
അൾത്താര

സുനിൽ ജോസ്
ആളുകൾ ആരുമില്ലാതെ ദേവാലയം
ഏകാനായ് ദൈവമേ ഞാൻ നിൻ പുരോഹിതൻ
അൾത്താരയിൽ തിരികെട്ടുപോയ് പൂവുകൾ
ഒക്കെയും വാടി കരിഞ്ഞുപോയെപ്പൊഴോ
കുന്തിരിക്കത്തിന്റെ ഗന്ധം, അഭൗമമാം
അന്തരീക്ഷത്തിൽ സ്വരരാഗമേളനം
നൊന്തുപാടുന്ന ഹൃദയങ്ങളായിരം
കണ്ഠനാളങ്ങളില്ല, ഒക്കെയും ഓർമ്മകൾ
മങ്ങിയ വെട്ടം അരിച്ചെത്തുമൊച്ചകൾ
പങ്കുവയ്ക്കാനില്ല തീർത്തും തനിച്ചിവൻ
നേർത്തൊരു പ്രാർത്ഥന പോലുമാവാതെ
ഞാൻ ഓർത്തിരിക്കുന്നു പഴയദിനങ്ങളെ
ചാഞ്ഞു പെയ്യുന്നു പതുക്കെ പലനിറ
ജാലകപ്പാളി നിലാവെളിച്ചങ്ങളെ
ഒക്കെയും നിൻറെതാണീയിരുട്ടിൽ, സ്വച്ഛ
മൃത്യുവും നിൻകരം വന്നുതൊടുന്നതാം
ഏതോ കിളിയൊച്ച എന്നെ ഉണർത്തവേ
ദീപം കൊളുത്തുന്നു സൂര്യനൾത്താരയിൽ