കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതീവ ദു:ഖകരമായ കാര്യങ്ങളാണെന്നു പറയാതെ വയ്യ.-ഉമ്മൻ ചാണ്ടി
കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതീവ ദു:ഖകരമായ കാര്യങ്ങളാണെന്നു പറയാതെ വയ്യ. ദൈവത്തിന്റെ നാട് ഇപ്പോള്‍ രാജ്യത്തെ പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സികളുടെ നാടായി മാറിയിരിക്കുന്നു.
രാജ്യത്തെ മുന്‍നിര അന്വേഷണ ഏജന്‍സികളെല്ലാം ഇപ്പോള്‍ കേരളത്തില്‍ തമ്പടിച്ചിരിക്കുകയാണ്. ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന ദേശീയ കുറ്റാന്വേഷണ ഏജന്‍സി (എന്‍ഐഎ), സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്, വിദേശ ഇടപാടുകള്‍ നിരീക്ഷിക്കുന്ന കസ്റ്റംസ് തുടങ്ങിയവര്‍ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റും എയര്‍പോര്‍ട്ടും കേരളത്തിലെ വിവിധ സ്ഥലങ്ങളും അരിച്ചുപെറുക്കുകയാണ്.
20ലധികം പേരെ ഇതിനധികം അറസ്റ്റു ചെയ്തു. നിരവധി പേരെ ചോദ്യം ചെയ്തു വരുന്നു. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും.മുഖ്യമന്ത്രിയുടെ ഓഫീസും ചില മന്ത്രിമാരുടെ ഓഫീസും സംശയത്തിന്റെ നിഴലിലാണ്.പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്കു വിട്ടതോടെ കണ്ണൂരും പരിസര പ്രദേശങ്ങളിലുമായി ഇപ്പോള്‍ അഞ്ചു രാഷ്രീയകൊലപാതക കേസുകളാണ് സിബിഐയുടെ അന്വേഷണത്തിലുള്ളത്. എല്ലാ കേസുകളിലും സിപിഎം ആണു പ്രതിസ്ഥാനത്ത്.
ആര്‍എസ് എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാക്കൾ ഉള്‍പ്പെടെ 25 പ്രതികളുണ്ട്. യുഎപിഎ ചുമത്തപ്പെട്ട കേസുകൂടിയാണിത്. ബിഎംഎസ് നേതാവ് പയ്യോളി മനോജിനെ കൊന്ന കേസില്‍ 7 സിപിഎമ്മുകാര്‍ ഉള്‍പ്പെടെ 9 പേരെ സിബിഐ അറസ്റ്റ് ചെയ്തു.തലശ്ശേരി സ്വദേശി ഫസലിനെ കൊന്ന കേസില്‍ സിപിഎം നേതാക്കളായ കാരായി രാജന്, കാരായി ചന്ദ്രശേഖരന് എന്നിവര്‍ ഉള്‍പ്പെടെ എട്ടുപേരെ പ്രതികളാക്കി സിബിഐ കുറ്റപത്രം നല്കി.
ലീഗ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂറിനെ കൊന്ന കേസില്‍ പി ജയരാജനും ടിവി രാജേഷ് എംഎല്‍എയും പ്രതികളായി. പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി എം പീതാംബരന് ഉള്‍പ്പെടെ 14 പ്രതികളുണ്ട്. സിപിഎമ്മുകാര്‍ ഉള്‍പ്പെട്ട മട്ടന്നൂര്‍ ഷുഹൈബിന്റെ കൊലപാതകവും വൈകാതെ സിബിഐ അന്വേഷണത്തിനു വിധേയമാകുമെന്നു പ്രതീക്ഷിക്കുന്നു. കേരളത്തെ ഞെട്ടിച്ച ടിപി ചന്ദ്രശേഖരന് വധക്കേസിലെ ഗൂഢാലോചനാഭാഗം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം സുപ്രീംകോടിയുടെ മുന്നിലുണ്ട്.
അന്വേഷണ ഏജൻസികൾക്കു മുന്നിൽ എല്ലാ കേസുകളിലും പ്രതിക്കൂട്ടിൽ നിൽക്കുന്നവർ ഇനിയെങ്കിലും കൊലപാതകരാഷ്ട്രീയം ആവർത്തിക്കാതെയിരിക്കുമോ? രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുകയല്ല മറിച്ച് നന്മയുടെയും സ്നേഹത്തിന്റെയും പ്രവർത്തനത്തിലൂടെ അവരുടെ വിശ്വാസം ആർജ്ജിക്കാനാണ് ശ്രമിക്കേണ്ടത്.
ഉമ്മൻ ചാണ്ടി