ശാസ്ത്രമേളയ്ക്ക് ആതിഥ്യമരുളുന്ന നഗരം|സാംക്രമിക രോഗങ്ങൾ ഉൾപ്പടെയുള്ള ബുദ്ധിമുട്ടുകൾ നമ്മുടെ കുഞ്ഞുക്കൾക്ക് ഉണ്ടാകാതെയിരിക്കുവാനും അടിയന്തിരമായി വെള്ളെകെട്ടിനെ നേരിടുവാനും വേണ്ടതായ പരിഹാരം കണ്ടെത്തണം |ടി ജെ വിനോദ് MLA
ശ്രീ.പിണറായി വിജയൻ
ബഹു:കേരള മുഖ്യമന്ത്രി
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
സംസ്‌ഥാന ശാസ്ത്രമേള ഈ വരുന്ന നവംബർ 9 മുതൽ 12 വരെ നടക്കുകയാണല്ലോ, ഈ ശാസ്ത്രമേളയ്ക് ആതിഥ്യം വഹിക്കുന്നത് എറണാകുളം നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എന്നത് അഭിമാനകരമാണ്. ഏതാണ്ട് 10000 ത്തോളം വിദ്യാർഥികളാണ് ശാസ്ത്രമേളയുമായി ബന്ധപ്പെട്ട നഗരത്തിലേക്ക് എത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പത്രമാധ്യമങ്ങളിൽ നഗരത്തിലെ വെള്ളെകെട്ടുമായി ബന്ധപ്പെട്ട് വന്ന വാർത്തകൾ അങ്ങയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട് എന്ന് കരുതുന്നു.
ശാസ്ത്രമേളയുടെ ഭാഗമായി എത്തുന്ന വിദ്യാർഥികൾക്ക് താമസ – ഭക്ഷണ സൗകര്യമൊരുക്കുന്നതിനായി 12 ഓളം വിദ്യാലയങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. പലതും നഗരത്തിൽ വെള്ളെകെട്ടുണ്ടായാൽ വെള്ളം നിൽക്കുന്ന സ്ഥലങ്ങളിൽ തന്നെയുള്ളതാണ്. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള നഗരമധ്യത്തിലെ എസ്.ആർ.വി സ്‌കൂൾ മഴപെയ്താൽ പൂർണമായും വെള്ളത്തിനടിയിലാവുന്ന അവസ്‌ഥയാണ്. കാനകൾ സമയക്രമം പാലിച്ച് വൃത്തിയാകാത്തതിനാലും ഹോട്ടൽ മാലിന്യങ്ങൾ നേരിട്ട് കാനയിലേക്ക് നല്കുന്നതിനാലും നഗരത്തിലെ ഡ്രൈനേജ് സംവിധാനം താറുമാറായ അവസ്‌ഥയിലാണ് എന്നത് നഗരസഭ ഇപ്പോൾ തിരിച്ചറിഞ്ഞു വരുന്നുണ്ട്.
ഈ ശാസ്ത്രമേളയ്ക്ക് ആതിഥ്യമരുളുന്ന നഗരം എന്ന നിലയിൽ വെള്ളകെട്ടുണ്ടായി സാംക്രമിക രോഗങ്ങൾ ഉൾപ്പടെയുള്ള ബുദ്ധിമുട്ടുകൾ നമ്മുടെ കുഞ്ഞുക്കൾക്ക് ഉണ്ടാകാതെയിരിക്കുവാനും അടിയന്തിരമായി വെള്ളെകെട്ടിനെ നേരിടുവാനും വേണ്ടതായ പരിഹാരം കണ്ടെത്തുവാൻ ആവശ്യമായ നിർദ്ദേശം ജില്ലാ ഭരണകൂടത്തിനും, കൊച്ചി നഗരസഭയ്ക്കും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
കമ്മട്ടിപ്പാടത്ത് റോഡിനായി സ്ഥലപരിശോധന നടത്തി
എറണാകുളം: നഗരമധ്യത്തിൽ നിലകൊള്ളുന്ന അംബേദ്കർ സ്റ്റേഡിയത്തിനു സമീപമുള്ള കമ്മട്ടിപ്പാടത്തേക്ക് സഞ്ചാര സൗകര്യം ഒരുക്കി നൽകാൻ ടി.ജെ വിനോദ് എം.എൽ.എ യുടെ നേതൃത്വത്തിൽ ജി.സി.ഡി.എ, പൊതുമരാമത്ത് നിരത്ത് വകുപ്പ് എന്നി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി.
