ഒരു ജോലിയും കിട്ടിയില്ലെങ്കിലും ഞങ്ങളുടെ മക്കളെ ഞങ്ങള്‍ കൃഷിക്കാരാക്കില്ല.

Share News

കര്‍ഷകന്റെ കണ്ണീര്‍വീണ് നെല്‍പാടങ്ങള്‍

മണ്ണില്‍ പൊന്നു വിളയിക്കുന്നവനാണു കര്‍ഷകര്‍ എന്നു നിങ്ങള്‍ പറയും. എന്നാല്‍, ചേറില്‍ പൊന്നു വിളയിച്ചാല്‍ കര്‍ഷകരായ ഞങ്ങളുടെ മനസില്‍ ഇന്നു തീ കത്തുന്നു. ഒരു ജോലിയും കിട്ടിയില്ലെങ്കിലും ഞങ്ങളുടെ മക്കളെ ഞങ്ങള്‍ കൃഷിക്കാരാക്കില്ല. ഇതു വാശിയോ വൈരാഗ്യമോ അല്ല. ഒരു സാധാരണ കുട്ടനാടന്‍ കര്‍ഷകന്റെ ഹൃദയത്തില്‍ നിന്നു വരുന്ന വേദന നിറഞ്ഞ വാക്കുകളാണ്.

2020 ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തെ അതിജീവിച്ച് ഞങ്ങള്‍ കൃഷി ചെയ്തു നെല്ല് വിളയിച്ചു. ദൈവാനുഗ്രഹത്താല്‍ മോശമല്ലാത്ത വിളവ് കിട്ടി. വിളവ് കൊയ്തു പാടത്ത് കൂട്ടിയിട്ട് ഏഴും പത്തും ദിവസങ്ങള്‍ കഴിഞ്ഞു. നെല്ല് സംഭരിക്കാന്‍ ഇന്നു വരും, നാളെ വരും എന്നു പ്രതീക്ഷിച്ചു കാത്തിരുന്നു. എന്നാല്‍, ആരും എത്തുന്നില്ല. ഞങ്ങള്‍ക്കു ചേറ്റില്‍ പണിയെടുക്കാനും പൊന്ന് വിളയിക്കാനുമേ അറിയൂ. അതിനുമപ്പുറമുള്ള കളികള്‍ അറിയില്ല

ഞങ്ങള്‍ കണ്ടത്തില്‍ നെല്ലും കൂട്ടി കാത്തിരിക്കുന്നു. അപ്പോളറിയുന്നു നെല്ല് സംഭരണം സഹകരണ സംഘം വഴിയാണെന്ന്. നൂറു കണക്കിനു വാഹനങ്ങളും ആവശ്യത്തിനു സംഭരണശാലകളും തൊഴിലാളികളുമുള്ള വന്‍കിട മില്ലുകാര്‍ക്കുപോലും പാടശേഖരത്തിലെ നെല്ല് സംഭരിക്കാന്‍ ആഴ്ചകള്‍ വേണം. അങ്ങനെ ഇരിക്കെ ആള്‍ബലവും സ്ഥലസൗകര്യവും പരിചയവുമില്ലാത്ത സഹകരണ സംഘങ്ങളെ സംഭരണം ഏല്പിക്കുന്നത് പെട്ടിക്കടക്കാരനെ മാള്‍ തുടങ്ങാന്‍ ഏല്പിക്കുന്നതു പോലെ ആവില്ലെ എന്നാണ് ഞങ്ങളുടെ സംശയം.

എങ്ങനെ നോക്കിയാലും ഞങ്ങള്‍ക്കു നഷ്ടം തന്നെ. കൊയ്തിട്ട നെല്ല് അങ്ങനെ കൂട്ടിയിടാന്‍ ആവില്ലല്ലോ. അത് ഒരോ ദിവസവും ഇളക്കിമറിച്ച് ചൂട് അടിക്കാതെ, കേടാകാതെ നോക്കാന്‍ കൂലിക്ക് ആളെ നിര്‍ത്തണം. ആളെ കിട്ടാനില്ല. നെല്ല് ചുമക്കാന്‍ ആളുകള്‍ ധാരാളം. കാരണം ഒരു ക്വിന്റല്‍ ചുമന്ന് വണ്ടിയേല്‍ കയറ്റാന്‍ 120 രൂപ മുതല്‍ 140 രൂപ വരെ കൂലികിട്ടും. അതുകൊണ്ടു തൊഴിലാളികളെ വച്ച് നെല്ല് കേടാകാതെ നോക്കാം എന്നും പ്രതീക്ഷ ഇല്ല. ഇരട്ടി കൂലിയും മറ്റു ചെലവുകളും നല്കിയാല്‍ ചിലരെ കിട്ടിയാലായി.

നാടിനെ പോറ്റുന്ന കര്‍ഷകര്‍ നാടിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് എല്ലാവരും പറയുന്നുണ്ട്. എന്നാല്‍ ഈ നട്ടെല്ലുകള്‍ ഇന്ന് ഒടിഞ്ഞിരിക്കുന്നു അത് വേണ്ടപ്പെട്ടവര്‍ അറിയുന്നുണ്ടോ ആവോ ഞങ്ങള്‍ മണ്ണിനെ സ്‌നേഹിക്കുന്നു. അതുകൊണ്ടു മാത്രം ഈ കൃഷിയുമായി മുന്നോട്ട് നീങ്ങുന്നു. വെള്ളപ്പൊക്കത്തിലും മഹാമാരിയിലും നഷ്ടങ്ങള്‍ സഹിച്ചും വലിയ കൂലി നല്കിയും ഞങ്ങള്‍ വിളയിച്ച നെല്ല് വിറ്റ് വരുമ്പോള്‍ ഞങ്ങളുടെ കണക്ക് പുസ്തകത്തില്‍ നഷ്ടക്കണക്കാണ് എന്നും മുന്നില്‍. ഈ വര്‍ഷം സംഭരണത്തിന്റെ പേരില്‍ കിട്ടേണ്ടതു കൂടി ഇല്ലാതാകുമ്പോള്‍ ഞങ്ങളുടെ കടം കൂടും.

ആരെങ്കിലും സ്വയം ജീവനെടുത്താല്‍ അന്നേക്ക് വരാന്‍ കാത്തിരിക്കുന്ന ഉത്തരവാദിത്വപ്പെട്ടവര്‍ അല്പം നേരത്തെ എത്തിയാല്‍ ചില ജീവനുകള്‍ രക്ഷിക്കാനാവും. വീണ്ടും പറയട്ടെ, ഞങ്ങള്‍ പാടത്തേയും ചെളിയേയും നെല്ലിനേയും സ്‌നേഹിക്കുന്നു, മരണത്തെയല്ല. വേണ്ടപ്പെട്ടവര്‍ കേള്‍ക്കും എന്ന പ്രതീക്ഷയോടെ.

എഎംഎ ചമ്പക്കുളം

Archbishop Joseph Perumthottam

Share News