സകലകാല സുല്‍ത്താന്റെ സ്മരണയില്‍ മലയാണ്മ

Share News

വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് 26 വര്‍ഷം

മലയാള സാഹിത്യത്തിലെ സകലകാല സുല്‍ത്താന്‍ പട്ടം സ്വന്തമാക്കിയ അതുല്യ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മകളുടെ ഭാഗമായിട്ട് 26 വര്‍ഷം. ബേപ്പൂര്‍ സുല്‍ത്താനെ  സ്നേഹിക്കുന്നവരുടെ സംഗമ വേദിയായി മാറിയിരുന്നു എല്ലാ വര്‍ഷവും ഈ ദിനമെങ്കില്‍  കോവിഡ് കാരണം ഓര്‍മ്മദിനം വിപുലമായി ആഘോഷിക്കുന്നില്ല ഇത്തവണ.

പകരം വയ്ക്കാനില്ലാത്ത എഴുത്തിന്റെയും വാഗൈ്വഭവത്തിന്റെയും മാന്ത്രികനായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ് ബഷീര്‍. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തി അദ്ദേഹം. നര്‍മവും വിമര്‍ശനവും കലര്‍ന്ന ശൈലിയിലൂടെ ബഷീര്‍ ജീവിതയാഥാര്‍ഥ്യങ്ങളെ വരച്ചിട്ട ഓരോ കൃതിയും മലയാള ഭാഷയിലെ വിസ്മയങ്ങളായി മാറി.

ഒരിക്കലും അലക്കിത്തേച്ച വടിവൊത്ത ഭാഷയില്‍ അദ്ദേഹം എഴുതിയില്ല. ഇത് മലയാളത്തിലെ മറ്റൊരു സാഹിത്യകാരനും അവകാശപ്പെടാന്‍ സാധിക്കാത്തവിധം ബഷീറിനെ ജനകീയനാക്കി.

തന്റേതുമാത്രമായ വാക്കുകളും ശൈലികളുമായുന്നു ബഷീറിന്റെ സവിശേഷത. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രചനാരീതി ബഷീറിയന്‍ ശൈലി എന്നു തന്നെ അറിയപ്പെട്ടു. ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, മതിലുകള്‍, ശബ്ദങ്ങള്‍, ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാവപ്പെട്ടവരുടെ വേശ്യ, മുച്ചീട്ടുകളിക്കാരന്റെ മകള്‍, വിശ്വവിഖ്യാതമായ മൂക്ക്, വിഡ്ഢികളുടെ സ്വര്‍ഗം എന്നിങ്ങനെ മലയാളി എന്നും ഓര്‍ത്തുവയ്ക്കുന്ന രചനകള്‍ ആ തൂലികയില്‍ നിന്ന് പിറവിയെടുത്തു.

ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍, താന്‍ കണ്ടുമുട്ടിയിട്ടുള്ള കഥാപാത്രങ്ങളെ അദ്ദേഹം രചനകളിലും ആവിഷ്‌കരിച്ചു. അദ്ദേഹത്തിന്റെ രചനകളെല്ലാം പുറത്തിറങ്ങിയ അതേ പുതുമയോടെതന്നെ ഇന്നും വായിക്കപ്പെടുന്നു.സാധാരണക്കാരില്‍ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള ഹാസ്യാത്മകമായ രചനകള്‍ വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്തു. അതായിരുന്നു ആ തൂലികയുടെ ശക്തിയും.പക്ഷേ മലയാള സാഹിത്യത്തിലെ ബഷീറിന്റെ ഗോപുരസമാനമായ സാന്നിധ്യം അദ്ദേഹം എഴുതിയ കാലത്തും അതിനുശേഷവും സാഹിത്യപ്രഭുക്കളെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടന്ന ആക്രമണങ്ങളെ ചെറുത്തത് ഉത്ബുദ്ധരായ വായനക്കാര്‍തന്നെയാണ്. വലിയ എഴുത്തുകാര്‍ വായനക്കാരുടെ മനസ്സിലാണ് ജീവിക്കുന്നതെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയായിരുന്നു.

വൈക്കത്തിനടുത്ത് തലയോലപ്പറമ്പില്‍ 1908ലാണ് വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചത്. ഫിഫ്ത്ത് ഫോമില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തു. സ്വാതന്ത്ര്യസമര സേനാനി എന്ന നിലയില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. പത്തു വര്‍ഷം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. കൂടാതെ ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും ചുറ്റിനടന്നു. ഹിമാലയ സാനുക്കളിലും ഗംഗാതീരത്തും ഹിന്ദു സന്യാസിയിയായും സൂഫിയായും കഴിച്ചുകൂട്ടി.

കേന്ദ്രസാഹിത്യ അക്കാദമി, കേരളസാഹിത്യ അക്കാദമി ഫെല്ലോഷിപ്പുകള്‍, സാഹിത്യത്തിനും രാഷ്ടീയത്തിനുമായി നാലു നാമപത്രങ്ങള്‍ തുടങ്ങിയവ ലഭിച്ചു. 1982ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ നല്‍കി ആദരിച്ചു. 1987ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദം നല്‍കി. പ്രേംനസീര്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം സാഹിത്യ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം എന്നിവ ലഭിച്ചു. 1994 ജൂലായ് 5ന് ബഷീര്‍ ഈ ലോകത്തോട് വിടപറഞ്ഞു.

കേന്ദ്രസാഹിത്യ അക്കാദമി, കേരളസാഹിത്യ അക്കാദമി ഫെല്ലോഷിപ്പുകള്‍, സാഹിത്യത്തിനും രാഷ്ടീയത്തിനുമായി നാലു നാമപത്രങ്ങള്‍ തുടങ്ങിയവ ലഭിച്ചു. 1982ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ നല്‍കി ആദരിച്ചു. 1987ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദം നല്‍കി. പ്രേംനസീര്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം സാഹിത്യ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം എന്നിവ ലഭിച്ചു. 1994 ജൂലായ് 5ന് ബഷീര്‍ ഈ ലോകത്തോട് വിടപറഞ്ഞു.

ചെയ്ത ജോലികളോടെല്ലാം പരമാവധി നീതിപുലര്‍ത്തുക അദ്ദേഹത്തിന്റെ ശൈലിയായിരുന്നു. ബഷീറിന്റെ ലാളിത്യവും നര്‍മവുമൊക്കെ ഏതൊരെഴുത്തുകാരനും വെല്ലുവിളിയാണ് ഇന്നും.ബഷീറിനെ സംബന്ധിച്ചിടത്തോളം സ്വന്തം ജീവിതത്തിന്റെ കലാപരമായ എക്‌സ്റ്റെന്‍ഷനായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യം. സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടി ചെറുപ്പത്തിലേ നാടുവിടേണ്ടിവന്നതിനാല്‍ കടന്നുപോയ അനുഭവങ്ങളുടെ ലോകം തന്നെ അതിശയകരമാണ്. ഉപജീവനാര്‍ഥം കള്ളനും മന്ത്രവാദിയും പോക്കറ്റടിക്കാരനും സന്ന്യാസിയും കപ്പല്‍ത്തൊഴിലാളിയുമായി. ലോക്കപ്പ് മര്‍ദനമേറ്റു, ജയിലില്‍ക്കിടന്നു.

ബഷീറിന്റെ മതസങ്കല്പംപോലും വ്യത്യസ്തമായിരുന്നു. അന്ത്യനാളുകളില്‍ അദ്ദേഹത്തെ ഹൈജാക്ക് ചെയ്യാന്‍ ചില മൗലികവാദസംഘടനകള്‍ തീവ്രമായി ശ്രമിച്ചിട്ടും സാധിക്കാതെപോയത് അതുകൊണ്ടാണ്.സാഹിത്യത്തിന്റെ വെളിമ്പറമ്പുകളില്‍പ്പോലും സ്ഥാനമില്ലാതിരുന്ന മുസ്ലിങ്ങളും ക്രിസ്ത്യാനികളും നാടന്‍പണിക്കാരായ അധഃകൃതരുമൊക്കെ കഥകളിലും നോവലുകളിലും സ്ഥാനംപിടിക്കാന്‍ തുടങ്ങിയത് ബഷീറും പൊന്‍കുന്നം വര്‍ക്കിയും കേശവദേവുമൊക്കെ എഴുതിത്തുടങ്ങിയപ്പോഴാണ്. സാഹിത്യത്തിലെ സവര്‍ണലോബിയെ അസ്വസ്ഥമാക്കിയ രചനകള്‍ നിര്‍വഹിച്ച എഴുത്തുകാരായിരുന്നു ഇവര്‍. ഇതു സാഹിത്യമേലാളന്മാരെ ചൊടിപ്പിച്ചു. അതിന്റെ ഭാഗമായി സംഘടിതമായ ആക്രമണങ്ങളുണ്ടായി. അവാര്‍ഡുകളില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ടു.

ഇംഗ്‌ളീഷില്‍ രചന നടത്തിയിരുന്നുവെങ്കില്‍ സാഹിത്യ നോബേല്‍ ലഭിക്കാന്‍ തക്ക തലപ്പൊക്കമുള്ള കഥാകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍ എന്നു ചൂണ്ടിക്കാട്ടിയ നിരൂപകര്‍ പലരുണ്ട്.എങ്കിലും വലിയ എഴുത്തുകാരന്‍ എന്നതിനേക്കാള്‍ ബഷീറിന്റെ മാനുഷിക ഗുണങ്ങള്‍ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തി.മഹാനായ എഴുത്തുകാരന്  വലിയ മനുഷ്യനാവാനും കഴിയും എന്ന് ബഷീര്‍ തന്റെ

ജീവിതത്തിലുടനീളം തെളിയിച്ചു.കേരളത്തെ സംബന്ധിച്ചിടത്തോളം അപരിചിതമായ കാര്യമായിരുന്നു ഇത്.

എറണാകുളം ബോട്ട് ജെട്ടിയില്‍ ബുക്സ്റ്റാളുമായും കോട്ടയത്തു പോള്‍സ് ട്യൂട്ടോറിയല്‍ കോളേജ് വാര്‍ഡനായും  അതിനുമുമ്പുള്ള അലച്ചിലിന്റെ കാലത്തുമെല്ലാം മറ്റുള്ളവരെക്കുറിച്ച് വേദനിക്കുന്ന ഒരു മനസ്സ് അദ്ദേഹം സൂക്ഷിച്ചു. കഥകളിലെല്ലാം ഈ വേദന അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ട്. എറണാകുളം പ്രസ് ക്ളബ്ബ് റോഡില്‍ പുത്തോക്കാരന്‍ ബില്‍ഡിംഗിലെ പഴയ ദീപിക ഓഫീസിനടുത്തെ മുറിയില്‍ എന്നും ശരണാര്‍ഥികളുണ്ടാകുമായിരുന്നു. അക്കാലത്തെ കടുത്ത ദാരിദ്ര്യത്തെക്കുറിച്ച് മിക്കവാറും കഥകളില്‍ പരാമര്‍ശമുണ്ട്.

പട്ടിണി കലാപ്രവര്‍ത്തനത്തിനു പ്രതിഫലമായിരുന്ന നാളുകളില്‍ ഭക്ഷണത്തിനായും നാടുപറ്റാന്‍ വണ്ടിക്കാശിനുവേണ്ടിയും എറണാകുളത്തെത്തുന്ന എഴുത്തുകാരും സംഗീതജ്ഞരുമൊക്കെ ആശ്രയിച്ചിരുന്നത് ബഷീറിനെയായിരുന്നു.ബുക് സ്റ്റാളുകളൊന്നും ഇന്നത്തെപ്പോലെ വരുമാനമുണ്ടാക്കുന്ന ബിസിനസായിരുന്നില്ല. എങ്കിലും താന്‍ കഴിച്ചില്ലെങ്കിലും വിരുന്നുകാരനെ ഊട്ടാന്‍ ശ്രമിക്കുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ സഹായിയായിരുന്ന ശേഷം പ്രസ് ക്ളബ്ബ് റോഡില്‍ ദീര്‍ഘ കാലം ലെന്‍ഡിംഗ് ലൈബ്രറി നടത്തിയ യശഃശരീരനായ മോഹന്റെ ഓര്‍മ്മക്കലവറയില്‍ ഇത്തരം അനേകം സംഭവങ്ങളുടെ ശേഷിപ്പുണ്ടായിരുന്നു

