
ഇന്ത്യയുടെ കോവിഡ് വാക്സിന് ഉടന്‍: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന് ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 74-ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് മൂന്ന് വാക്സീനുകള്‍ പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണെന്നും, എല്ലാവര്ക്കും വാക്സീന് ലഭ്യമാക്കാന്‍ പദ്ധതി തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലഡാക്കിലെ ഇന്ത്യന്‍ ശക്തി ലോകം കണ്ടു. വെട്ടിപ്പിടിക്കല് നയത്തെ ഇന്ത്യ എന്നും എതിര്‍ത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദവും വെട്ടിപ്പിടിക്കല് നയവും ഒരേ പോലെ നേരിടും. അതിര്‍ത്തിയിലെ പ്രകോപനത്തിന് അതേ നാണയത്തില്‍ രാജ്യം മറുപടി നല്കി.
ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല. വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരം അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജമ്മു കാഷ്മീരില്‍ മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള ഡിജിറ്റല്‍ ആരോഗ്യ പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. വ്യക്തിഗത ആരോഗ്യ വിവര ശേഖരണം അടക്കമുള്ളവ പദ്ധതിയുടെ ഭാഗമാകും. ഡോക്ടറുടെ സേവനം ഡിജിറ്റലായി ഉറപ്പാക്കാനും പദ്ധതി സഹായകമാണ്.
കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ഇന്ത്യക്കാര്‍ സ്വാശ്രയത്വത്തിനുള്ള ദൃഢ നിശ്ചയം സ്വീകരിച്ചെന്നും ആത്മ നിര്‍ഭര്‍ ഭാരത് എന്നതാണ് ഇന്ന് ഇന്ത്യ ചിന്തിക്കുന്നതെന്നും മോദി പറഞ്ഞു. 130 കോടിവരുന്ന ഇന്ത്യക്കാരുടെ മന്ത്രമായി മാറുകയാണ് ആത്മനിര്‍ഭര്‍ ഭാരതമെന്നും മോദി കൂട്ടിച്ചേർത്തു. ലോകം ഇന്ത്യയെ ആശ്രയിക്കുന്ന കാലം വിദൂരമല്ല. മേയ്ക് ഇന്‍ ഇന്ത്യ എന്നതിനൊപ്പം, മേയ്ക് ഫോര്‍ വേള്‍ഡും ലക്ഷ്യമിടണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കണം. സാമ്ബത്തിക വികസനം മാത്രമല്ല ഇന്ത്യ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഗതി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.