മനുഷ്യന്റെ ചോരയുടെ യഥാർത്ഥ വില എന്താണ്?|ബാലചന്ദ്രൻ ചുള്ളിക്കാട്

Share News

തിരുവനന്തപുരത്ത് തമ്പാനൂരിൽ ശ്രീകുമാർ തിയേറ്ററിനടുത്ത് പണ്ടൊരു ബ്രാഹ്മണാൾ ഹോട്ടൽ ഉണ്ടായിരുന്നു. മുഴുപ്പട്ടിണിയുടെ മൂന്നാം നാൾ രണ്ടും കല്പിച്ച് ഞാനാ ഹോട്ടലിലേക്കു കയറി. രാവിലെ പത്തുമണി കഴിഞ്ഞുകാണും. വലിയ തിരക്കില്ല.

“ഒരു മസാലദോശ.”

ക്ഷീണിച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു. വിശപ്പൊന്നടങ്ങിയപ്പോൾ കൈയും കാലും തളർന്നു. ആകെ ഒരു മാന്ദ്യം. തണുത്ത വെള്ളം കൊണ്ട് വീണ്ടും വീണ്ടും മുഖം കഴുകി. പെട്ടെന്ന് ഉള്ളിൽ ഒരു വിറ പാഞ്ഞു. ഒറ്റ പൈസ കൈയിലില്ല. കൗണ്ടറിൽ പണമെണ്ണുന്ന തടിയൻ പട്ടരുടെ മുന്നിൽ ഞാൻ കൈ കൂപ്പി.

“മന്നിക്കണം സ്വാമീ .. കാശില്ല.”

പട്ടർ എണ്ണം നിർത്തി കണ്ണുകൊണ്ട് എന്നെ ഒന്നളന്നു .ചെരുപ്പില്ലാത്ത ചെളിപിടിച്ച കാലുകൾ. മുഷിഞ്ഞ ഷർട്ടും മുണ്ടും.എല്ലിൻ കൂടായ ശരീരം. പട്ടിണികൊണ്ട് പരവശമായ മുഖം. വളർന്നു കാടുപിടിച്ച മുടി-എന്റെ ഗതികേട് സ്വാമിക്ക് ബോധിച്ചു എന്നു തോന്നി.

“പേരെന്നാ?

” ബാലൻ “

” ഊര്?”

” പറവൂര്.വടക്കാ.”

“അനാഥനാക്കും അല്ലവാ?”

സഹതാപത്തോടെ സ്വാമി ചോദിച്ചു.

” ആമാ.”

ഞാൻ സങ്കടം ഭാവിച്ചു തലയാട്ടി.

“ട്ടേ!”

ഓർക്കാപ്പുറത്ത് എന്റെ ചെകിട്ടത്ത് സ്വാമി കൈവീശി അടിച്ചു. മണ്ട മരവിച്ചു പോയി

” എന്ന നെനച്ചേൻഡാ, തിരുട്ടുപ്പയലേ?”

സ്വാമി കാലഭൈരവനായി.കിടുകിടെ വിറച്ച് കൈകൂപ്പി ഞാൻ നിന്നു. എന്റെ അടിയുടുപ്പ് നനഞ്ഞു.

“മുരുഹാ.”

അകത്തേക്ക് നോക്കി സ്വാമി അലറി.

എല്ലാവരും ശ്രദ്ധിക്കുകയാണ്.ഒരു കറുത്ത തമിഴൻ പ്രത്യക്ഷപ്പെട്ടു.

“വാടാ ഇങ്കെ.”

അയാൾ എന്റെ കൈയിൽ ബലമായി പിടിച്ചു. ഞാൻ കുനിഞ്ഞ ശിരസ്സോടെ അയാളുടെ പിന്നാലെ അകത്തേക്കു പോയി പുക നിറഞ്ഞ അടുക്കളയുടെ കരിപിടിച്ച മൂലയിൽ അഴുക്കുനിലത്ത് ഞാൻ കുത്തിയിരുന്നു. മുരുകൻ അരച്ചാക്ക് സവാള എന്റെ മുന്നിൽ ചൊരിഞ്ഞു. കത്തിയും തന്നു.

