ശിവശങ്കർ അഞ്ചാം പ്രതി: ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് കസ്‌റ്റഡിയില്‍ വിട്ടു

Share News

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു.

14 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറ‌ക്‌ടറേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടത്. ശിവശങ്കറിനെ അഞ്ചാംപ്രതിയാക്കി കൊണ്ടുളള കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം ശിവശങ്കറിന് ഗുരുതരമായ നടുവേദനയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കസ്റ്റഡി അപേക്ഷയെ എതിര്‍ക്കുന്നില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു.

ശിവശങ്കര്‍ ജഡ്‌ജിക്ക് അരികിലെത്തി അദ്ദേഹത്തോട് സംസാരിച്ചു. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എന്നു പറയുന്നത് ശരിയല്ല. തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ ഒഴിവാക്കണം. ആയുര്‍വേദ ചികിത്സ ഉറപ്പാക്കണം. കസ്റ്റഡിയിലിരിക്കുന്ന സമയത്ത് തന്റെ കുടുംബത്തെ കാണാന്‍ അനുവദിക്കണം. രണ്ട് മണിക്കൂര്‍ കൂടുമ്ബോള്‍ തന്നെ കിടക്കാന്‍ അനുവദിക്കണമെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം,ശിവശങ്കറിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവായി. കോടതിയില്‍ ഹാജരാക്കും മുമ്ബാണ് ശിവശങ്കറിനു കോവിഡ് ടെസ്റ്റ് നടത്തിയത്.

ഇഡി ഓഫിസിനു പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യവുമായി സമീപിച്ചെങ്കിലും ശിവശങ്കര്‍ പ്രതികരിച്ചില്ല. ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചോ എന്നായിരുന്നു പ്രധാനമായും മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞത്.

സ്വര്‍ണം കൊണ്ടുവന്ന നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് മെമ്മോയില്‍ പറയുന്നുണ്ട്. ഇക്കാര്യം ശിവശങ്കര്‍ സമ്മതിച്ചായും അറസ്റ്റ് മെമ്മോയില്‍ പറയുന്നു.

Share News