50 വയസിന് മുകളില്‍ പ്രായമുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുത്:ഡിജിപി

Share News

തിരുവനന്തപുരം:സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ബാധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശനമാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു ഡിജിപി ലോക്നാഥ് ബെഹ്‌റ. 50 വയസിന് മുകളില്‍ പ്രായമുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

50 വയസിന് മുകളിലുള്ളവരെ കോവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്കോ ക്രമസമാധാന പാലനത്തിന്റെ ഭാഗമായോ വാഹനങ്ങള്‍ പരിശോധിക്കുന്നതിനോ നിയോഗിക്കാന്‍ പാടില്ലെന്നും ഡിജിപിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.50 വയസില്‍ താഴെയാണെങ്കിലും മറ്റ് അസുഖങ്ങളുള്ളവരെ ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും ഡിജിപി സര്‍ക്കുലറില്‍ വ്യക്തമാക്കി.

50 വയസിന് താഴെയുള്ളവരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുമ്ബോള്‍, അവര്‍ക്ക് ഗുരുതരമായ മറ്റ് അസുഖങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കണം. പൊലീസുകാര്‍ ഡ്യൂട്ടിസമയത്തും ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്ബോഴും ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കുടുംബാംഗങ്ങളും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

സംസ്ഥാനത്ത് ഇതുവരെ 88 പൊലീസുകാര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ അധികവും തിരുവനന്തപുരത്താണ്. ഈ സാഹചര്യത്തിലാണ് കര്‍ശന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് രണ്ടു ദിവസത്തേക്ക് അടച്ചിരിക്കുകയാണ്.

Share News