കുരച്ചുകൊണ്ട് തടഞ്ഞു, വൈദ്യുതി കമ്പി കടിച്ചു മാറ്റി; സ്വജീവൻ നൽകി ഉടമയെ രക്ഷിച്ചു

Share News

ചങ്ങനാശ്ശേരിയിൽവൈദ്യുതാഘാതമേൽക്കുന്നതിൽ നിന്നും സ്വന്തം ജീവൻ നൽകി ഉടമയെ രക്ഷിച്ച വളർത്തു നായ അവസാനം മരണത്തിന് കീഴടങ്ങി.

ഉടമയ്ക്കു മുന്നിൽ നടന്ന വളർത്തു നായയാണ് വഴിയിൽ പൊട്ടിവീണ വൈദ്യുതി ലൈൻ കടിച്ചു മാറ്റുന്നതിനിടയിൽ വൈദ്യുതാഘാതം ഏറ്റ് ചത്തത്.

ഇന്നലെ രാവിലെ ചാമംപതാലിലാണു സംഭവം. വാഴപ്പള്ളി വിജയന്റെ മകൻ അജേഷിന്റെ(32) ആണ് അപ്പു എന്ന വളർത്തു നായ. അയൽവീട്ടിൽ നിന്ന് പാൽ വാങ്ങാൻ ഇറങ്ങിയ അജേഷിനൊപ്പം വന്നതാണ് അപ്പു. പതിവുപോലെ അപ്പു മുന്നിൽ നടന്നു.വഴിയിൽ പൊട്ടി കിടന്ന വൈദ്യുതി കമ്പി കടിച്ചു മാറ്റിയ അപ്പു തെറിച്ചു വീഴുകയായിരുന്നു.

അജേഷ് ഓടിയെത്തിയപ്പോൾ കുരച്ചുകൊണ്ട് തടഞ്ഞു. വീണ്ടും എണീറ്റ് കമ്പി കടിച്ചു മാറ്റി. ഇതിനിടെ വൈദ്യുതാഘാതം ഏറ്റ് നായ ചത്തു. വീടിന് സമീപം ഇടവഴിയിലാണ് വൈദ്യുതി ലൈൻ പൊട്ടിവീണ് കിടന്നിരുന്നത്.

നായ കടിച്ചുമാറ്റാൻ ശ്രമിച്ചില്ലായിരുന്നുവെങ്കിൽ അജേഷ് ഇതിൽ ചവിട്ടുമായിരുന്നു. കാലപ്പഴക്കം ചെന്ന കമ്പി കൂട്ടിക്കെട്ടിയ ഭാഗം പൊട്ടിവീണതായിരുന്നു.

കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷമാണ് നായയുടെ ജഡം മാറ്റിയത്.

Share News