തീരുമാനം പിൻവലിച്ചു:കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കില്ല

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 1 മുതല്‍ ദീര്‍ഘദൂരസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം കെഎസ്‌ആര്‍ടിസി പിന്‍വലിച്ചു. ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം. ഇപ്പോള്‍ ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങുന്നത് ഗുണകരമാകില്ലെന്ന ആരോ​ഗ്യവകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം.

ആരോഗ്യ വകുപ്പ് നല്‍കിയ ഈ മുന്നറിയിപ്പിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രം സംസ്ഥാനത്തിനകത്തുള്ള ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ മതി എന്നാണ് ഗതാഗതവകുപ്പ് തീരുമാനിച്ചത്.

ഓഗസ്റ്റ് 1 മുതല്‍ 206 ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങുമെന്നായിരുന്നു മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചത്. സംസ്ഥാനത്തെ ഏറ്റവും നീണ്ട ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങുന്ന തിരുവനന്തപുരത്തെ തമ്ബാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസ് സര്‍വീസ് ഉണ്ടാകില്ലെന്നും പകരം ആനയറയില്‍ നിന്ന് സര്‍വീസുകള്‍ തുടങ്ങാമെന്നുമായിരുന്നു തീരുമാനം.

ദീര്‍ഘദൂരസര്‍വീസുകൾ നിര്‍ത്തിയതോടെ കെഎസ്‌ആര്‍ടിസി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സമാനമായ പ്രതിസന്ധി സ്വകാര്യ ബസ് സര്‍വീസുകളും സംസ്ഥാനത്ത് നേരിടുന്നുണ്ട്.

Share News