മഴക്കാലത്തും അല്ലാത്തപ്പോഴും പൂർണ്ണമായി ചെളിയാടിഞ്ഞു കൂടി സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ് ഇവർക്ക് നടക്കാനുള്ള വഴി. ഇരുവശത്തും റെയിൽ നിലകൊള്ളുന്നതിനാൽ പൂർണമായ ഒരു സഞ്ചാര പാത പോലും ഇവർക്കു ലഭ്യമാവില്ല. റെയിൽവേ സ്റ്റേഷന് സമീപമാണ് കമ്മട്ടിപ്പാടം നിലകൊള്ളുന്നത് എന്നതിനാൽ പലപ്പോഴും ട്രെയിനുകൾ സിഗ്നൽ ലഭിക്കുന്നതിനും മറ്റും ഇവിടെ പിടിച്ചിടുന്നത് പതിവാണ്. സമയത്ത് ആശുപത്രിയിൽ എത്തിക്കാനാവാതെ രോഗികളുടെ ജീവനുകൾ പൊലിഞ്ഞ സംഭവങ്ങൾ പലതവണ പ്രദേശവാസികൾക്ക് ഉണ്ടായിട്ടുള്ളതാണ്.
കമ്മട്ടിപാടത്തെ പ്രദേശവാസികൾ ജി.സി.ഡി.എ, കോർപറേഷൻ അധികാരികൾക്ക് മുന്നിൽ പലതവണ റെയിൽ വരെയുള്ള പാത എങ്കിലും നന്നാക്കി സഞ്ചാരയോഗ്യമാക്കി നൽകുവാൻ ആവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും നാളിതുവരെ ഒരു നീക്കുപോക്കുണ്ടായിട്ടില്ല.
തുടർന്നാണ് വിഷയത്തിൽ ടി.ജെ.വിനോദ് എം.എൽ.എ ഇടപെട്ട് എം.എൽ.എ യുടെ ഫണ്ട് അനുവദിക്കാം എന്ന് അറിയിക്കുന്നത്. പൊതുമരാമത്ത് നിരത്ത് വകുപ്പിനെ ഉപയോഗിച്ച് എം.എൽ.എ എസ്റ്റിമേറ്റ് തയ്യാറാക്കി ജി.സി.ഡി.എ യുടെ എൻ.ഒ.സി ലഭിക്കുന്നതിനായി സമർപ്പിച്ചപ്പോൾ സാങ്കേതിക തടസങ്ങൾ ചൂണ്ടി കാണിച്ചു പദ്ധതിക്ക് എൻ.ഓ.സി നിഷേധിക്കുകയാണ് ഉണ്ടായതെന്ന് പ്രദേശവാസിയായ രതീഷ് പറഞ്ഞു.
എം.എൽ.എ മുൻകയ്യെടുത്ത് സംഘടിപ്പിച്ച ഈ സ്ഥല പരിശോധനയിൽ ജി.സി.ഡി.എ സൂപ്രണ്ടിങ് എൻജിനീയർ ഷാജി, പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനീയർ അനുരൂപ പി.വി, അസി.എൻജിനീയർ സജിത്ത് എം.എ തുടങ്ങിയവർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. ജി.സി.ഡി.എ ഉദ്യോഗസ്ഥർ ചൂണ്ടി കാണിച്ച അലൈന്മെന്റിൽ തടസമായി ഒരു ട്രാൻസ്ഫോർമർ യൂണിറ്റ് നിലകൊള്ളുന്നതിനാൽ അത് മാറ്റി സ്ഥാപിച്ചാൽ മാത്രമേ വഴിക്കായുള്ള അലൈൻമെന്റ് സ്ഥിരീകരിക്കാനാവുകയൊള്ളു, അതിനായ് അടുത്ത ദിവസം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിനു ശേഷം അലൈൻമെന്റ് നിർദേശിക്കാമെന്നു ജി.സി.ഡി.എ സൂപ്രണ്ടിങ് എഞ്ചിനീയർ അറിയിച്ചു. കാലതാമസം വരാതെ തന്നെ യോഗം വിളിച്ചു ചേർക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ടി ജെ വിനോദ് എം.എൽ.എ സൂപ്രണ്ടിങ് എൻജിനീയർക്ക് നിർദ്ദേശം നൽകി.
