സംസ്ഥാനത്ത് ഇരട്ടദുരന്തം:ഒറ്റകെട്ടായി നേരിടണമെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടാന്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ അനുഭവങ്ങള്‍ കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ അതുകൂടി കണക്കിലെടുത്തുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തത്. വിവരങ്ങള്‍ ഏറ്റവും താഴേത്തട്ടിലേക്ക് എത്തിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. ക്യാമ്ബ് നടത്തിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃത്യമായി പ്രോട്ടോകോള്‍ ഉണ്ടാക്കുകയും അനുയോജ്യമായ സ്ഥലങ്ങള്‍ നേരത്തെ കണ്ടെത്തുകയും ചെയ്തു.

ദേശീയ ദുരന്ത പ്രതികരണസേനയുടെ പത്ത് ടീമിനെ സംസ്ഥാനത്തേക്ക് അയക്കണമെന്നാണ് കാലവര്‍ഷത്തിന്‍റെ തുടക്കത്തില്‍ത്തന്നെ സംസ്ഥാനം ആവശ്യപ്പെട്ടത്. ഒന്നാം ഘട്ടത്തില്‍ നാല് ടീമിനെ നമുക്കു ലഭിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍, ആലപ്പുഴ ജില്ലകളിലായി ഈ സേനയെ വിന്യസിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ കൂടുതല്‍ ടീമിനെ കൂടി സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസമായാണ് മഴ കൂടുതല്‍ ശക്തിപ്പെട്ടത്. ഇതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും അപകടമേഖലയില്‍ താമസിക്കുന്നവരെയും മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

കേരളത്തിന്‍റെ സമീപപ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. തമിഴ്‌നാട്ടില്‍ നീലഗിരി ജില്ലയിലും സമീപ ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. കര്‍ണാടകയില്‍ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, കുടക് തുടങ്ങിയ പ്രദേശങ്ങളിലും മഹാരാഷ്ട്രയിലെ മുംബൈ കൊങ്കണ്‍ ബെല്‍റ്റിലും മഴ രൂക്ഷമാണ്. ഇത്തരം സാഹചര്യത്തില്‍ അന്തര്‍സംസ്ഥാന യാത്രകള്‍ പരമാവധി ഒഴിവാക്കണം.

കേരളത്തില്‍ വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഇവയെല്ലാം മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യറെടുപ്പുകള്‍ ഊര്‍ജിതമാക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നാം ഒരു ഇരട്ടദുരന്തമാണ് നേരിടുന്നത്. ഒരുഭാഗത്ത് കോവിഡ് പ്രതിരോധ സമരം. ഇപ്പോള്‍ കാലവര്‍ഷക്കെടുതികള്‍ക്കെതിരായ പ്രവര്‍ത്തനവും വേണ്ടിവന്നിരിക്കുന്നു. ഇതുവരെ വന്ന മുന്നറിയിപ്പുകള്‍ വെച്ച് അപകടസാധ്യതകള്‍ കൂടുതലാണ്.

വരും ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണവും വര്‍ധിക്കും എന്നാണ് വിദഗ്ധ നിഗമനം. അങ്ങനെ പ്രവചിക്കപ്പെട്ട മട്ടിലുള്ള വര്‍ധനയുടെ തോത് കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ഒപ്പംതന്നെ പ്രകൃതിദുരന്ത നിവാരണത്തിനുവേണ്ടിയുള്ള ഇടപെടലും ഊര്‍ജിതമായി മുന്നോട്ടുകൊണ്ടുപോകുകയാണ്. ഇത് സര്‍ക്കാര്‍ തീരുമാനത്തിന്‍റെ ഭാഗമായി മാത്രം പൂര്‍ത്തീക്കരികാവുന്ന ദൗത്യമല്ല.

ഈ പോരാട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി അണിചേരേണ്ടതുണ്ട്. കക്ഷിരാഷ്ട്രീയ ഭേദങ്ങള്‍ മാറ്റിവെച്ച്, മറ്റെല്ലാ ഭേദചിന്തകള്‍ക്കും അതീതമായി നമുക്ക് ഒന്നിച്ച് ഈ ദുര്‍ഘടസന്ധിയെ നേരിടേണ്ടതുണ്ട്. അതിന് മുഴുവന്‍ ജനങ്ങളുടെയും സഹായവും പങ്കാളിത്തവും പിന്തുണയും അഭ്യര്‍ത്ഥിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share News