സുഹൃത്തുക്കളെ കാണാനായി ഇടയ്ക്കിടെ കോഴിക്കോട്ടു പോകുമ്പോള്‍ പുതിയറയിലെ എസ്.കെ. പൊറ്റെക്കാട്ടിന്റെ വീടായ ചന്ദ്രകാന്തമായിരുന്നു പ്രധാന താവളം.പാചകം ഒരു കലയാണെന്നു വിശ്വസിച്ചിരുന്ന ആളാണ് ബഷീര്‍. എഴുത്തിനു പുറമേ മാജിക്, കണ്‍കെട്ട് ഉള്‍പ്പടെയുള്ള കലകളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു ഒന്നാന്തരമായി പാചകം ചെയ്യുമായിരുന്ന  ബഷീറിന്റെ ബിരിയാണി തിന്നാനും സൊറയില്‍ പങ്കാളികളാകാനും എഴുത്തുകാരുടെയും സഹൃദയരുടെയും സംഘങ്ങള്‍ എപ്പോഴും എത്തി.

കോഴിക്കോട് നഗര പ്രാന്തത്തിലെ വൈലാലില്‍ മാങ്കോസ്റ്റീന്‍ മരച്ചുവട്ടില്‍ പതിവായി ഹാജരായിരുന്ന സഹൃദയരെ പില്‍ക്കാലത്ത് എഴുത്തുകാരായി രൂപാന്തരപ്പെടുത്തിയ മാന്ത്രിക സിദ്ധിവിശേഷം ബേപ്പൂര്‍ സുല്‍ത്താനു സ്വന്തമായിരുന്നു.വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലുകള്‍, അഭിമുഖങ്ങള്‍, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ ഉപജീവിച്ചുള്ള ലേഖനങ്ങള്‍ എന്നിങ്ങനെ ബഷീറാശ്രയ സാഹിത്യം എന്നൊരു വിഭാഗം തന്നെയുണ്ടായി.ബഷീറിനു ലഭിച്ചിരുന്ന മാധ്യമശ്രദ്ധ സാഹിത്യത്തിലെ സവര്‍ണലോബിയെ എന്നും  അസ്വസ്ഥമാക്കിയിരുന്നു.

‘ലോകമേ ശ്രദ്ധിക്കുക ! ഹിന്ദുമഹാമണ്ഡലക്കാര്‍, മുസ്ലിം ലീഗുകാര്‍, സോഷ്യലിസ്റ്റ്കാര്‍, കോണ്‍ഗ്രസ്സുകാര്‍, കമ്യണിസ്റ്റ്കാര്‍ എന്നുവേണ്ട ഏതു മൂരാച്ചിയ്ക്കും  പററിയ പുസ്തകങ്ങളുള്ള ദുനിയാവിലെ ഏക ബുക്ക് സ്‌ററാള്‍’

……….അസാധാരണമായ ഈ പരസ്യം സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സൃഷ്ടിയാണ്.അദ്ദേഹത്തിന്റെ  രചനകള്‍പോലെ അപൂര്‍വ്വതയുള്ള ഈ പരസ്യത്തിന് 70 കൊല്ലം പഴക്കമുണ്ട്.

അക്കാലത്ത് കൊച്ചിയില്‍ നടത്തിയിരുന്ന ബഷീര്‍സ് ബുക്ക് സ്റ്റാളിനുവേണ്ടി തയ്യാറാക്കിയ ഈ പരസ്യം കൊച്ചിയിലെ സിഐസിസി  ബുക്ക് സ്റ്റാള്‍ ഉടമയായ സിഐസിസി ജയചന്ദ്രനാണ് ഫേസ് ബുക്കില്‍ പങ്കുവെച്ചത്.

ആദ്യം നഗരത്തില്‍ കൊച്ചിന്‍ ബേക്കറിയുടെ വരാന്തയിലാണ്  സ്വന്തം ബുക്ക് സ്റ്റാള്‍ ആരംഭിച്ചത്. പിന്നീട് ബോട്ട്‌ജെട്ടിയിലേക്ക് മാറ്റിയപ്പോള്‍ സര്‍ക്കിള്‍ ബുക്ക് ഹൗസ് എന്നാക്കി പേര്.

സര്‍ക്കിള്‍ ബുക്ക് ഹൗസാണ് ബഷീര്‍സ് ബുക് സ്റ്റാള്‍ എന്ന പേരില്‍ പ്രസ്സ് ക്ലബ് റോഡില്‍ പിന്നീട് നടത്തിയിരുന്നത്.

ബാബു കദളിക്കാട് .

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു