വിജയത്തില്‍ മതിമറക്കരുത് പരാജയത്തില്‍ ഇടറുകയുമരുത്

Share News
adv charlie paul
Adv. Charly Paul

പരീക്ഷാഫലങ്ങള്‍ പുറത്തുവരുന്ന സന്ദര്‍ഭമാണ്. ഉന്നതവിജയം നേടുന്നവരോടൊപ്പം പരാജയപ്പെ ടുന്നവരും ഉണ്ടാകും. ചിലര്‍ക്ക് ഉദ്ദേശിച്ചത്ര മാര്‍ക്ക് ചില വിഷയങ്ങളില്‍ ലഭിച്ചിട്ടുണ്ടാകില്ല. ഓരോ കുട്ടിയും ആദ്യം ശ്രദ്ധിക്കേണ്ടത് മനസ്സിന്‍റെ ധൈര്യം കൈവെടിയാതിരിക്കുക എന്നതിലാണ്. വിജയത്തില്‍ അമിതമായ ആഹ്ലാദത്താല്‍ മതിമറക്കരുത്. ഒപ്പം പരാജയം സംഭവിച്ചതില്‍ ഇടറുകയുമരുത്. മാതാപിതാ ക്കള്‍ പരീക്ഷാഫലത്തിലെ വിജയവും പരാജയവും വച്ച് മക്കളെ അളക്കരുത്. കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കാന്‍ അവര്‍ക്ക് താങ്ങാകുക. ചെറിയ പരാജയങ്ങളില്‍പോലും അവര്‍ക്ക് തുണയും കരുത്തുമാകുക. ജീവിതത്തിലെ പല പരീക്ഷകളില്‍ ഒന്നുമാത്രമാണിത്.
പത്താംക്ലാസ്, പ്ലസ് ടു എന്നിവ കുട്ടികളുടെ ഭാവി രൂപവത്കരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കു ന്നുണ്ട്. എ പ്ലസ് കൂടുന്നതും മാര്‍ക്ക് കൂടുന്നതും ആഗ്രഹിക്കുന്ന സ്കൂളുകളില്‍, ആഗ്രഹിക്കുന്ന വിഷയ ത്തില്‍ അഡ്മിഷന്‍ കിട്ടാന്‍ സഹായിക്കുമെന്നത് നല്ല കാര്യമാണ്. മാര്‍ക്ക് കുറഞ്ഞവര്‍, പല കാരണങ്ങളാല്‍ അപ്രകാരം സംഭവിച്ചവരാകാം. മാര്‍ക്ക് കുറഞ്ഞതിന്‍റെ പേരില്‍ മാതാപിതാക്കള്‍ മക്കളില്‍ വലിയ സമ്മര്‍ദ്ദം ഏല്പിക്കരുത്. അവര്‍ ചില കടുംകൈകള്‍ക്കു മുതിര്‍ന്നേക്കാം. മാര്‍ക്ക് കുറഞ്ഞാലും മാതാപിതാക്കള്‍ ഒപ്പമുണ്ടെന്ന് മക്കള്‍ക്ക് തോന്നണം. മാര്‍ക്കിനേക്കാള്‍ വലുതാണ് മക്കള്‍. വിജയവഴികള്‍ ഏറെയുണ്ടെന്ന ബോധ്യം പകരുക.
പരാജയങ്ങള്‍ ചില അനുഭവപാഠങ്ങള്‍ സമ്മാനിക്കും. ലോകത്ത് വിജയിച്ചവരെല്ലാം തന്നെ തോല്‍വിയിലൂടെയാണ് മികവ് നേടിയിട്ടുള്ളത്. കൂടുതല്‍ ശക്തമായ തിരിച്ചുവരവിന് പരാജയങ്ങള്‍ ശക്തിപകരും. ഒരോ പരാജയവും ഓരോ തിരിച്ചറിവുകളാണ്. പരാജയങ്ങള്‍ നമ്മെക്കുറിച്ച് സ്വയം മനസ്സിലാക്കുവാനും ജീവിതത്തെക്കുറിച്ച് അവബോധം നല്‍കുവാനും സഹായിക്കും. പരീക്ഷയിലെ വിജയ പരാജയങ്ങള്‍ക്ക് അന്തിമ ജീവിതവിജയവുമായി ഒരു ബന്ധവുമില്ലെന്ന് കുട്ടികളെ ബോധ്യപ്പെടുത്തേണ്ടത് മാതാപിതാക്കളാണ്. പോരായ്മകള്‍ സാവധാനം, സൗമ്യമായി, സമാധാനത്തോടെ ബോധ്യപ്പെടുത്തി അവ പരിഹരിച്ചു മുന്നേറാന്‍ ഒപ്പം നില്‍ക്കുക. പറ്റിയ തെറ്റുകളെ മറികടക്കാന്‍ എന്തുചെയ്യണമെന്ന് ചിന്തിപ്പി ക്കുക. പൂര്‍വ്വാധികം ശക്തിയോടെ അടുത്ത പരീക്ഷകളില്‍ വിജയം വരിക്കാനുള്ള ചങ്കുറപ്പ് പകര്‍ന്നു നല്‍കുക. അതാണ് ഉത്തമ പാരന്‍റിംഗ്.
കുട്ടികളെ നമ്മുടെ നാട്ടില്‍ വിലയിരുത്തുന്നത് അവന് കിട്ടിയ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ്. അത് ശരിയല്ല. മാര്‍ക്ക് കുറഞ്ഞവര്‍ മണ്ടന്മാരല്ല. ബുദ്ധിശക്തിയുടെ പ്രത്യേകതകള്‍ ഓരോരുത്തരിലും ഓരോ വിധത്തിലാണ്. 1983 ല്‍ ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ സൈക്കോളജിസ്റ്റും ന്യൂറോസയന്‍സ് പ്രഫസറുമായ ‘ഹോവാര്‍ഡ് ഗാര്‍ഡ്നര്‍’ മള്‍ട്ടിപ്പിള്‍ ഇന്‍റലിജെന്‍സ് എന്ന ആശയം മുന്നോട്ടുവച്ചു. ബുദ്ധിശേഷിയെ പല വിഭാഗങ്ങളായി കണക്കാക്കിയാണ് മള്‍ട്ടിപ്പിള്‍ ഇന്‍റലിജെന്‍സ് അദ്ദേഹം വിശദീകരിച്ചത്. പലതരം ബുദ്ധിശക്തിയുടെ മിശ്രണമാണ് ഓരോരുത്തരിലുമുള്ളത്. അതില്‍ ചിലതിന് മുന്‍തൂക്കം കൂടും. അതനുസരിച്ചാണ് കഴിവും താത്പര്യവും രൂപപ്പെടുന്നത്. ചിലര്‍ക്ക് കണക്ക് മറ്റുചിലര്‍ക്ക് ഭാഷാവിഷയങ്ങള്‍. ചിലര്‍ക്ക് സാഹിത്യമാകും. മറ്റു ചിലര്‍ക്ക് കല/സ്പോര്‍ട്ട്സ് എന്നിങ്ങനെ മള്‍ട്ടിപ്പിള്‍ ഇന്‍റലിജെന്‍സിലെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് അഭിരുചികള്‍ വ്യത്യസ്തമാകും. വിദ്യാര്‍ത്ഥിയുടെ താത്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം, നൈപുണ്യശേഷി, ജോലിസാധ്യത, ഉപരിപഠന സാധ്യത, കോഴ്സിന്‍റെ ദൈര്‍ഘ്യം, കുടുംബത്തിന്‍റെ സാമ്പത്തിക നില എന്നിവയ്ക്കനുസരിച്ച് കോഴ്സ് തെരഞ്ഞെടുത്താലേ ജീവിതത്തില്‍ വിജയിക്കാനാവൂ. രക്ഷിതാക്കള്‍ ശാഠ്യം പിടിച്ച് അവരുടെ ആഗ്രഹം കുട്ടികളില്‍ അടിച്ചേല്പിക്കാന്‍ ശ്രമിച്ചാല്‍ കാര്യങ്ങള്‍ തകിടം മറിയും. ഒരു വിഷയത്തിനെങ്കിലും എ പ്ലസ് ഉണ്ടെങ്കില്‍ അതിലാണവന്‍റെ അഭിരുചി. അഭിരുചി കണ്ടെത്താനുള്ള മന:ശാസ്ത്ര ടെസ്റ്റുകള്‍ നടത്തിയശേഷം കോഴ്സുകള്‍ തെരഞ്ഞെടു ക്കുക. അന്തിമതീരുമാനം കുട്ടിയുടേതാകണം. കണക്കില്‍ അഭിരുചിയില്ലാത്ത കുട്ടിയെ കണക്ക് വിഷയങ്ങളില്‍ ഉപരിപഠനത്തിന് ചേര്‍ക്കരുത്. കണക്കില്‍ വൈദഗ്ധ്യമുള്ള തലച്ചോര്‍ ഇടങ്ങള്‍ ഇല്ലാത്ത ഒരാളെ കണക്കില്‍ മിടുക്കനാക്കാന്‍ പരിമിതിയുണ്ട്. അഭിരുചി കണ്ടെത്തി വളരാന്‍ അനുവദിച്ചാല്‍ കുട്ടികള്‍ അത്ഭുതങ്ങള്‍ കാണിക്കും. ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ പറയുന്നു; “ആള്‍ ആര്‍ ജീനിയസ്”. നിങ്ങളുടെ കുട്ടി മണ്ടനല്ല, ജീനിയസാണ് .മക്കളില്‍ അഭിമാനം കൊള്ളുക. 9847034600.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു