അനുഭവങ്ങള്‍ ആനന്ദമാക്കാം ചരിത്രമായി മനസിനെ നിറയ്ക്കാം പൊന്നച്ചന്‍ വക്കീല്‍

Share News

അനുഭവങ്ങള്‍ നമുക്കും മറ്റുള്ളവര്‍ക്കും ആനന്ദമാക്കാന്‍ ശ്രമിക്കണം.

ഓര്‍മകള്‍ പലതും നമ്മെ സന്തോഷിപ്പിക്കും. അതു ചരിത്രപരമായി മനസിനെ നിറയ്ക്കും. ചിന്തകള്‍ സജീവമാകേണ്ട കാലമാണിത്. ഏതു തൊഴിലിലും വ്യാപൃതരായിരിക്കുന്നവര്‍ക്കും ലോകത്തിനു നല്‍കാന്‍ പറ്റിയ നല്ല അനുഭവങ്ങള്‍ കാണും. അതു വക്കീലോ, ഡോക്ടറോ, എന്‍ജിനീയറോ, അധ്യാപകരോ, ഏതുതരം തൊഴിലാളികളോ ആകട്ടെ, എല്ലാ തൊഴിലും മഹത്വമുള്ളതു തന്നെ. പരീക്ഷിച്ചുളവായ ജ്ഞാനവും, ആസ്വാദനവും, അനുഭൂതികളും, അന്തര്‍ദര്‍ശനങ്ങളും നന്മകളായിത്തീരും.


പ്രസിദ്ധരായ ചിലരുടെ ജീവചരിത്രം ആത്മകഥകളായി പ്രസിദ്ധീകരിച്ചു നാം കണ്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്. ആത്മകഥ ഒരിക്കലും ആത്മ പ്രശംസയാകരുത്. ആ ഗണത്തില്‍ പെട്ടാല്‍ അതു മൂല്യശോഷണം ബാധിച്ച കൃതിയാകും. ബഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ ഓര്‍പ്പിച്ചതിങ്ങനെ, ഒന്നുകില്‍ എഴുതാന്‍ കൊള്ളാവുന്നവിധം ജീവിക്കുക, അല്ലെങ്കില്‍ വായിക്കാന്‍ കൊള്ളാവുന്നവിധം എഴുതുക.


ഇത്രയും ആമുഖമായി എഴുതാന്‍ കാര്യകാരണങ്ങള്‍ ഉണ്ട്. കടന്നുപോയ സ്വകാര്യജീവിതത്തിലും വക്കീല്‍ ജീവിതത്തിലും ഏകാന്തത എന്നെ ചുഴലിപോലെ ചുറ്റിവളഞ്ഞു. ആത്മീയത നിഴലിട്ടപ്പോള്‍ അതില്‍ ഞാന്‍ വിലയംപ്രാപിച്ചു. കാന്‍സര്‍ രോഗത്താല്‍ ഭാര്യ അകാലത്തില്‍ കടന്നുപോയപ്പോള്‍, ജീവിതം കലുഷിതമാക്കിയെങ്കിലും, ഞാനും കുടുംബവും അനുഭവിച്ചറിഞ്ഞ ദുഃഖങ്ങളും സന്തോഷങ്ങളും അനുഭൂതികളും ആസ്വാദനങ്ങളും സമ്മിശ്രമാക്കി എഴുതിയ പുസ്തകം ‘ഗേളി ഒരു സുന്ദര സങ്കീര്‍ത്തനം’ പലര്‍ക്കും അനുഭവവേദ്യമാക്കി. പിന്നീട് ആത്മീയത ചാലിച്ചു പല പുസ്തകങ്ങളും എഴുതുവാനും പ്രസിദ്ധീകരിക്കുവാനും സാധിച്ചു.


എന്നാല്‍ മതനിരപേക്ഷതയോടെ എഴുതിയ പുസ്തകമാണ് ‘വക്കീല്‍ കഥകളും നാട്ടുവിശേഷങ്ങളും.’ അത് ഏതു സാഹിത്യശാഖയില്‍ പെടും എന്നത് അപ്രസക്തം.

ആത്മകഥയെന്നോ ആത്മാവിഷ്കാരമെന്നോ അതിനെ ചൊല്ലി വിളിക്കാം.

അതിലെ കഥാപാത്രങ്ങള്‍ സാങ്കല്പികങ്ങള്‍ അല്ല. സഞ്ചരിച്ച വഴികളിലും അഭിഭാഷകവൃത്തിയിലും നേര്‍ക്കുനേര്‍ കണ്ട ചിലരുടെ നിഷ്കളങ്ക ജീവിതമാണ്. അതിലെ സംഭവങ്ങള്‍ ഒരുകൂട്ടം ജീവിതങ്ങളുടെ കേസുകെട്ടുകളാണ്.

30 അധ്യായങ്ങളിലായി ഇറങ്ങിവരുന്ന നാട്ടുവിശേഷങ്ങളാണ്.

വായിക്കുമ്പോള്‍ ഏതെങ്കിലുമൊരു കഥാപാത്രം തന്നെ ബന്ധിക്കുന്നതല്ലേ എന്ന തോന്നല്‍, ഈ പുസ്കത്തിനു ലഭിച്ച സ്വീകാര്യതമൂലം പ്രസാധകര്‍ ആറു മാസത്തിനുള്ളില്‍ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു.


ഉദാഹരണത്തിന്, 11-ാം അധ്യായത്തിന്‍റെ ശീര്‍ഷകം ‘സ്പോണ്‍ സേഡ് ശവസംസ്കാരം’ എന്നാണ്. കൊറോണ എന്ന മഹാമാരി എത്തുന്നതിനു മുന്‍പ് ശവസംസ്കാരം ആഘോഷമാക്കിയിരുന്ന ഒരു നാടാണ് കേരളം.

സമകാലീന സംഭവങ്ങള്‍ ആ കഥയെ കൂടുതല്‍ ആകര്‍ഷകമാക്കി.
കൊറോണ കാലത്ത് ഈ പുസ്തകം ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി, څഅറ്ീരമലേ ടീൃശേലെ മിറ ഇീൗിൃ്യേ ഇവമേെچ എന്നു നാമകരണം ചെയ്തു. ഇന്ത്യയിലെ പേരെടുത്ത ഒരു സാഹിത്യ സംഘടന പ്രസിദ്ധീകരണത്തിന് ഏറ്റെടുത്തത് ആത്മബലം നല്‍കുന്നു.
മലയാള ഭാഷയിലുള്ള പുസ്തകം വായിച്ച അനേകരുണ്ട്.

അവരില്‍ ആദരണീയരായ ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍നായര്‍, ജസ്റ്റിസ് കെ. സുകുമാരന്‍, സാംസ്കാരിക നായകന്‍ സര്‍വശ്രീ എം.കെ. സാനുമാസ്റ്റര്‍, സാഹിത്യകാരനും ചിന്തകനുമായ സണ്ണി പ്ലാംതോപ്പില്‍ എന്നിവര്‍ നിരൂപണങ്ങള്‍ എഴുതി പ്രോത്സാഹിപ്പിച്ചു.

ഈ പുസ്തകത്തിന് ആസ്വാദ്യകരമായി അവതാരിക എഴുതിയത്, ബഹുമാന്യനായ മുന്‍ സുപ്രീംകോടതി ജഡ്ജിയും മുന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനംഗവും ഇപ്പോള്‍ ലോകായുക്തയായിരിക്കുന്ന ജസ്റ്റിസ് സിറിയക് ജോസഫ് ആണ്.

ആദരണീയനായ മിസോറം ഗവര്‍ണര്‍ ശ്രീ. പി.എസ്. ശ്രീധരന്‍പിള്ള എഴുതി നല്‍കിയ ആസ്വാദനലേഖനം പുസ്തകത്തിന്‍റെ കവര്‍ പേജിനൊപ്പം വായനക്കാരുടെ ശ്രദ്ധയ്ക്കു വയ്ക്കുന്നു.

vakkeel kadhakalum

കോവിഡും ലോക്ക്ഡൗണും നമ്മെ പുറത്തിറക്കുന്നതിനു തടസമെങ്കിലും വീട്ടിലിരുന്നു നേട്ടമുണ്ടാക്കിയ എം.കെ. പുതുശ്ശേരി എന്ന സാഹിത്യകാരനെ ഇത്തരുണത്തില്‍ ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഊര്‍ജവും ആര്‍ജവവും വന്നെത്തുന്നു.

86-ാം വയസില്‍ 86 പുസ്തകങ്ങള്‍ രചിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു. ‘കുഞ്ഞഗസ്തിയുടെ കുസൃതികള്‍’ എന്ന നോവല്‍ ഈ കോവിഡ് കാലത്ത് എഴുതി പ്രസിദ്ധീകരിച്ച്, വില്പന നടക്കുന്നു. കേന്ദ്ര സാഹിത്യ നാടക അക്കാദമി, സംസ്ഥാന സര്‍ക്കാരിന്‍റെ ബഹുമതികള്‍ പലതും കൈവന്ന ഇദ്ദേഹം 62 വര്‍ഷം ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. കോവിഡ് കാലത്ത് ജോലിയില്ലെങ്കിലും എഴുത്തിന്‍റെ തപസ്യയില്‍ അദ്ദേഹം ഇരിക്കുന്നു. പുസ്തകം എഴുത്തു ലാഭകരമാക്കാനല്ല, മറ്റുള്ളവരെ സന്തോഷിപ്പിക്കാനാണ്.


കോവിഡ് കാലത്ത് ഞാന്‍ മറ്റൊരു പുസ്തകം എഴുതി അച്ചടിയിലേക്കു മാറ്റി,

‘കരയാത്ത കക്ഷികളും കഥ പറയുന്ന വക്കീലും’

എന്ന നാമകരണത്തില്‍ ഉടന്‍ പ്രസിദ്ധീകരണത്തിനു തയാറാകുന്നു.

അനുഭവങ്ങളും അനുഭൂതികളും നര്‍മത്തില്‍ ചാലിച്ച് എഴുതിയ 25 ചെറുകഥകള്‍ അനുവാചകര്‍ സസന്തോഷം സ്വീകരിക്കുമെന്നു പ്രത്യാശിക്കുന്നു.

എല്ലാവര്‍ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട് നിര്‍ത്തുന്നു.

Share News