
അധ്യാപകന് കൂച്ചുവിലങ്ങിട്ടാൽ തകരുന്നത് ഒരു തലമുറയാകും
അധ്യാപകന്റെ കർത്തവ്യങ്ങളും ചുമതലകളും അക്കമിട്ട് നിരത്താനും അത് ഒരു കോളത്തിലാക്കാനും വിഫലശ്രമങ്ങൾ സജീവമാകുന്ന സാഹചര്യത്തിലാണ് ഈ കുറിപ്പെഴുതുന്നത്.
അധ്യാപകന്റെ ഇടപെടലുകളും പ്രവർത്തനങ്ങളും ആരൊക്കെയോ നിയന്ത്രിക്കാൻ നടത്തുന്ന ശ്രമങ്ങൾ അപ്പന്റെ കൈ കെട്ടിയിടുന്ന മക്കളുടേതുപോലെയാണെന്ന് പറയാതിരിക്കാനാവില്ല. അധ്യാപകൻ ചെയ്യുന്ന പ്രവർത്തനങ്ങളുടെ വിശുദ്ധി മനസിലാക്കാത്തവരാണ് ഇത്തരത്തിലുള്ള ജല്പനങ്ങൾ നടത്തുന്നതെന്ന് പറയേണ്ടിവരുന്നു

.
. അധ്യാപനത്തിന്റെ വിശുദ്ധിയെ ആധികാരികമായി വിലയിരുത്താനുള്ള വിജ്ഞാനം എനിക്കില്ലെന്ന തിരിച്ചറിവും ഇതൊടൊപ്പമുണ്ട്. വിദ്യാർത്ഥിയെ ശകാരിക്കുന്ന അധ്യാപകൻ അറസ്റ്റിലാകുക, പരീക്ഷാനടത്തിപ്പിൽ കൃത്യത പുലർത്തിയാൽ പ്രതിയാക്കപ്പെടുക, വടിയെടുത്താൽ തല്ലിപ്പൊട്ടിച്ചെന്ന കേസിൽ ഉൾപ്പെടുക, ഉപദേശകന്റെ റോളിലെത്താൻ തയ്യാറായാൽ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിക്കുക എന്നിങ്ങനെ നീളുന്നു അധ്യാപകന് മേൽ ചാർത്തപ്പെടുത്തുന്ന കൊടുംപാതകങ്ങൾ.
എന്റെ സ്‌കൂൾ പഠനം പൂർത്തീകരിച്ചിട്ട് മൂന്ന് പതിറ്റാണ്ടോടുക്കുകയാണ്. ആ നാളുകൾ ഓർത്തുപോകുകയാണ്. സ്‌കൂളിലെത്തുന്ന മാതാപിതാക്കൾ ഞങ്ങളുടെ അധ്യാപകരോട് പറഞ്ഞിരുന്ന വാക്കുകൾ ഇന്ന് ഓർക്കുമ്പോൾ അവരോട് ആദരവാണ്. ”സാറേ ഇവനെ തല്ലിപഠിപ്പിക്കണം. നല്ല അടി കൊടുക്കണം സാറേ. ഇവനെ സാറിനെ ഏൽപ്പിച്ചിരിക്കുകയാണ്”.
ഇത്തരത്തിൽ വളർത്തപ്പെട്ടവർ മാതാപിതാക്കളായപ്പോൾ സംഗതി അങ്ങ് കീഴ്‌മേൽ മറിഞ്ഞു. തങ്ങൾക്ക് കിട്ടിയ ശിക്ഷണം തന്റെ മക്കൾക്ക് കിട്ടരുതെന്ന് വാശിപിടിക്കുന്നതുപോലെയാണ് പല മാതാപിതാക്കളും. മറ്റൊരു രീതിയിൽ തങ്ങളുടെ മക്കൾ അച്ചടക്കവും മര്യാദയും ഉള്ളവരാകരുതന്നെതുപോലെ തോന്നിപ്പോകും.

കഷ്ടതയും ബുദ്ധിമുട്ടും അറിയാതെ എടിഎം കണക്കെ പണം നൽകിയാൽ എല്ലാം ആയെന്ന ചിന്തയാണ് പലർക്കും. മക്കളുടെ പേരിൽ അമിത ആത്മവിശ്വാസമാണ് പലർക്കും. മുൻപൊന്നും ഇങ്ങനെ മക്കളുടെ പേരിൽ ആരും മനക്കോട്ടകൾ കെട്ടിയിരുന്നില്ലത്രെ. കാരണം കൂട്ടുകുടുബത്തിന്റെ വിശുദ്ധി പേറുന്നതായിരുന്നു വീടുകളേറയും.
