മതനിയമങ്ങളല്ല, ഇന്ത്യൻ ഭരണഘടനയാണ് ഇന്ത്യൻ പൗരന്മാർക്കു ബാധകം – മുനമ്പം ഭൂസംരക്ഷണ സമിതി

Share News

മാധ്യമങ്ങൾക്ക്: പ്രസിദ്ധീകരണത്തിന്

21/01/2025

കൊച്ചി: കഴിഞ്ഞ മൂന്നു വർഷങ്ങളായി വഖഫ് ബോർഡിൻ്റെ ഇരകളായി മുനമ്പത്ത് റവന്യൂ തടങ്കലിൽ ആയിരിക്കുന്ന ഞങ്ങളുടെ പൗരാവകാശങ്ങൾക്കു വേണ്ടിയുള്ള റിലേ നിരാഹാര സമരം 100 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. ഈയവസരത്തിൽ, വഖഫ് ബോർഡിൻ്റെ വ്യാജ അവകാശവാദം പിൻവലിച്ച് മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങൾ സത്വരം പുന:സ്ഥാപിക്കണമെന്നും ഇത്തരം അവകാശവാദങ്ങൾക്കും അധിനിവേശങ്ങൾക്കുമുള്ള പഴുതിട്ട് നിർമിച്ചിട്ടുള്ള വഖഫ് നിയമം ഭേദഗതി ചെയ്ത് ഭരണഘടനയും ഇന്ത്യൻ മതേതരത്വവും സംരക്ഷിക്കണം എന്നും ഭൂസംരക്ഷണ സമിതി ശക്തമായി ആവശ്യപ്പെടുന്നു.

  1. ഈ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ച് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാർക്കും ഭൂസംരക്ഷണ സമിതി കത്തയയ്ക്കുന്നു. നിലവിലുള്ള വഖഫ് നിയമത്തിലെ 3, 36, 40, 52, 83, 84, 107, 108 എന്നീ സെക്ഷനുകളിൽ ഭരണഘടനയ്ക്കും മതേതരത്വത്തിനും ജനാധിപത്യത്തിനും നിരക്കുന്ന തരത്തിലുള്ള ഭേദഗതികൾ വരുത്തണം എന്നാണ് ഉള്ളടക്കം (കത്ത് മാധ്യമങ്ങൾക്ക് ഈ കുറിപ്പോടൊപ്പം നല്കുന്നു).
  2. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല എന്നതിനുള്ള തെളിവുകൾ അനിഷേധ്യങ്ങളാണ്. മുഖ്യതെളിവ് സിദ്ദിഖ് സേട്ടു 1950ൽ എഴുതിയ ഡീഡു തന്നെയാണ്. വഖഫ് എന്ന് എഴുതിയതുകൊണ്ടു മാത്രം ഒരു ആധാരം വഖഫാധാരമാകില്ല എന്ന് കേരള ഹൈക്കോടതിയിൽ ജസ്റ്റിസ് സുബ്രഹ്മണ്യം പോറ്റിയും ജസ്റ്റിസ് ഖാലിദും 1980ൽ ഹൈദ്രോസ് vs ആയിഷുമ്മ കേസിൽ വിധി പറഞ്ഞിട്ടുണ്ട്. 2017ൽ ഈ വിധിന്യായത്തെ ജസ്റ്റിസ് മുസ്താഖ് പരാമർശിച്ചിട്ടുമുണ്ട് (2017 KHC 31, para 12).
    വഖഫ് എന്ന ആശയത്തിനു തന്നെ നിരക്കാത്ത രണ്ടു വ്യവസ്ഥകൾ ആ രേഖയിലുള്ളത് വഖഫ് ബോർഡ് കണ്ടില്ലെന്നു നടിച്ചു. വസ്തു വിൽപനയെ അനുകൂലിക്കുന്ന വാചകവും, ചില പ്രത്യേക സാഹചര്യമുണ്ടായാൽ വസ്തു തന്റെ കുടുംബത്തിലേക്ക് തിരികെയെത്തണമെന്ന വ്യവസ്ഥയും ആ രേഖ വഖഫല്ല എന്നതിന്റെ വ്യക്തമായ തെളിവുകളാണ്. 
  3. പറവൂർ സബ് കോടതി 12.9.1971ൽ പുറപ്പെടുവിച്ച O.S No: 53/1967 നമ്പർ കേസ്സിലെ വിധിയിൽ ടി വസ്തുക്കളെ വഖഫായി പ്രഖ്യാപിച്ചു എന്ന തെറ്റായ വാദമുന്നയിച്ചാണ് വഖഫ് ബോർഡ് വസ്തുക്കൾ ഏറ്റെടുത്തുകൊണ്ടുള്ള അതിന്റെ 19.3.2019ലെ ഉത്തരവ് പുറപ്പെടുവിച്ചത്. വെറും ഒരു ഇഞ്ചങ്ഷൻ സ്യൂട്ട് മാത്രമായ (പേജ് 11) ആ കേസിനെ വഖഫ് ഭൂമി വിധിയായി വ്യാഖ്യാനിക്കുന്നതിൽ പരം വിഢിത്തമുണ്ടോ? ആ വിധിയിലെ 16-ാം പേജിൽ 404.76 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം ഫാറൂഖ് കോളേജിനാണെന്ന പരാമർശമുണ്ട്. അതു വഖഫ് ഭൂമിയും ഫാറൂഖ് കോളേജ് അതിൻ്റെ മുത്തവല്ലിയും ആയിരുന്നെങ്കിൽ, ഫാറൂഖ് കോളേജിനെ എങ്ങനെ ഉടമസ്ഥനായി കരുതും?

