
വധശിക്ഷ വീണ്ടും ആരംഭിക്കാനുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി കത്തോലിക്കാ സഭ
വാഷിംഗ്ഡൺ ഡി.സി: വധശിക്ഷ വീണ്ടും ആരംഭിക്കാനുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി കത്തോലിക്കാ സഭ. ഈ മാസം നടത്താൻ ഉദ്ദേശിച്ചിരിക്കുന്ന നാലു വധശിക്ഷകൾ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ മതങ്ങളെയും ക്രൈസ്തവ സഭകളെയും പ്രതിനിധീകരിച്ച് 1000 നേതാക്കൾ ഒപ്പുവെച്ച പ്രസ്താവനയിൽ കത്തോലിക്കാ ബിഷപ്പുമാരും പങ്കുചേർന്നു. ദേശീയ മെത്രാൻ സമിതിയും വിവിധ രൂപതാ ബിഷപ്പുമാരും പുറപ്പെടുവിച്ച പ്രതിഷേധ കുറിപ്പുകൾക്കു പിന്നാലെയാണ് ശ്രദ്ധേയമായ ഈ നീക്കം.

ലൂയിസ്‌വിൽ ആർച്ച്ബിഷപ്പ് ജോസഫ് കുർട്‌സ്, ഔവൻസ്‌ബോറോ ബിഷപ്പ് വില്യം മെഡ്‌ലെ, സാൾട്ട് ലെയ്ക്ക് സിറ്റി ബിഷപ്പ് ഓസ്‌കാർ സോളസ്, ഡാവൻപോർട്ട് ബിഷപ്പ് തോമസ് സിൻകുലെ, ജോലിയറ്റ് രൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് റിച്ചാർഡ് പേറ്റ്‌സ് എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ച കത്തോലിക്കാ സഭാ നേതാക്കൾ. കൂടാതെ നേതൃതലത്തിൽ പ്രവർത്തിക്കുന്ന വൈദികരും സന്യസ്തരും അൽമായരും കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് ഒപ്പുവെച്ചിട്ടുണ്ട്. കൺസർവേറ്റീവ് ജൂത സമൂഹം, ബുദ്ധമത സമൂഹം എന്നിവരുടെ പങ്കാളിത്തവുമുണ്ട്.
മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക, ആരോഗ്യ പ്രതിസന്ധികളും വംശീയ അക്രമങ്ങളും വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ വധശിക്ഷ നടപ്പാക്കാതെ ജീവൻ സംരക്ഷിക്കുന്ന പ്രവൃത്തികളിലാണ് നാം ശ്രദ്ധയൂന്നേണ്ടതെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. വധശിക്ഷയ്ക്ക് വിധേയരായവർ ഉൾപ്പെടെ ഓരോ വ്യക്തിയുടെയും ആത്മാക്കളെയാണ് സഭ പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യാത്മാവിനോടുള്ള ആത്യന്തികമായ പരിഗണനയിൽ നിന്നാണ് വധശിക്ഷയ്‌ക്കെതിരായ ഈ നിലപാട് കൈക്കൊള്ളുന്നതെന്നും സഭാനേതൃത്വം വ്യക്തമാക്കി.
ശിക്ഷാരീതികൾ ഒരിക്കലും പ്രത്യാശയോ പുനരധിവാസം എന്ന ലക്ഷ്യമോ തള്ളിക്കളയുന്നതാവരുതെന്ന സഭാപ്രബോധനം, ബിഷപ്പ് റിച്ചാർഡ് പേറ്റ്‌സ് പ്രത്യേകം പുറപ്പെടുവിച്ച പ്രസ്താവനയിലൂടെ ഭരണകൂടത്തെ ഓർമിപ്പിച്ചു. കുറ്റകൃത്യങ്ങൾ അവഗണിക്കാൻ കഴിയില്ലെങ്കിലും ഒരു വ്യക്തിയുടെ കുറ്റകൃത്യത്തെ മറ്റൊരു അക്രമംകൊണ്ട് പ്രതിരോധിക്കാൻ മനുഷ്യരാശിയുടെ മാനവികതയ്ക്ക് കഴിയില്ലെന്നും ബിഷപ്പ് പേറ്റസ് കൂട്ടിച്ചേർത്തു.
വധശിക്ഷ നടപ്പാക്കാനുള്ള നിലപാടിനെതിരെ അമേരിക്കൻ മെത്രാൻ സമിതിയുടെ ഡൊമസ്റ്റിക് ജസ്റ്റിസ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് വിഭാഗം അധ്യക്ഷനും ഒക്‌ലഹോമ ആർച്ച്ബിഷപ്പുമായ പോൾ കോക്ലി മുമ്പേ രംഗത്തെത്തിയിരുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് 16-ാമൻ പാപ്പ, ഫ്രാൻസിസ് പാപ്പ എന്നിവർ വധശിക്ഷയ്ക്ക് എതിരെ കൈക്കൊണ്ട നിലപാടുകൾ ചൂണ്ടിക്കാട്ടിയാണ് അമേരിക്കൻ സഭയുടെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.
വധശിക്ഷ സംബന്ധിച്ച് കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിൽ ഫ്രാൻസിസ് പാപ്പ മാറ്റം വരുത്തിയത് അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധ നേടിയിരുന്നു. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്ന പ്രബോധനത്തിന് പകരം ഒരു സാഹചര്യത്തിലും വധശിക്ഷ അരുതെന്നാണ് പാപ്പ കൂട്ടിചേർത്തത്. 2003 ജൂണിലാണ് അമേരിക്കയിൽ അവസാനമായി ഫെഡറൽ വധശിക്ഷ നടപ്പാക്കിയത്.