കശുവണ്ടി വ്യവസായം ചെറുകിട ഇടത്തരം വ്യവസായ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങളായി
കശുവണ്ടി സംസ്‌ക്കരണ വ്യവസായത്തെ ചെറുകിട – ഇടത്തരം വ്യവസായ ലിസ്റ്റിൽ ഉൾപ്പെടുത്തി പരാമാവധി ബാങ്കിംഗ് സഹായങ്ങളും, സർക്കാർ സഹായങ്ങളും ലഭ്യമാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി ഫിഷറീസ് കശുവണ്ടി വ്യവസായ മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.
കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം എം.എസ്.എം.ഇ. സ്‌കീമിന്റെ നിബന്ധനകൾ പരിഷ്‌ക്കരിച്ച് കശുവണ്ടി വ്യവസായത്തെ ചെറുകിട – ഇടത്തരം വ്യവസായത്തിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. അതിനാൽ ഈ വ്യവസായങ്ങൾക്കുള്ള എല്ലാ ആനുകൂല്യങ്ങൾക്കും കശുവണ്ടി വ്യവസായത്തിനും അർഹതയുണ്ട്.
മൂന്ന് ലക്ഷത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന കശുവണ്ടി വ്യവസായത്തിന് ആവശ്യമായ ബാങ്കിംഗ് സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ കശുവണ്ടി വ്യവസായത്തിന് ലഭ്യമാക്കാൻ ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
50 കോടി രൂപവരെ നിക്ഷേപമുള്ളതും 250 കോടി രൂപയുടെ ഉത്പാദനം ഉള്ളതുമായ വ്യവസായങ്ങളെയാണ് ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭൂരിപക്ഷം കശുവണ്ടി ഫാക്ടറികളും ഈ പട്ടികയിലാണ് വരുന്നത്.
ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് നൽകുന്ന വിവിധ ആനുകൂല്യങ്ങൾ കശുവണ്ടി വ്യവസായത്തിനും ലഭിക്കാൻ എം.എസ്.എം.ഇ. പോർട്ടൽ വഴി ഉദ്യോഗ് ആധാറിന് രജിസ്റ്റർ ചെയ്യണം. സംസ്ഥാന സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഉദ്യോഗ് ആധാറിന് രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ ഉദ്യോഗ് ആധാർ നമ്പർ തന്നെ സംസ്ഥാന സർക്കാരിന്റെ വ്യവസായ വകുപ്പിന്റെ പോർട്ടലിൽ ജിയോ ടാഗ് ചെയ്യണം.
തൊഴിൽ നിയമങ്ങൾ പാലിക്കാതെയും സാമ്പത്തിക അച്ചടക്കമില്ലാതെയും വ്യവസായം നടത്തുന്നവരുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വ്യവസായം, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കാഷ്യൂ സ്‌പെഷ്യൽ ഓഫീസർ എന്നിവർ ഉൾപ്പെടുന്ന പ്രത്യേക കമ്മിറ്റി രൂപീകരിക്കും.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കമ്മറ്റി പരിശോധന നടത്തി തൊഴിൽ നിയമങ്ങൾ പാലിക്കാതെയും സാമ്പത്തിക അച്ചടക്കം പാലിക്കാതെയും നടത്തുന്ന ഉടമകളെ കണ്ടെത്തും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പരിശോധന നടത്തി ആഗസ്റ്റ് അവസാനം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.