ഒരു രൂപ, ഒരു അംബാസഡർ കാർ, ഒരു എഞ്ചിനീയറിംഗ് കോളേജ് |മുരളി തുമ്മാരുകുടി

Share News

സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ, പ്രത്യേകിച്ച് എയ്‌ഡഡ്‌ മേഖലയിൽ സ്ഥാപനങ്ങൾ നടത്തുന്നവരെപ്പറ്റിയുള്ള സമൂഹത്തിന്റെ പൊതുബോധം പൊതുവെ മോശമാണ്.

കോഴ ഒക്കെ മേടിച്ച് അധ്യാപകരെ നിയമിക്കുക, സർക്കാർ അവർക്ക് ശമ്പളം ഒക്കെ കൊടുക്കും.

മാനേജമെന്റ് ക്വോട്ടയിൽ കുട്ടികളെ ചേർക്കാൻ പറ്റിയാൽ അതിൻ്റെ പണവും ഫീസും ഒക്കെ വേറെ.

ആനന്ദലബ്ധിക്ക് ഇനിയെന്ത് വേണം. അങ്ങേനെയാണ് അവരെ “വിദ്യഭ്യാസ മാഫിയയും” “വിദ്യാഭ്യാസ മുതാളിമാരും” ഒക്കെ ആക്കിയത്

എങ്ങനെയാണ് എങ്ങനെ ആലോചിച്ചാലും നല്ലൊരു ഡീൽ “വിദ്യാഭ്യാസ മുതലാളിമാർക്ക്” ലഭിച്ചത് ?

ആദ്യമേ ഞാൻ ഒരു കാര്യം പറയട്ടെ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത്, അത് സ്‌കൂൾ ആവട്ടെ, കോളേജ് ആകട്ടെ, പോസിറ്റിവ് ആയിട്ടുള്ള സാന്നിധ്യമായിട്ടാണ് ഞാൻ സ്വകാര്യ മേഖലയെ കാണുന്നത്.

എയിഡഡ് കോളേജ് ഉൾപ്പടെ’ സർക്കാർ മാത്രം പണം ചിലവാക്കി സ്‌കൂളും കോളേജുകളും ഉണ്ടാക്കി ഫീസില്ലാതെ, അല്ലെങ്കിൽ സബ്സിഡിയുള്ള ഫീസുമായി വിദ്യാഭ്യസ സ്ഥാപനങ്ങൾ നടത്തി മാത്രം കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിയിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് നമ്മൾ കാണുന്ന സാക്ഷരത മുതൽ സമ്പദ്‌വ്യവസ്ഥ വരെ ഉണ്ടാകില്ലായിരുന്നു.

വിദ്യാഭ്യാസ രംഗത്ത് പണം മുടക്കാൻ സ്വകാര്യ വ്യക്തികളും മതസംഘടനകൾ ഉൾപ്പടെയുള്ള സംഘടനകളും ഉണ്ടായതുകൊണ്ടാണ് കേരളത്തിൽ ഗ്രാമങ്ങളിൽ പോലും സ്‌കൂളുകൾ ഉണ്ടായത്. അതുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറെ കോളേജുകൾ ഉണ്ടായത്.

അങ്ങനെയാണ് വിദ്യാഭ്യാസം ഉള്ള ഒരു തലമുറ ഉണ്ടായത് ആ തലമുറക്കാണ് ഗൾഫിൽ ഉൾപ്പടെ അവസരങ്ങൾ വന്നപ്പോൾ അതിലേക്ക് എത്തിപ്പിടിക്കാൻ പറ്റിയത് അങ്ങനെയാണ് കേരളത്തിലെ സാമ്പത്തിക നില മെച്ചപ്പെട്ടത് ഈ കോളേജുകളും സ്‌കൂളുകളും ഒക്കെ ഉണ്ടാക്കിയ കാലത്ത് പിൽക്കാലത്ത് സർക്കാരിനെക്കൊണ്ട് ശമ്പളം കൊടുത്തും അധ്യാപക നിയമനത്തിന് കോഴ വാങ്ങിയും പണം ഉണ്ടാക്കാം എന്നതായിരുന്നില്ല അതിന് മുൻകൈ എടുത്തവരുടെ ഉദ്ദേശം.

അവരുടെ നാട്ടിൽ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അവസരം ഉണ്ടാക്കിക്കൊടുക്കുക എന്നതായിരുന്നു.

പലരും സ്വന്തം സ്ഥലത്തു തന്നെ സ്‌കൂളും കോളേജും സ്ഥാപിച്ചു, അല്ലെങ്കിൽ സ്ഥലം വിട്ടു കൊടുത്തു.നാട്ടുകാരിൽ നിന്നും പണം പിരിച്ചു, സമുദായ സംഘടനകൾ അതിന് മുൻകൈ എടുത്തു കോട്ടയത്ത് ഒരു കോളേജ് നടത്താൻ കൊല്ലത്തെ ഒരു തെങ്ങിൻ തോപ്പിൽ നിന്നുള്ള വരുമാനം കൊടുത്ത കഥ കേട്ടിട്ടുണ്ട്.

ആദ്യകാലത്തൊക്കെ ഇത്തരം കോളേജുകളിലെ ശമ്പളം മാനേജ്‌മെന്റ് ആണ് കൊടുത്തുകൊണ്ടിരുന്നത്. അതും കുട്ടികളിൽ നിന്നും കിട്ടുന്ന ഫീസിൽ നിന്നും.

അതിന് രണ്ടു പ്രത്യാഘാതങ്ങൾ ഉണ്ടായി.ഒന്ന് ഫീസ് കൊടുക്കാൻ പറ്റാത്തത് കൊണ്ട് സ്‌കൂളിൽ പോലും കുട്ടികൾക്ക് പിരിഞ്ഞു പോകേണ്ടി വന്നു.

എൻ്റെ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ ഫീസ് കൊടുക്കാത്തതിനാൽ നാലാം ക്‌ളാസിൽ വച്ച് സ്‌കൂളിൽ നിന്നും ഇറക്കി വിട്ടു. കൂട്ടത്തിൽ അച്ഛനും ഇറങ്ങി.

സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞു. അതായിരുന്നു അന്നത്തെ നില രണ്ടാമത് അധ്യാപകർക്ക് കിട്ടുന്ന ശമ്പളം ഏറെ കുറവായിരുന്നു. അത് തന്നെ കിട്ടിയാൽ കിട്ടി. (ഇപ്പോഴത്തെ സ്വാശ്രയ സ്ക്കൂളിലെ/കോളേജിലെ പോലെ)അക്കാലത്താണ് കേരളത്തിലെ ദീർഘ വീക്ഷണം ഉള്ള വിദ്യാഭ്യാസ മന്ത്രിക്ക് ഈ സ്‌കൂളുകളിലെ ശമ്പളം സർക്കാർ കൊടുക്കാമെന്നും കുട്ടികളുടെ ഫീസ് ഏറെക്കുറെ ഇല്ലാതാക്കാമെന്നും തോന്നിയത്.അങ്ങനെയാണ് ഫീസ് എന്നുള്ളത് സാധാരണക്കാർക്ക് എടുത്താൽ പൊങ്ങാത്ത ഭാരം അല്ലാതായത്. മറ്റുള്ള വികസനങ്ങൾ ഒക്കെ ഉണ്ടായത്.

സർക്കാർ ശമ്പളം കൊടുക്കുന്നത് ഏറ്റെടുത്തപ്പോൾ എയ്‌ഡഡ്‌ വിദ്യാഭ്യാസ സംവിധാനങ്ങൾ കൊണ്ടുനടക്കുന്നത് അത്യാവശ്യം ലാഭമുള്ള പരിപാടി ആയി എന്നത് സത്യമാണ്. പക്ഷെ ഇപ്പോൾ പോലും ഇത്രയും കുട്ടികളെ സർക്കാർ സ്ഥാപനങ്ങളിൽ പഠിപ്പിക്കണമെങ്കിൽ സർക്കാർ ചെലവാക്കേണ്ടി വരുന്ന തുകയുടെ ഒരു ചെറിയ ഭാഗം മാത്രമേ സർക്കാർ എയ്‌ഡഡ്‌ കൊളേജുകൾക്ക് വേണ്ടി ചിലവാക്കുന്നുള്ളൂ.

ഇത്തരം കണക്കുകൾ ഒന്നും ആരും കൂട്ടി നോക്കാറില്ല.പകരം സ്വകാര്യ മാനേജ്‌മെന്റുകളെ ശത്രുക്കളായി കാണുന്ന സമൂഹം. എയ്‌ഡഡ്‌ സ്ഥാപനങ്ങളിലെ അധ്യാപക നിയമനം മുതൽ ഉള്ളതൊക്കെ പരമാവധി വച്ച് വൈകിപ്പിക്കുന്ന സർക്കാർ.

ഓട്ടോണമസ് സ്റ്റാറ്റസ് കിട്ടുന്ന കോളേജിലെ കാര്യങ്ങളിൽ എങ്ങനെ പരമാവധി ഇടപെടാം എന്ന് ഗവേഷണം നടത്തുന്ന യൂണിവേഴ്സിറ്റികൾ.

പക്ഷെ സൂക്ഷിച്ചു നോക്കിയാൽ കാണുന്ന ചിലതുണ്ട് കേരളത്തിലെ ഏറ്റവും നിലവാരമുള്ള കോളേജുകൾ കൂടുതൽ എയ്‌ഡഡ്‌ മേഖലയിൽ നിന്നാണ്.

ഉള്ള സ്വാതന്ത്ര്യത്തിൽ വച്ച് പുതിയ കോഴ്‌സുകൾ തുടങ്ങാനും, ഗവേഷണങ്ങൾ നടത്താനും, മറ്റു രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്നുള്ള ട്വിന്നിങ്ങ് ഒക്കെ നടത്താനും അവർ ശ്രമിക്കുന്നു.

പണം വാങ്ങിയാണ് മിക്കവാറും കോളേജുകൾ അധ്യാപക നിയമനം നടത്തിയിരുന്നതെങ്കിലും വിദ്യാഭ്യാസ രംഗത്തെ മാറുന്ന രീതികൾ അവർ കാണുന്നുണ്ട്. വിദേശ സർവ്വകലാശാലയിൽ നിന്നൊക്കെ ബിരുദം ഉള്ളവർക്ക് പണം വാങ്ങാതെ ഒക്കെ അധ്യാപക നിയമനങ്ങൾ ഇപ്പോൾ ലഭിച്ചു തുടങ്ങി. കാരണം ചുമ്മാതിരുന്നാൽ തന്നെ വിദ്യാർഥികൾ വരുന്ന കാലം കഴിഞ്ഞു എന്നും വിദ്യാഭ്യാസ രംഗത്ത് പേരുണ്ടാക്കിയാൽ മാത്രമേ പിടിച്ചു നില്ക്കാൻ കഴിയൂ എന്നും അവരിൽ മുന്നിൽ നിൽക്കുന്നവർ മനസ്സിലാക്കി കഴിഞ്ഞു.

അതിനെ ഒന്ന് പ്രോത്സാഹിപ്പിച്ചു വിട്ടാൽ മതി.അവരുടെ ഊർജ്ജത്തെ കെട്ടഴിച്ചു വിട്ടാൽ കേരളത്തിലെ വിദ്യാഭ്യാസ രംഗം ഇനിയും മാറി മാറിയും.

ഇപ്പോഴത്തെ ക്രൈസിസ് ഒരു അവസരമാക്കി എടുക്കാം.

