
അമേരിക്കയിൽ മരണം ഒന്നര ലക്ഷം കടന്നു; ഇന്ത്യയിൽ കൊവിഡ് കേസുകൾ 15 ലക്ഷത്തിലേക്ക്
ലോകമെമ്പാടും കൊവിഡ് കേസുകൾ മരണങ്ങളും ഉയരുന്നത് തുടരുന്നു. ഇതുവരെ രോഗം ബാധിച്ചവരുടെയെണ്ണം 16,640,000 കടന്നിരിക്കുകയാണ്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നത്. അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നിട്ടുമുണ്ട്. പ്രതിദിനം അമ്പതിനായിരത്തോളം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം അതിവേഗമാണ് ഉയരുന്നത്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിലും അമേരിക്കയാണ് മുന്നിലുള്ളത്. വിശദവിവരങ്ങൾ പരിശോധിക്കാം.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 16,640,000

ലോകമെമ്പാടും കൊവിഡ് ബാധിച്ചവരുടെ എണ്ണം 16,642,264 ആയി ഉയർന്നിരിക്കുകയാണെന്നാണ് വേൾഡോ മീറ്ററിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്. ആകെ മരണസംഖ്യ 656,488 ആയിട്ടുമുണ്ട്. ഒരു കോടി അറുപത്തിയാറ് ലക്ഷത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 5754,209 പേരാണ് നിലവവിൽ ചികിത്സയിലുള്ളത്. ഇതിൽ 66,573 പേരുടെ നില ഗുരുതരമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 10,231,567 പേർക്ക് ഇതിനോടകം രോഗം ഭേദമായിട്ടുമുണ്ട്.
അമേരിക്കയിൽ മരണം ഒന്നര ലക്ഷം

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള അമേരിക്കയിൽ മരണസംഖ്യ ഒന്നര ലക്ഷം കടന്നിരിക്കുകയാണ്. വേൾഡോ മീറ്ററിന്‍റെ കണക്ക് പ്രകാരം 150,444 പേർക്കാണ് യുഎസ്എയിൽ ജീവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 567 പേർക്കാണ് ഇവിടെ ജീവൻ നഷ്ടപ്പെട്ടത്. ഇതേ സമയപരിധിയിൽ 60,003 പേർക്കാണ് രാജ്യത്ത് രോഗം ബാധിച്ചിരിക്കുന്നത്. ഇതോടെ അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 4,433,410 ആയി ഉയർന്നെന്നും വേൾഡോമീറ്റർ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബ്രസീലിൽ 23,000 ത്തിലധികം രോഗികൾ കൂടി

ബ്രസീലിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 23,000 ത്തിലധികം പേർക്ക് കൊവിഡ് ബാധിച്ചെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 600ൽ അധികം പേർക്ക് ഇതേ സമയപരിധിയിൽ ജീവൻ നഷ്ടപ്പെട്ടിട്ടുമുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 23,284 പേർക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 2,442,375 ആയി ഉയർന്നിരിക്കുകയാണ്. 614 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 87,618 ആയിട്ടുമുണ്ട്. നിലവിൽ 688,134 ആക്ടീവ് കേസുകളാണ് ഇവിടെയുള്ളത്.
ഇന്ത്യയിൽ കൊവിഡ് കേസുകൾ 15 ലക്ഷത്തിലേക്ക്

ഇന്ത്യയിലും കൊവിഡ് കേസുകൾ ആശങ്കാജനകമായി ഉയരുകയാണ്. വേൾഡോമീറ്ററിന്‍റെ കണക്ക്പ്രകാരം രാജ്യത്തെ രോഗബാധിതരുടെ എണ്ണം 15 ലക്ഷത്തിനടുത്തെത്തിയിരിക്കുകയാണ്. രാജ്യത്തെ ഔദ്യോഗിക കൊവിഡ് കണക്കുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിടാനിരിക്കുന്നതേയുള്ളു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം 24 മണിക്കൂറിനിടെ ഏറ്റവുമധികം രോഗികൾ മരിച്ച രാജ്യം ഇന്ത്യയാണ്. 636 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 33,000 പിന്നിട്ടു. ഇന്ത്യയില്‍ 46,000ത്തിലേറെ പേർക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,482,503 ആയെന്നും വേൾഡോമീറ്റർ പറയുന്നു.