
കന്യാസ്ത്രീകൾ കർത്താവിന്റെ മണവാട്ടികളോ? കർത്താവിന് മണവാട്ടികളെക്കൊണ്ട് എന്താവശ്യം? ആരാണ് ഇങ്ങിനെ ഒരു സംവിധാനം തുടങ്ങിയത്? എന്തിന് വെറുതെ ജന്മം പാഴാക്കുന്നു?
കന്യാസ്ത്രീകൾ കർത്താവിന്റെ മണവാട്ടികളോ? കർത്താവിന് മണവാട്ടികളെക്കൊണ്ട് എന്താവശ്യം? ആരാണ് ഇങ്ങിനെ ഒരു സംവിധാനം തുടങ്ങിയത്? എന്തിന് വെറുതെ ജന്മം പാഴാക്കുന്നു? ഇറങ്ങിപ്പോയി മര്യാദയ്ക്ക് കല്യാണം കഴിച്ചു ജീവിച്ചു കൂടെ?

ആരോ നിങ്ങളെ പറഞ്ഞു ബ്രയിൻവാഷ് ചെയ്തു….. ഇങ്ങിനെ നീളുന്ന ഒരുപാട് ഒരുപാട് ഉപദേശങ്ങൾക്കും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഒരു ഉത്തരം കൊടുക്കണം എന്ന് തോന്നി ഏതാനും വരികൾ കുറിക്കുകയാണ്.
ഒരു കന്യാസ്ത്രീയാകാൻ കൊതിച്ചത്, അതിനു വേണ്ടി ഇറങ്ങി തിരിച്ചത് ഒരിക്കലും കർത്താവിന്റെ മണവാട്ടി ആകാം എന്ന വ്യാമോഹത്തിലല്ല….
കർത്താവിനെ കുറെയേറെ സ്നേഹിക്കണം…. ആ സ്നേഹത്തിന്റെ ആനന്ദത്തിൽ കുറെ മനുഷ്യജീവിതങ്ങളെ സ്നേഹം കൊണ്ട് വീണ്ടെടുക്കണം…
. അങ്ങനെ സ്വന്തം കാര്യം മറന്ന് അപരനുവേണ്ടി ജീവിക്കാനുള്ള സ്വപ്നങ്ങളുമായി മുന്നേറിയപ്പോൾ, സന്യാസ പരിശീലനത്തിന്റെ നാൾവഴികളിൽ മനസ്സിൽ പതിഞ്ഞ ചില മണിമുത്തുകൾ ഉണ്ട്. അതിലൊന്നാണ് ‘മറ്റൊരു ക്രിസ്തു’വായി മാറണം എന്നത്.
മറ്റൊന്നാണ്, ‘ക്രിസ്തുവിന്റെ മണവാട്ടി’… തികച്ചും അപരിചിതമായ ഒരു ജീവിതശൈലിയിലേക്ക് സ്വയം പറിച്ചുനടുമ്പോൾ, പൂമ്പാറ്റയായി മാറുന്ന പുഴുവിനെപ്പോലെ വലിയ ഒരു പരിവർത്തനം ഉള്ളിൽ നടത്തുന്നതിന് ഈ രണ്ടു ചിന്തകൾ ഒരുപാട് ഉർജ്ജം നൽകിയിട്ടുണ്ട്.
ഇനി നമ്മുടെ കാര്യത്തിലേക്കു കടക്കാം.
. ഈ ‘മണവാട്ടി’ എന്ന പദപ്രയോഗം ക്രൈസ്തവ ആദ്ധ്യാത്മികതയിൽ എവിടെ നിന്ന് വന്നു?
ബൈബിളിൽ പഴയ നിയമത്തിൽ ഹോസിയ പ്രവാചകനും ഏശയ്യാ പ്രവാചകനും ദൈവത്തെ മണവാളനായും ദൈവജനത്തെ മണവാട്ടിയായും ചിത്രീകരിച്ചു കാണുന്നുണ്ട്.
ഉത്തമഗീതം എന്ന പുസ്തകംതന്നെ ദൈവവും മനുഷ്യാത്മാവും തമ്മിലുള്ള ആഴപ്പെട്ട ബന്ധത്തെ പരസ്പരം പ്രണയിക്കുന്നവരെക്കുറിച്ചുള്ള കാവ്യരൂപമായി അവതരിപ്പിക്കുന്നുണ്ട്.
