അമ്മയുടെ കഴുത്തിലെ മാലയിൽ ഉണ്ടായിരുന്ന കുരിശ് ആണ് ഇന്നും ഞാൻ എൻ്റെ കഴുത്തിലെ മാലയിൽ ഉപയോഗിക്കുന്നത് . അമ്മയോടുണ്ടായിരുന്ന എന്റെ ആത്മബന്ധത്തിൻ്റെ പ്രതീകമാണത്….
അമ്മയെപ്പറ്റി….
.പ്രിയപ്പെട്ടവരുടെ വിയോഗദിനം ഓർമ ദിവസം എന്ന് പറയുന്നതിൻ്റെ പ്രസക്തിയെപ്പറ്റി പലപ്പോഴും ചിന്തിക്കാറുണ്ട്. ഓർമ്മ ദിവസം എന്ന് പറഞ്ഞാൽ അവരെപ്പറ്റി അന്ന് മാത്രം ഓർക്കുന്നത് കൊണ്ടാണോ എന്ന് സംശയിച്ചു പോകും .അതോ എന്നും ഓർക്കുന്നത് കൊണ്ട് ആ ദിവസം പ്രെത്യേകിച്ചു മനസ്സിൽ എത്തുന്നു എന്നത് കൊണ്ടും ആവാം
..എൻ്റെ അമ്മയുടെ വീട് ചെങ്ങന്നൂരിനടുത്ത തിരുവൻവണ്ടൂരിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള കുത്തിയതോട് എന്ന പ്രദേശത്താണ് . പാണ്ടനാട് എന്നും പറയാം. പമ്പ നദിയോട് ചേർന്നാണ് വീട് .ഏതാനും പടവുകൾ താഴേക്ക് ഇറങ്ങിയാൽ നദി.
ഒൻപതു സഹോദരങ്ങളിൽ അമ്മയാണ് മൂത്തയാൾ . ടി.ടി.സി പഠനം കഴിഞ്ഞു അന്ന് കുടുംബത്തിൻ്റെ ഉടമസ്ഥതയിൽ തന്നെ ഉള്ള പ്രൈമറി സ്കൂളിൽ അദ്ധ്യാപിക ആവുന്നു . വീടിനു എതിരെ പുഴയുടെ അക്കരെ ആണ് സ്കൂൾ . അന്ന് അവിടെ ഒരു കടത്താണ് . വള്ളത്തിൽ അക്കര എത്തണം . (ഇന്ന് ആ സ്കൂൾ ഇല്ല). അമ്മയുടെ പിതൃ സഹോദരൻ ആണ് ഹെഡ് മാസ്റ്റർ . അദ്ദേഹം വിരമിച്ചപ്പോൾ അമ്മ ഹെഡ്മിസ്ട്രസ് ആയി . അമ്മയുടെ ഏതാനും സഹോദരങ്ങളെ പഠിപ്പിക്കുവാനുള്ള യോഗവും അമ്മയ്ക്കുണ്ടായി .
ചെറുപ്പത്തിൽ തന്നെ അമ്മ ശാസ്ത്രീയ സംഗീതവും ഒപ്പം ഹാർമോണിയവും അഭ്യസിച്ചിരുന്നു . അതുകൊണ്ടുതന്നെ അടുത്ത പ്രദേശങ്ങളിൽ ഒക്കെ സംഗീതകച്ചേരികളും നടത്തിയിരുന്നു .ഹെഡ് മിസ്ട്രസ് ആയ അമ്മ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ പോകുമ്പോൾ കാണാറുള്ള മറ്റൊരു സ്കൂളിലെ ഹെഡ് മിസ്ട്രസ് ആയിരുന്നു പിന്നീട് പ്രശസ്‌തനായ എഴുത്തുകാരൻ ആറന്മുള ഹരിഹരപുത്രൻ നായരുടെ അമ്മ . അവരാണ് അന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ജോലി ചെയ്തിരുന്ന എൻ്റെ പിതാവുമായി അമ്മയുടെ വിവാഹാലോചന മുന്നോട്ടു വയ്ക്കുന്നത് .