സ്ഥലപരിശോധനക്കിടയിൽ ഉപയോഗ ശൂന്യമായ കെട്ടിടം പൊളിച്ചു നീക്കിയാൽ കെ.എസ്.ഇ.ബി ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കുന്നത് ഒഴിവാക്കാമെന്നും ഈ നീക്കം ഫലം കണ്ടാൽ കാലതാമസം ഒഴിവാക്കാൻ ആവുന്നതാണ് എന്നും ടി.ജെ.വിനോദ് എം.എൽ.എ ചൂണ്ടികാണിച്ചു.
ജി.സി.ഡി.എ അധികൃതർ വാടകയ്ക്ക് നൽകിയിട്ടുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്ക് ശുദ്ധജലം പോലും ലഭ്യമാക്കിയിട്ടില്ല എന്നത് പരാതിക്കിടയാക്കിയിട്ടുണ്ട് എന്നും, കച്ചവട സ്ഥാപനങ്ങൾ പൊതു പൈപ്പിൽ നിന്നും ജലമെടുക്കുന്നത് പൊതുജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്ന നിലയിലും നഗര വികസന ഏജൻസി എന്ന നിലയിലും അധികൃതർ പരിഹരിക്കേണ്ടതായിരുന്നു എന്നും, കച്ചവട സ്ഥാപനങ്ങൾക്ക് ഒരു പൈപ്പ് കണെക്ഷൻ എടുത്ത് നൽകിയാൽ തീരാവുന്ന പ്രശ്നമേ ഇതിൽ ഉള്ളു എന്നും ടി ജെ വിനോദ് എം.എൽ.എ പറഞ്ഞു.
മുല്ലശ്ശരി കനാലിനു മുകളിൽ സ്ഥിതി ചെയ്തിരുന്ന ഫാഷൻ സ്ട്രീറ്റ് മാറ്റി അംബേദ്കർ സ്റ്റേഡിയത്തിൽ സ്ഥാപിച്ചിരിക്കുന്ന കടകൾക്കായി ടോയ്ലറ്റ് സംവിധാനം ഇല്ലാത്തത് പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് വളരെ അധികമാണെന്നും എം.എൽ.എ പറഞ്ഞു.
75 കടകളിൽ 2 കച്ചവടക്കാർ വീതം 150 ഓളം ആളുകൾ മൂത്രം ഒഴിക്കുന്നത് കമ്മട്ടിപ്പാടത്തെ പ്രദേശവാസികൾ നടക്കുന്ന ഈ ചെളി കൂടി കിടക്കുന്ന വഴിയിലാണ് എന്നത് തികച്ചും അപലപനീയമാണ്. എറണാകുളം നഗരത്തിന്റെ വികസന ചരിത്രത്തിൽ അധികം പിന്നോട്ട് പോകാതെ തന്നെ നഗര വികസനത്തിനയായി റയിലുകൾക്കിടയിൽ ഒതുക്കപ്പെട്ട പോയ ഈ പ്രദേശത്തെ ഇന്ന് താമസിക്കുന്ന ഈ കുട്ടികളും പ്രായമായവരും സ്ത്രീകളുമുൾപ്പടെയുള്ള സമൂഹത്തിനോട് ക്രൂരതയാണ് വികസനത്തിന്റെ പേരിൽ സഞ്ചാര സ്വതന്ത്ര്യത്തെ നിഷേധിക്കുന്നതിലൂടെ ചെയുന്നത് എന്നും ടി ജെ വിനോദ് എം.എൽ.എ പറഞ്ഞു.
ഈ വഴി യാഥാർഥ്യമാക്കാനായി പരിശ്രമിക്കുമ്പോൾ സാങ്കേതിക കാരണങ്ങൾ ചൂണ്ടികാണിച്ചു തടസ്സവാദങ്ങൾ ഉന്നയിച്ചു പദ്ധതി മുടക്കുന്നവർ ഒരു തവണയെങ്കിലും കാൽനടയായി ഈ വഴിയിലൂടെ നടന്നാൽ അഭിപ്രായം മാറാവുന്നതേ ഉള്ളു എന്നും ടിജെ വിനോദ് എം.എൽ.എ പറഞ്ഞു.