താജിക്കിസ്ഥാനിലെ കുർബാനയോർമകൾ
എം.പി. ജോസഫ് IAS (മുൻ) UN ഉദ്യോഗസ്ഥൻ
ദുഷാൻബേ എന്നസ്ഥലത്തെപ്പറ്റി നിങ്ങളിൽപ്പലരും കേട്ടിട്ടുണ്ടാവില്ല. എന്നാൽ, താഷ്ക്കെന്റിനെപ്പറ്റി കേൾക്കാത്തവർ ചുരുക്കമായിരിക്കും. ഇന്ന് രണ്ടും രണ്ടു രാജ്യങ്ങളിലാണെങ്കിലും വ്യോമദൂരം 250 കിലോമീറ്ററേയുള്ളൂ. ഒരു കാൽനൂറ്റാണ്ടു മുൻപ് രണ്ടും ഒരൊറ്റ വൻശക്തിയുടെ ഭാഗങ്ങളായിരുന്നു – കമ്യൂണിസ്റ്റ് കോട്ടയായിരുന്ന സോവ്യറ്റ് യൂണിയൻ അഥവാ, യു എസ് എസ് ആർ. ഇന്ന് മുസ്ലിം ഭൂരിപക്ഷരാജ്യമായ താജിക്കിസ്ഥാന്റെ തലസ്ഥാനമാണ് ദുഷാൻബേ; താഷ്ക്കെന്റാകട്ടെ, ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനവും. കഴിഞ്ഞ വർഷം എനിക്ക് ഒരാവശ്യത്തിനായി ദുഷാൻബേവരെ പോകേണ്ടിവന്നു.
വാസ്തവത്തിൽ, ദില്ലിയിൽനിന്നും കൊച്ചിയിലേക്കുള്ളതിനേക്കാൾ കുറവു വ്യോമദൂരമേ ദുഷാൻബേയിലേക്കുള്ളൂ. കൊച്ചി – ദില്ലി ആകാശദൂരം ഏകദേശം 2,700 കിലോമീറ്ററാണെങ്കിൽ, ദില്ലി – ദുഷാൻബേ 1,330 കിലോമീറ്ററേയുള്ളൂ, ഏതാണ്ട് പകുതി. പക്ഷേ, അങ്ങനെ നേരേപോകാനൊന്നും ഫ്ലൈറ്റ് ഇല്ല. പകരം ഒന്നുകിൽ, 300 കിലോമീറ്റർ വടക്കുള്ള അൽമാട്ടിയിൽ ചെന്നിട്ട് തിരിച്ചുപറക്കണം. അതായത്, 600 കിലോമീറ്റർ അധികം. അല്ലെങ്കിൽ, 250 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള താഷ്ക്കെന്റുവഴി പോകണം. ഞാൻ താഷ്ക്കെന്റ് പാത തിരഞ്ഞെടുത്തു, 48 മണിക്കൂറിനുള്ളിൽ ഓൺലൈനായി വിസയും കിട്ടി.
താഷ്ക്കെന്റ് റൂട്ട് തെരഞ്ഞെടുക്കാൻ ഒരു കാരണമുണ്ടായിരുന്നു – നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നഗരം. അൽപ്പം മുതിർന്നവർക്ക് ഓർമയുണ്ടാകും 1965 ൽ ശാസ്ത്രിജിയുടെ നേതൃത്വത്തിൽ ഭാരതം പാക്കിസ്ഥാനുമേൽ നേടിയ അഭിമാനകരമായ യുദ്ധവിജയം. പ്രധാനമന്ത്രിയായിരുന്ന ജനറൽ അയൂബ് ഖാന്റെ നേതൃത്വത്തിൽ പാക് സൈന്യം റാൻ ഓഫ് കച്ചിലേക്കു കടന്നുകയറാൻ നടത്തിയ വിഫലശ്രമം. വെടിനിറുത്തലിന് ഇടപെട്ട അന്നത്തെ വൻശക്തി യു.എസ്.എസ്.ആറിന്റെ ക്ഷണപ്രകാരം ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ അന്നത്തെ സോവ്യറ്റ് നഗരമായിരുന്ന താഷ്ക്കെന്റിലെത്തി സമാധാന ഉടമ്പടി ഒപ്പുവെച്ചു. പക്ഷേ, ശാസ്ത്രിജി ജീവനോടെ ഇന്ത്യയിൽ തിരിച്ചെത്തിയില്ല; അദ്ദേഹം ഹൃദയാഘാതത്താൽ മരിച്ചുവെന്ന വാർത്തയാണു വന്നത്.
ഞാൻ പൊതുവെ ഗൂഡാലോചനാസിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്ന ആളല്ല. പക്ഷേ, വലിയൊരു ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രി അങ്ങനെ മരിക്കേണ്ടയാളല്ലല്ലോ! എതായാലും കേട്ടകാര്യങ്ങളിലധികം അതിലുണ്ടോ എന്ന് ഞാൻ ഇന്നും വിസ്മയിക്കുന്നു. ഏതായാലും ഇതു മനസ്സിൽവെച്ച് താഷ്ക്കന്റ് വിമാനത്താവളത്തിൽ ഒന്നു കാലുകുത്തിയാകാം യാത്ര എന്നു ഞാൻ തീരുമാനിച്ചു.
ഞാനടക്കം കുറെ യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള ഉസ്ബെക്കിസ്ഥാൻ എയർലൈൻസ് ജെറ്റുവിമാനം ദുഷാൻബേയിലിറങ്ങിയപ്പോൾ നേരം പാതിരാ. ചെറുതെങ്കിലും വൃത്തിയുള്ള വിമാനത്താവളം. പക്ഷേ, ആ നേരത്തും വൻതിരക്ക്. അത് യാത്രക്കാരെക്കൊണ്ടായിരുന്നില്ല, ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സ്വീകരിക്കാനും യാത്രയയയ്ക്കാനും എത്തിയവരെക്കൊണ്ടായിരുന്നു! ഇന്ത്യയിലേതുപോലുള്ള വികാരനിർഭരമായ രംഗങ്ങൾ – ആലിംഗനങ്ങളും ചുംബനങ്ങളും കണ്ണീരും ചിരിയും ഒക്കെ. ഇന്ത്യയിലെപ്പോലെതന്നെ ടാക്സി ഡ്രൈവർമാർ എന്നെ പിടികൂടുകയും ചെയ്തു.
ഇമിഗ്രേഷൻ കൗണ്ടറിലായിരുന്നു ശരിക്കുള്ള അൽഭുതം എന്നെ കാത്തിരുന്നത്. എന്റെ പാസ്പോർട്ട് വാങ്ങി പരിശോധിച്ച ഉദ്യോഗസ്ഥൻ മുഖമുയർത്തി എന്നോടിങ്ങനെ പറഞ്ഞു: “Name es te”. എന്നെ കണ്ടിട്ട് ‘മേനാച്ചേരി ജോസഫി’ന്റെ ഒരു ലുക്കില്ലെന്ന് കക്ഷിക്ക് തോന്നിയോ ആവോ! വല്ല സ്വർണക്കള്ളക്കടത്തുകാരനും ഇന്ത്യയിലെ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ വേഷം കെട്ടി വന്നതാണെന്ന് സംശയിച്ചുവോ? എന്റെ പേര് ജോസഫ് എന്നുതന്നെയാണെന്ന് ഞാൻ ആവുംവിധം വിനയം പാലിച്ചുകൊണ്ട് ആവർത്തിച്ചു.
“Name es te”. കക്ഷി വീണ്ടും ആവർത്തിക്കുകയാണ്. കുറെ നേരം ഫ്ലൈറ്റിലിരുന്ന് ഉറങ്ങിയതിന്റെ ക്ഷീണവും ഭാരവും കണ്ണുകൾക്കുണ്ടായിരുന്നു. ഞാൻ കണ്ണൊക്കെ തിരുമ്മി, കാതു കൂർപ്പിച്ച് ഒന്നുകൂടി അദ്ദേഹത്തെ ശ്രദ്ധിച്ചു.അടുത്ത പറച്ചിലിൽ എനിക്കു കാര്യം പിടികിട്ടി, ഭാരതീയനാണെന്നു മനസ്സിലായപ്പോൾ “Namaste” പറയുകയാണ്, എനിക്ക്!
അവർ ഇന്ത്യയെ സ്നേഹിക്കുന്നു, ഇന്ത്യക്കാരെ കൂടുതൽ സ്നേഹിക്കുന്നു. അതിനേക്കാളൊക്കെ ഉപരി ഇന്ത്യൻ സിനിമകളെ സ്നേഹിക്കുന്നു. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ അവർ പഴയ ബോളിവുഡ് ഗാനങ്ങളെ അത്യധികം സ്നേഹിക്കുന്നു. മാത്രമല്ല, അവർ അതൊക്കെ നന്നായി ആലപിക്കുന്നു. തീർച്ചയായും എനിക്ക് അവ അത്രനന്നായി പാടാനാവില്ല.