അണുകുടുംബവ്യവസ്ഥിതിയിലും ഈ നല്ല വശൾ തുടരുന്നില്ലെന്നല്ല, കുറയുന്നുവെന്നാണ് പറയേണ്ടിവരിക. പേരന്റിംഗ് ഇന്ന് വലിയ പരിശീലനം ആവശ്യമുള്ള മേഖലപോലെയായിരിക്കുന്നു. അതിന് പ്രതിക്കൂട്ടിൽ കയറേണ്ടിവരുന്നത് മാതാപിതാക്കളാണെന്ന് അറിയണം. ”സാറോ, ഞാൻ പറഞ്ഞാൽ ഇവൻ കേൾക്കില്ല. സാറൊന്ന് പറയണം. എനിക്ക് പേടിയാ സാറേ ഇവനെങ്ങാനും വല്ലതും ചെയ്തുപോയാൽ” എന്ന് വിലപിക്കുന്ന മാതാപിതാക്കളെ ചൂണ്ടിക്കാണിക്കാൻ അല്പം പ്രതിബദ്ധതയുള്ള ഏത് അധ്യാപകനും ഇന്ന് കഴിയുമെന്നതിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ധ്യാപകർക്ക് കുട്ടികളെ ശാസിക്കാനും നേർവഴി നടത്താനും ശിക്ഷിക്കാനും കഴിയുന്നില്ലെങ്കിൽ പിന്നെ ആരിത് ചെയ്യുമെന്ന് പറയണം
പ്രിയ മാതാപിതാക്കളെ. നിങ്ങളുടെ മക്കൾ വഴിപിഴയ്ക്കുമ്പോൾ, ചുവടുതെറ്റുമ്പോൾ തിരുത്താൻ ശ്രമം നടത്തിയാൽ കൊലപാതകകേസുകളിലടക്കം പ്രതിയാകുന്ന സാഹചര്യമുണ്ടായാൽ ഏത് അധ്യാപകനെങ്കിലും ആ സാഹസത്തിന് മുതിരുമോ.
ഇപ്പോഴത്തെ മാതാപിതാക്കളോർക്കുക, നിങ്ങൾ വിദ്യാർത്ഥികളായിരുന്ന കാലത്ത് നിങ്ങളുടെ അധ്യാപകർ എങ്ങനെയാണ് പെരുമാറിയത്. വഴക്ക് പറഞ്ഞിട്ടില്ലേ. തല്ലി തുടപൊളിച്ചിട്ടില്ലേ. നിങ്ങൾ വീട്ടിലെത്തും മുൻപെ അയൽക്കാരെക്കൂട്ടി അപ്പൻ സ്‌കൂളിലെത്തുകയായിരുന്നോ പതിവ്. അധ്യാപകൻ അടിച്ച് പൊട്ടിച്ചത് അപ്പൻ കാണാതെ നോക്കുന്നവരായിരുന്നു അന്നത്തെ വിദ്യാർത്ഥികൾ. അപ്പൻ അത് കണ്ടാൽ അധ്യാപകന്റെ അടിക്ക് മുകളിൽ വീണ്ടും ചൂരൽ വീഴുമെന്നതായിരുന്നു അന്നത്തെ അലിഖിത നിയമം. കാരണം അധ്യാപകനും അപ്പനും പകരക്കാരില്ലാത്തവരായിരുന്നു.
അധ്യാപകനിൽ അപ്പനെയാണ് വിദ്യാർത്ഥികൾ കണ്ടത്. കളിക്കൂട്ടുകാരെയല്ല. കൂട്ടുകുടംബത്തിലെ കാരണവരല്ല, കൂടെ നടക്കുന്നവനും കൂട്ടിരക്കുന്നവനുമാകണം അധ്യാപകനെന്നാണ് ഒരു ന്യൂജെൻ നിലപാടെന്നതും വിസ്മരിക്കുന്നില്ല.
