മാറുന്ന പഠനരീതികളും സാമൂഹ്യ പ്രത്യാഘാതങ്ങളും
മനുഷ്യജീവിതത്തിൻ്റെ എല്ലാ ക്രമങ്ങളെയും കോവിഡ് – 19 മാറ്റി മറിക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനം വിദ്യാഭ്യാസ മേഖലയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ്. ക്ലാസ്സ് മുറികളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടമായിരുന്ന് പഠിക്കുന്നതും അവരെ നേരില്‍ കണ്ട് അധ്യാപകള്‍ പഠിപ്പിക്കുന്നതുമായ പരമ്പരാഗത രീതികളില്‍ നിന്നു മാറി ഓണ്‍ലൈന്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലേക്ക് നമ്മള്‍ മാറുകയാണ്. സര്‍വകലാശാലകള്‍, കോളേജുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഓണ്‍ലൈന്‍ പഠനം വ്യാപകമായി കഴിഞ്ഞു. കോവിഡ് – 19 ഉയര്‍ത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ഓണ്‍ലൈന്‍ പഠനം പുതിയ വഴികള്‍ തുറന്നു തരുന്നുണ്ട്. ആ സാധ്യതകളെ നാം പ്രയോജനപ്പെടുത്തുക തന്നെ വേണം. അതേ ഇപ്പോള്‍ മാര്‍ഗ്ഗമുള്ളൂ. അതേസമയം ഓണ്‍ലൈന്‍ പഠനം ഉയര്‍ത്തുന്ന വലിയ വെല്ലുവിളികളെ ഈ സന്ദര്‍ഭത്തില്‍ നാം കാണാതിരുന്നുകൂടാ. പ്രതിസന്ധികളെ മറികടക്കാനുള്ള വഴി എന്നതിനപ്പുറം ഓണ്‍ലൈന്‍ പഠനത്തെ വിദ്യാഭ്യാസ പ്രക്രിയയുടെ അടിസ്ഥാന ഘടകമാക്കാനുള്ള ശ്രമം ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതം സൃഷ്ടിക്കും.
സംസ്ഥാന പ്രോജക്ട് ഡയറക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം 2020 മെയ് 10 ന് സംസ്ഥാനത്തെ 41.3 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 2.61 പേര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനുള്ള സാങ്കേതിക സൗകര്യം ഇല്ലായിരുന്നു. ജൂണ്‍ 1 ലെ സ്ഥിതി അനുസരിച്ച് അത് 1.15 ലക്ഷമായി. ജണ്‍ 8 ലുള്ള റിപ്പോര്‍ട്ട് പ്രകാരം വിദ്യാര്‍ത്ഥികളുടെ എണ്ണം 42,412 ആയി കുറഞ്ഞു. ജൂണ്‍ 18ന് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഇനി 82 പേര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. അത് പരിഹരിക്കാനുള്ള ശ്രമം നടക്കുമ്പോഴും വളരെയേറെ പരിമിതികള്‍ നമ്മള്‍ നേരിടുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ് എന്നിവ വാങ്ങാനാവുക, അതിന്റെ നെറ്റ് ചാര്‍ജ് നല്‍കാന്‍ കഴിയുക, ഉപയോഗരീതി പഠിപ്പിക്കുക എന്നിവയെല്ലാം ക്ലേശകരമാണ്. ഫോണ്‍ ഉണ്ടായാലും നെറ്റ്‌വര്‍ക്ക് തകരാറുകളും സിഗ്‌നല്‍ പ്രശ്‌നങ്ങള്‍ മൂലം പഠനം നടത്താനാകുന്നില്ല. ഡിജിറ്റല്‍ സാങ്കേതിക പരിജ്ഞാനം, ആശയവിനിമയ ഉപകരണങ്ങള്‍, ശൃംഖലകള്‍ തുടങ്ങിയവ കണ്ടെത്താനും ഉപയോഗിക്കാനും വിലയിരുത്താനുമുള്ള ശേഷി (ഡിജിറ്റല്‍ സാക്ഷരത) നമുക്ക് കുറവാണ്. ഒരു ഡിജിറ്റല്‍ അസമത്വം ഇവിടെ സംജാതമാകുന്നുണ്ട്. അതൊരു വെല്ലുവിളിയാണ്.
അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സര്‍ഗ്ഗാത്മക വിനിമയം ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ നഷ്ടപ്പെടുന്നുണ്ട്. അത് അധ്യയനത്തില്‍ ഉള്‍ച്ചേര്‍ന്ന സര്‍ഗ്ഗാത്മകതയും നിര്‍വാഹകത്വവും ഇല്ലാതാക്കും. സമ്പൂര്‍ണവും സമഗ്രവുമായ ഒരു വ്യക്തിത്വ വളര്‍ച്ച വിദ്യാര്‍ത്ഥികളില്‍ സംജാതമാകുന്നതിനു പകരം വിവര വിതരണത്തിന്റെ ഒരു ഇടനില സഹായിയുടെ (ളലരശഹശമേീേൃ) നിലയിലേക്ക് അധ്യാപനം ചുരുങ്ങും. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന പ്രകൃതം വിവരവിതരണത്തിനും നൈപുണ്യ നിര്‍മാണത്തിനും പ്രാധാന്യം നല്‍കുന്നതാണ്. അത് ജൈവികവിനിമയശേഷിയും സര്‍ഗ്ഗാത്മക സംവാദശേഷിയും നഷ്ടപ്പെടുത്തും. വ്യാഖ്യാനാത്മകവും വിമര്‍ശനാത്മാകവുമായ അവബോധ രൂപവത്കരണം നടക്കാതെ പോകും.
ക്യാമ്പസും കൂട്ടുകാരും അധ്യാപകരൊന്നുമില്ലാതെ ഒറ്റപ്പെടുന്ന അവസ്ഥ വിദ്യാര്‍ത്ഥികളില്‍ ഏകാന്തതയും അസ്വസ്ഥതയും പിരിമുറുക്കവും ഉണ്ടാക്കാം. പാഠഭാഗങ്ങള്‍ മുഖാമുഖം ചര്‍ച്ചചെയ്യുമ്പോള്‍ കിട്ടുന്ന പഠനാനുഭവവും സംശയനിവാരണവും ഊര്‍ജ്ജവും ഓണ്‍ലൈനില്‍ ലഭ്യമാക്കാനാവില്ല. മറ്റ് അനേകം പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്നുണ്ട്. അതെല്ലാമാണ് ഒരു വിദ്യാര്‍ത്ഥിയെ ഉത്തമ മനുഷ്യനായി രൂപാന്തരപ്പെടുത്തുന്നത്. ആ രൂപാന്തരപ്രക്രിയ ഓണ്‍ലൈനിലൂടെ സാധ്യമല്ല.
ഭിന്നശേഷിക്കാരായ കുട്ടികള്‍, ശ്രവണ-കാഴ്ച പരിമിതിയുള്ളവര്‍, പഠന വൈക്യല്യങ്ങളുള്ളവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് വ്യക്തിപരമായ അടുപ്പവും ശ്രദ്ധയും ആവശ്യമുണ്ട്. ബൗദ്ധിക വൈകല്യമുള്ള 9,000 കുട്ടികള്‍ കേരളത്തിലുണ്ട്. ഇവര്‍ക്കുള്ള ഓണ്‍ലൈന്‍ പാഠ്യപദ്ധതി തയ്യാറാക്കുക എന്നത് ഏറെ ശ്രമകരമാണ്. ചുരുക്കത്തില്‍ രണ്ട് വസ്തുതകള്‍ കണക്കിലെടുക്കണം. ഒന്നാമത് സ്‌കൂള്‍ നല്‍കുന്ന സാമൂഹ്യ അന്തരീക്ഷത്തില്‍ വളരാനുള്ള അവസ്ഥ നഷ്ടമാകുന്നത് കുട്ടികളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. അത് മുന്‍കൂട്ടി കാണണം. രണ്ടാമത് യുനെസ്‌കോ റിപ്പോര്‍ട്ട് പ്രകാരം 47 ദശലക്ഷം കുട്ടികള്‍ പത്താം ക്ലാസ് എത്തുന്നതിനുമുമ്പ് പഠനം ഉപേക്ഷിച്ചുപോകുന്ന രാജ്യത്ത്, വിദ്യാഭ്യാസം ഓണ്‍ലൈനിലേക്ക് മാറുന്നതിലൂടെ വിദ്യ അഭ്യസിക്കാനുള്ള സൗകര്യം സമൂഹത്തിന്റെ താഴെ തട്ടിലുള്ളവര്‍ക്ക് അന്യം നിന്നാല്‍ വലിയൊരു വിഭജനത്തിനും സാമൂഹ്യ അരക്ഷിതാവസ്ഥക്കും അത് കാരണമായേക്കാം. ഈ അസമത്വം പരിഹരിക്കപ്പെടണം. ഓണ്‍ലൈന്‍ താല്‍കാലിക പരിഹാരമാണ്. അത് പ്രയോജനപ്പെടുത്തുക തന്നെവേണം.
അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS,
ട്രെയ്‌നര്‍ & മെന്റര്‍, 9847034600