
അനശ്വര ഗായകന് യാത്രാമൊഴി
ചെന്നൈ: അന്തരിച്ച അനശ്വര ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ചെന്നൈയ്ക്ക് സമീപം തമാരപ്പാക്കത്തുള്ള എസ്പിബിയുടെ ഫാം ഹൗസില്‍ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ചെന്നൈ നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ മാറി തിരുവള്ളൂര്‍ ജില്ലയിലാണ് താമരപ്പാക്കം ഗ്രാമം.
വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് കോടമ്ബാക്കത്തെ വീട്ടില്‍നിന്നു എസ്പിബിയുടെ ഭൗതികദേഹം താമരപ്പാക്കത്ത് എത്തിച്ചത്. താമരപ്പാക്കത്തേക്കുള്ള അവസാന യാത്രയില്‍ ഉടനീളം വഴിയരികില്‍ കാത്തുനിന്ന് ആരാധകര്‍ അദ്ദേഹത്തിന് ആദരാജ്ഞലി അര്‍പ്പിച്ചു. നേരത്തെ ഇന്നു രാവിലെ 11ഓടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തുന്നവരുടെ തിരക്ക് കാരണം ചടങ്ങുകള്‍ നീണ്ടുപോകുകയായിരുന്നു.
12 മണി കഴിഞ്ഞ് നടന്ന സംസ്കാര ചടങ്ങില്‍ തമിഴ് നടന് വിജയ്, എആർ റഹ്മാൻ, സംവിധായകന് ഭാരതിരാജ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. മകന് എസ്.പി ചരണാണ് സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഭാര്യ സാവിത്രിയും മകള്‍ പല്ലവിയും അന്ത്യോപചാര ചടങ്ങിലുണ്ടായിരുന്നു.
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നു ദീര്‍ഘനാളായി ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 74കാരനായ ഇദ്ദേഹം ഈ മാസം എട്ടിനു കൊവിഡ് മുക്തനായിരുന്നെങ്കിലും ആരോഗ്യനില വഷളായതിനാല്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു.

ഇദ്ദേഹത്തിനു ശ്വാസകോശസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. എസ്.പി.ബിയുടെ ആരോഗ്യനില വഷളായതായും അദ്ദേഹം അതീവഗുരുതരാവസ്ഥയിലാണെന്നും കഴിഞ്ഞ ദിവസം വൈകിട്ട് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ കമല്‍ഹാസനടക്കമുള്ള പ്രമുഖരും എസ്.പി.ബിയുടെ അടുത്ത ബന്ധുക്കളും ആശുപത്രിയിലെത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.04 അദ്ദേഹംഹൃദയാഘാതത്തെത്തുടര്ന്ന് മരണപ്പെട്ടതായി സ്ഥിരീകരിച്ചത്.
എസ്പിബി എന്നറിയപ്പെടുന്ന ബാലസുബ്രഹ്മണ്യത്തിന് 2001ല്‍ പദ്മശ്രീയും 2011ല്‍ പദ്മഭൂഷണും നല്കി രാജ്യം ആദരിച്ചു. ആറു ദേശീയ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി. 1966ല്‍ പുറത്തിറങ്ങിയ തെലുങ്കു സിനിമ ശ്രീ ശ്രീ മര്യാദ രാമണ്ണയാണ് എസ്പിബിയുടെ ആദ്യചിത്രം. കടല്‍പ്പാലം എന്ന ചിത്രത്തി ലാണ് ആദ്യമായി മലയാളത്തില്‍ പാടിയത്.