ആഗോള യുവജന സമ്മേളനത്തിൻ്റെ പ്രതീകമായ വി. കുരിശിൻ്റെ രൂപം കൈമാറും

Share News

അടുത്ത ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെ കുർബാനക്ക് ശേഷം പനാമയിൽ നിന്നുള്ള യുവജനങ്ങൾ പോർച്ചുഗലിലെ യുവജനങ്ങൾക്ക് ആഗോള യുവജന സമ്മേളനത്തിൻ്റെ പ്രതീകമായ വി. കുരിശിൻ്റെ രൂപം കൈമാറും.

ക്രിസ്തു രാജൻ്റെ തിരുനാൾ ദിനമായ അടുത്ത ഞായറഴ്ച വത്തിക്കാൻ സാൻ പിയത്രോ ചത്വരത്തിൽ വച്ച് പ്രതീകാത്മകമായി യുവജനങ്ങളാണ് ഇത് നിർവഹിക്കുന്നത്. സാധാരണരീതിയിൽ ഓശാന ഞായറാഴ്ചയാണ് ഇത് നൽകാറുള്ളത്, എന്നാൽ ഈ വർഷം പ്രത്യേക സാഹചര്യം മൂലം അത് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 5 ലെ കർത്താവിൻ്റെ മാലാഖ പ്രാർത്ഥനക്ക് ശേഷം പാപ്പ തന്നെ ക്രിസ്തുരാജത്വ തിരുനാളിന് ഉണ്ടാകും എന്ന് പറഞ്ഞിരുന്നു.

യുവജനങ്ങൾക്ക് ഈ കുരിശ് ഒരു പ്രത്യാശക്ക് സാക്ഷ്യം വഹിക്കാനുള്ള അടയാളമാണെന്നും, കൂട്ടായ്മക്കും, പരസ്പര സഹായത്തിനും ഉള്ള അവസരമാണ് എന്നും പറഞ്ഞിരുന്നു. ആഗോള യുവജന സമ്മേളനത്തിൽ ഉപയോഗിക്കുന്ന കുരിശ് രൂപവും, മാതാവിൻ്റെ ഒരു ചിത്രവും ആണ് അടുത്ത സമ്മേളനം നടക്കുന്ന ലിസ്ബൺ യുവജനങ്ങൾക്ക് കൈമാറുന്നത്. 2023 ൽ പോർച്ചുഗലിലെ ലിസ്ബിണിൽ ആണ് അടുത്ത യുവജന സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.

1984 മുതൽ ആരംഭിച്ചതാണ് ഈ ചടങ്ങുകൾ. ആഗോള യുവജന സമ്മേളനത്തിന് മുന്നോടിയായി അതിൻ്റെ പ്രതീകമായ വി. കുരിശും സാലുസ് പോപ്പോളി റോമാനി എന്ന പേരിൽ അറിയപെടുന്ന കന്യക മാതാവിൻ്റെ രൂപവും ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലും കൊണ്ട്‌പോകാറുണ്ട്.

ഫാ. ജിയോ തരകൻ
റോമിൽ നിന്ന്


Share News