അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി:- തൊഴിലാളികളുടെ വേതനം 291 രൂപയായി വർദ്ധിപ്പിച്ചു.

Share News

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിലെ തൊഴിലാളികളുടെ വേതനം 291രൂപയായി വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി.

ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർദ്ധനവ് നടപ്പിൽ വരിക. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതു നാലാമതു തവണയാണ് വേതന വർദ്ധനവ് നടപ്പിൽ വരുത്തുന്നത്.

2016 ൽ 229 രൂപയിൽ നിന്നും 240 രൂപയായും 2017 ൽ 240 രൂപയിൽ നിന്നും 258 രൂപയായും 2018 ൽ 258 രുപയിൽ നിന്ന് 271 രൂപയായും വേതനം വർദ്ധിപ്പിച്ച് നല്കിയിരുന്നു. ഇതാണിപ്പോൾ 291 രൂപയായി വർദ്ധിപ്പിച്ചത്.

സർക്കാരിന്റെ കാലത്ത് അയ്യങ്കാളി പദ്ധതിക്ക് ഗണ്യമായ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. നടപ്പു സാമ്പത്തിക വർഷം മുപ്പത്തിയഞ്ചു ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

കോവിഡ് 19 – മഹാമാരി സൃഷ്ടിച്ച സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിന് അയ്യൻ‌കാളി നഗര തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടു മൂന്ന് ലക്ഷത്തി അൻപതിനായിരം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും നടപ്പു സാമ്പത്തിക വർഷം പതിമൂന്നു കോടി രൂപ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്

2006 ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് തുടക്കം കുറിച്ചത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും നഗര മേഖലയിലെ അവിദഗ്ധ തൊഴിലാളികൾക്കായി ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നില്ല. സംസ്ഥാന സർക്കാരാണ് ഈ പദ്ധതിയുടെ ചെലവ് പൂർണ്ണമായും വഹിക്കുന്നത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു