
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയിൽ നിന്നു ഔദ്യോഗികമായി അമേരിക്ക ഏറ്റെടുത്ത ദിനമാണ് ഒക്ടോബർ 18. ഇത് ചരിത്രത്തിൽ അലാസ്ക ദിനമായി ആചരിക്കപ്പെടുന്നു
അലാസ്‌ക അമേരിക്കയ്ക്ക് സ്വന്തം
ഡെന്നി തോമസ് വട്ടക്കുന്നേൽ
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയിൽ നിന്നു ഔദ്യോഗികമായി അമേരിക്ക ഏറ്റെടുത്ത ദിനമാണ് ഒക്ടോബർ 18. ഇത് ചരിത്രത്തിൽ അലാസ്ക ദിനമായി ആചരിക്കപ്പെടുന്നു.
ലോകത്തിലെ ഏറ്റവും വിസ്തൃതമായ ഭൂപ്രദേശങ്ങളിലൊന്നിന്റെ തലവര മാറ്റിമറിച്ച സംഭവമാണിത്. രാജ്യങ്ങളുടെ വളർച്ചയിൽ ഭൂപ്രദേശങ്ങൾക്കുള്ള നിർണായകമായ പങ്ക് വെളിവാകുന്ന ഒരു ഓർമ കൂടിയാണ് അലാസ്ക കൈമാറ്റം.ഭരണ സിരാകേന്ദ്രത്തിൽ നിന്ന് വളരെ അകലത്തിൽ സ്ഥിതി ചെയ്യുന്ന, ജനവാസം തീരെ കുറഞ്ഞ ഈ പ്രദേശം റഷ്യൻ സാമ്രാജ്യത്തിനെന്നും തലവേദന സൃഷ്ടിച്ചു.

ശത്രുവായ ബ്രിട്ടനുമായുള്ള യുദ്ധത്തിൽ അലാസ്ക നഷ്ടപ്പെടുമോ എന്ന ആശങ്ക റഷ്യയെ എന്നും അലട്ടിയിരുന്നു. അങ്ങനെയാണ് അമേരിക്കൻ പ്രസിഡന്റായിരുന്ന ആൻഡ്രു ജോൺസന്റെ നിർദേശപ്രകാരം സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന വില്യം ഹെന്റി സെവാർഡ് നയതന്ത്ര സൗഹൃദം പുലർത്തിയിരുന്ന റഷ്യയിൽ നിന്നു അലാസ്ക വാങ്ങാമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. റഷ്യൻ മന്ത്രിയായിരുന്ന എഡ്വേർഡ് സ്റ്റോക്കലിനെ ചർച്ചയ്ക്കായി റഷ്യ നിയോഗിച്ചു. കിഴക്കൻ സൈബീരിയയിൽ റഷ്യൻ സാമ്രാജ്യത്തിന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നായിരുന്നു സ്റ്റോക്കലിന്റെ പക്ഷം. അങ്ങനെ 1867 മാർച്ചിൽ സെവാർഡ് സ്റ്റോക്കലുമായി ചർച്ച ആരംഭിച്ചു. എന്നാൽ ഈ ചർച്ചയെ വലിയ സംശയത്തോടെയാണ് അമേരിക്കൻ ജനത കണ്ടത്
. ഉപയോഗശൂന്യമായ അലാസ്ക സ്വന്തമാക്കുന്നത് ചരിത്രത്തിലെ വലിയ അബദ്ധമാണെന്ന വ്യാപകമായ പ്രചാരണം അമേരിക്കയിലുണ്ടായി. ഈ കച്ചവടത്തെ ‘സെവാർഡിന്റെ വിഡ്ഢിത്തം’ എന്നും അലാസ്കയെ ‘ആൻഡ്രൂ ജോൺസന്റെ ധ്രുവക്കരടി സങ്കേതം’ എന്നും വിശേഷിപ്പിച്ചു. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി ഇംപീച്ച്മെന്റിന് വിധേയനായ ആൻഡ്രൂജോൺസണിനോടുള്ള ജനങ്ങളുടെ വിരോധവും അലാസ്ക വിഷയത്തിൽ വിലങ്ങുതടിയായി. 5 ദശലക്ഷം ഡോളർ നൽകാമെന്ന നിർദ്ദേശം സെവാർഡ് മുന്നോട്ടുവച്ചു. നിരവധി മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കൊടുവിൽ 7.2 ദശലക്ഷം ഡോളറിന് അലാസ്ക കൈമാറാമെന്ന് തീരുമാനമായി.
ഒരേക്കറിന് 2 സെന്റ് (പെനി എന്ന നാണയം) എന്ന രീതിയിലായിരുന്നു ഏകദേശം 1520000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അലാസ്ക പ്രദേശത്തിന്റെ കൈമാറ്റകരാർ ഉറപ്പിക്കപ്പെട്ടത്. അമേരിക്കൻ സെനറ്റിൽ രണ്ടിനെതിരെ 37 വോട്ടുകൾക്ക് ഈ കരാർ അംഗീകരിക്കപ്പെട്ടു. നിരവധി റഷ്യക്കാർ തങ്ങളുടെ മാതൃരാജ്യത്തേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു. ‘Winged Arrow’ എന്ന കപ്പൽ ഈ ആവശ്യത്തിന് മാത്രമായി റഷ്യ വാങ്ങി. കാലക്രമേണ മുഴുവൻ റഷ്യക്കാരും അലാസ്ക ഉപേക്ഷിച്ചു റഷ്യയിലേക്ക് മടങ്ങി.
1870 മുതൽ 1890 വരെ നീർനായയുടെ തൊലി കയറ്റുമതിയിലൂടെ അലാസ്ക പ്രശസ്തമായി. 1896-ൽ അതിർത്തി പ്രദേശമായ ക്ലോണ്ടിക്കേയിൽ (Klondike) സ്വർണ നിക്ഷേപമുണ്ടെന്ന വാർത്ത അലാസ്കയിലേക്ക് ലക്ഷക്കണക്കിന് ഭാഗ്യാന്വേഷികളെ എത്തിച്ചു. ഡാസൺ നഗരം ക്ലോണ്ടിക്കേയ്ക്ക് സമീപം യൂക്കോൺ നദീതീരത്ത് രൂപവത്കൃതമായി. സമ്പത്തിന്റെ അതിപ്രസരം ഈ പ്രദേശത്തെ വളർച്ചയിലേക്ക് നയിച്ചു. ‘അലാസ്ക ഗോൾഡ് റഷ്’ എന്ന പേരിൽ ഈ സംഭവം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു. 1959 ജനവരി 3ന് അമേരിക്കൻ ഐക്യനാടുകളിലെ 49-ാമത് സംസ്ഥാനമായി അലാസ്ക ചേർക്കപ്പെട്ടു.

ഭൂവിസ്തൃതിയിൽ അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് അലാസ്ക. പെട്രോളിയം, പ്രകൃതിവാതകം, സ്വർണം, കൽക്കരി, മത്സ്യോത്പാദനം തുടങ്ങിയ മേഖലകളിൽ അലാസ്കയ്ക്ക് സവിശേഷമായ സ്ഥാനം ലഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ പൈപ്പ് ലൈനുകളിലൊന്നായ ‘ട്രാൻസ് അലാസ്ക പൈപ്പ് ലൈൻ’ അലാസ്കയുടെ സമ്പത്തിന്റെ ശക്തിസ്രോതസ്സുകളിലൊന്നാണ്. ആങ്കറേജ് നഗരം അലാസ്കയിലെ ഏറ്റവും പ്രമുഖ വാണിജ്യ വ്യവസായ കേന്ദ്രമായി നിറഞ്ഞ് നിൽക്കുന്നു. ഭൂമിശാസ്ത്രപരമായി ഏറെ പ്രാധാന്യമുള്ള അലാസ്ക 30 ലക്ഷം തടാകങ്ങളും 1 ലക്ഷത്തോളം മഞ്ഞുമൂടിയ ഹിമാനികളും നിരവധി ജന്തുജാലങ്ങളും ഉൾപ്പെടെ ആവാസവ്യവസ്ഥയുടെ കേന്ദ്രബിന്ദുവായി അറിയപ്പെടുന്നു.
അലാസ്കയുടെ വിജയകരമായ കൈമാറ്റത്തിന് സാർ ചക്രവർത്തി അലക്സാണ്ടർ -2 എഡ്വേർഡ് സ്റ്റോക്കലിന് 25000 അമേരിക്കൻ ഡോളറും 6000 ഡോളർ വാർഷിക പെൻഷനും നൽകി. അമേരിക്കയുടെ സാമ്രാജ്യം വികസിപ്പിക്കുന്നതിന് വില്യം സെവാർഡ് നടത്തിയ അലാസ്ക കൈമാറ്റം അദ്ദേഹത്തെ വിഖ്യാതനാക്കി. ചരിത്രത്തിലെ നിരവധി ഏടുകളിൽ നാം ഊളിയിടുമ്പോൾ അസാധാരണമാണ് ഇത്തരം സംഭവങ്ങൾ.ഏതെങ്കിലുമൊരു രാജ്യത്തിന്റെ ഭൂപ്രദേശം യുദ്ധത്തിലൂടെയല്ലാതെ നേടിയ ചരിത്രം വിരളം. എന്തൊക്കെയായാലും തങ്ങൾക്ക് സംഭവിച്ചത് ഒരു തീരാനഷ്ടമാണെന്ന് റഷ്യ ഓർക്കുന്നുണ്ടാവും.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും തന്ത്രപരമായ ഒരു നീക്കമായി അലാസ്ക കൈമാറ്റം മാറി, ഒപ്പം വില്യം സെവാർഡിന് അമരത്വവും

കടപ്പാട് ഓൺലൈൻ മാധ്യമങ്ങൾ