അമിതാബ് ബച്ചൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ശ്രീദേവി, കരിഷ്മ, മാധുരി, ദീപിക തുടങ്ങിയ താരങ്ങൾ അവർക്ക് സ്വന്തക്കാർപോലെയാണ്. ഏതായാലും, അന്നാട്ടുകാരുടെ ബോളിവുഡ് സംഗീതപ്രേമം അവിടെവെച്ച് എന്നെ മരണവുമായി മുഖാമുഖമെത്തിച്ച ഒരു സംഭവമുണ്ടായി.
ദുഷാൻബേയിൽ ഞാൻ താമസിച്ച പതിനഞ്ചു മുറികൾ മാത്രമുള്ള ഹോട്ടൽ മാനേജർ നല്ല ആതിഥ്യമര്യാദയുള്ളയാളും സഹൃദയനുമായിരുന്നു. നഗരത്തെ തഴുകിയൊഴുകുന്ന ഒരു ഇടത്തരം നദിയായ വാഴ്സോബിന്റെ തീരത്ത്, 40 കിലോമീറ്റർ മുകളിലേക്കു പോയാൽ നദിയുടെതന്നെ പേരുള്ള ഒരു ചെറുനഗരമുണ്ട്. അവിടവും അതിനപ്പുറമുള്ള കുറെ സ്ഥലങ്ങളും ഒരു വിനോദകേന്ദ്രമായി വികസിച്ചുവന്നിട്ടുണ്ട്. മലകൾക്കും കുന്നുകൾക്കുമിടയിലൂടെ ഒഴുകിവന്ന്, പാറക്കൂട്ടങ്ങളെ വകഞ്ഞ് കൂലംകുത്തിയൊഴുകുന്ന വാഴ്സോബ് കണ്ണിനു വിരുന്നൊരുക്കുന്നു.
ഹോട്ടൽ മാനേജർ താൻതന്നെ എന്റെ വഴികാട്ടിയായി വരുമെന്നു ശഠിച്ചു. ആതിഥ്യമര്യാദയുടെ അങ്ങേയറ്റം! കക്ഷി ഏർപ്പാടുചെയ്ത കാർ എത്തി. ഞാൻ ഡ്രൈവറെ ഒന്നു നോക്കിയതും അൽഭുതപ്പെട്ടുപോയി – കഷ്ടി മുപ്പതു വയസ്സിനുമേൽ പ്രായമുള്ള ഒരു സ്ത്രീ! ഞാൻ ഇന്ത്യയിൽനിന്നാണെന്ന് അറിഞ്ഞതും അവൾ ബോളിവുഡ് സിനിമാഗാനങ്ങളുടെ ഒരു കെട്ട് സി.ഡികൾ പുറത്തെടുത്തു. എന്നിട്ട്, ഞാൻ കേട്ടിട്ടുള്ളവയിൽവെച്ച് ഏറ്റവും ശക്തിയുള്ളത് എന്നു തോന്നിച്ച ഒരു പ്ലെയറിലിട്ട് കർണകഠോരമാംവിധം പാടിച്ചുതുടങ്ങി.
അവിടെ ലെഫ്റ്റ് – ഹാൻഡ് ഡ്രൈവാണ്. വണ്ടികൾ നമ്മുടെ റോംഗ് സൈഡായ വലതു വശത്തുകൂടെ ഓടിക്കും. കാർ ഓടിത്തുടങ്ങിയപ്പോൾ ഡ്രൈവർസൈഡിലെ ചില്ലു താഴ്ത്തിവെച്ചു. എന്നിട്ട്, തന്റെ ഇടതു കൈ സ്റ്റിയറിംഗിൽനിന്നെടുത്ത് പുറത്തേക്കു മടക്കി വെച്ചു. കാറ്റു കൊള്ളാനാണ്, സാരമില്ല. പക്ഷേ, വൈകാതെ സാരമുള്ള ഒരു കാര്യം സംഭവിച്ചു: ഒരു സൂപ്പർ ഹിറ്റ് ബോളിവുഡ് ഗാനം തകർത്തൊഴുകാൻ തുടങ്ങിയപ്പോഴായിരുന്നു അത്. പാട്ടിനൊപ്പം അവൾ ഡാൻസു ചെയ്യാൻ തുടങ്ങി; ഒപ്പം, 180 ഡിഗ്രി പിന്നിലേക്കു തിരിഞ്ഞ് എന്നെ സ്വന്തം മുഖഭാവങ്ങൾ കാണിക്കാനുമാരംഭിച്ചു.