വിദ്യാർത്ഥികളെ ശകാരിക്കാനും ശിക്ഷിക്കാനും അധ്യാപകന് ലൈസൻസ് നൽകണമെന്നല്ല പറയുന്നത്. അവരെ എന്നാൽ വരുന്ന തലമുറയെ എ പ്ലസ് ജേതാക്കളാക്കുന്നതുമാത്രമല്ല വിദ്യാഭ്യാസമെന്ന് മാതാപിതാക്കൾ തിരിച്ചറിയേണ്ടതാണ് ആവശ്യം. വിദ്യാർത്ഥികളെ സാമൂഹിക പ്രതിബന്ധതയോടെ സാംസ്‌കാരിക മൂല്യങ്ങളോടെ വാർത്തെടുക്കുന്ന മൂശയാണ് അധ്യാപകനെന്ന് അറിയേണ്ടിരിക്കുന്നു. ഈ ശുദ്ധീകരണത്തിൽ വിദ്യാർത്ഥികളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അതിർവരമ്പിടുന്നുണ്ടെങ്കിൽ അവരുടെ ഭാവിയിൽ കൂടുതൽ ശോഭയുണ്ടാകും.
ചികിത്സകന് പിഴവ് സംഭവിച്ചാൽ ഒരു മനുഷ്യജീവന് നാശമുണ്ടാകും. എന്നാൽ അധ്യാപകനെ കൂച്ചുവിലങ്ങണിയിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങൾ വരുംതലമുറയെതന്നെ നാശത്തിലേക്ക് തള്ളിവിടും.
തങ്ങളുടെ മക്കൾ സാമൂഹികദ്രോഹികളാകേണ്ടെന്ന് കരുതുന്ന മാതാപിതാക്കൾ നമ്മുടെ മുൻതലമുറ ചെയ്തത് പോലെ മക്കളെ അധ്യാപകരുടെ സുരക്ഷിത കരങ്ങളിലേക്ക് വിട്ടുനൽകുക. അവർ വളരട്ടെ. സമവാക്യങ്ങളും ചരിത്രവും ഭാഷയും മാത്രം പഠിക്കുന്നവരായല്ല, നല്ല മനുഷ്യരാകാൻ. ഓർമ്മിക്കുക, ജാതിയും മതവും മറന്ന് നമ്മുടെ പൂർവികർ തുറന്നിട്ട വിദ്യാലയങ്ങളിലൂടെയും അവിടെ ജീവിതം സമർപ്പിച്ച് സ്വന്തം മക്കളായി നമ്മെ കരുതിയ അധ്യാപകരിലൂടേയുമാണ് ഞാനും നിങ്ങളും ഇന്ന് ഈ അക്ഷരങ്ങൾക്കൊണ്ട് ഇവിടെ നിലപാടുകളുയർത്താൻ കഴിയുന്നവരായത്.
എന്റെ നഴ്‌സറി മുതൽ ഗവേഷണം വരെ എന്നെ നയിച്ച മുഴുവൻ അധ്യാപകരേയും ആദരവോടെ ഓർമ്മിക്കുന്നു. എന്റെ മാതാപിതാക്കളുടേയും മക്കളുടേയും അധ്യാപകരെ കടപ്പാടുകളേടെ സ്മരിക്കുന്നു. ഒരാളുടെയെങ്കിലും ചിന്തകളിൽ നന്മയുടെ പ്രകാശം പൊഴിക്കാൻ ഈ അക്ഷരങ്ങൾക്ക് കഴിയണമെന്ന പ്രാർത്ഥനയോടെ.

ബെന്നി കോച്ചേരി.
89You, Thomas George, Benny Kochery and 86 others55 comments10 shares
One thought on “അധ്യാപകന് കൂച്ചുവിലങ്ങിട്ടാൽ തകരുന്നത് ഒരു തലമുറയാകും”
മറുപടി രേഖപ്പെടുത്തുക മറുപടി റദ്ദാക്കുക
Related Posts
രാമായണം ഒരു പുനർവായന’ എന്നാണ് പുസ്തകത്തിന്റെ പേര്, പേര് ഇഷ്ടമായില്ലെങ്കിൽ ഒന്നു പരിഷ്കരിച്ചു തരണം.’
ഡല്ഹി സര്വകലാശാല വൈസ് ചാന്സലറെ രാഷ്ട്രപതി സസ്പെന്റ് ചെയ്തു
- അതിജീവനത്തിൻ്റെ സന്ദേശം
- അനുഭവം
- ജനപ്രതിനിധി
- ജനാധിപത്യം
- ജൈവകൃഷി
- നമ്മുടെ നാട്
- നിലപാട്
- ഫേസ്ബുക്കിൽ
- മന്ത്രിസഭ
- മുഖ്യമന്ത്രി
- രാഷ്ട്രീയം
Now the importance is given to child oriented education. There is no voice to the teachers. We are affraid of many things. What to do. Teachers are in dellema.