ്സ് പ്രവർത്തകർ ആൻറണി കൊച്ചേരിയുടെ നേതൃത്വത്തിൽ കൈയ്യിൽ വടിയും കത്തിയുമൊക്കെ ഉയർത്തി പാവപ്പെട്ട കുടികിടപ്പുകാർക്കു വേണ്ടി നടത്തിയ ജാഥയും ഓർക്കേണ്ടതു തന്നെയാണ്. ഇതേ തുടർന്ന് കോൺഗ്രസ്സ് രണ്ടായി പിളർന്നു. ആൻറണി കൊച്ചേരിയെപ്പോലുള്ള ജനകീയ നേതാക്കൾ ഇന്ദിരാ കോൺഗ്രസ്സിലും മാളാട്ട് ചോറിക്കുട്ടി ചേട്ടൻ, തെരുവി പറമ്പിൽ ജോർജ് ചേട്ടൻ എന്നിവർ സംഘടനാ കോൺഗ്രസ്സിലും നിന്നു. വട്ടത്തറ ജോസഫ് ചേട്ടൻ കേരള കോൺഗ്രസ്സിലേക്കു ചേക്കേറി.കുമ്പളങ്ങിയുടെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിൽ ചിലത് ഓർത്തെടുക്കുകയാണ് ഈ കൊറോണക്കാലത്ത്.

മുൻ മന്ത്രിപ്രൊഫ. കെ വി തോമസ്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു