
“ആടുജീവിതം” സിനിമാ പ്രവർത്തകർ മറ്റന്നാൾ കൊച്ചിയിൽ തിരിച്ചെത്തും
ബ്ലെസ്സിയും, പൃഥ്വിരാജുമടങ്ങുന്ന സിനിമാ സംഘം മറ്റന്നാൾ കൊച്ചിയിൽ തിരിച്ചെത്തും. മാർച്ച് 15 ഓടെയാണ് “ആടുജീവിത”ത്തിന്റെ ചിത്രീകരണത്തിനായി ജോർദാനിൽ എത്തിയത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കവേയാണ് കൊവിഡ് ഭീഷണി ആരംഭിച്ചതും പ്രതിസന്ധി തുടങ്ങിയതും. തുടർന്ന് സംഘം ജോർദാനിൽ കുടുങ്ങുകയായിരുന്നു. സിനിമാ പ്രവർത്തകർ ജോർദാനിൽ നിന്ന് നാളെ പുറപ്പെടുന്ന എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി വഴിയാണ് കൊച്ചിയിലെത്തുക. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം ക്വാറന്റീനിൽ പോകും. പൃഥ്വിരാജും സംവിധായകൻ ബ്ലെസ്സിയും അടക്കം 58 പേരടങ്ങുന്ന സംഘം ആണ് അവർ ഉള്ളത്
.ജോർദാനിലെ വാദിറമ്മിലാണ് ആടുജീവിതത്തിന്റെ ടീം. ആദ്യ നാളുകളിൽ തന്നെ ആടുജീവിതത്തിലെ സംഘാംഗങ്ങളെല്ലാം സുരക്ഷിതരാണ് എന്ന് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി എയർ ഇന്ത്യ വിമാനം നാളെയാണ് ജോർദാനിലെത്തുക.