പുതിയനിയമത്തിൽ വെളിപാട് പുസ്തകത്തിൽ തിരുസഭയെ ക്രിസ്തുവിന്റെ മണവാട്ടി ആയ പുതിയ ഇസ്രായേൽ ആയി ചിത്രീകരിച്ചിരിക്കുന്നു.
വി. പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിലും ക്രിസ്തുവും സഭയും തമ്മിലുള്ള ആഴപ്പെട്ട ഐക്യത്തെ ചിത്രീകരിക്കാൻ ഈ സംജ്ഞ പല തവണ അവർത്തിക്കപ്പെടുന്നുണ്ട്.
ഭർതൃമതികൾ ഭർത്താവിന്റെ കാര്യത്തിൽ വ്യാപൃതരായിരിക്കുന്നതു പോലെ ക്രിസ്തുവിനു വേണ്ടി ജീവിതം സമർപ്പിച്ചവർ ക്രിസ്തുവിന്റെ കാര്യത്തിൽ വ്യാപൃതരായിരിക്കുന്നതിനെക്കുറിച്ച് ലിംഗവ്യത്യാസമന്യേ പൗലോസ് ശ്ലീഹ കുറിക്കുന്നുണ്ട്.
ബൈബിൾ ഈ പദ പ്രയോഗത്തിലൂടെ മനുഷ്യാത്മാവിന് ദൈവത്തിൽ സായൂജ്യം നേടുമ്പോൾ കിട്ടുന്ന ആത്മീയ നിർവൃതിയെ ലോകത്തിനു മനസിലാക്കാൻ പറ്റുന്ന ഭാഷയിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്. ആ ശ്രമത്തിൽ ഉപയോഗിച്ചിരിക്കുന്ന രൂപകങ്ങൾ മണവാളനും മണവാട്ടിയും എന്നതാണ്, ഭാര്യയും ഭർത്താവും എന്നല്ല. ഉദാത്തമായ ഒന്നിനെ നിറഞ്ഞ പ്രതീക്ഷയോടെ കാത്തിരിക്കുകയും അതിനു വേണ്ടി തന്നെത്തന്നെ ഒരുക്കുകയും ചെയ്യുന്ന രണ്ടു വ്യക്തികളാണ് മണവാളനും മണവാട്ടിയും.
ബൈബിളിൽ നിറഞ്ഞു നിൽക്കുന്ന ദൈവം എപ്പോഴും മനുഷ്യനെ തേടി ഇറങ്ങുന്ന ഒരു ദൈവമാണ്…. മനുഷ്യനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ദൈവമാണ്.
ഇതിന്റ ഒക്കെ അന്തഃസത്ത മനസ്സിലാക്കാൻ കഴിയണമെങ്കിൽ സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായും sex toy ആയും തരം താഴ്ത്തി കാണുന്ന, ലൈംഗിക ചുവയോടെ മാത്രം സകലതിനെയും വായിച്ചെടുക്കുന്ന ആധുനികതയുടെ രോഗാതുരമായ മാനസികാവസ്ഥയിൽ നിന്നും പുറത്തു കടന്നാലേ പറ്റൂ…..
ശാരീരികബന്ധത്തിനു വേണ്ടി മാത്രം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന വികല മനസ്സുകൾക്ക് ഒരിക്കൽ പോലും ആഴത്തിൽ വായിച്ചെടുക്കാൻ പറ്റാത്തതും എന്നാൽ ആഴത്തിലുള്ള ഒരു ആത്മബന്ധം വിവാഹത്തിലൂടെ നേടിയെടുത്ത സകലർക്കും, അതിനായി കൊതിക്കുന്ന സകലർക്കും എളുപ്പത്തിൽ വായിച്ചെടുക്കാൻ കഴിയുന്നതുമായ ഒന്നാണ് മണവാളൻ-മണവാട്ടി .
ഈ ‘മണവാട്ടി’പ്രയോഗം സന്യസ്തർക്ക് ഭൂഷണമാണോ?
അതെ… അത് തികച്ചും ഭൂഷണമാണ്. കാരണം, ഹോസിയ പ്രവാചകൻ ആ പദത്തിൻ്റെ ആന്തരിക അർത്ഥത്തെ അതിന്റെ പൂർണതയിൽ തന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
ഒരുവൻ ദൈവത്തിൽ വിലയം പ്രാപിക്കണമെങ്കിൽ ദൈവമല്ലാത്ത സകലതിനെയും ഉരിഞ്ഞു മാറ്റണം.
ദൈവൈക്യം മാത്രം ലക്ഷ്യം വച്ചു നീങ്ങുന്ന സമർപ്പിതർ ഈ ഉരിഞ്ഞുമാറ്റലിനായി സ്വയം സ്വീകരിക്കുന്ന വഴികൾ അനുസരണത്തിന്റെയും ബ്രഹ്മചര്യത്തിന്റെയും ദാരിദ്രത്തിന്റെയും ആണ്. അതുകൊണ്ടുതന്നെ അതിന് ഞങ്ങൾക്ക് ഞങ്ങളുടെ പ്രാണനോളം വിലയുണ്ട്.
യഥാർത്ഥത്തിൽ, കത്തോലിക്കാസഭയിൽ മാമോദീസ സ്വീകരിച്ചിരിക്കുന്ന ഓരോരുത്തരും സ്വർഗം ലക്ഷ്യം വച്ചു ജീവിക്കാൻ വിളിക്കപ്പെട്ടവരാണ്, ആ സ്വർഗ്ഗയാത്രയിൽ ഒന്നും കൂടെ കൊണ്ടുപോകാൻ കഴിയില്ല എന്നും എന്നാൽ ദൈവം കൂടെയുള്ള അനുഭവം സ്വന്തമാക്കിയാൽ ജീവിതം ധന്യമായി അതാണ് സ്വർഗ്ഗമെന്നും ഈ ലോകത്തോട് സ്വന്തം ജീവിതം കൊണ്ട് പറഞ്ഞു വയ്ക്കുന്നവരാണ് സമർപ്പിതർ.
ഞങ്ങൾക്ക് സഭയിൽ എന്ത് അധികാരം ഉണ്ട്, സ്ഥാനം ഉണ്ട് എന്ന് ചോദിച്ചാൽ അതിനു ഞങ്ങളുടെ ജീവിതത്തിന്റെ ആധികാരികതയുടെ വില എന്ന് ഞങ്ങൾ പറയും.
ഒരു വഴിവിളക്കിന്റെ വില എന്നത് അത് ചൊരിയുന്ന പ്രകാശത്തിന്റെ വിലയാണ്, അല്ലാതെ അതിന്റെ ഉയരമോ വലിപ്പമോ കൽപ്പിക്കുന്ന വിലയല്ല. സമർപ്പിതർ കത്തോലിക്കാസഭയുടെ പ്രകാശഗോപുരങ്ങളാണ്. ജീവിതം കൊണ്ട് സഭയെ പ്രകാശിപ്പിക്കാനുള്ള വിളി ലഭിച്ചിരിക്കുന്നവർ.
അത് കൊണ്ടുതന്നെ ഇവരിലൂടെ ക്രിസ്തു സ്വന്തം ജീവൻ കൊടുത്തു നേടിയെടുത്ത തിരുസഭ ഏറ്റവും കൂടുതൽ സ്മരിക്കപ്പെടുന്നു. അതിനാൽ ക്രിസ്തുവിന്റെ മണവാട്ടികൾ എന്ന് വിളിക്കപ്പെടുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
ഈ ഭൂമിയിൽ ദൈവം കാംക്ഷിക്കുന്ന, ദൈവത്തെ കാംക്ഷിക്കുന്ന ഓരോ വ്യക്തിയും ദൈവത്തിന്റെ മണവാട്ടിയാണ് – അത് ആണായാലും പെണ്ണായാലും.
മനുഷ്യന്റെ സ്വാഭാവിക പ്രവണതകളെ ഉദാത്തവൽക്കരിച്ചു ഞങ്ങൾ നടത്തുന്ന ഈ യാത്ര ഞങ്ങൾക്ക് തരുന്ന ആത്മീയസ്വാതന്ത്ര്യം, ആനന്ദം, പ്രതീക്ഷ എന്നിവ ലോകം മുഴുവനും വെട്ടിപിടിച്ചു വിജയം ഘോഷിക്കാൻ ഓടിക്കോണ്ടിരിക്കുന്ന ഉപഭോഗസംസ്ക്കാരം തലയ്ക്കു പിടിച്ചിരിക്കുന്ന യുക്തിവാദിക്ക് ദഹിക്കില്ല…. ഗ്രഹിക്കില്ല..

#Voice_of_Nuns – ന് വേണ്ടി സി. നവ്യ ജോസ് സി. എം. സി.