” തൊലിക്കെടാ തായോളീ !!! “

അയാൾ അമറി.കൂടെ എന്റെ തലയ്ക്ക് ആഞ്ഞൊരു കിഴുക്കും!”

” ഞാൻ ജനിച്ച ദിവസവും ഒരു ആൺ ഉദ്പാദിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ. ആ നാൾ ഇരുണ്ടുപോകട്ടെ.”

ബൈബിളിലെ ഇയ്യോബിന്റെ വാക്കുകൾ എന്റേതായി.എനിക്ക് ഞരക്കം ഉണ്ടായി.

മുഴുവൻ സവാളയും അരിഞ്ഞുതീർത്തപ്പോഴേക്കും ഞാൻ അവശനായി. പുകയും ഉള്ളിനീരും കൊണ്ട് കണ്ണുകൾ കലങ്ങിവീർത്തു.

ഇറങ്ങുമ്പോൾ സ്വാമി ഉപദേശിച്ചു: ” കാശില്ലെങ്കിൽ മെഡിക്കൽ കോളേജിൽ പോ. ചോര വിറ്റാൽ കാശു കിട്ടും.”

രക്തബാങ്കിന്റെ മുന്നിലെ ബെഞ്ചിൽ ഊഴം കാത്തിരിക്കുമ്പോൾ ഞാൻ വിചാരിച്ചു. ഒരു കുപ്പി ചോരയ്ക്ക് പതിനാറു രൂപ വില കിട്ടുമെന്നാണ് അറ്റൻഡർ പറഞ്ഞത്.തിരുവനന്തപുരം – ആലുവ തീവണ്ടിക്കൂലി പന്ത്രണ്ടു രൂപ.എങ്ങിനെയും വീട്ടിലെത്താം.

വീട്ടിലേക്കോ? ചൂലെടുത്താണ് ചെറിയമ്മ തല്ലിയത്.

” എറങ്ങടാ ഈ വീട്ടീന്ന്.കുടുംബത്തിന്റെ പേരു കളയാൻ ജനിച്ച അസുരവിത്തേ.കണ്ട നക്സലൈറ്റുകൾക്കും കഴുത്തുവെട്ടികൾക്കും നെരങ്ങാനുള്ളതല്ല ചുള്ളിക്കാട്ടു കുടുംബം.”

പ്രീഡിഗ്രി പൂർത്തിയാക്കാതെ, പഠനം ഉപേക്ഷിച്ച് കവിതാ ഭ്രാന്തും കലഹങ്ങളുമായി ജീവിതം ധൂർത്തടിക്കുകയായിരുന്നു അന്നു ഞാൻ. എന്നെ കാണാൻ വീട്ടിൽ വരികയും ചിലപ്പോൾ രാത്രി തങ്ങുകയും ചെയ്യാറുള്ള സുഹൃത്തുക്കൾ നക്സലൈറ്റുകളാണെന്നും ഞാനും ഒരു നക്സലൈറ്റ് അനുഭാവിയാണെന്നും വീട്ടിലും നാട്ടിലും ഒറ്റുകൊടുത്തത് രഹസ്യപ്പോലീസ് വകുപ്പിൽ ജോലിയുള്ള അയൽക്കാരൻ തങ്കപ്പക്കുറുപ്പാണ്. അതോടെ എന്നെ ആരും അടുപ്പിക്കാതായി.പെറ്റ തള്ളപോലും എന്നെ വിശ്വസിക്കാതായി. എന്നെക്കുറിച്ചുള്ള കള്ളക്കഥകളും പരദൂഷണങ്ങളും വീട്ടിലും നാട്ടിലും പെരുകി.നിൽക്കക്കള്ളിയില്ലാതെ നാട്ടു വിട്ടവനാണ് ഞാൻ.

“ചോര വിൽക്കണത് എവിടെയാ?” ഒരു ചോദ്യം എന്നെ ഉണർത്തി. കള്ളിമുണ്ടും കാക്കി ഷർട്ടും ധരിച്ച കറുത്തുമെലിഞ്ഞ ഒരു ചെറുപ്പക്കാരൻ. കറുത്തു കരുവാളിച്ച മുഖം.

“ദാ, അവിടെ പറയണം.” ഞാൻ നിർദ്ദേശിച്ചു.

അല്പം കഴിഞ്ഞ് ആ ചെറുപ്പക്കാരൻ എന്റെ അടുത്തുവന്നിരുന്ന് ഒരു ബീഡിക്കുറ്റി കത്തിച്ചു. അയാൾ ആകെ അസ്വസ്ഥനായിരുന്നു. എന്തോ കടുത്ത മനോവിഷമം ഉള്ളതുപോലെ.

“ചോര വിൽക്കാൻ വന്നതാണോ?” അയാൾ എന്നോട് ചോദിച്ചു. ഞാൻ തലയാട്ടി.

“എന്റെ അനിയത്തി ഇവിടെ കിടപ്പാ. ജനറൽ വാർഡില്.പൊറത്തൂന്ന് മരുന്ന് മേടിക്കണം. കാശിന് വേറെ വഴിയില്ല.”

അയാൾ ആരോടെന്നില്ലാതെ പറഞ്ഞു. ആരും അത് കേട്ടതായിപ്പോലും ഭാവിച്ചില്ല.

ഞാൻ എന്റെ ഏക സഹോദരിയെ ഓർത്തു.ചെറിയ കുട്ടി.പോരുമ്പോൾ അവളോട് ഒരു വാക്കു പറയാനോ ഒരുമ്മ കൊടുക്കാനോ കഴിഞ്ഞില്ല… എന്റെ കൂടപ്പിറപ്പ്. ഉള്ളൊന്നു പിടഞ്ഞു.ഇനി അവളെ എന്നു കാണും? കാണുമോ?

“തനിക്കെന്താ ആവശ്യം?”

ആ ചെറുപ്പക്കാരൻ വീണ്ടും എന്നോടു ചോദിച്ചു.

അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു. കൃഷ്ണൻകുട്ടിയുടെ വീട് അടൂരാണ്.കൂലിപ്പണി. അമ്മയും ഒരു സഹോദരിയും മാത്രം. അച്ഛൻ മരം വെട്ടുകാരനായിരുന്നു. തെങ്ങിൻതടി തലയിൽ വീണ് പണ്ടേ ചത്തുപോയി.പെങ്ങൾക്കിപ്പോൾ ഗുരുതരമായ എന്തോ രോഗം. നാട്ടിൽ കുറെ ചികിത്സിച്ചു. ഒടുവിൽ ഇങ്ങോട്ടു കൊണ്ടു പോന്നു.ജനറൽ വാർഡിലാണ്. അടുത്ത് അമ്മയുണ്ട്.കൂട്ടുകാരായ തൊഴിലാളികൾ പിരിച്ചു കൊടുത്ത കാശു തീർന്നു.പുറത്തു നിന്നു ചില മരുന്നുകൾ വാങ്ങണം.വിൽക്കാൻ ചോരയല്ലാതെ മറ്റൊന്നും ഇല്ല.

ആ പെങ്ങൾക്കു വേണ്ടിയാണ് അയാൾ ജീവിക്കുന്നത്. അവൾക്ക് ശോഭ എന്ന് പേരിട്ടതു പോലും കൃഷ്ണൻകുട്ടിയാണ് .അയാൾക്ക് ഒരച്ഛന്റെ ചുമതല കൂടി ഉണ്ട്!

അപ്പുറത്തും ഇപ്പുറത്തുമുള്ള കിടക്കകളിൽ കിടത്തിയാണ് കൃഷ്ണൻകുട്ടിയുടെയും എന്റെയും രക്തം എടുത്തത്.നഴ്സ് രണ്ടു കുപ്പികളും കൊണ്ടുപോകുമ്പോൾ ഞാൻ ശ്രദ്ധിച്ചു. ഒരേ നിറമുള്ള ചോര.

ഞങ്ങൾ രണ്ടു പേരുടെയും ചോരയ്ക്ക് ഒരേ വിലയാണ് കിട്ടിയത്.പതിനാറു രൂപ വീതം.

പുറത്തിറങ്ങിയപ്പോൾ കൃഷ്ണൻകുട്ടി ചോദിച്ചു:

“എന്റെ കൂടെ മരുന്നുകട വരെ ഒന്നു വരാമോ? എനിക്ക് ഇംഗ്ലീഷ് അറിഞ്ഞുകൂടാ.ഈ ചീട്ടിലെഴുതിയിരിക്കുന്ന മരുന്നുതന്നെയാണോ അവരുതരുന്നതെന്ന് അറിയണം. മാറിപ്പോയാലോ, താനും വാ.”

പല മെഡിക്കൽ ഷോപ്പുകളിലും ഞങ്ങൾ കയറിയിറങ്ങി.ആ മരുന്നില്ല. ഒടുവിൽ ഒരു ഷോപ്പിൽ മരുന്നുണ്ടായിരുന്നു. പക്ഷേ, വില ഇരുപത്തേഴു രൂപ.കൃഷ്ണൻകുട്ടിയുടെ കണ്ണു നിറഞ്ഞു. സ്വന്തം ചോര വിറ്റുകിട്ടിയ പതിനാറു രൂപ അയാളുടെ കൈയിലിരുന്ന് വിറച്ചു.

” ഒന്നൂടെ ചെന്ന് ചോര കൊടുത്താലോ?”

അയാൾ നിഷ്കളങ്കമായി ചോദിച്ചു.

“ഒരു ദിവസം ഒരു കുപ്പിയേ എടുക്കൂ.” ഞാൻ പറഞ്ഞു.

” ഇനി എന്തു ചെയ്യും?”

കൃഷ്ണൻകുട്ടിയുടെ തൊണ്ട ഇടറി. ഞാൻ എന്റെ പെങ്ങളെ ഓർത്തു. ദൈവമേ! പെട്ടെന്ന് ഞാൻ പറഞ്ഞു.

“എന്റെ കാശു തരാം. മരുന്നു മേടിക്ക്.”

“അയ്യോ, വേണ്ട! തനിക്ക് നാട്ടിപ്പോകണ്ടേ?”കൃഷ്ണൻകുട്ടി മടിച്ചു.

” ഞാൻ നാളെ പൊയ്ക്കൊള്ളാം.താൻ മരുന്നു മേടിക്ക്.”

ഞാൻ ശഠിച്ചു.

മരുന്നു വാങ്ങി ഇറങ്ങുമ്പോൾ കൃഷ്ണൻകുട്ടി ഒന്നു നിന്നു. തൊട്ടടുത്ത ചായക്കടയിലേക്കു നോക്കി. അയാളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

” എന്റെ അമ്മ ….. ഇന്ന് ഒന്നും കഴിച്ചിട്ടില്ല.”

ബാക്കി കാശിൽനിന്ന് നാലു ദോശ ഞങ്ങൾ പൊതിഞ്ഞു വാങ്ങി. “താൻ വേണമെങ്കിൽ ഒരു ചായ കുടിച്ചോ.” ഞാൻ പറഞ്ഞു. ചോര നഷ്ടപ്പെട്ട ക്ഷീണം എനിക്കും അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.” വേണ്ട. എനിക്ക് ഒന്നും എറങ്ങൂല്ല.കൃഷ്ണൻകുട്ടി പറഞ്ഞു.

മരുന്ന് നഴ്സിനെ ഏല്പിച്ചശേഷം ഞാനും കൃഷ്ണൻകുട്ടിയും ജനറൽ വാർഡിലെ രോഗികൾക്കിടയിലൂടെ നീങ്ങി.