വിവാഹശേഷം അമ്മയ്ക്ക് സ്ഥലം മാറ്റം ആവശ്യമായതുകൊണ്ടു ഹെഡ്മിസ്ട്രസ് സ്ഥാനം ഉപേക്ഷിച്ചു ഇടയാറന്മുളയിലെ പ്രൈമറി സ്കൂളിലേക്ക് അദ്ധ്യാപികയായി എത്തി . ചെങ്ങന്നൂർ – ആറന്മുള റോഡരികിൽ ആണ് ആ സ്കൂൾ . അവിടെ നിന്നും ഏതാനും മീറ്ററുകൾക്കപ്പുറം റോഡരുകിൽ തന്നെ ഒരു വീട് വാടകക്ക് എടുത്തു എൻ്റെ മാതാപിതാക്കൾ താമസമാക്കി.
ഞാൻ ജനിച്ചു മൂന്നോ നാലോ വയസ്സ് വരെ അവിടെ ആണ് താമസിച്ചിരുന്നത്. പിന്നീട് കിടങ്ങന്നൂരിൽ ഞങ്ങളുടെ ഇപ്പോഴത്തെ വീട് വാങ്ങി ആണ് ഞങ്ങൾ അവിടെ എത്തുന്നത് . തുടർന്ന് ഞങ്ങളുടെ വീട്ടിൽ നിന്നും രണ്ടോ മൂന്നോ കിലോമീറ്റർ അകലെയുള്ള എരുമക്കാട് എന്ന സ്ഥലത്തെ EALP സ്കൂളിലേക്ക് അമ്മ സ്ഥലം മാറിയെത്തി. തുടർന്ന് അതെ സ്കൂളിൽ തന്നെ ആയിരുന്നു ഹെഡ് മിസ്ട്രസ് ആയി വിരമിക്കും വരെ അമ്മ പഠിപ്പിച്ചിരുന്നത് .
നേരിട്ട് ഗതാഗത സൗകര്യങ്ങൾ കുറവായിരുന്ന അക്കാലത്തു അവസാന വർഷങ്ങളിൽ ഒഴികെ ഏതാണ്ട് അരമണിക്കൂർ നടന്നാണ് അമ്മ സ്കൂളിൽ പോയിരുന്നത് . സാധാരണ അധ്യാപകർ അവരുടെ മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാറുണ്ടെന്നു പറയാറുണ്ടെങ്കിലും എൻ്റെ അമ്മ അങ്ങനെ എൻ്റെ പഠനകാര്യത്തിൽ അങ്ങനെ കർശന നിരീക്ഷണങ്ങളൊന്നും ഒരിക്കലും നടത്തിയിട്ടില്ല .പക്ഷെ വീടിനടുത്തു തന്നെ ഉള്ള പ്രൈമറി സ്കൂളിൽ പഠിച്ചിരുന്ന ഞാൻ ആ ക്‌ളാസ്സുകളിൽ ഒന്നാമനായി തന്നെ ആണ് പഠനം തുടർന്നത് .
അമ്മയിൽ നിന്നും സംഗീതം പഠിക്കുവാനുള്ള പരാജയപ്പെട്ട ഒരു ശ്രമം ഞാൻ ചെറുപ്പകാലത്തു നടത്തിയിരുന്നു . ഹാർമോണിയത്തിൽ സരിഗമപധനിസ .. സനിധപമഗരിസ എന്നു വായിച്ചു തുടങ്ങുവാൻ അമ്മ പഠിപ്പിച്ചു തന്നു . കുറേശ്ശേ ആയി വേണം ആ പഠനം മുന്നോട്ടു പോകുവാനെന്നത് എനിക്കത്ര താൽപ്പര്യം ഉണ്ടാക്കിയില്ല . ചലച്ചിത്ര ഗാനങ്ങൾ ഒക്കെ ഹാർമോണിയത്തിൽ വായിക്കാൻ എത്രയും പെട്ടെന്ന് കഴിയണം എന്ന ആഗ്രഹം അത്ര പെട്ടെന്ന് നടക്കില്ലെന്നറിഞ്ഞതോടെ ഹാർമോണിയം വായന നിർത്തി .