ഞാൻ ഡ്രൈവർ സീറ്റിന്റെ തൊട്ടുപിന്നിലാണ് ഇരുന്നിരുന്നത്. ഡാൻസും പാട്ടും ഭാവാഭിനയവും മൂക്കുമ്പോൾ അവൾ തന്റെ വലതു കൈയും സ്റ്റിയറിംഗ് വീലിൽനിന്ന് എടുക്കും. കാർ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ മലമുകളിലേക്ക് ഓടിച്ചുകൊണ്ടായിരുന്നു ഈ അഭ്യാസം. മറ്റൊരു സന്ദർഭത്തിലായിരുന്നെങ്കിൽ അവളുടെ അഭിനയപാടവത്തെ ഞാൻ ഹൃദയപൂർവം അഭിനന്ദിച്ചേനേ. പക്ഷേ, ഇവിടെ എന്റെ ഹൃദയം ആധികയറി താഴുകയായിരുന്നു. ഞാൻ മുൻവശത്തെ ചില്ലിലൂടെ റോഡിലേക്കും എതിരെ വരുന്ന വാഹനങ്ങളിലേക്കും മരണഭയത്തോടെ നോക്കി.
എനിക്കു പക്ഷേ, എന്റെ ആധി അവളെ അറിയിക്കാനാവില്ലായിരുന്നു. എന്റെ നാടിനോടുള്ള, അവിടത്തെ ജനകീയഗാനങ്ങളോടുള്ള തന്റെ സ്നേഹവും ആദരവും കാണിക്കുകയായിരുന്നു അവൾ. അവളുടെ ആവേശം കെടുത്താനുള്ള മനസ്സില്ലായ്മയ്ക്കും എന്റെ മരണഭയത്തിനുമിടയിൽക്കിടന്നു ഞെരുങ്ങിയ ഞാൻ സീറ്റ് ബെൽട്ട് ഒന്നുകൂടി മുറുക്കി അമർന്നിരുന്നു. എന്റെയാനീക്കം പക്ഷേ, അപകടകരമായി. ഞാനും ആവേശം മൂത്ത് ഇളകുകയാണെന്ന് അവൾ തെറ്റിദ്ധരിച്ചു. അതോടെ എന്റെ നേർക്കു തിരിഞ്ഞുകൊണ്ടുള്ള ഡാൻസ് അത്യന്തം അപകടകരമാംവിധം മൂത്തു.
ഡ്രൈവിംഗും ഡാൻസിംഗും ഒപ്പം വേണ്ടെന്ന് അവളോടെങ്ങനെ നയത്തിൽ പറയും? പെട്ടെന്നെനിക്ക് എന്റെ ബാല്യത്തിലെ ഒരു സംഭവം ഓർമവന്നു. മാതാപിതാക്കളോടൊപ്പം വർഷത്തിലൊരിക്കൽ ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള യാത്രകൾ. അമ്മ ഡ്രൈവിംഗ് ലൈസൻസ് നേടിയതിനു പിന്നാലെയുള്ള വർഷത്തെ യാത്ര. ഇടയ്ക്ക് തനിക്ക് ഓടിക്കണമെന്നു പറഞ്ഞ് അമ്മ സ്റ്റിയറിംഗ് കൈക്കലാക്കി. അപ്പൻ പിൻസീറ്റിലിരുന്നു.
അമ്മയുടെ സാരഥ്യത്തിൽ കാർ ഓട്ടം തുടങ്ങിയതും അപ്പൻ ‘പിൻസീറ്റ് ഡ്രൈവിംഗ്’ ആരംഭിച്ചു. അമ്മയുടെ ഡ്രൈവിംഗിനെ അപ്പൻ കണക്കിനു കളിയാക്കുകയാണ്. അമ്മയ്ക്കാണെങ്കിൽ അതു കേട്ടിട്ട് സഹിക്കുന്നില്ല. അതു മൂത്തതോടെ എനിക്കു പേടിയായി. അമ്മയ്ക്ക് കൈയെങ്ങാനും പിഴച്ചാലോ? കുറച്ചു കഴിഞ്ഞപ്പോൾ എന്റെ കൊച്ചുബുദ്ധിയിൽ ഒരു ഉപായമുദിച്ചു: “എനിക്കു വിശക്കുന്നേ!” ഞാൻ വിളിച്ചുകൂവി. അതോടെ അവരുടെ ‘സ്നേഹശണ്ഠ’ പൊടുന്നനെ അവസാനിച്ചു. കാർ അടുത്തകണ്ട മരത്തണലിൽ നിറുത്തി, ആഹാരപ്പൊതി അഴിച്ച് എന്റെ ആവശ്യം സാധിച്ചുതന്നു.
