ആഗോള താപനത്തിന് പ്രതിവിധിയ്ക്കായ് പശ്ചിമഘട്ടവും ആമസോൺ കാടും ഒക്കെ മാത്രം സംരക്ഷിച്ചാ മതിയെന്ന് പറയുന്ന ശാസ്ത്രം എന്താണ് ?

Share News

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കിയിരുന്നെങ്കിൽ ഈ അപകടങ്ങൾ ഒന്നും ഉണ്ടാകില്ലായിരുന്നു !! രാവിലെ മുതൽ കാണുന്ന പോസ്റ്റുകളാണിത്. 2018 ലെയും 2019 ലെയും പ്രളയത്തിനും ഉരുൾപ്പെട്ടലിനും ഒക്കെ കാരണം ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാതിരുന്നത് എന്നാണ് പോസ്റ്റുമാൻമാരുടെയും ചില നേതാക്കളുടെയും വാദം ..

പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന നിലപാടിനോട് എനിക്ക് വിയോചനം ഇല്ല. നിലവിലെ ഖനന കെട്ടിട നിർമ്മാണ നിയമങ്ങളും പരിസ്ഥിതി നിയമങ്ങളും മാത്രം ഉപയോഗിച്ച് ക്രിയാത്മകമായ് പശ്ചിമഘട്ടത്തെ സംരക്ഷിക്കാനാകും പക്ഷെ യഥാർത്ഥ മാഫിയയെ കാണുമ്പോൾ കവാത്ത് മറക്കുകയും മലയോര കർഷകനെ ദേശവിരുദ്ധനായും പ്രകൃതി വിരോധിയായും ചിത്രീകരിക്കുന്ന പ്രതിഭാസം ഇല്ലാതായേ പറ്റു ..

ലോകം മുഴുവൻ കാലാവസ്ഥാ വ്യതിയാനം ഉണ്ടായത് പശ്ചിമഘട്ടം കൊണ്ടാണോ ? .ആഗോള താപനത്തിന് പ്രതിവിധിയ്ക്കായ് പശ്ചിമഘട്ടവും ആമസോൺ കാടും ഒക്കെ മാത്രം സംരക്ഷിച്ചാ മതിയെന്ന് പറയുന്ന ശാസ്ത്രം എന്താണ് ?

നിശ്ചിത അളവിന് മുകളിൽ ചരിവുള്ള ഇടങ്ങളിൽ മഴ കുടുതൽ പെയ്താൽ ഉരുൾ പൊട്ടും എന്നത് വാസ്തവം … പശ്ചിമഘട്ട പ്രദേശം ആ സാധ്യത കൂടുതലുള്ള പ്രദേശമാണ്.

എന്നാൽ മേഘ സ്ഫോടനം ഉണ്ടാകുന്നതും മഴ കാലം തെറ്റി ഉണ്ടാകുന്നതും ന്യൂനമർദ്ദങ്ങൾ അടിക്കടി ഉണ്ടാകുന്നതും പശ്ചിമഘട്ടത്തിലെ ഇന്നത്തെ അവസ്ഥ കൊണ്ടാണ് എന്ന് പറഞ്ഞാൽ എന്ത് അസംബന്ധം ആണ് !

ആഗോള താപനമാണ് ഇതിന് കാരണം.

ആഗോള താപനത്തിന് ആക്കം കൂട്ടിയതിൽ പങ്ക് ആർക്കാണ്?

പശ്ചിമഘട്ടം മാത്രം ശരിയായാൽ ആഗോള താപനം ഇല്ലാതാകുമോ?

കുടിയേറ്റ കർഷകൻ്റെ വരവിന് മുമ്പ് കേരളത്തിലെ പശ്ചിമഘട്ടത്തിൻ്റെ ഭൂരിഭാഗവും മൊട്ടക്കുന്നുകൾ ആയിരുന്നു എന്നാണ് പറയുക. അത് സാധൂകരിക്കുന്ന വിധത്തിൽ ജനവാസമില്ലാത്ത മേഖലകളിൽ മൊട്ടക്കുന്നുകൾ ധാരാളം .. അന്ന് ആഗോള താപനം ഇല്ലാത്തതിൻ്റെ കാരണം എന്തായിരിന്നു?

ഉത്തരം വ്യക്തം ആഗോള താപനത്തിൻ്റെ പ്രധാന കാരണം ഫോസിൽ ഇന്ധനങ്ങളുടെ അധിക ഉപയോഗമാണ്. വനനശീകരണവും പശു ആട് പോലുള്ള വളർത്തു മൃഗങ്ങളുടെ മീഥൈൻ വികിരണവും നൈട്രജൻ വളങ്ങളുടെ ഉപയോഗവും ഫ്ലൂറൈഡ് വാതകം വിഗിരണം നടത്തുന്ന ഉപകരണങ്ങളുടെ ഉപയോഗവും എല്ലാം ആഗോളതാപത്തിന് കാരണമാകുക ഇതിന് ശേഷമാണ്. ലോകം മുഴുവൻ കാരണമാകുന്ന ഒരു പ്രതിഭാസത്തിന് ഒരു ആവാസ മേഖലയിലെ ജനങ്ങളെ മാത്രം കുറ്റക്കാരായി ചിത്രീകരിക്കുക നമ്മുടെ കുറ്റങ്ങൾ മറയ്ക്കാനുള്ള തന്ത്രങ്ങൾ മാത്രമാണ് എന്ന് പറയാതെ വയ്യ.

നാഗരികതയും വ്യവസായങ്ങളും തുപ്പുന്ന കാർബണിൻ്റെ കണക്ക് മറയ്ക്കാനും കുറ്റം ആരിലെങ്കിലും ആരോപിക്കാനും ഗാഡ്ഗിൽ റിപ്പോർട്ട് കൊള്ളാം ..

മനുഷ്യന് വേണ്ടിയുള്ള റിപ്പോർട്ടുകൾ, റിപ്പോർട്ടുകൾ ബാധകമാകുന്ന പ്രദേശത്തെ മനുഷ്യരുടെ പ്രശ്നം പഠിക്കാതെ നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നം മാത്രമായിരുന്നു അതിനെതിരെ ഉണ്ടായത്.

ഇനി ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണം എന്ന് ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യുക എന്നതാണ് … ഗാഡ്ഗിൽ റിപ്പോർട്ടിൽ ഉള്ള 50 വർഷത്തിന് മേൽ പഴക്കമുള്ള ഡാമുകൾ ഇല്ലാതാക്കണം എന്ന നിർദ്ദേശം തുടങ്ങാൻ പറ്റിയത് മുല്ലപ്പെരിയാറിൽ നിന്ന് തന്നെ ..

Mullaperiyar long view

കുറഞ്ഞ പക്ഷം ഒരു ജനതയെ മരണ ഭീതിയിൽ നിന്നെങ്കിലും രക്ഷിക്കാമല്ലോ ?!

അഡ്വ. മനു ജെ. വരാപ്പള്ളി

Share News