ചെണ്ട അടയാളത്തില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ കേരള കോണ്‍ഗ്രസ് (എം) പി.ജെ. ജോസഫ് വിഭാഗമായി പരിഗണിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.

Share News

കൊച്ചി: ചെണ്ട അടയാളത്തില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ കേരള കോണ്‍ഗ്രസ് (എം) പി.ജെ. ജോസഫ് വിഭാഗമായി പരിഗണിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.

ചെണ്ട ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരാണെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയതു ചോദ്യം ചെയ്തു പി.ജെ. ജോസഫും, പാല സ്വദേശി പി.സി. കുര്യാക്കോസും നല്‍കിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.


കേരള കോണ്‍ഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണെന്നു വ്യക്തമാക്കി നേരത്തെ സിംഗിള്‍ബെഞ്ച് വിധി പറഞ്ഞിരുന്നു. ഇതിനെതിരെ പി.ജെ. ജോസഫ് നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ചിഹ്നം അനുവദിച്ച നടപടി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്യാത്തതിനാല്‍ കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ഥികളായി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്കു തെരഞ്ഞെടുപ്പു കമ്മിഷന്‍ രണ്ടില ചിഹ്നം അനുവദിച്ചിരുന്നു.

പി.ജെ. ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് ചെണ്ട അടയാളവും അനുവദിച്ചു. ഇതിനു ശേഷം തെരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്‌സൈറ്റില്‍ ചെണ്ട അടയാളത്തില്‍ മത്സരിക്കുന്നവരെ സ്വതന്ത്രരായാണു രേഖപ്പെടുത്തിയത്. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു പി.ജെ. ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.

ചെണ്ട ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ കേരള കോണ്‍ഗ്രസ് (എം) പി.ജെ. ജോസഫ് ഗ്രൂപ്പെന്നു രേഖപ്പെടുത്തണമെന്നായിരുന്നു ഹര്‍ജിയിലെ ഇടക്കാല ആവശ്യം. ഇതു സിംഗിള്‍ബെഞ്ച് അനുവദിക്കുകയായിരുന്നു. ഹര്‍ജിക്കാരിലൊരാളായ പി.സി. കുര്യാക്കോസ് പാലായില്‍ മത്സരിക്കുന്നുമുണ്ട്.

Share News