പിന്നെ വൈകിയില്ല, ഇവിടെയും ഞാൻ പഴയ വിദ്യ പുറത്തെടുത്തു. മുന്നിൽ ഇരുന്നിരുന്ന മാനേജരും എന്റെതന്നെ അവസ്ഥയിലായിരുന്നിരിക്കണം. അടുത്ത വിശ്രമകേന്ദ്രത്തിൽ കാർ നിറുത്താൻ അദ്ദേഹം അവളോടു പറഞ്ഞു. വയറു നിറഞ്ഞ് യാത്ര വീണ്ടും തുടർന്നപ്പോൾ എന്റെ അമ്മ ഡ്രൈവിംഗ് നിറുത്തിയതുപോലെ അവളും ഡ്രൈവിംഗിനോടൊപ്പമുള്ള ഡാൻസിംഗ് നിറുത്തി!
അവിസ്മരണീയമായൊരു ദിവ്യബലി
ഒരു ശനിയാഴ്ച പുലർച്ചേയാണ് ഞാൻ ദുഷാൻബേയിൽ പറന്നിറങ്ങിയത്. പിറ്റേന്ന് ഞായറാഴ്ച. ഒരു ദേവാലയം കണ്ടുപിടിച്ച് കുർബാനയിൽ പങ്കെടുക്കണമെന്ന ചിന്ത എനിക്കുണ്ടായി. ഉടനെ ഗൂഗിൾ ചെയ്തു. എട്ടു ലക്ഷം ജനങ്ങളുള്ള ദുഷാൻബേയിൽ ആകെയുള്ളത് കഷ്ടി മൂവായിരം ക്രിസ്ത്യാനികൾ. അതിൽത്തന്നെ കത്തോലിക്കരായി നൂറുനൂറ്റമ്പതുപേർ കണ്ടേക്കും! അവർക്കായി ഒരു ദേവാലയമുണ്ട് – സെയ്ന്റ് ജോസഫ്സ് ചർച്ച്.
മതവിശ്വാസത്തെപ്രതി പഴയ കമ്യൂണിസ്റ്റ് യു.എസ്.എസ്.ആറിൽ പീഡിപ്പിക്കപ്പെടുകയും മോസ്കോയിൽനിന്നും മറ്റും ഈ മുസ്ലിം ഭൂരിപക്ഷപ്രദേശത്തേക്ക് ആട്ടിയോടിപ്പിക്കപ്പെടുകയും ചെയ്തവരാണ് കത്തോലിക്കരടക്കമുള്ള താജിക് ക്രൈസ്തവർ. ജർമൻ, ലിത്വാനിയൻ, അർമീനിയൻ വംശജരായ കത്തോലിക്കും ദുഷാൻബേ ഇടവകയിലുണ്ട്.
സോവ്യറ്റ് യൂണിയൻ, പോളൺഡ്, കിഴക്കൻ ജർമനി തുടങ്ങിയ പഴയ കമ്യൂണിസ്റ്റ് ബ്ലോക്കിൽ വിശ്വാസത്തിന്റെ നവോത്ഥാനത്തിനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയുംചെയ്ത വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ അന്നാടുകളിലെ കത്തോലിക്കാ ന്യൂനപക്ഷമേഖലകൾക്കായി 1997ൽ സവിശേഷസംവിധാനങ്ങൾ ഏർപ്പെടുത്തുകയുണ്ടായി. അതിലൊന്നാണ് “sui juris”. ഭാവിയിൽ രൂപതയായി ഉയർത്തപ്പെടാവുന്ന ഒരു അജപാലനസംവിധാനമാണത്, യു.എസ്സിലും യൂറോപ്പിലും ആസ്ട്രേല്യയിലും സീറോ-മലബാറുകാർക്കായി ഏർപ്പെടുത്തിയ എപ്പാർക്കേറ്റ് പോലെ. ‘ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ദ് ഇൻകാർനേറ്റ് വേഡ്’ എന്ന സഭക്കാരായ വൈദികരെയാണ് ദുഷാൻബേ ഏൽപ്പിച്ചത്.