കറുത്തുമെലിഞ്ഞ അവശയായ ആ ബാലിക കിടക്കയിൽ ഉറങ്ങുകയായിരുന്നു. പഴകി നരച്ച സ്കൂൾ യൂണിഫോമാണ് അവൾ ധരിച്ചിരുന്നത്. എന്നോ നീലനിറമുണ്ടായിരുന്ന പാതിപ്പാവാടയും പിഞ്ഞിത്തുടങ്ങിയ നിറംപോയ വെള്ള ബ്ലൗസും. തൊട്ടിലിൽ ഉറങ്ങുന്ന കൊച്ചനുജത്തിയെ നോക്കുന്ന കുട്ടിയെപ്പോലെ കൃഷ്ണൻകുട്ടി പെങ്ങളെ നോക്കി. അടുത്ത സ്റ്റൂളിൽ ഇരുന്ന പരിക്ഷീണയായ മദ്ധ്യവയസ്ക ഉത്കണ്ഠയോടെ മകനെ നോക്കി.

“മരുന്നുകള് മേടിച്ചമ്മേ.”

കൃഷ്ണൻകുട്ടി ഉത്സാഹത്തോടെ പറഞ്ഞു.

” കാശ് എങ്ങനെ കിട്ടി മോനെ?”

“അത്….. “കൃഷ്ണൻകുട്ടി പതറി. ചോര വിറ്റ രഹസ്യം അമ്മ അറിയരുത്. കൃഷ്ണൻകുട്ടി എന്നെ നോക്കിയിട്ട് പറഞ്ഞു:

“ദേ അയാളോട് കടം മേടിച്ചു. പരിചയമുള്ള ആളാ.”

ആ അമ്മ നന്ദിയോടെ എന്നെ നോക്കി. അവർക്ക് മിണ്ടാൻ കഴിഞ്ഞില്ല. മെലിഞ്ഞ കൈകൾ കൂപ്പി. ഞാൻ വല്ലാതെയായി.

“അമ്മ ഇത് തിന്ന്.”

കൃഷ്ണൻകുട്ടി ദോശപ്പൊതി നീട്ടി.

കറുത്തുമെലിഞ്ഞ അവശയായ ആ ബാലിക ഉറങ്ങുകയായിരുന്നു. അവൾ ഒന്നും അറിയുന്നുണ്ടായിരുന്നില്ല. അവളുടെ നെഞ്ചിലെ എല്ലിൻ കൂട് ഉയരുകയും താഴുകയും ചെയ്തു കൊണ്ടിരുന്നു.

മെഡിക്കൽ കോളേജിന്റെ പടിവരെ കൃഷ്ണൻകുട്ടി എന്റെകൂടെ വന്നു. സന്ധ്യയാവാറായി. ഒരു ചിരകാലസുഹൃത്തിനെ പിരിയുന്നപോലെ എനിക്കു തോന്നി. കൃഷ്ണൻകുട്ടിക്ക് വലിയ വിഷമം ഉണ്ടായിരുന്നു.

“കടം വീട്ടാൻ എനിക്ക് സാധിക്കൂല്ല. ദൈവം തരും തനിക്ക്.”

കൃഷ്ണൻകുട്ടിയുടെ തൊണ്ട ഇടറി.

” പോട്ടെ.”

ഞാൻ വിമ്മിട്ടത്തോടെ പറഞ്ഞു.

പെട്ടെന്ന് കൃഷ്ണൻകുട്ടി എന്റെ രണ്ടു കൈയും കൂട്ടിപ്പിടിച്ച് ചങ്കുപൊട്ടി ചോദിച്ചു:

“എന്റെ ശോഭ രക്ഷപ്പെടുവോ?”

“എനിക്കറിഞ്ഞുകൂടല്ലോ കൃഷ്ണൻകുട്ടീ…. “

ഞാൻ നിസ്സഹായനായി. നുണ പറയാൻ എനിക്കു സാധിച്ചില്ല.

തെരുവിലേക്കിറങ്ങുമ്പോൾ ഞാൻ സ്വയം ചോദിച്ചു.

മനുഷ്യന്റെ ചോരയുടെ യഥാർത്ഥ വില എന്താണ്?

📖 ചിദംബര സ്മരണ

ഭാഗം : ചോരയുടെ വില

✍️ ബാലചന്ദ്രൻ ചുള്ളിക്കാട്

Courtesy:- Fb

Share News