സി.ബി.എസ്.ഇ. പഠനമാതൃക; ഇനി പുസ്തകത്തിനപ്പുറം പഠിക്കണം
കൊച്ചി;പുസ്തകവും ഗൈഡും മാത്രം പഠിച്ചാൽ ഇനി സി.ബി.എസ്.ഇ. പരീക്ഷകൾ കടന്നുകിട്ടില്ല. പാഠ്യക്രമത്തിൽ കാതലായ മാറ്റംവരുത്താൻ സി.ബി.എസ്.ഇ. ഒരുങ്ങിക്കഴിഞ്ഞു. പാഠപുസ്തകങ്ങളെ പൂർണമായി ആശ്രയിക്കുന്ന നിലവിലെ രീതിക്കു പകരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സ്വാശ്രയശേഷി വളർത്താനുള്ള അവസരമായി സ്കൂൾ വിദ്യാഭ്യാസത്തെ മാറ്റാനാണു നീക്കം.
പഠിപ്പിക്കുന്നത് പരീക്ഷയ്ക്കുവേണ്ടി മാത്രമാകരുതെന്ന് അധ്യാപകർക്കും ഇത്തരത്തിൽ പഠിക്കാൻ ഇനി പഠിക്കണമെന്ന് വിദ്യാർഥികൾക്കും നിർദേശം നൽകുന്ന ഉത്തരവാണ് സി.ബി.എസ്.ഇ. അക്കാദമിക് വിഭാഗം ഡയറക്ടർ ഡോ. ജോസഫ് ഇമ്മാനുവേൽ വ്യാഴാഴ്ച പുറപ്പെടുവിച്ചത്.
ലോക്ഡൗൺ കാരണമാണ് ഈ മാറ്റമെങ്കിലും പഴയ ശൈലിയിലേക്ക് ഇനി തിരിച്ചുപോകില്ലെന്ന സൂചനയാണ് വിവിധ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകൾക്കും സ്കൂൾ മേധാവികൾക്കും അയച്ച സന്ദേശത്തിലുള്ളത്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പഠനമാതൃകയിലാകും ഇനി സി.ബി.എസ്.ഇ. പഠനം. പ്രക്രിയാബന്ധിതവും പ്രവർത്തനാധിഷ്ഠിതവുമായ വിവിധ പദ്ധതികളിലൂടെ ഓരോ നിമിഷവും മെച്ചപ്പെടുത്തലിനു വിധേയമാകുന്ന പാഠ്യക്രമത്തിലേക്കാവും ഈ മാറ്റം.
പുതിയ പദ്ധതിയുടെ തുടക്കമായി ഒന്നുമുതൽ 10 വരെ ക്ളാസുകളിൽ പഠിക്കുന്നവർക്ക് നാല് ആഴ്ചത്തെ പ്രവർത്തനാധിഷ്ഠിത അക്കാദമിക് കലണ്ടറുകൾ എൻ.സി.ഇ.ആർ.ടി. പുറത്തിറക്കി. ഹയർസെക്കൻഡറിക്കുള്ള പഠനവിഭവവും ഉടനെ തയ്യാറാകും. പാഠപുസ്തകങ്ങളിലെ അധ്യായങ്ങൾക്ക് ഒപ്പംനിൽക്കുന്ന പ്രവർത്തനങ്ങൾ ഇതിലുണ്ട്.
രീതി മാറുന്നതനുസരിച്ച് അധ്യാപകർക്ക് ഓൺലൈൻ കൈപ്പുസ്തകങ്ങൾ ലഭ്യമാക്കും. സാങ്കേതിക പിന്തുണയ്ക്ക് വിവിധ വെബ്സൈറ്റുകളുടെ ലിങ്കുകളുടെ വിവരങ്ങളും നൽകിയിട്ടുണ്ട്. പുസ്തകം മാത്രം പഠിപ്പിക്കുന്ന നിലവിലെ ശൈലിവിട്ട്, അടിസ്ഥാനപരമായി ശേഷിവികാസം ഉറപ്പുവരുത്തുന്ന ‘കോംപീറ്റൻസി ബേസ്ഡ് എജ്യുക്കേഷൻ’ (സി.ബി.ഇ.) ആയി സി.ബി.എസ്.ഇ. മാറുകയാണ്.