സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചേക്കും
പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചേക്കും. നിരക്ക് കൂട്ടേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
വൈകിട്ട് ആറു മുതല്‍ 10 വരെ വൈദ്യുതിക്ക് കൂടുതല്‍ നിരക്ക് ഈടാക്കണമെന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
റഗുലേറ്ററി കമ്മീഷനോട് നിരക്ക് വര്‍ധന ആവശ്യപെടും. എത്ര രൂപ കൂട്ടണമെന്ന് ബോര്‍ഡ് തീരുമാനിക്കും. നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച് സ്വീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
‘പീക്ക് അവറില്‍ വ്യത്യസ്ത നിരക്ക് വേണമെന്നത് ആലോചനയിലുണ്ട്. എത്ര വേണമെന്ന കാര്യമൊന്നും തീരുമാനിച്ചിട്ടില്ല. അനാവശ്യമായി വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സ്മാര്‍ട് മീറ്റര്‍ വരുന്നതോടെ ഇത്തരക്കാര്‍ വൈദ്യുതി നിയന്ത്രിക്കും. അങ്ങനെയാണെങ്കില്‍ പീക്ക് അവറില്‍ വൈദ്യുതി പുറത്തുനിന്നും വാങ്ങേണ്ട ആവശ്യമില്ല.’
കുറഞ്ഞത് 10ശതമാനം വരെ വര്‍ധന ബോര്‍ഡ് ആവശ്യപ്പെടുമെന്നാണ് സൂചന. നിരക്ക് വര്‍ധന എത്ര വേണമെന്ന് വ്യക്തമാക്കിയുള്ള താരിഫ് പെറ്റീഷന്‍ പെറ്റീഷന്‍ ഡിസംബര്‍ 31ന് മുമ്ബ് നല്‍കാന്‍ ബോര്‍ഡിന് നിര്‍ദേശം കിട്ടിയിട്ടുണ്ട്. തുടര്‍ന്ന് ഹിയറിങ് നടത്തി റഗുലേറ്ററി കമ്മിഷനാണ് അന്തിമ തീരുമാനമെടുക്കുക. 2019 ജൂലൈയിലായിരുന്നു അവസാനം നിരക്ക് കൂട്ടിയത്.