1971-ൽ സമർപ്പിക്കപ്പെട്ട അപ്പീലിൽ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 1975-ലെ വിധിയിൽ വഖഫ് എന്ന വാക്കു പോലും ഒരിടത്തുമില്ല. മറിച്ച് ആറിടത്ത് വ്യക്തമായി കാണുന്നത് ഗിഫ്റ്റ് ഡീഡ് എന്നാണ്.

മുനമ്പം വഖഫ് ഭൂമിയാണെന്ന് കോടതികൾ നേരത്തേ വിധി പ്രസ്താവിച്ചിട്ടില്ല എന്നതിൻ്റെ ഏറ്റവും പുതിയ തെളിവല്ലേ 10.12.2024-ൽ ഉണ്ടായ ഹൈക്കോടതി വിധി? ഉടമസ്ഥാവകാശ തർക്കം സിവിൽ കോടതിയിൽ ഉന്നയിക്കാനല്ലേ കോടതി പരാതിക്കാരോട് പറഞ്ഞത്! തീർപ്പു കല്പിക്കപ്പെട്ട വിഷയമായിരുന്നുവെങ്കിൽ അത്തരത്തിൽ ഒരു വിധി ഉണ്ടായതെങ്ങനെ?

  1. ഇതിനിടയിൽ വ്യാജ പ്രസ്താവനകളും ആരോപണങ്ങളുമായി ചിലർ രംഗത്തിറങ്ങുന്നുണ്ട്. സ്ഥലവാസികളുടെ എതിർപ്പു മൂലം 2009ലെ സർവേ പൂർത്തിയായിട്ടില്ല, ഭൂസംരക്ഷണ സമിതിയിൽ 610 അംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, മുനമ്പത്ത് വേളാങ്കണ്ണി മാതാ ഇടവകാംഗങ്ങളായി തന്നെ നാനൂറോളം കുടുംബങ്ങളുണ്ട് എന്നീ വസ്തുതകൾ അവർ മറച്ചുവയ്ക്കുന്നു. ഫാറൂഖ് കോളേജിൻ്റെ ഉടമസ്ഥാവകാശത്തിൽ ഉണ്ടായിരുന്ന 18/1ൽ പെട്ട ഭൂമി 114 ഏക്കർ കരയും 60 ഏക്കർ വെള്ളവുമാണ്. 1971ലെ സബ്കോടതി വിധിയിൽ കേസ് കോടതിയിലിരിക്കേ നടന്ന റീസർവേയിൽ 135 ഏക്കറിനു ശേഷമുള്ള കര കടലെടുത്തു പോയതായി പരാമർശം ഉണ്ട് എന്ന വസ്തുത അവർ തമസ്കരിക്കുന്നു.
  2. ഡിജിറ്റൽ സർവേക്കായുള്ള മുറവിളി ഇപ്പോൾ പല കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. സർവേ നടത്താതെ ഒരു ഭൂമിയെ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുകയോ വഖഫ് രജിസ്ട്രിയിലേക്ക് എഴുതിച്ചേർക്കുകയോ ചെയ്യുന്നത് അസാധുവാണ് എന്നതിനാൽ, തങ്ങൾ ചെയ്ത നിയമവിരുദ്ധവും അസാധുവുമായ വഖഫ് പ്രഖ്യാപനത്തെ നിയമവത്കരിക്കാനുള്ള വഖഫ് ബോർഡിൻ്റെ ഗൂഢതന്ത്രങ്ങളുടെ ഭാഗമായി മാത്രമേ ഇത്തരം മുറവിളികളെ കാണാനാകൂ. മുനമ്പം ജനത അനുഭവിക്കുന്ന പ്രശ്നം അതിർത്തി വിഷയമല്ല, വഖഫിൻ്റെ അന്യായമായ അധിനിവേശമാണ്. മുനമ്പം വഖഫല്ല എന്ന സത്യം അംഗീകരിക്കപ്പെട്ടതിനു ശേഷം കേരളം മുഴുവൻ നടത്തുന്ന ഡിജിറ്റൽ സർവേയുടെ ഭാഗമാകാൻ ഞങ്ങൾക്കു സന്തോഷമേയുള്ളൂ എന്ന് ഇതിനാൽ അറിയിക്കുന്നു.
  3. സെൻട്രൽ വഖഫ് കൗൺസിലിനു കീഴിലുള്ള വഖഫ് അസെറ്റ് മാനേജുമെൻ്റ് സിസ്റ്റം ഓഫ് ഇന്ത്യയുടെ (WAMSI) പോർട്ടലിൽ കേരളത്തിലുള്ള 53297 സ്ഥലങ്ങളിൽ വഖഫ് അവകാശവാദമുള്ളതായി കാണുന്നുണ്ട്. അതിൽ 1186 സ്ഥലങ്ങളെക്കുറിച്ചു മാത്രമേ തൽസ്ഥിതി വിവരങ്ങൾ ലഭ്യമായുള്ളൂ. ബാക്കിയുള്ള 52111 സ്ഥലങ്ങളെക്കുറിച്ച് മലയാളികൾ ആശങ്കയിൽ കഴിയേണ്ട അവസ്ഥ ഇന്നുണ്ട്. ആ ആശങ്ക നീക്കാനുള്ള ബാധ്യത കേരള വഖഫ് ബോർഡിനുണ്ട് എന്നും ഞങ്ങൾ ഓർമിപ്പിക്കുന്നു.

ഭൂസംരക്ഷണ സമിതിക്കു വേണ്ടി

സെബാസ്റ്റ്യൻ റോക്കി (ചെയർമാൻ)
ജോസഫ് ബെന്നി (കൺവീനർ)
ഫാ. ജോഷി മയ്യാറ്റിൽ

Share News