
ഏതായാലും ദുഖ്റാനയെക്കുറിച്ചുള്ള സ്മരണകൾ ആരംഭിക്കുന്നത് കണ്ണിൽ തുളച്ചുകയറുന്ന ഏതോ വാഹനത്തിന്റെ വെളിച്ചത്തിൽ നിന്നാണ്.
ദുഖ്റാനദിവസത്തെ അപകടം…
പന്ത്രണ്ടു വർഷം മുമ്പുള്ള ഒരു ദുഖ്റാന(ജൂലൈ 3, സെന്റ് തോമസിന്റെ തിരുനാൾ) ദിവസം. അന്ന് തൃശൂര് നിന്ന് വയനാട്ടിലേയ്ക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോവുകയായിരുന്നു ഞാൻ. ഒരു മാസത്തോളം നീണ്ട ഒരു ഹിമാലയൻ യാത്ര കഴിഞ്ഞ് അന്ന് പുലർച്ചെയാണ് തിരികെ എത്തിയതും. കോഴിക്കോട് ടൗണും പിന്നിട്ട് കുന്ദമംഗലം എത്തിയപ്പോൾ സമയം രാത്രി 11.45 ആയിരുന്നു. കുറേ നേരമായി മഴ പെയ്തു കൊണ്ടിരിക്കുന്നു. അക്കാലത്ത് എന്റെ ഉറ്റ തോഴനായിരുന്ന KL 12 D 4113 ഓംനിക്ക് ഒരേയൊരു കുറവുള്ളത് AC ഇല്ല എന്നുള്ളതാണ്. അതിനാൽ മഴ പെയ്തു തുടങ്ങിയാൽ ചില്ലുകളെല്ലാം മങ്ങിത്തുടങ്ങും. കുറേ സമയം അങ്ങനെ തുടർന്നാൽ പുറത്തേയ്ക്കുള്ള കാഴ്ച അൽപ്പം ബുദ്ധിമുട്ടാണ്. അത്തരത്തിൽ, ശ്രദ്ധക്കുറവുകൊണ്ട് ചില അബദ്ധങ്ങൾ മുമ്പുതന്നെ പറ്റിയിട്ടുമുണ്ട്…
കുന്ദമംഗലം ടൗൺ പിന്നിട്ട് ഒരു തടിമില്ല് കൂടി കഴിഞ്ഞാൽ ഒരു വളവുണ്ട്. ആ വളവിൽ കൃത്യമായി ഒരു ഇലക്ട്രിക്ക് പോസ്റ്റും. ഏകദേശം അവിടെയെത്തിയപ്പോൾ എതിരെ വളവ് തിരിഞ്ഞു വന്ന ഒരു വാഹനത്തിന്റെ ഡ്രൈവർക്ക് കാഴ്ച പോരാഞ്ഞിട്ടോ എന്തോ, ഡിം ചെയ്തു തരാൻ തയ്യാറായില്ല. എന്റെ കണ്ണും, കണക്കുകൂട്ടലുകളും എന്നെ പറ്റിച്ച ആ ഒരു നിമിഷാർദ്ധം ബ്ലാങ്കായി കടന്നു പോയി. ഏതായാലും ഒന്ന് കണ്ണടച്ച് തുറന്നപ്പോഴാണ് അതൊരു വളവായിരുന്നുവെന്നും, ആ വളവിൽ ഒരു ഇലക്ട്രിക് പോസ്റ്റ് നിന്നിരുന്നുവെന്നും ഞാൻ തിരിച്ചറിയുന്നത്. പക്ഷെ വളരെ വൈകിയിരുന്നു. 11 KVലൈനുകളും പവർ സപ്ലെയ്ക്കുള്ള 230V ഇലക്ട്രിക് ലൈനുകളും ഒരുമിച്ച് വലിച്ചിരുന്ന ആ വലിയ പോസ്റ്റ് ഒടിഞ്ഞ് എന്റെ വാഹനത്തിന്റെ ഇടതു വശം ചേർന്ന് മറിഞ്ഞു കിടന്നു. വാഹനത്തിന്റെ ഇടതു വശം പോസ്റ്റിന്റെ കീഴിൽ ഇടിക്കുകയും, തത്ക്ഷണം ഒരു വാഴപ്പിണ്ടി പോലെ ചുവട്ടിൽ നിന്നും ഒടിഞ്ഞ് തെറിച്ചു പോവുകയും ചെയ്തത് ഇപ്പോഴും നല്ല ഓർമ്മയുണ്ട്
.”ന്താ പ്പോ വ്ടെ ണ്ടായെ?” എന്ന് തൃശൂർ സ്റ്റൈലിൽ മനസിൽ ചോദിച്ചു കൊണ്ട് ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങി. മുമ്പോട്ട് സ്ഥാപിക്കപ്പെട്ടിരുന്ന മറ്റൊരു പോസ്റ്റ് നടുവെ ഒടിഞ്ഞ് തൂങ്ങി കിടന്നിരുന്നു.(ആ ഒടിഞ്ഞ പോസ്റ്റ് ഇപ്പോഴും അവിടെത്തന്നെയുണ്ട്). പിൻഭാഗത്തുണ്ടായിരുന്നത് ഒടിയാൻ തയ്യാറായി ചരിഞ്ഞു നിൽക്കുന്നു. NH 212 മുക്കാലും ബ്ലോക്കാക്കിക്കൊണ്ട് ഇലക്ട്രിക് ലൈനുകൾ റോഡിന് കുറുകെ വലിഞ്ഞു നിൽക്കുന്നു. എന്റെ വാഹനത്തിന്റെ മുൻഭാഗത്തെ ചില്ല് തകർന്ന് തെറിച്ചു പോയിരുന്നു. ഏതോ ദുർബല നിമിഷത്തിൽ മുകളിൽ വച്ചിരുന്ന മൊബൈൽ ഫോണും അപ്രത്യക്ഷമായിരുന്നു. (അത് പിന്നീടും കണ്ടെത്താനായില്ല).
സംഭവത്തിന് ശേഷം ഏതാനും മിനിട്ടുകൾ കൂടി വൈദ്യുതി പ്രവഹിച്ചിരുന്ന ഏഴ് വൈദ്യുത കമ്പികൾ മീതെ കൂടി ക്രോസ് ചെയ്തു പോയിരുന്നതിൽ ഏറ്റവും താഴെയുള്ളതിന് വണ്ടിയിൽ നിന്നും പരമാവധി നാലിഞ്ച് ഗ്യാപ്പ് ഉണ്ടാവണം. അത്ഭുതകരമായി ഒരു കമ്പിയും വാഹനത്തെ സ്പർശിച്ചിരുന്നില്ല. അതേ സമയം ഈ സംഭവം അറിയാതെ അങ്ങോട്ട് പാഞ്ഞു വന്ന് കയറിയ ഒരു ചുവപ്പു കാറിന്റെ മുകളിൽ ഇലക്ട്രിക് കമ്പി തട്ടി വലിയ ശബ്ദത്തോടെ സ്പാർക്ക് ഉണ്ടാകുന്നതും അതിലെ യാത്രക്കാർ നിലവിളിക്കുന്നതും ഒരു മരവിപ്പോടെ ഞാൻ കണ്ടു നിന്നു. അപ്പോഴും മഴ പെയ്തു കൊണ്ടിരുന്നു.
ഇടിയുടെ ശബ്ദം കേട്ട് ഏതാനും മിനിട്ടുകൾക്കുള്ളിൽ പരിസരവാസികളിൽ കുറേപേർ ഓടിയെത്തിയിരുന്നു. പത്തു പതിനഞ്ച് മിനിട്ടുകൾക്കുള്ളിൽ പോലീസും വന്നു. ഇലക്ട്രിക് ലൈനുകൾക്കിടയിലായിരുന്നു വണ്ടി എന്നതിനാൽ ആരെങ്കിലും അടുത്തേയ്ക്ക് വരുവാൻ തയ്യാറായത് കുറേ കഴിഞ്ഞാണ്. അമ്പരപ്പ് മാറാതെ ആ പരിസരത്ത് ചുറ്റിനടന്നിരുന്ന ഞാനാണ് അതിലെ യാത്രക്കാരനെന്ന് കുറെ വൈകിയാണ് ആൾക്കാർക്ക് മനസിലായത്. ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആശങ്കയിൽ ഞാൻ ആദ്യം ചിന്തിച്ചത് തത്ക്കാലത്തേയ്ക്ക് വണ്ടി ഉപേക്ഷിച്ച് പതുക്കെ സ്ഥലം വിട്ടാലോ എന്നാണ്. എന്നാൽ, ക്യാമറകളുൾപ്പെടെ വിലപിടിപ്പുള്ള പലതും വണ്ടിയിൽ ഉണ്ടായിരുന്നതിനാൽ ആ ചിന്ത മുളയിലേ നുള്ളി.
ആളെ മനസിലായപ്പോൾ അടുത്തുവന്നു നിന്ന പോലീസുകാർ പ്രാഥമിക അന്വേഷണങ്ങൾക്കപ്പുറം കൂടുതലൊന്നും വിശദീകരിക്കാതെ തന്നെ അവർക്ക് പറയാനുണ്ടായിരുന്നതെന്തെന്ന് ഞാൻ ഗ്രഹിച്ചു. ഉപേക്ഷിച്ചിട്ട് പോകാൻ കഴിയാത്ത ചില സംഗതികൾ നിശബ്ദമായി ഞാൻ എന്റെ വണ്ടിയിൽ നിന്നെടുത്ത് പോലീസ് ജീപ്പിൽ കൊണ്ടു വച്ചു. അവരും കാര്യമായൊന്നും സംസാരിക്കാതെ (പറയാനുണ്ടായിരുന്നതെല്ലാം പിന്നീട് കേട്ടു) വണ്ടി സ്റ്റാർട്ടാക്കി എന്നെയും കയറ്റി കുന്ദമംഗലം പോലീസ് സ്റ്റേഷനിലേയ്ക്ക് തിരിച്ചു. സംഭവബഹുലമായിരുന്നു തുടർന്നുള്ള മണിക്കൂറുകൾ… അൽപ്പം വിശദമായി പറയാനുള്ളത്ര വിശാലമായ അനുഭവ പരമ്പര…
അതവിടെ നിൽക്കട്ടെ… പറഞ്ഞു വന്നതിന്റെ സാരാംശം ലളിതമാണ്. മോശം കാലാവസ്ഥയുള്ളപ്പോഴെങ്കിലും എതിരെ വരുന്ന ചെറിയ വണ്ടികളോട് അൽപ്പം സഹാനുഭൂതി നമ്മുടെ ജ്യേഷ്ഠൻമാർക്ക് തോന്നിയിരുങ്കിൽ… ഒരു പക്ഷെ ഇത്തരത്തിൽ എത്രയോ സന്ദിഗ്ദ ഘട്ടങ്ങളിൽ നിന്ന് നാമൊക്കെവിദഗ്ദമായി രക്ഷപ്പെട്ടിരിക്കുന്നു? അതൊന്നും ആരുടെയും മിടുക്കു കൊണ്ടാവണമെന്നില്ല. മറുവശത്ത് അപകടങ്ങളിൽ പെട്ട് പൊലിഞ്ഞു പോയവരാരും കഴിവുകെട്ടവരാകണമെന്നുമില്ല.
രണ്ട് കാര്യങ്ങളിൽ എനിക്ക് പലപ്പോഴും അത്ഭുതം തോന്നാറുണ്ട്. ക്യാൻസർ പോലുള്ള ജീവിത ശൈലീ രോഗങ്ങൾ നമുക്കിടയിൽ കൂടുതലാണെന്ന് പറയാറുണ്ട്. ഇപ്പോഴും ഭൂരിപക്ഷത്തിന് ക്യാൻസർ ബാധിച്ചിട്ടില്ല എന്നതാണ് ഒന്നാമതായി അത്ഭുതപ്പെടുത്തുന്ന കാര്യം. അതുപോലെ, ആക്സിഡന്റുകൾ നമ്മുടെ റോഡുകളിൽ പലയിടങ്ങളെക്കാളും അധികം സംഭവിക്കുന്നു. എന്നാൽ, അപകടങ്ങളിൽ പെടാതെ ഇത്തരം മോശം സാഹചര്യങ്ങളിലൂടെ ഭൂരിപക്ഷം വണ്ടികളും സഞ്ചരിക്കുന്നു എന്നത് തീർച്ചയായും അത്ഭുതകരം തന്നെയാണ്. നമ്മുടെ ജീവിത ശൈലികളും, പെരുമാറ്റ ശൈലികളും, അൽപ്പം വിചിത്രമെന്നല്ലാതെ എന്തു പറയാൻ?
ഏതായാലും ദുഖ്റാനയെക്കുറിച്ചുള്ള സ്മരണകൾ ആരംഭിക്കുന്നത് കണ്ണിൽ തുളച്ചുകയറുന്ന ഏതോ വാഹനത്തിന്റെ വെളിച്ചത്തിൽ നിന്നാണ്. അവസാനിക്കുന്നത് പതിവിലും ഇരുൾ നിറഞ്ഞ ഒരു ശബ്ദമുഖരിതമായ രാത്രിയിലും… പക്ഷെ ആ രാത്രിയും അനുഗ്രഹ പ്രദമായിരുന്നു എന്ന് ഇന്ന് തിരിച്ചറിയുന്നു…(Repost)
