
കുഴിക്കാട്ടുശേരി കബറിട കപ്പേള ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടനകേന്ദ്രം ആയി പ്രഖ്യാപിക്കപ്പെട്ടു.
മറിയം ത്രേസ്യായുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ പ്രഥമ വാര്‍ഷികദിനത്തില്‍ കുഴിക്കാട്ടുശേരി കബറിട കപ്പേള ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടനകേന്ദ്രം ആയി പ്രഖ്യാപിക്കപ്പെട്ടു. പ്രഖ്യാപനചടങ്ങുകളോടനുബന്ധിച്ചുള്ള ദിവ്യബലിക്ക് ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
2019 ഒക്‌ടോബര്‍ 13-ന് വത്തിക്കാനില്‍ നടന്ന സന്തോഷജനകമായ വിശുദ്ധപദവിപ്രഖ്യാപനചടങ്ങിന്റെ സ്മരണകള്‍ നിറഞ്ഞുനിന്ന വേദിയില്‍ വിശുദ്ധ മറിയം ത്രേസ്യ സ്ഥാപിച്ച തിരുക്കുടുംബസന്യാസസഭയുടെ സുപ്പീരിയര്‍ ജനറല്‍ സി. ഉദയ സി.എച്ച്. എഫ് സ്വാഗതം ആശ്വസിച്ചു. ഇതോടനുബന്ധിച്ച് രൂപതാമെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പുറപ്പെടുവിച്ച ഡിക്രി രൂപതാ ചാന്‍സലര്‍ ഫാ. നെവിന്‍ ആട്ടോക്കാരന്‍ വായിച്ചു.
വിശുദ്ധ മറിയം ത്രേസ്യ പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ഉള്‍ച്ചേര്‍ത്ത് കുടുംബപ്രേഷിതത്വത്തിന് പുതിയ മാനം നല്കിയെന്ന് മാര്‍ കണ്ണൂക്കാടന്‍ ദിവ്യബലി മധ്യേ നല്കിയ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. മറിയം ത്രേസ്യക്ക് ആത്മീയകരുത്ത് പകര്‍ന്ന് ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പരിശീലനം നല്കിയ ധന്യന്‍ ജോസഫ് വിതയത്തില്‍ ഈ കാലഘട്ടത്തില്‍ നമുക്ക് ആത്മീയ ആചാര്യത്വം പകര്‍ന്നുനല്കുന്നുവെന്നും അദ്ദേഹം സ്മരിച്ചു. അനേകം തിന്മകള്‍ക്ക് കാരണമാകുന്ന വിവിധ തുറകളിലുള്ള മനുഷ്യര്‍ മുറിവേറ്റവരാണെന്നും അവരെ പലപ്പോഴും സമ്പര്‍ക്കമാധ്യമങ്ങള്‍ വാഴ്ത്തുകയാണ് ചെയ്യുന്നതെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പുതിയ ചാക്രികലേഖനമായ ഫ്രത്തേല്ലി തൂത്തിയെ ആസ്പദമാക്കി അദ്ദേഹം പറഞ്ഞു. എന്നാല്‍ മുറിപ്പാടുകളോടെ നില്‍ക്കുന്ന മനുഷ്യരെ സുഖപ്പെടുത്താനായി നല്ല സമരിയാക്കാരനെപ്പോലെ ക്രിസ്തീയസാക്ഷ്യത്തിന്റെ ചൈതന്യത്തോടെ കടന്നുവരാന്‍ പാപ്പ ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതാണ് വിശുദ്ധ മറിയം ത്രേസ്യ ചെയ്തതെന്നും മാര്‍ കണ്ണൂക്കാടന്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ തിരുക്കുടുംബസന്യാസസമൂഹത്തിന്റെ വികാര്‍ ജനറല്‍ സി. പുഷ്പ സി.എച്ച്. എഫ് കൃതജ്ഞത പ്രകാശിപ്പിച്ചു.
ഇനിമുതല്‍ വിശുദ്ധ മറിയം ത്രേസ്യയുടെയും ധന്യന്‍ ജോസഫ് വിതയത്തിലിന്റെയും കബറിടം സ്ഥിതി ചെയ്യുന്ന തിരുക്കുടുംബമഠം കപ്പേള രൂപതയുടെ ഔദ്യോഗികതീര്‍ത്ഥകേന്ദ്രമായി അറിയപ്പെടും.