അടുത്തതായി ശാസ്ത്രീയ സംഗീതത്തിലും ഒന്ന് കടക്കാമെന്നു കരുതി .. സരിഗമപ ഗമപ പ … അങ്ങനെ തുടങ്ങി .. പക്ഷെ അധികം കാത്തിരിക്കാതെ പെട്ടെന്ന് കച്ചേരി നടത്താൻ പറ്റുമോ എന്നുള്ള എൻ്റെ ആഗ്രഹവും എത്ര മനോഹരമായ നടക്കാത്ത സ്വപ്നം ആവുമെന്നത് കൊണ്ട് അതും നിന്ന് . പക്ഷെ അമ്മയുടെ ബുക്കിൽ നിന്നും പഠിച്ച വാതാപി ഗണപതി ഇന്നും മനസ്സിൽ നിന്നും പോയിട്ടില്ല . സംഗീതം പഠിച്ചില്ലെങ്കിലും ഒത്തിരി സംഗീത പരിപാടികൾ ടെലിവിഷനിൽ അവതരിപ്പിക്കുവാനും സംവിധാനം ചെയ്യുവാനും ഒക്കെ കഴിഞ്ഞത് അമ്മയിൽ നിന്നും പകർന്നു കിട്ടിയ സംഗീതാഭിരുചി കൊണ്ട് മാത്രമാണ് .
അമ്മ എനിക്ക് നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു. കോളജിലെ പ്രണയം ഉൾപ്പെടെ എന്തും അമ്മയോടാണ് ആദ്യം പങ്കുവച്ചിരുന്നത് . ഒരേ ദിവസം തന്നെ നൂൺ ഷോയും മാറ്റിനിയും രണ്ടു സിനിമ കണ്ടു വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ അമ്മയുടെ ചോദ്യം വൈകിയത് എന്താണെന്നു .. സിനിമക്ക് പോയി എന്ന എൻ്റെ മറുപടിയോടൊപ്പം അമ്മയുടെ അടുത്ത ചോദ്യവും വന്നു ,എത്ര സിനിമ കണ്ടു . മറച്ചു വയ്ക്കാതെ രണ്ടെന്നു തന്നെ എൻ്റെ വെളിപ്പെടുത്തൽ . പക്ഷെ അമ്മയിൽ നിന്നും ശാസന ഒന്നും ഇല്ല .
. അസുഖ ബാധിതയായി എതാനും നാളുകളിലെ ആശുപത്രി വാസത്തിനു ശേഷമാണ് കൊച്ചിയിലെ ലിസി ആശുപത്രിയിൽ വച്ച് 1998 ജൂൺ 30 നു അമ്മയുടെ അന്ത്യം സംഭവിച്ചത് .
എന്നത്തേയും പോലെ രാവിലെ ഞാൻ ആശുപത്രിയിൽ പോയി അമ്മയെ കണ്ട ശേഷം മടങ്ങി വീട്ടിലെത്തിയതിനു തൊട്ടു പിന്നാലെ ആണ് എൻ്റെ പിതാവ് അമ്മയുടെ മരണ വിവരം വിളിച്ചു പറയുന്നത് . അത്രയൊന്നും ഗുരുതരമല്ലാത്ത നിലയിൽ പൂർണമായും സജീവമായിരുന്ന അവസ്ഥയിൽ ആശുപത്രിയിൽ എത്തിയ അമ്മ ആന്തരിക രോഗാവസ്ഥകൾക്കു കീഴടങ്ങി ക്രമേണ അബോധാവസ്ഥയിൽ ആയിരുന്നു .
അതുകൊണ്ടു തന്നെ 63 വയസ്സിലെ അമ്മയുടെ വിയോഗം അപ്രതീക്ഷിതമായിരുന്നു . അമ്മ മരിക്കുമ്പോൾ അമ്മയുടെ അമ്മ ജീവിച്ചിരിക്കുന്നുണ്ടായിരുന്നു .
അമ്മയുടെ കഴുത്തിലെ മാലയിൽ ഉണ്ടായിരുന്ന കുരിശ് ആണ് ഇന്നും ഞാൻ എൻ്റെ കഴുത്തിലെ മാലയിൽ ഉപയോഗിക്കുന്നത് . അമ്മയോടുണ്ടായിരുന്ന എന്റെ ആത്മബന്ധത്തിൻ്റെ പ്രതീകമാണത്..
Roy Mathew Manappallil(Drisya)📹 DIRECTOR,WRITER,ACTOR,EVENT CORDINATOR
☎ FORMER OFFICER IN BSNL
🏡 KOCHI