തമിഴ് നാട്ടിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്ന ഒറ്റ കോളേജിൽ പഠിക്കുന്ന അത്രയും വിദേശ വിദ്യാർഥികൾ മൊത്തം കേരളത്തിലെ ഇരുപത്തി മൂന്നു യൂണിവേഴ്സിറ്റികളും ചേർത്താൽ ഇല്ല. ഒരുദാഹരണം മാത്രം.ഒരു കാര്യം കൂടി എനിക്ക് തോന്നിയിട്ടുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇന്നും ആവശ്യത്തിന് സ്‌കൂൾ, കോളേജ് സംവിധാനങ്ങൾ ഇല്ല.

നമ്മുടെ നാട്ടിൽ ആണെങ്കിൽ സ്‌കൂളും കോളേജും നടത്തി പതിറ്റാണ്ടുകളുടെ പരിചയം ഉള്ള മാനേജ്‌മെന്റുകൾ ഉണ്ട്. ഇവരെയൊക്കെ മറ്റു സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ സഹായിച്ചാൽ എന്തൊക്കെ സാധിക്കും ?

ഇന്നിതൊക്കെ ഓർക്കാൻ ഒരു കാരണമുണ്ട്.ഞാൻ പഠിച്ച എം എ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന് ഓട്ടോണമസ് പദവി ലഭിച്ചിരിക്കുന്നു.

കോതമംഗലത്ത് ഒരു എഞ്ചിനീയറിങ്ങ് കോളേജ് ഉണ്ടായത് കൊണ്ടും അതിൽ സർക്കാർ നിശ്ചയിച്ച ഫീസ് കൊടുത്തു പഠിക്കാൻ സാധിച്ചതും കൊണ്ട് മാത്രമാണ് ഞാൻ എൻജിനീയർ ആയത്.

മാസം മുപ്പത് രൂപ ആയിരുന്നു അന്ന് കോളേജിലെ ഫീസ്.ആ കോളേജ് അങ്ങനെ വെറുതെ ഉണ്ടായതല്ല. ലാഭം ഉണ്ടാക്കാൻ വേണ്ടി ഒരാൾ ഉണ്ടാക്കിയതുമല്ല.എം പി വറുഗീസ് എന്ന ഏറെ ദീര്ഘദൃഷ്ടി ഉള്ള ഒരാൾ ഏറെ ബുദ്ധിമുട്ടി ഉണ്ടാക്കി എടുത്ത സ്ഥാപനം ആണ്.

തീർച്ചയായും മറ്റനവധി ആളുകൾ കൂടെ പ്രവർത്തിച്ചിട്ടുണ്ടാകണം.ഒരേ കുന്നിൻ മുകളിൽ എഞ്ചിനീയറിങ്ങ് കോളേജ് കൂടാതെ ഒരു ആർട്സ് കോളേജും ഉണ്ട്.

ഇന്ന് തന്നെ മറ്റൊരു കാര്യവും കണ്ടു.

തൊള്ളായിരിത്തി അറുപതുകളിൽ ഈ കോളേജിന്റെ ധനശേഖരണാർത്ഥം നടത്തിയ ഒരു ലോട്ടറിയുടെ നോട്ടീസ് ഒരു രൂപ ലോട്ടറി, ഒരു അംബാസഡർ കാർ സമ്മാനം അങ്ങനെ ഒക്കെ ആണ് കോളേജുകൾ ഉണ്ടായത് ഇത്തരത്തിൽ കോളേജ് ഉണ്ടാക്കിയവർക്ക് നന്ദി പറയുക പരമാവധി പ്രവർത്തന സ്വന്തന്ത്ര്യം കൊടുക്കുക പരമാവധി സാമ്പത്തിക സഹായം നൽകുക വിദ്യാഭ്യാസത്തിന് ചിലവാക്കുന്ന ഒരു തുകയും നഷ്ടമല്ല അത് സ്വകാര്യ സ്ഥാപനങ്ങൾക്ക് നല്കുന്നതാണെങ്കിൽ പോലും എം എ എഞ്ചിനീയറിങ്ങ് കോളേജ് മാനേജ്‌മെന്റിനും അധ്യാപകർക്കും അഭിനന്ദനങ്ങൾ

മുരളി തുമ്മാരുകുടി

Share News