വന്യമൃഗ ശല്യം കൊണ്ട് പൊറുതി മുട്ടിയ കേരളത്തിലെ ഗതി കെട്ട കർഷകർ സമർപ്പിക്കുന്ന നിവേദനം .

Share News

കേരള സർക്കാരിന്റെ അഭിമാന പദ്ധതി ആയ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ ആറു മാസം കൃഷി ചെയ്തതൊക്കെ ഏതാണ്ട് മുഴുവനായും പന്നിയും, ആനയും, കുരങ്ങും മറ്റു സുഭിക്ഷമായി കഴിച്ചു കൊണ്ടിരിക്കുന്ന കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള കൃഷി ഇടങ്ങളിൽ നിന്നും കാണുന്നത്.

പണ്ടൊക്കെ വനാതിർത്തിയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന വന്യമ്രിഗ ആക്രമണം വനാതിർത്തിയിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള പട്ടണങ്ങളിൽ വരെ എത്തിനിൽക്കുന്നു. വന്യമൃഗ ആക്രമണങ്ങൾ മൂലമുള്ള മനുഷ്യ മരണങ്ങളും ഓരോ വർഷവുംകുതിച്ചുയരുന്നു. കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് വിലപ്പെട്ട 996 മനുഷ്യ ജീവനുകൾ ആണ്.

ഈയവസരത്തിൽ, വന്യജീവി ശല്യത്തിൽനിന്നും കരഷകരെ രക്ഷിക്കാൻ 10 നിർദേശങ്ങൾ കേരളത്തിലെ കർഷകർ സർക്കാരിന്റെ മുൻപിൽ വെക്കുകയാണ്.

  1. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം മൗലികാവകാശം ആയ, ജീവനും സ്വത്തിനുമുള്ള അവകാശം കേരളത്തിലെ കർഷകർക്ക് ഉറപ്പു വരുത്തുക
  2. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11/1b വകുപ്പ് പ്രകാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചു കൊണ്ട് കാട്ടു പന്നി, മുള്ളൻ പന്നി, കുരങ്ങ്, മാൻ എന്നിവയെ അടിയന്തിരമായി ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുക
  3. വന്യ മൃഗങ്ങൾ വരുത്തുന്ന കൃഷി നാശത്തിനു ഇപ്പോൾ നൽകുന്ന തുച്ഛമായ ആശ്വാസ ധനത്തിനു പകരം മാന്യമായ നഷ്ടപരിഹാരം കൃത്യ സമയത്തു നൽകുക
  4. വനവും കൃഷിയിടവും കൃത്യമായ ജോയിന്റ് സർവേയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുക
  5. വനാതിർത്തിയിൽ ഫലപ്രദമായ വേലിയോ , മതിലുകളോ നിർമ്മിച്ച് വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയുക
  6. നികുതിയടച്ചു കൈവശം വച്ചു കൃഷി ചെയ്യുന്ന കൃഷിയിടത്തിൽ ഇറങ്ങുന്ന ഏത് വന്യ മൃഗത്തെയും ഏത് മാർഗം ഉപയോഗിച്ചും കൊല്ലാനുള്ള പരിപൂർണമായ അധികാരം കർഷകർക്ക് നൽകുക
  7. എല്ലാ രേഖകളോടും കൂടി കൃഷി ചെയ്യുന്ന കൃഷി ഭൂമിയിൽ കയറി ജെണ്ട കെട്ടുന്ന നിയമ വിരുദ്ധ പ്രവർത്തി വനം വകുപ്പ് അവസാനിപ്പിക്കുക
  8. വന വിസ്തൃതിക്കും വനത്തിൽ ലഭ്യമായ തീറ്റക്കും അനുസരിച്ചു വന്യമൃഗങ്ങളുടെ എണ്ണം ശാസ്ത്രീയമായി നിയന്ത്രിക്കുക
  9. വെറും കൊള്ള ലാഭം മാത്രം ലക്ഷ്യമിട്ടു വനത്തിനുള്ളിൽ നട്ടു വളർത്തുന്ന തേക്കും, യൂക്കാലിയും പോലുള്ള ഏകവിളത്തോട്ടങ്ങൾ മുറിച്ചുമാറ്റി അവിടെ സ്വാഭാവിക വനവും അടിക്കാടുകളും വളരാൻ അനുവദിക്കുക
  10. വന്യജീവി ശല്യം നേരിടാൻ ആവശ്യമായ തോക്കു ലൈസൻസുകൾ ഉടനടി അനുവദിക്കുകയും , ഇപ്പോൾ പോലീസ് സ്റ്റേഷനുകളിൽ ഏല്പിച്ചിരിക്കുന്നു കർഷകരുടെ തോക്കുകൾ ഉടനടി മടക്കി നൽകുകയും ചെയ്യുക

ബഹുമാനപ്പെട്ട കേരള മുഖ്യ മന്ത്രിക്കും, വനംവകുപ്പ് മന്ത്രിക്കും , കൃഷി മന്ത്രിക്കും , പ്രതിപക്ഷ നേതാവിനും വന്യമൃഗ ശല്യം കൊണ്ട് പൊറുതി മുട്ടിയ കേരളത്തിലെ ഗതി കെട്ട കർഷകർ സമർപ്പിക്കുന്ന നിവേദനം

ജോജോ സി കാഞ്ഞിരക്കാട്ട്

കേരളത്തിലെ കർഷകരും വന്യമൃഗ ശല്യവും ഫേസ്ബുക് കൂട്ടായ്മ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു